Saturday, November 19, 2022

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 3

യുദ്ധസ്മാരകവും മന്ദിരസമുച്ചയങ്ങളും


ഖുത്തുബ്ദീൻ ഐബക്കും ഇൽത്തുമിഷും പണിയിച്ച പതിമൂന്നാം നൂറ്റാണ്ടിലെ ആ മിനാരത്തോട് വിടപറഞ്ഞ് പിന്നീടുള്ള ഏഴു പതിറ്റാണ്ടുകളിലായി ഡൽഹിയുടെ അധികാരത്തിനായി വിവിധ കാലഘട്ടങ്ങളിൽ  തേരോട്ടം നടത്തിയ     ഖിൽജി, തുഗ്ലക്, സയ്യിദ്, ലോദി, മുഗൾ, ദുറാനി, മറാത്താ, സിഖ് രാജവംശ പരമ്പരകളുടെ പടകൾ കൊന്നും കൊലവിളിച്ചും ജൈത്ര യാത്ര നടത്തിയ വീഥികളിലൂടെ,  യുദ്ധങ്ങളിൽ പോരാടി മരിച്ചവരുടെ സ്മാരകമായി   നില കൊള്ളുന്ന, ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകമായ ഇന്ത്യാ ഗേറ്റ് കാണുവാനായാണ്   ഞങ്ങൾ പോയത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് തൊട്ട് മുമ്പ് ഭരിച്ച  ബ്രിട്ടീഷ് രാജവംശ ഭരണകാലത്ത് ദില്ലിയെ ഔദ്യോകിക തലസ്ഥാനമായി അംഗീകരിച്ച ശേഷം തലസ്ഥാനത്തെ മൊത്തം മോടി കൂട്ടുന്ന സമയത്ത് 1921ൽ, ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് സൈന്യത്തോടൊപ്പം പോരാടി മരിച്ച ഇന്ത്യൻ പട്ടാളക്കാരുടെ സ്മരണക്കായി എഡ്വിൻ ല്യൂട്ടനെന്ന വാസ്തുശില്പി പണിയിച്ച 42 മീറ്റർ ഉയരമുള്ള  ഈ സ്മാരകം 1931 ലാണ് പൂർത്തിയായത്. റസീന ഹിൽസിലെ രാഷ്‌ട്രപതി ഭവനു മുന്നിൽ നിന്നും തുടങ്ങുന്ന രാജ് പഥ് (ഇപ്പോഴത്തെ കർത്തവ്യ പഥ്)അവസാനിക്കുന്നത് ഇന്ത്യാ ഗേറ്റിലാണ്.  വർഷം തോറും നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് പലവട്ടം ടി വി യിൽ കണ്ടിട്ടുണ്ടെങ്കിലും ആ പരേഡുകൾ നടക്കുന്ന രാജ പാതയും അതിന്റെ ഒരറ്റത്തായി തലയുയർത്തി നിൽക്കുന്ന ഇന്ത്യാ ഗേറ്റും ഒരിക്കലെങ്കിലും കാണണമെന്ന് ഓരോ വർഷത്തെ പരേഡ് കാഴ്ചയും  നമ്മെ മോഹിപ്പിച്ചു കൊണ്ടിരിക്കും. ആ ആഗ്രഹ പൂർത്തീകരണത്തിന്റെ ഉൾപ്പുളകത്തിലാണ് സംഘാംഗങ്ങളെല്ലാം. തലയുയർത്തി നിൽക്കുന്ന ആ സ്മാരകത്തിന്  മുമ്പിൽ നിന്നൊരു ഫോട്ടോ എന്നത് ഏതൊരു ഭാരതീയന്റേയും മോഹവുമാണ്. സംഘാംഗങ്ങൾ ഒറ്റക്കും സംഘം ചേർന്നും ആ മോഹങ്ങളോരോന്നും നിറവേറ്റി.




