തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്. മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും ഭാര്യ ഭാരമുള്ള പെട്ടികൾ തന്നെ കൂടെക്കരുതിയിട്ടുണ്ട്. അത് കൊണ്ടാവണം തിരിച്ചു പോക്ക് വണ്ടിയിൽ മതിയെന്ന് അവൾ മുമ്പേ പറഞ്ഞത്. അവളെന്തെങ്കിലും പറയുന്നെങ്കിൽ അതിലെന്തെങ്കിലും കാര്യമുണ്ടാവും.
ഒരു മാസം നാട്ടിലോടി നടന്ന് ചിങ്ങ വെയില് കൊണ്ട് മുഖവും കയ്യും കറുത്തു കരുവാളിച്ചിരിക്കുന്നു. തിരക്കൊഴിഞ്ഞു, നല്ല ചൂടുള്ള വെയിലിൽ കുറച്ച് കയ്പ്പക്ക കൊണ്ടാട്ടം ഉണക്കിക്കൊണ്ടു പോരാൻ പദ്ധതിയിട്ട അന്ന് രാത്രി മകം ഞാറ്റുവേലയിൽ മഴ വീണ്ടും ഉഷാറായി. ഫാനിന്റെ കാറ്റിനു ചുവട്ടിൽ പാതിയുണങ്ങിയ കൊണ്ടാട്ടത്തിനെ ഇനി മുംബൈ ചൂടിലുണക്കുകയല്ലാതെ വേറെ വഴിയില്ല. ഞങ്ങളുടെ ആദ്യ യാത്രയിൽ കൂടെക്കൂടിയതാണ് ഈ കയ്പ്പക്കക്കൊണ്ടാട്ടം.
രണ്ടു പെട്ടികളേക്കാൾ ഭാരം ഇന്നലെ വാങ്ങിച്ച ബിഗ് ഷോപ്പറിനാണ്. പൊതിച്ച നാളികേരം മുതൽ വിവിധ തരം അച്ചാറുകളുടെ വൻ ശേഖരവും, കല്യാണത്തിന്റെ ബാക്കിപത്രമായ കാളനും, ഓഫീസിലേക്കുള്ള ലഡ്ഡുവും ഉപ്പേരിയും ആയപ്പോൾ ഇനി ഇതെടുക്കാൻ ഞാനോ നീയോ എന്ന ചോദ്യവുമായി ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി. അത് നിറയെ വായക്ക് രുചിയുള്ള വിഭവങ്ങളുടെ ഭാരമാണ് എന്ന ചിന്ത നൽകിയ സന്തോഷത്തിൽ അവൾ തന്നെ അതെടുത്തു. ഇത് പൊക്കി ഇനി തണ്ടെല്ല് വെലക്കണ്ട, എന്നൊരു ബഹുവാക്കും പറഞ്ഞു.
തിരിച്ചുള്ള യാത്ര ഇക്കുറി ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന എന്നിലുറങ്ങിക്കിട ക്കുന്ന അന്വേഷണ കുതൂഹലന്റെ പരീക്ഷണ മായിരുന്നു കൊച്ചുവേളി - പോർബന്ദർ സൂപ്പർ ഫാസ്റ്റിലെ രണ്ടാം ക്ലാസ് എ.സി ബുക്കിങ്. വണ്ടി കൃത്യ സമയത്തിന് തൃശൂർ സ്റ്റേഷൻ തൊട്ടു. വണ്ടി കണ്ടതും ഞാനൊന്ന് ഞെട്ടി. ഏകദേശം ഒരു ഇരുപത് വർഷം പഴക്കമുള്ള മഞ്ഞ പെയ്ൻറ് അടിച്ച ICF കോച്ച്കൾ.
ഉള്ളിലേക്ക് കയറിയതും, ഏതോ ഇരുട്ട് നിറഞ്ഞ ഗുഹയിലേക്ക് കയറുന്ന പ്രതീതിയായിരുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും കൂപ്പേകൾ കർട്ടനിട്ട് മൂടി പുറമെ നിന്നുള്ള വെളിച്ചം കയറാത്ത രീതിയിൽ ആക്കി മാറ്റിയിരിക്കുന്നു. തലതിരിഞ്ഞു കയറിയ കാരണം ഞങ്ങളുടെ ബർത്ത് കണ്ടു പിടിക്കാൻ ഏറെ പിന്നിലോട്ട് നടക്കേണ്ടി വന്നു. ഒടുവിൽ കൂപ്പേയും ബർത്തും കണ്ടെത്തിയപ്പോൾ അവിടത്തെ അവസ്ഥയും മേല്പറഞ്ഞത് തന്നെ. ഭാഗ്യത്തിന് ഞങ്ങളുടെ ബർത്തിൽ ആരും കിടക്കുന്നില്ല. അവിടെയിരുന്നിരുന്ന സ്ത്രീ ഞങ്ങളോട് ആദ്യം തന്നെ ലോവർ ബർത്താണോ എന്ന് ചോദിച്ചപ്പോൾ അപ്പർ ബർത്ത് ഞങ്ങൾക്ക് കൈമാറാനുള്ള വിദ്യ വല്ലതുമാണോ എന്നു ശങ്കിച്ച്, അതെ എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ട് ഭാര്യ പെട്ടികൾ താഴെ അടുക്കുന്ന ജോലി ഏറ്റെടുത്തു. ജനാലക്കരികിലായി അറ്റത്ത് രണ്ടു ഭാഗത്തും അവരുടെ പെട്ടികൾ വെച്ച് കയ്യടക്കിയിരുന്ന അവർ, ഇതാ ഇപ്പുറത്ത് ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ, അല്പം ദേഷ്യത്തോടെ ഭാര്യ എന്നോടായി പറഞ്ഞു. നമ്മുടെ പെട്ടികൾ നമ്മുടെ സീറ്റിനടിയിലെ വെക്കുന്നുള്ളു. അത് കേട്ട അവർ വേഗം ഒരു ബർത്തിന്റെ താഴെ നിന്നും പെട്ടികൾ, ബാഗുകൾ എന്നിവ അവരിരുന്ന ബർത്തിന്റെ താഴേക്കു മാറ്റി സംഘർഷാവസ്ഥക്ക് അയവ് വരുത്തി. അടിയിൽ ന്യൂസ് പേപ്പർ വിരിച്ച് ബാഗുകൾ ഉള്ളിലേക്ക് തള്ളി നീക്കി സുരക്ഷിതമാക്കി വെച്ച ശേഷം അവൾ അപ്പുറത്തെ ബർത്തിൽ ജനലരികിലായി ഇരുന്നു. ഭക്ഷണമടങ്ങിയ അവളുടെ തോൾ ബാഗ് നിവർത്തിയിട്ടിരുന്ന ട്രേ ടേബിളിൽ സ്ഥാപിച്ചു. എന്നോടും ഞാനിരുന്ന ബർത്തിലെ ജനലരികിലേക്ക് നീങ്ങിയിരിക്കാനാവശ്യപ്പെട്ടു. ഞങ്ങളുടെ ഈ പരിപാടികളെല്ലാം സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ട് തൊട്ടപ്പുറത്തെ സൈഡ് ബർത്തിൽ ഒരാളിരിപ്പുണ്ടായിരുന്നു. കാര്യങ്ങൾ ഒന്ന് അടുക്കും ചിട്ടയുമായപ്പോഴാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിക്കുന്നത്. ഞാൻ നോക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ എന്റെ ഭാര്യയുടെ മുഖത്താണ്. ഇത്തരക്കാർക്ക് ഇന്നും ഒരു കുറവുമില്ലല്ലോ എന്ന ചിന്തയുമായി, ലഗ്ഗേജുമായി വണ്ടിയിൽ കയറിയതിന്റെ ക്ഷീണം തീർക്കാനായി ഞാനൊന്ന് കണ്ണടച്ചു.
32 വർഷം മുമ്പ് ഒരു സെപ്തംബർ 9 തിങ്കളാഴ്ചയാണ് ആദ്യമായി ഞാൻ ഭാര്യയെയും കൂട്ടി ബോംബെക്ക് തിരിക്കുന്നത്. അന്ന് കയറിയത് ഷൊർണൂർ നിന്നായിരുന്നുവെന്ന് മാത്രം. അന്നും സ്ഥിരം വണ്ടിയായിരുന്ന ജയന്തിയെ പുതിയതൊന്ന് വെച്ച് മാറ്റിപ്പിടിക്കാനുള്ള പരീക്ഷണത്വരയാണ് രാത്രി 8-1/2ക്കു ഷൊറണൂർ വഴി കൃഷ്ണരാജപുരം റൂട്ടിലൂടെ പുതിതായി ആരംഭിച്ച സൂപ്പർഫാസ്റ്റ് ട്രെയിനിൽ ബുക്ക് ചെയ്യാൻ പ്രേരിപ്പിച്ചത്. അന്ന് ഞങ്ങളുടെ കൂടെ എന്റെ ചെറുകര സ്‌കൂളിലെ അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചർ, ഞാനുമുണ്ട് ബോംബെക്ക് എന്ന് പറഞ്ഞ് പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവർ അവരുടെ മക്കളുടെ അടുത്തേക്ക് പോവുകയാണ്. കൂടെയുള്ള ടീച്ചർക്ക് അങ്ങാടിപ്പുറം സ്റ്റേഷൻ കോട്ടയിലെ ടിക്കറ്റ് ആയ കാരണം മലബാർ കോച്ച്കൾ ഷൊറണൂരിൽ വന്നപ്പോൾ തന്നെ ടീച്ചറെ കയറ്റി എല്ലാം സൗകര്യമാക്കി, കൂടെയുള്ളവരോട് നോക്കണം എന്നേൽപ്പിച്ച് പോന്നത് കാരണം അവരെപ്പറ്റി വേവലാതിപ്പെടേണ്ടി വന്നില്ല. അതിലെ തെക്കു നിന്നുമുള്ള സെക്ഷനും മലബാർ സെക്ഷനും കൂടി ഷൊറണൂരിൽ നിന്നും ഒന്നാക്കി രാത്രി 8-1/2 ക്കാണ് കൃഷ്ണരാജപുരം വഴി അത് പോന്നിരുന്നത്. അന്ന് രാത്രി തെക്കൻ ഭാഗത്തു നിന്നുമുള്ള കോച്ചുകൾ എത്തിയപ്പോൾ സ്ലീപ്പർ ക്‌ളാസിലെ അവസ്ഥ ഏതാണ്ടിതിനോട് സമാനമായിരുന്നെന്ന് അയാൾക്ക് തോന്നി. ആകെ അടച്ചു മൂടിക്കിടന്നിരുന്ന ആ കമ്പാർട്ട്മെന്റിൽ ഷൊറണൂരിൽ നിന്നും ഞങ്ങൾ മാത്രമാണ് കയറാനായി ഉണ്ടായിരുന്നത്. ഷൊറണൂരിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തവർക്കൊക്കെ മലബാർ സെക്ഷനിലെ കോച്ചിലാണ് റിസർവേഷൻ. ഞങ്ങളുടെ ടിക്കറ്റ് തൃശൂരിൽ നിന്നും എടുത്തത് പിന്നീട് ബോർഡിങ് മാറ്റിയതിനാലാണ് അങ്ങിനെയൊരവസ്ഥ നേരിടേണ്ടി വന്നത്.
കഷ്ടി ഒരഞ്ചു മിനിറ്റ് കണ്ണടച്ചിരുന്ന് ക്ഷീണം തീർത്ത് കണ്ണു തുറന്ന് നോക്കിയപ്പോഴേക്കും അപ്പുറത്തെ ബർത്തിലിരുന്ന മനുഷ്യൻ നോട്ടം മതിയാക്കി കിടപ്പ് തുടങ്ങിയിരുന്നു. ഇപ്പോൾ ഈവക അങ്കമൊക്കെ കഴിഞ്ഞ് ഫോണും ഞോണ്ടിക്കൊണ്ടിരുന്ന ഭാര്യയെ ഞാനൊന്ന് സൂക്ഷിച്ചു നോക്കി. 32 വർഷം ഒരു സ്ത്രീയിൽ വരുത്തുന്ന മാറ്റങ്ങൾ അത്ഭുതത്തോടെ നോക്കിക്കണ്ടുകൊണ്ട്, കണ്ണടച്ചു കൊണ്ട് ഒന്ന് പിന്തിരിഞ്ഞു നോക്കി...
ട്രെയിനിൽ എന്റെ പിന്നാലെയായി കുറച്ചധികം ചെറു ബാഗുകളുമായി കയറിയ ആ ഇരുപത് വയസ്സുകാരി എന്റെ തൊട്ടു പിന്നിലായി ഒരു ചുകന്ന സാരിയിൽ അതീവ സുന്ദരിയായി, അതിലേറെ മുഖത്ത് നിഴലിച്ച പേടിയും പരിഭ്രമവും കൊണ്ടൊരു മൂടുപടമിട്ട് നിൽപ്പാണ്. രണ്ട് മിഡിൽ ബർത്തുകളാണ് ഞങ്ങൾക്കുള്ളത്. താഴെ ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി കയ്യിലുള്ള നാലഞ്ചു ബാഗുകൾ ലോവർ ബർത്തിനടിയിലേക്ക് വെക്കാൻ ഞാൻ പെടാപ്പാട് പെടുകയാണ്. ഇതെല്ലാം ആദ്യമായി കാണുകയും അനുഭവിക്കുകയും ചെയ്യുന്ന അവളാകട്ടെ അപ്പുറമിപ്പുറമുള്ള കഴുകൻ കണ്ണുകളെയൊന്നും കാണാതെ എന്നെത്തന്നെ സശ്രദ്ധം വീക്ഷിച്ചു കൊണ്ട്, ഞാനെന്തെങ്കിലും ചെയ്യണോ എന്ന് ചോദിക്കാതെ, എന്നാൽ കണ്ണു കൊണ്ട് ഒരിക്കൽ ചോദിച്ച്, പേടിച്ചു നിൽക്കുകയാണ്. ഒടുവിൽ കയ്പ്പക്ക കൊണ്ടാട്ടം, കായ വറുത്തത്, അരിപ്പൊടി, അവലോസ് പൊടി, പപ്പടം, കഞ്ഞി വെക്കാനുള്ള പൊടിയരി തുടങ്ങിയവ നിറച്ചുള്ള കാർഡ് ബോർഡ് കാർട്ടൻ കൂടി ഏറ്റവും അറ്റത്തായി കുത്തിത്തിരുകി കയറ്റിയ പ്പോളേക്കും വണ്ടി ഷൊറണൂർ വിട്ടു, മാന്നനൂർ ഔട്ടർ കടന്നിരുന്നു.
ഞങ്ങൾക്ക് കിടക്കാനുള്ള മിഡിൽ ബർത്തുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതുപ്പെണ്ണിനെയും കൊണ്ടുള്ള ആദ്യ യാത്രയായത് കൊണ്ട് തന്നെ നാലുപുറവും ഒന്ന് സസൂക്ഷ്മം വീക്ഷിച്ചു. കൂടെ വല്ല നല്ല ഫാമിലിയെയും കിട്ടണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു വീട്ടിൽ നിന്ന് പോന്നതും വണ്ടിയിലേക്ക് കാലെടുത്തു വെച്ചതും. പക്ഷെ, മേലും കീഴേയും മറുവശവുമുള്ള ബർത്തുകളിൽ ഓണമാഘോഷിച്ച് തിരിച്ചു പോവുന്ന ബാച്ചിലേഴ്‌സ് മാത്രം.
എതിരെയുള്ള സൈഡ് ബർത്തിൽ മുകളിൽ കിടന്നിരുന്ന ചെറുപ്പക്കാരൻ ഉറങ്ങിയിട്ടില്ല. അയാൾ അവളെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അപ്പോഴാണ് ഞാൻ കാണുന്നത്. അവളുടെ കൂടെ ഞാനെന്നൊരു ഭർത്താവുണ്ട് എന്ന യാതൊരു ചിന്തയുമില്ലാതെയാണ് അയാളുടെ നോട്ടം. ഭാഗ്യത്തിന് അവളതൊന്നും തന്നെ ശ്രദ്ധിക്കുന്നില്ല. ഉറ്റവരെ വേർപെട്ടു പോരുന്ന ദുഃഖവും ആദ്യ യാത്രയുടെ പരിഭ്രമവും മാത്രമേ അപ്പോൾ ആ മുഖത്ത് നിഴലിക്കുന്നുള്ളൂ. എനിക്ക് പോലും മുഖം തരാതെയാണ് അവൾ ഇനിയെന്ത് എന്നറിയാതെ നിൽക്കുന്നത്. ജനമദ്ധ്യത്തിൽ വെച്ച് എങ്ങിനെ അവളെ സാന്ത്വനിപ്പിക്കണം എന്നറിയാതെ ഞാനും അവളുടെ കണ്ണുകളിലേക്ക് നോക്കാനാവാതെ യുള്ള അവസ്ഥയിലുഴറുകയാണ്.
ഭക്ഷണവും മറ്റും വെച്ച കാരി ബാഗിലാണ് പുതപ്പും വെച്ചിരുന്നത്. വേഗം അത് പുറത്തെടുത്ത്, അവളോട് ബർത്തിൽ കയറി കിടന്നോളാൻ പറഞ്ഞു. തല ഉള്ളിലേക്ക് വെച്ച് കിടന്നാൽ മതി, പുതപ്പ് കൊണ്ട് കഴുത്തു മൂടി വേണം കിടക്കാൻ എന്ന് കൂടി പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു. അതിനു മുമ്പായി ടോയ്‌ലറ്റിൽ പോയി വരണോ എന്ന ചോദ്യത്തിന്, അതിനി ബോംബെയിലെത്തി യിട്ടേ വേണ്ടൂ എന്നടക്കം പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി. സ്‌കൂളിലും കോളേജിലും പഠിക്കണ കാലത്ത് വീട്ടിൽ നിന്നും ശങ്ക തീർത്തു പോയാൽ തിരിച്ചെത്തിയെ അതിനെ പറ്റി ചിന്തിക്കാറുള്ളൂ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ, രണ്ടു രാത്രിയും ഒരു ദിവസവും പോയിട്ട് ഒരര നേരം പിടിച്ചു നിൽക്കാൻ എന്നെക്കൊണ്ട് പറ്റാറില്ല. ഒന്നും ചോദിച്ചില്ല. എല്ലാം ബോംബെയിൽ എത്തിയിട്ടാവാം എന്ന് കരുതി കിടന്നോളാൻ പറഞ്ഞു കൊണ്ട് ഞാനും പതിയെ എതിരിലുള്ള മിഡിൽ ബർത്തിലേക്ക് കയറി.
കല്യാണത്തലേന്ന് മുതലിങ്ങോട്ടുള്ള രണ്ടാഴ്ചത്തെ ഉറക്കം ബാക്കിയുണ്ട്. അത് വണ്ടിയുടെ താളത്തിനൊത്ത് ഉറങ്ങി തീർക്കാമെന്ന് കരുതിയതാണ്. പക്ഷെ ചുറ്റുമുള്ള കഴുകൻ കണ്ണുകൾ എന്റെ കണ്ണുകളിലെ ഉറക്കത്തെ ആട്ടിപ്പായിച്ചു. സൈഡ് അപ്പർ ബർത്തിൽ ചെറുപ്പക്കാരൻ ഇപ്പോഴും അവളെ തന്നെ നോക്കി കിടപ്പാണ്. പക്ഷെ, അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് ആർത്തിയല്ല, ആ നോട്ടം അവളുടെ മുഖത്ത് മാത്രം ഉടക്കിക്കിടക്കുന്നു. അവിടെ വേറെന്തെല്ലാമോ വ്യാപാരിക്കുന്നുണ്ടെന്ന് വ്യക്തം.
തല്ക്കാലം അയാളെ അയാളുടെ വഴിക്ക് വിട്ട് ഞാനും ഉറങ്ങിക്കിടക്കുന്ന അവളെ തന്നെ നോക്കിക്കിടപ്പായി. അവളെ എന്റെ കൂടെ കൂട്ടിയിട്ട് ആഴ്ച രണ്ടായെന്നാലും ഇനിയും കണ്ട് കൊതി തീർന്നിട്ടില്ല. പകലുകളിൽ അവളെക്കണ്ട് രണ്ടു വർത്തമാനം പറയാനുള്ള സൗകര്യമോ സാഹചര്യമോ എന്റെ വീട്ടിലോ അവളുടെ വീട്ടിലോ ഇല്ല. എത്രയും വേഗം ഈ രാത്രിയും അടുത്ത പകലും രാത്രിയും തീർന്ന് ബോംബെയിലെ റൂമിലെത്തിയാൽ മതിയെന്ന ചിന്തക്ക് ചിന്തേരിട്ട് കിടന്ന ഞാനും പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു…
ഭാര്യ പരിപ്പുവട വേണമെന്ന് പറഞ്ഞ് വിളിച്ചുണർത്തിയപ്പോഴാണ് ചിന്തകളിൽ നിന്നും പുറത്തു ചാടി കണ്ണു തുറന്നത്. വണ്ടി തൃശൂർ വിട്ട് ഷൊറണൂർ എത്തിയിട്ടേ ഉള്ളൂ. മഴ ചെറുതായി ചാറി നിൽക്കുന്നുണ്ട്. എഞ്ചിന് തൊട്ട് പിന്നിലായുള്ള ഞങ്ങളുടെ കോച്ച് പ്ലാറ്റ്‌ഫോം കവചത്തിന് പുറത്തായാണ് നിൽക്കുന്നത്. അത് കൊണ്ട് തന്നെ ചായ, വട വില്പനക്കാരെയൊന്നും ആ ഭാഗത്തു കാണാനില്ല. പോക്കറ്റിലെ കർച്ചീഫെടുത്ത് തലയിലിട്ട് പ്ലാറ്റഫോമിന് നടുവിലായുള്ള ഫുഡ് സ്റ്റാൾ ലക്ഷ്യമാക്കി ഞാൻ വേഗം നടന്നു.
ഷൊറണൂർ പരിപ്പു വട അവൾക്ക് പ്രിയപ്പട്ടതാണ്. അങ്ങിനെ പുറമെയുള്ള തീറ്റ സാധനങ്ങളൊന്നും ഇഷ്ടപ്പെടാത്തതാണ് പ്രകൃതം. ആദ്യ യാത്രയിൽ ചെറുകരയിൽ നിന്നും വൈകീട്ട് നാലിനുള്ള പാസ്സഞ്ചറിൽ വന്ന് ഷൊറണൂർ ജങ്ഷനിൽ അഞ്ചു മണി മുതൽ രാത്രി എട്ടര വരെ ഇരുന്ന സമയത്ത് കൂടെയുണ്ടായിരുന്ന ടീച്ചറാണ് പറഞ്ഞത്, ഓരോ ചായ കുടിക്കായിരുന്നു എന്ന്. ചായ കുടിക്കാത്ത അവൾക്ക് ബ്രൂ കാപ്പിയും കൂട്ടത്തിൽ ഓരോ പരിപ്പ് വടയും വാങ്ങിക്കൊടുത്തതിന്റെ സ്വാദ് ഇനിയും അവൾ കൈവിട്ടിട്ടില്ല. വീട്ടിൽ നിന്നും അമ്മയെ പിരിഞ്ഞു പോരുന്നത് മുതൽ അത് വരെയും കരഞ്ഞു കലങ്ങിയിരുന്ന കണ്ണുകൾ ഒന്ന് തെളിഞ്ഞത് ആ പരിപ്പ് വടയിലൂടെയായിരുന്നു. ടീച്ചർ പറഞ്ഞു. വിശ്വൻ വാങ്ങിത്തന്ന പരിപ്പ് വട കുട്ടീടെ ദുഃഖം മാറ്റി ലേ... ഇനി ഇവിടന്ന് അങ്ങോട്ട് എല്ലാം വിശ്വനാണ്. വിശ്വൻ നല്ലോനാ..
വേഗം സ്റ്റാളിലെ തിരക്കിനിടയിലൂടെ കൈ നീട്ടി രണ്ടു പ്ളേറ്റ് വട വാങ്ങി തിരിച്ചു പോന്നു. ഈയിടെയായി ഞാൻ കയറുന്നതിന് മുമ്പായി വണ്ടി വിടുമോ എന്നൊരു പേടി കൂടെക്കൂടിയിട്ടുണ്ട്. അടുത്ത കാലത്ത് തുടങ്ങിയ മുട്ടുവേദന കാരണം ആയാസത്തോടെ നടക്കാൻ കഴിയുന്നില്ല.
പരിപ്പ് വട കിട്ടിയതും അവളുഷാറായി. കപ്പച്ചിനോ എന്ന് വിളിച്ചു വന്ന കാപ്പിക്കാരനോട് വേണമെന്ന് പറഞ്ഞ് രണ്ടു കാപ്പിക്ക് ഓർഡർ കൊടുത്തു. ഭാര്യയുടെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം, തൊട്ടടുത്തിരുന്ന സ്ത്രീ സൈഡ് ലോവർ ബർത്തിൽ കിടന്നിരുന്ന മനുഷ്യനെ പെട്ടെന്ന് വിളിച്ചുണർത്തി പരിപ്പ് വട വാങ്ങി വരാൻ വിട്ടു. അപ്പോളാണ് അത് അവരുടെ ഭർത്താവാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായത്.
പക്ഷെ അപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങി യിരുന്നു. അവരുടെ മുഖം പരിഭ്രമം കൊണ്ട് വലിയാൻ തുടങ്ങിയപ്പോഴേക്കും അയാൾ വെറും കയ്യോടെ തിരിച്ചെത്തി. ഇത് കണ്ടറിഞ്ഞ ഞാൻ പെട്ടെന്ന് ഞങ്ങളുടെ ഒരു പ്ളേറ്റ് വട അവർക്ക് ഓഫർ ചെയ്തു. വേണ്ടെന്ന് പറഞ്ഞ് നിരസിച്ചെന്നാലും ഞങ്ങൾക്ക് ഒരു പ്ലേറ്റ് തന്നെ ധാരാളമാണെന്ന് പറഞ്ഞു മറ്റേ പ്ളേറ്റ് അവർക്ക് കൊടുത്തു കൊണ്ട് അവരിരുവരോടുമായി പറഞ്ഞു. ഷൊറണൂരിലെ പരിപ്പ് വടയും രത്നഗിരിയിലെ വടാ പാവും ഞാനൊരിക്കലും ഒഴിവാക്കാറില്ല. ഇവളും ഇതിന്റെ വലിയൊരാരാധികയാണ്. ഒന്ന് കഴിച്ചു നോക്കൂ. എന്നിട്ട് ഇനി അടുത്ത തവണ വരുമ്പോൾ ഇത് മിസ് ചെയ്യേണ്ട, എന്നും പറഞ്ഞ് ഞങ്ങൾ മൊരിഞ്ഞ വട തിന്നു തുടങ്ങി. മൊരിഞ്ഞ വടയിലൂടെ തുടങ്ങിയ ആ സൗഹൃദം മുതലെടുത്തു കൊണ്ട് അയാൾ പതുക്കെ സംഭാഷണം തുടങ്ങി വെച്ചു.
അങ്ങയുടെ പേര്..
വിശ്വനാഥൻ- ഞാൻ പറഞ്ഞു.
ഞാൻ രാജശേഖരൻ. ഹരിപ്പാട്ടാണ് വീട്. ജോലി റെയിൽവേയിൽ. അഹമ്മദാബാദി ലേക്ക് പോവുന്നു.
32 വർഷം മുമ്പ് സെപ്തംബർ 9 നു കല്യാണം കഴിഞ്ഞു ഷൊറണൂരിൽ നിന്നും ബോംബെക്ക് വണ്ടി കയറിയത് നിങ്ങൾ തന്നെയായിരുന്നില്ലേ.
പെട്ടെന്ന് ഞാനൊന്ന് ഞെട്ടി.
നിങ്ങളന്ന് ആ വണ്ടിയിലുണ്ടായിരുന്നോ..
ഉവ്വ്.. ആ യാത്ര നിങ്ങൾ മറന്നിരിക്കാം. പക്ഷെ, എനിക്ക് മറക്കാനാവില്ലല്ലോ. നമ്മുടെ ജീവിതത്തിലെ വിജയങ്ങൾ നാം പെട്ടെന്ന് മറക്കും, പക്ഷെ പരാജയങ്ങൾ, ഒരിക്കലും മറക്കില്ലല്ലോ...
പെട്ടെന്നാണ് ആ യാത്രയുടെ രണ്ടാം ദിവസത്തിലേക്ക് ഞാൻ ഞെട്ടിയുണർന്നത്...
രണ്ടാഴ്ചത്തെ ഉറക്കക്ഷീണത്തിൽ തീവണ്ടി താളത്തിൽ താരാട്ടുറക്കിയ ആ രാത്രിയിൽ നിന്നും ഉണർന്നത് ഏറെ വൈകിയായിരുന്നു. ഉണർന്നതും അപ്പുറത്തെ മിഡിൽ ബർത്തിലേക്ക് നോക്കി. അവളും സുഖമായുറങ്ങുകയാണ്. പിന്നെ, അറിയാതെ കണ്ണുകൾ എതിർവശത്തെ അപ്പർ ബർത്തിലേക്ക് നീണ്ടു. അയാൾ ഉണർന്നു കിടക്കുകയാണ്. നോട്ടം ഇപ്പോഴും അവൾ കിടക്കുന്ന മിഡിൽ ബർത്തിൽ തന്നെ.
ബാച്ചിലർ യാത്രകളിൽ പല യുവ മിഥുനങ്ങളുടെയും ആദ്യ യാത്രകൾ കണ്ട് അസൂയ തോന്നിയിട്ടുണ്ട്. എന്നെങ്കിലും അതെ പോലെ തൻറെ ഭാജനത്തെയും കൊണ്ട് യാത്ര ചെയ്യണമെന്ന് മനസ്സിൽ കരുതിയതാണ്. പക്ഷെ, അപ്പർ ബർത്തിലെ യാത്രക്കാരൻ ആ മോഹങ്ങൾക്ക് മേൽ നിഴൽ പരത്തിക്കൊണ്ട് കിടക്കുകയാണ്.
അയാളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. എന്തായാലും കുറച്ച് കഴിഞ്ഞും ഇതിനൊരു മാറ്റം വന്നില്ലെങ്കിൽ തീർച്ചയായും ചോദിക്കണം എന്നുറച്ച് പതുക്കെ ബർത്തിൽ നിന്നും താഴേക്കിറങ്ങി, അവളെയും വിളിച്ചുണർത്തി, പല്ല് തേപ്പ്, പ്രഭാത ഭക്ഷണം തുടങ്ങിയ പരിപാടികളിലേക്കിറങ്ങി സന്ദർഭത്തിനൊരയവ് വരുത്താൻ ശ്രമം നടത്തി.
താഴെയുള്ള ബർത്തിലെ ഒരു മദ്ധ്യ വയസ്കൻ ചിരിച്ചു കൊണ്ട് എവിടെയാണ് നാട് എന്ന് ചോദിച്ചു കൊണ്ട് സൗഹൃദ സംഭാഷണത്തിന് തുടക്കമിട്ടു. അയാൾ പുതുക്കാട്ടുകാരനാണ്. ഇരുപത് വർഷത്തോളമായി ബോംബെ യിലാണ്. ഭാര്യയും കുട്ടികളും നാട്ടിലാണ്. അവരോടൊപ്പം ഓണമാഘോഷിച്ച് തിരിച്ചു പോവുകയാണ്. വിവാഹ ശേഷവും ബാച്ചിലർ ജീവിതം നയിക്കുന്നയാൾ. പറഞ്ഞു വന്നപ്പോൾ അയാളും ഫിലിം ഇൻഡസ്ട്രിയിലാണ്. പേര് കേട്ട ഒരു ആർട്ട് ഡയറക്ടറുടെ കൂടെ ജോലി ചെയ്യുന്നു. ഒരേ ഫീൽഡുകാരായതിനാൽ തന്നെ ഞങ്ങളുടെ സംഭാഷണം സിനിമയുടെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ചു.
കുറച്ചു കഴിഞ്ഞു ഞങ്ങൾക്കിടയിൽ വിഷയങ്ങൾ കുറഞ്ഞു തുടങ്ങിയപ്പോൾ പതുക്കെ ഞാൻ അപ്പുറത്തേക്ക് നോക്കി. ഇപ്പോൾ അയാൾ താഴേക്കിറങ്ങിയിരിക്കുന്നു. പക്ഷെ നോട്ടത്തിന് മാറ്റമില്ല. അവളാണെങ്കിൽ ഇതൊന്നും അറിയാതെ ആന്ധ്രയുടെ പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരിപ്പാണ്. ഉല്ലാസ യാത്ര മനസ്സിൽ കണ്ട് യാത്ര തുടങ്ങിയ ഞാൻ ആന്ധ്രയുടെ ഊഷര യാത്രയിലേക്ക് എറിയപ്പെട്ട അവസ്ഥയിലും. ആദ്യ യാത്രയിൽ ഇത് വരെ അവളോടൊരു നല്ലവാക്ക് പറഞ്ഞിട്ടില്ല. അവളുടെ മനസ്സിലൂടെ പായുന്ന ചിന്തകൾ എന്താവുമിപ്പോൾ. അയാളുടെ നോട്ടം ഓരോ നിമിഷവും മനസ്സിൽ ഭാരം കയറ്റി വെച്ച് കൊണ്ടിരുന്നു.
എന്റെ അസ്വസ്ഥത കണ്ടു കൊണ്ടായിരിക്കണം, തൊട്ടടുത്തിരുന്ന മദ്ധ്യവയസ്സൻ പെട്ടെന്ന് ആ ചെറുപ്പക്കാരന് നേരെ തിരിഞ്ഞു, ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു.
കുറെ നേരമായി ഞാൻ തന്നെ ശ്രദ്ധിക്കുന്നു. തനിക്ക് അമ്മ പെങ്ങമ്മാരൊന്നും ഇല്ലേ..
പെട്ടെന്നുള്ള ആ ചോദ്യം അയാളെ ഉലച്ചിരിക്കണം, അയാൾ വല്ലാതെയായി.
എന്താണ്, എന്താണ്.. ഞാനെന്ത് ചെയ്തെന്നാ പറയുന്നത്..
എടോ, ഞാനും തന്റെ പ്രായത്തിലൂടെയൊക്കെ കടന്ന് വന്നതാണ്. പക്ഷെ, ഇങ്ങനെയൊന്നും ആരെയും നോക്കിയിട്ടില്ല. ഒരു മാന്യത വേണ്ടെടോ..
അയ്യോ, ഞാൻ അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല.. ഞാനറിയുന്ന...
താനