Thursday, November 10, 2022

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 1

ദില്ലി വിളിക്കുന്നു...


ദില്ലി എന്നെ ആദ്യമായി വിളിക്കുന്നത് 1984ലാണ്. 1983ലെ ജൂലൈ മാസത്തിൽ സ്റ്റാഫ് സെലെക്ഷൻ കമ്മീഷന്റെ പരീക്ഷയെഴുതി കുറേക്കാലം അവരുടെ വിളിക്കായി കാത്തിരുന്ന് മടുത്ത് 84 ഏപ്രിൽ മാസത്തിൽ ഒരു ജോലിക്കായി  മുംബൈ നഗരത്തിലേക്ക് വണ്ടി കയറിയ വർഷം ജൂണിലാണ്  നാട്ടിലെ വിലാസത്തിലേക്ക് ഒരു കത്തിന്റെ രൂപത്തിൽ വിളിയെത്തുന്നത്.

അവിടെ നിന്നും റീഡയറക്ട് ചെയ്ത് മുംബൈയിലെത്തി കയ്യിൽ കിട്ടിയ കത്തിലെ ഉള്ളടക്ക പ്രകാരം ഡൽഹി ഫുഡ് ആൻഡ് സപ്പ്ളൈസ് വിഭാഗത്തിലേക്ക് ഒരു ലോവർ ഡിവിഷൻ  ക്ലർക്ക് ആയിട്ടായിരുന്നു നിയമനം. 1983ലെ ജൂലൈ മാസത്തിൽ കൂടെ പരീക്ഷയെഴുതിയ പലർക്കും 83 ഒക്ടോബർ-നവംബറിൽ തന്നെ ജോലി ലഭിച്ചിരുന്നു. മുംബൈയിൽ എത്തി ഒരു ഗവണ്മെന്റ് ജോലിയെന്ന ചിന്തയെ ഉപേക്ഷിച്ച മട്ടിലായിരുന്നു അന്ന് ദേവ് ആനന്ദിന്റെ പ്രൊഡക്ഷൻ കമ്പനിയായ നവകേതനിൽ ജോലി തുടങ്ങിയത്. ഏകദേശം ഒരു വർഷത്തിന് ശേഷം എത്തിയ അപ്പോയിന്മെന്റ് ഓർഡർ എന്ത് കൊണ്ടോ എന്നെ ഒട്ടും ആകർഷിച്ചില്ല. കാരണം, ഒന്നാം പ്രീഫെറെൻസ് ആയി കൊടുത്ത "Y" കാറ്റഗറിയിലെ  ജോലികളായ  AG's ഓഫീസിലോ മറ്റു മിനിസ്ട്രി ഓഫിസുകളിലോ അല്ലെങ്കിൽ രണ്ടാം പ്രീഫെറെൻസ് ആയി നൽകിയ "X"  കാറ്റഗറിയിലെ ജോലിയോ നൽകാതെ, അപേക്ഷിക്കാത്ത "Z"  കാറ്റഗറിയിലെ  ജോലിയായ  ദൽഹി അഡ്മിനിസ്ട്രേഷന്റെ കീഴിൽ വരുന്ന ഫുഡ് ആൻഡ് സപ്ലൈസ് വിഭാഗത്തിലെ ലോവർ ഡിവിഷൻ ക്ലാർക്കിന്റെ തസ്തികയിലേക്കുള്ള നിയമനത്തെ മനസ്സ് അംഗീകരിച്ചില്ല. വീണ്ടും ഒരു വാണിംഗ് റിമൈൻഡർ ഓഗസ്റ്റിൽ കയ്യിൽ കിട്ടിയപ്പോഴും മനസ്സ് മാറിയില്ല. അതിൽ കണ്ട ശമ്പള സ്കെയിലും മറ്റും വായിച്ചപ്പോൾ അന്ന് കയ്യിൽ കിട്ടിയിരുന്നതിലും കുറവായിരുന്നുതാനും. പിന്നീട് ഇക്കാര്യം പറയുമ്പോൾ പലരും ഇതൊരു വമ്പൻ അബന്ധമായിരുന്നുവെന്ന് പറയാറു ണ്ടെങ്കിലും എനിക്കിന്നേവരെ അങ്ങിനെ തോന്നിയിട്ടേയില്ല. മുംബൈയിലെ ആദ്യ കാലങ്ങളിൽ ഉണ്ണിയേട്ടനെയും ഗണേശന്റെ സഹോദരി ലക്ഷ്മിചേച്ചി യെയും കാണാൻ  ഇൻകം ടാക്സ് ഓഫീസ് സ്ഥിരമായി സന്ദർശിക്കാറുള്ള എന്നെ   അവിടത്തെ പൊടി പിടിച്ച  ഫയലുകളുടെ കാഴ്ച, അതിനിടയിലിരുന്നുള്ള അവരുടെ  ജോലി, എല്ലാം   ഒരുതരം മടുപ്പാണ് നൽകിയിരുന്നത്.

അധികം വൈകാതെയുണ്ടായ ഇന്ദിരാ ഗാന്ധിയുടെ വധം, അതിനെ തുടർന്നുണ്ടായ കലാപങ്ങൾ, അവിടത്തെ തീക്ഷ്ണമായ കാലാവസ്ഥ എന്നിവയും എന്നെ ഡൽഹിൽ നിന്നും അകറ്റി. അതിലേറെ ഞാൻ മുംബൈയെ സ്നേഹിച്ചു തുടങ്ങി എന്ന് പറയുന്നതാവും ശരി...

അത് കൊണ്ട് തന്നെ പിന്നീട് ഒരിക്കലും ഡൽഹി എന്നെ വിളിച്ചില്ല. എന്നെ തഴഞ്ഞവനെ എനിക്കും വേണ്ട എന്ന് മഹാ നഗരവും കരുതിയിരിക്കാം..

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ രവിയാണ് ദീപാവലി നാളുകളിൽ ഞങ്ങൾ അഞ്ചുകുടുംബത്തിന്  ഒന്നിച്ച്  പോവാൻ ഒരിടം തേടി ഡൽഹിയെന്ന ആശയം മുന്നോട്ട് വെച്ചത്. അങ്ങിനെ മുൻകാല വൈരാഗ്യങ്ങളും വൈമനസ്യങ്ങളും മാറ്റി വെച്ച് അവരോടൊപ്പം പോവാൻ തീരുമാനിച്ചു, ഡൽഹിയെ അടുത്തറിയാൻ.

പഴയ ഇന്ദ്രപ്രസ്ഥത്തിന്റെ കഥകളിലൂടെയും, പിന്നീട് തോമരരുടേയും ചൗഹാന്മാരുടേയും അടിമ രാജവംശങ്ങളുടെയും, ഖിൽജി, തുഗ്ലക്, സയ്യിദ്, ലോധി എന്നിവരുടെയും കാലങ്ങളിലൂടെ കടന്നു പോയി, ബാബറുടെ  അധിനിവേശത്തോടെ മുഗൾ സാമ്രാജ്യത്തിന്റെയും രാജധാനിയായി മാറിയ ദില്ലിയും-ആഗ്രയും ഒരു ചരിത്ര കുതുകിയെ സംബന്ധിച്ചിടത്തോളം കണ്ടിരിക്കേണ്ട നഗരങ്ങളാണ്. അർത്ഥത്തിൽ ദില്ലിയെ അറിയാൻ ഞങ്ങൾ 16 പേരടങ്ങുന്ന സംഘം ഇക്കഴിഞ്ഞ ഒക്ടോബർ 21 രാത്രി മുംബയിൽ നിന്നും തിരിച്ചു.

മുംബൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും 

രാജധാനി ശ്രേണിയിലുള്ള തുരന്തോ എക്സ്പ്രസിലായിരുന്നു യാത്ര. പഴഞ്ചൻ ബോഗികൾ ഘടിപ്പിച്ച തുരന്തോ യാത്ര ദീപാവലി തിരക്കു കൂടിയായപ്പോൾ ദുരന്തയാത്രയായി. രണ്ടാം ദിവസം രാവിലെ മുതൽ ഭക്ഷണം നല്കുമെന്നത് മാത്രമാണ് രാജധാനിശ്രേണിയെ ചെറുതായെങ്കിലും അനുഭവിപ്പിക്കുന്നത്. ചമ്പൽ നദിക്കരയിലുള്ള കോട്ട ജങ്ഷനും, ചരിത്രമുറങ്ങുന്ന സവായ് മധോപൂർ സ്റ്റേഷനുകളും പിന്നിട്ട് വൈകുന്നേരം 4 മണിയോടെ ഞങ്ങൾ ന്യുഡൽഹി സ്റ്റേഷനിൽ എത്തിച്ചേർന്നു.

ന്യൂ ദില്ലി റെയിൽ വേ സ്റ്റേഷന് മുന്നിൽ 


കേട്ടറിഞ്ഞ ഡൽഹിയെ അന്വർത്ഥമാക്കുന്നതായിരുന്നു സ്റ്റേഷന്റെ മുൻവശ കാഴ്ചകൾ. ഞങ്ങളുടെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്ന പഹർഗഞ്ചിലേക്ക് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ എങ്കിലും 300 രൂപക്കുറപ്പിച്ച ടാക്സിക്കാരന് തിരക്കേറിയ റോഡിലൂടെ  അവിടേക്കെത്തിപ്പെടാൻ അര മണിക്കൂർ വേണ്ടി വന്നു. അതിൽ തന്നെ, ഒരുവൻ കറക്കി കറക്കി മുക്കാൽ മണിക്കൂറിനു ശേഷമാണ് ഹോട്ടൽ കണ്ടുപിടിച്ചത്. മഹാരാഷ്ട്ര ഭവന്റെ തൊട്ടടുത്തെന്ന് പറഞ്ഞിട്ടും മനസ്സിലാവാത്ത, അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കാത്ത ടാക്സിക്കാരൻ. പണം മുമ്പേ പറഞ്ഞുറപ്പിച്ചതിനാൽ പണം പിടുങ്ങാനാവില്ല, അറിയാത്തതു തന്നെയാവണം. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

ദിഖാനെ കാ ദാന്ത് ഏക് ഔർ ഖാനെ കാ ദാന്ത് അലഗ് എന്ന പ്രശസ്തമായ വചനത്തെ അന്വർത്ഥമാക്കുന്നതാണ് ഡൽഹിയുടെ അനുഭവങ്ങളുടെ തുടക്കം.

ഇൻറർനെറ്റിൽ കാണുന്ന ഹോട്ടലെ അല്ല ഞങ്ങളുടെ മുമ്പിലുള്ള  കാഴ്ചയിലെ ഹോട്ടൽ. ഇടുങ്ങിയ ഒരു ഗല്ലിയിലെ ഇടവഴിയിലൂടെ നടന്നാലേ അവിടേക്കെത്തിപ്പെടൂ. നക്ഷത്ര ചിഹ്നങ്ങളുടെ തിളക്കവും ഇൻറർനെറ്റിൽ മാത്രം ഒതുങ്ങുന്നു. ഇല്ലായ്മയും ഇല്ലാപ്പാട്ടും മാത്രം കേട്ടു കൊണ്ട് രാത്രിയിലെ വിശ്രമത്തിന് മാത്രമല്ലേ ഇതെന്ന ആശ്വാസത്തിൽ, പറ്റിക്കപ്പെട്ടതിന്റെ ജാള്യത മറച്ചു കൊണ്ട് കുളിച്ച് യാത്രാക്ഷീണം മാറ്റി, നഗരത്തെ അറിയാനായി ഞങ്ങൾ തെരുവിലേക്കിറങ്ങി.

ഇന്നത്തെ സന്ധ്യയിൽ വേറെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഒരു നഗരത്തിലെത്തിയാൽ നഗരത്തിന്റെ തനത് കാഴ്ചകൾ അറിയണമല്ലോ.   ഒരു പ്ലാനുമില്ലാതെ ദൽഹി തെരുവിലൂടെ കാഴ്ചകൾ കണ്ടൊരു അലച്ചിൽ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഗൂഗിളിൽ തപ്പിയപ്പോൾ ഏറെ കേട്ടിട്ടുള്ള  ചാന്ദ്നി ചൗക്ക് ഏറെ ദൂരെയല്ല എന്ന് മനസ്സിലായി.

തെരുവിലേക്കിറങ്ങിയതും പുരാതന ദില്ലിയിലെ തെരുവോരങ്ങൾ അടക്കി വാഴുന്ന ഇലക്ട്രിക് റിക്ഷകൾ ഞങ്ങളെ പൊതിഞ്ഞു. വരത്തന്റെ സംഘത്തെ, അവന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണം. ഒടുവിൽ അവരോട് പടപൊരുതി 150 രൂപ വീതമുള്ള  നാലു വണ്ടികളിലായി ഞങ്ങൾ 16 പേരെ ചാന്ദ്നി ചൗക്കിന്റെ മാർക്കറ്റിൽ എത്തിക്കാമെന്ന് അവരേറ്റു. സംഘാംഗങ്ങളെല്ലാവരും ആദ്യമായാണ് ഇത്തരമൊരുടുക് ടുകിൽ യാത്ര ചെയ്യുന്നത്. അതവർ അറിഞ്ഞാസ്വദിച്ചു. ചാന്ദ്നി ചൗക്കിനോടടുത്തതും ഞങ്ങൾ മുംബയിലെ അബ്ദുറഹിമാൻ സ്ട്രീറ്റിനപ്പുറമുള്ള ഇടുങ്ങിയ ഗലികളിൽ എത്തപ്പെട്ട പോലെ തോന്നി. വണ്ടികൾ ഒച്ചിന്റെ വേഗത്തിൽ ഇഴഞ്ഞു. അതിനിടയിൽ വണ്ടിക്കാരുടെ ഹോണുകളും പരസ്പരമുള്ള തെറി വിളികളും  അന്തരീക്ഷത്തെ മുഖരിതമാക്കി.

Market


ഗലികളിൽ നിന്നും ഗല്ലികളിലൂടെ ഒഴുകി റിക്ഷാ വണ്ടി ഒടുവിൽ മാർക്കറ്റ് കവാടത്തിലെത്തി. മാർക്കറ്റ് ദീപാവലിയുടെ അലങ്കാരപ്രഭയിൽ ജ്വലിച്ചു നിൽപ്പാണ്. ഇരുവശവുമുള്ള കടകളിൽ മുഖ്യം വസ്ത്ര വ്യാപാരത്തിനു  തന്നെ. വിവാഹവേളകളിൽ വധൂ വരന്മാർക്ക് അണിഞ്ഞൊരുങ്ങാനുള്ളവയാണ് അതിലേറെയും. അതെല്ലാം കണ്ട്,  സംഘത്തിലെ പെൺപട കണ്ടതിനെല്ലാം വില ചോദിച്ച്, ചോദിച്ച്  മുന്നോട്ട് നീങ്ങി.   ഗലി ചെന്നെത്തുന്നത് ചെങ്കോട്ടക്ക് മുമ്പിലേക്കെത്തുന്ന ഒരു വലിയ റോഡിലേക്കാണ്. അവിടെ നിന്നും നോക്കിയാൽ അങ്ങകലെയായി ചെങ്കോട്ടയുടെ മുകൾ ഭാഗം കാണാം.

പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണത്രെ ആദ്യകാലത്തെ ഷാ ജഹനാബാദ് എന്നറിയപ്പെട്ടിരുന്ന ഈ ഭാഗത്തായി  അന്നത്തെ മുഗൾ ചക്രവർത്തി ഷാജഹാന്റെ മകൾ ജഹനാരയുടെ സൗന്ദര്യ ബോധത്തിലുദിച്ച ചാന്ദ്നി ചൗക്കെന്ന ഈ നഗര ഭാഗം ഉണ്ടാക്കുന്നത്. രാത്രി കാലങ്ങളിൽ ചാന്ദ്ര നിലാവ് പ്രതിഫലിക്കുന്ന ഒരു ജലാശയം അവിടെയുണ്ടായിരുന്നുവെന്നും അതിൽ നിന്നാണ് ഈ പേര് വന്നതെന്നുമാണ് പറയപ്പെടുന്നത്.  ചെങ്കോട്ടയിലെ  ലാഹോറി ഗേറ്റു മുതൽ ഫത്തേപുരി പള്ളി വരെ പരന്നു കിടക്കുന്ന  ഈ കച്ചവട കേന്ദ്രത്തിന് ഒരു വശത്തായി ഷഹിബാബാദ് എന്ന പൂന്തോട്ടവും നിർമ്മിക്കപ്പെട്ടുവത്രെ.

അങ്ങാടി വാണിഭത്തെക്കാൾ എന്റെയും സംഘത്തെ നയിക്കുന്ന  രവിയുടെയും ശ്രദ്ധ ദില്ലിയിലെ  തെരുവോര ഭക്ഷണ വൈവിദ്ധ്യം അറിയുക എന്നത് കൂടിയായിരുന്നു. അങ്ങിനെയാണ് ഞങ്ങൾ നടന്ന് നടന്ന് പറാട്ടെവാലെ ഗല്ലിയിലെത്തുന്നത്. പക്ഷെ യാത്രയുടെ ആദ്യദിനം തന്നെ ഇത്തരം തെരുവു ഭക്ഷണം കഴിച്ച് വയറു നശിപ്പിക്കേണ്ട എന്ന ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി ചെറിയൊരു ഭക്ഷണശാലയിൽ തന്നെ ശരണം പ്രാപിച്ചു.

ചോലെ ബട്ടൂരകുല്ച്ചപറാട്ട തുടങ്ങിയ ഉത്തരേന്ത്യൻ വിഭവങ്ങൾ ആസ്വദിച്ച്, നേരെ മുന്നിൽ  തിളങ്ങി നിന്നിരുന്ന സിസ് ഗഞ്ജ് സാഹിബ് ജി ഗുരുദ്വാരയുടെ സൗന്ദര്യം നുകർന്ന്,  മുന്നിൽ നിന്നും കുറച്ച് ഫോട്ടോകളും എടുത്ത് ഹോട്ടലിലേക്ക് യാത്രയായി.

സിസ് ഗഞ്ജ് സാഹിബ് ജി ഗുരുദ്വാര


മടക്കയാത്രയിൽ  ഞാനും രമേഷും മറ്റു സംഘാംഗങ്ങളെ വിട്ട് ഒരു ഇലക്ട്രിക്ക് റിക്ഷയിൽ നേരെ ന്യുദില്ലി റെയിൽവേ സ്റ്റേഷനടുത്തുള്ള മെട്രോ എക്സ്പ്രസിലേക്ക് തിരിച്ചു. മഹാനഗരത്തിലെ റിക്ഷാവാലകളുടെ ഒരു നേർ പരിഛേദം എന്ന് വിശേഷിപ്പിക്കാവുന്ന ഒരുത്തനായിരുന്നു ഞങ്ങളുടെ സാരഥി. ഗതാഗതക്കുരുക്കിൽ തിങ്ങിഞെരുങ്ങിയ ഗലികളിലൂടെ അവന്റെ ജൈത്രയാത്ര ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഒരു റോഡ് നിയമവും അവന് ബാധകമല്ല എന്ന മട്ടിലായിരുന്നു അവന്റെ തേരോട്ടം. ഒടുവിൽ സ്റ്റേഷന്റെ മുമ്പിൽ നിന്ന പോലീസുകാരനിൽ നിന്നും ലാത്തി കൊണ്ട് രണ്ടു കിട്ടുന്നത് വരെ അത് തുടർന്നു.  

സംഘത്തിലെ രണ്ടാളുകൾ അന്ന് രാത്രി കോഴിക്കോട് നിന്നുമാണ് എത്തിച്ചേരേണ്ടത്. അവരെ കൂട്ടാനാണ്  ഞാനും രമേശും ചേർന്ന് മെട്രോയിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 ലേക്ക്  യാത്രയായത്…

തുടരും...

 

No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...