ഇന്ത്യാ ഗേറ്റിന് പുറകിലായി സുഭാഷ് ചന്ദ്ര ബോസിന്റെ 125മത് ജന്മദിനത്തോടനുബന്ധിച്ച് നിർമ്മിച്ച അദ്ദേഹത്തിന്റെ ഒരു പ്രതിമയും, അതിനും പുറകിലായി ഇന്ത്യൻ നാഷണൽ  യുദ്ധ സ്മാരകവും അമർ ജവാൻ ജ്യോതിയും നില കൊള്ളുന്നു. സ്വതന്ത്ര ഇന്ത്യയുടെ  ഇന്നേ വരെയുള്ള വിവിധ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകൾ ആലേഖനം ചെയ്ത ഒരു ഗാലറി തന്നെ അവിടെയുണ്ട്. അതെല്ലാം നടന്നു കണ്ട് അമർജ്യോതിക്ക് മുമ്പിൽ നിൽക്കുമ്പോൾ യുദ്ധങ്ങളുടെ വ്യർത്ഥതയെക്കുറിച്ചാണ് ഓർത്തത്. പ്രാചീന യുദ്ധങ്ങളെ അപേക്ഷിച്ച് ഇന്ന് വെട്ടിപ്പിടിക്കലുകളും അധിനിവേശങ്ങളും കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ യുദ്ധങ്ങൾ ഏറെയും ചെറിയ  അവകാശ തർക്കങ്ങളിൽ നിന്നും മേൽക്കോയ്മയെ അംഗീകരിക്കായ്മയിൽ നിന്നും ഉടലെടുക്കുന്നതാണെന്ന് തോന്നി. ഇനിയും അത്തരം യുദ്ധങ്ങളൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും യുദ്ധസ്മാരകത്തിൽ ഇനിയും ഏടുകൾ കൂട്ടിച്ചേർക്കപ്പെടാതിരിക്കട്ടെയെന്നും പ്രാർത്ഥിച്ചാണ് അവിടെ നിന്നുമിറങ്ങിയത്.

ഞങ്ങളുടെ അടുത്ത ലക്ഷ്യം 1986 പണിത  ബഹായ് മതവിശ്വാസികളുടെ ആരാധനാലയമായ ലോട്ടസ് ടെമ്പിൾ ആയിരുന്നു.

താമരപ്പൂവിന്റെ ആകൃതിയിൽ നിർമിക്കപ്പെട്ട ഇതിൻറെ ഘടനയിൽ 27 ദളങ്ങളാണുള്ളത്. ക്ഷേത്രത്തിന്റെ നടുത്തളമായ ധ്യാനകേന്ദ്രത്തിലേക്ക് തുറക്കുന്ന 9 വാതിലുകളിലൂടെ പ്രവേശിച്ചാൽ  ഉള്ളിൽ ഏകദേശം 2500 പേർക്കിരുന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യമുണ്ട്. ഏകദൈവത്തിലധിഷ്ഠിതമായ ബഹായ് മതം സ്ഥാപിതമായത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. അവിടെകുറച്ച് നേരം നിശബ്ദരായിരുന്നു ഞങ്ങൾ പതിയെ പുറത്തേക്ക് കടന്നു.



ശില്പചാതുരിക്ക് വളരെയധികം പുരസ്കാരങ്ങൾ നേടിയ ആരാധനാലയത്തിലേക്ക് ഓരോ ദിനവും ഒഴുകിയെത്തുന്നത് പതിനായിരങ്ങളാണത്രെ.

വീണ്ടും മറ്റൊരു ആരാധനാലയത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. ദൈവത്തിന്റെ ദിവ്യ വാസസ്ഥലത്തേക്ക്അതെ അക്ഷർധാം മന്ദിരത്തിലേക്ക്. 2007 ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം നേടിയ ക്ഷേത്ര സമുച്ചയത്തിലെ കാഴ്ചകൾ കാണാനായി ഞങ്ങൾ 4 മണിയോടെ എത്തി.

യമുനാ നദിയുടെ തീരത്തായി തൊണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന  മന്ദിരം ബൊചൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായണ സംസ്ഥയാണ് പണി കഴിപ്പിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷം കൊണ്ട്   പണിതുയര്‍ത്തി, 2005  പൂർത്തിയായ ക്ഷേത്രത്തിന്  43 മീറ്റര്‍ ഉയരവും 96 മീറ്റര്‍ വീതിയും 109 മീറ്റര്‍ നീളവുമുണ്ട്. അമ്പലം  പണിതുണ്ടാക്കിയത് രാജസ്ഥാനിലെ പിങ്ക് സാന്‍ഡ് സ്റ്റോണും ഇറ്റാലിയന്‍ മാര്‍ബിളും ഉപയോഗിച്ചാണ്. ആര്‍ഷഭാരതത്തിലെ എന്‍ജിനീയറിംഗ് ഗ്രന്ഥങ്ങളായ  പഞ്ചരാത്രശാസ്ത്രം, വാസ്തുശാസ്ത്രം, സ്ഥപത്യശാസ്ത്രം എന്നിവ   ആധാരമാക്കിയാണ്ക്ഷേത്രം പണിതതത്രെ.



അമ്പലം 1781 - 1830 കാലയളവിൽ ജീവിച്ച ഭഗവാൻ സ്വാമിനാരായണൻറെ അനുയായികളുടെതാണ്.

എല്ലാ ദിശകളിൽ നിന്നും ശ്രേഷ്ഠമായ ചിന്തകൾ നമ്മിലേക്ക് വരട്ടെ എന്ന ഋഗ്വേദ വചനത്തെ പ്രതീകമാക്കി നിർമ്മിച്ചിരിക്കുന്ന 10 കവാടങ്ങൾ അടങ്ങിയ പ്രവേശന കവാടത്തിലൂടെ കടന്ന് നാം ചെല്ലുന്നത് മയൂർ ദ്വാർ എന്ന മറ്റൊരു കവാടത്തിലേക്കാണ്. മയൂര കവാടത്തിലൂടെ ഉള്ളിലേക്ക് കടന്നു കഴിഞ്ഞാൽ ഭഗവാൻ സ്വാമി നാരായണന്റെ ചരണാരവിന്ദങ്ങളുടെ ഒരു പ്രതീകം വെണ്ണക്കല്ലിൽ തീർത്തിരിക്കുന്നു.

അവിടെ നിന്നും ദൂരെ നേരെ മുകളിലായാണ് പ്രധാന ക്ഷേത്രം നില കൊള്ളുന്നത്. ഏറ്റവും താഴെത്തട്ടിലായി 148 ആനകൾ താങ്ങി നിർത്തുന്ന രീതിയിൽ നിർമ്മിച്ച ഗജേന്ദ്ര പീഠം, അതിനു മുകളിലായി നാരായണ പീഠമെന്ന രണ്ടാമത്തെ തട്ട്, അതിനും മുകളിലായി ഗർഭഗൃഹം.

ക്ഷേത്രത്തിന്റെ പുറം ചുവരുകൾ കൊത്തുപണികളാൽ അലംകൃതമാണ്. ചുറ്റും   ഋഷികളുടെയും സാധുക്കളുടെയും ഭക്തരുടെയും ആചാര്യന്മാരുടെയും അവതാരങ്ങളുടെയും 200 ശിൽപങ്ങളുള്ള ശിലാരൂപങ്ങൾ തീർത്തിരിക്കുന്നു. പുറം ചുവരുകൾ മുഴുവൻ പിങ്ക് സ്റ്റോണിലാണ് നിർമ്മിച്ചിരിക്കുന്നത്. ഉള്ളിലേക്ക് കടന്നു കഴിഞ്ഞാൽ കാണുന്നത് മുഴുവൻ ഇറ്റാലിയൻ വെണ്ണക്കലുകളും

പ്രധാന ശ്രീകോവിലിൽ ഭഗവാൻ സ്വാമിനാരായണന്റെ പഞ്ചലോഹ നിമ്മിത പൂർണ്ണകായ പ്രതിമയും, ഗർഭഗൃഹത്തിന് ചുറ്റും മഹത്തായ അവതാര ജോഡികൾക്കുള്ള പ്രത്യേക ആരാധനാലയങ്ങളുമുണ്ട്: സീതാ-രാമൻ, രാധാ-കൃഷ്ണൻ, ലക്ഷ്മി-നാരായണൻ, ശിവ-പാർവ്വതി തുടങ്ങി.

അക്ഷർധാം മന്ദിരത്തിന്റെ  ഉൾവശം ഒമ്പത് മണ്ഡപങ്ങൾ കൊണ്ട് തിരിച്ചിരിക്കുന്നു. ഒമ്പത് മണ്ഡപങ്ങൾ ഓരോന്നും സങ്കീർണ്ണമായ കൊത്തുപണികളുള്ള മൂർത്തികളും തൂണുകളും കൊണ്ട് നിറച്ചിരിക്കുന്നു, കൂടാതെ ഇവക്കോരോന്നിനും  മനോഹരങ്ങളായ കൊത്തുപണികളാൽ അലംകൃതമായ  താഴികക്കുടങ്ങളും മേൽക്കൂരകളുമുണ്ട്.

മന്ദിരത്തിനുള്ളിലെ  കാഴ്ചകളും പ്രദർശനങ്ങളും ഒരു അമ്പലത്തിനുള്ളിലെത്തിയതിനേക്കാൾ ഒരു മ്യൂസിയത്തിലെത്തിയ പ്രതീതിയാണ് നൽകുന്നത്.

ഉള്ളിലെ ദർശനം കഴിഞ്ഞു 6 മണിക്ക്  പുറത്തിറങ്ങിയ ഞങ്ങൾക്ക് അവിടത്തെ വാട്ടർ ലേസർ ഷോ കൂടി കാണണം എന്നതിനാൽ 7 മണി വരെ അവിടത്തെ മറ്റു കാഴ്ചകൾ കണ്ട് സമയം നീക്കണമായിരുന്നു.  കുറച്ച് നേരം പ്രദക്ഷിണ വഴികളിൽ വിരിച്ചിരിക്കുന്ന മാർബിൾ  തറയിലിരുന്ന് പശ്ചിമാംബരത്തിലെ  അസ്തമയ സൂര്യൻറെ ചുവന്ന രശ്മികൾ പതിച്ച മന്ദിരക്കാഴ്ചകളും കണ്ട്  ഞങ്ങൾ അവിടത്തെ മറ്റു കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങി. 

അടുത്തതായി സഹജ് ആനന്ദ് എന്ന വാട്ടർ ഷോ ആയിരുന്നു. സന്ധ്യ മയങ്ങിയ ശേഷം നടക്കുന്ന ആരതിക്ക് ശേഷമാണ് ഷോ അരങ്ങേറുന്നത്. സഹജമായ, സ്വതസിദ്ധമായ ആനന്ദം കുട്ടികളിലൂടെ അറിയുക എന്നതാണ് ഇതിന്റെ തീം. അക്ഷർധാമിൽ എത്തിയാൽ കണ്ടിരിക്കേണ്ട കാഴ്ച.



അക്ഷർധാം മന്ദിര സമുച്ചയത്തിലേക്ക് മൊബൈൽ ഫോൺ, കാമറ എന്നിവ കടത്തുന്നതല്ല. എന്നാൽ ചില പ്രത്യേക സ്ഥലങ്ങളിൽ നിർത്തി ഫോട്ടോ എടുത്തു കൊടുക്കുന്ന ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.  വർണ്ണ ദീപങ്ങളാൽ തിളങ്ങി നിൽക്കുന്ന  മന്ദിരത്തിന്റെ രാത്രിക്കാഴ്ചകൾ ഏറെ മനോഹരമാണ്.  എട്ടു മണിയോടെ പതുക്കെ മന്ദിരസമുച്ചയത്തിലെ ഫുഡ് കോർട്ടിലേക്ക് നീങ്ങി. മന്ദിരത്തിലെ ഒരു വശത്തായി ഒരുക്കിയ വിശാലമായ പ്രേംവതി ഭക്ഷണാലയം ദക്ഷിണ-ഉത്തരേന്ത്യൻ ഭക്ഷണ വൈവിധ്യങ്ങളാൽ സമൃദ്ധമാണ്. അന്ന് രാത്രിയിലെ അത്താഴം അവിടെ നിന്നും കഴിച്ച് ഞങ്ങൾ 9 മണിയോടെ ഹോട്ടലിലേക്ക് തിരിച്ചു.

 തുടരും...

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...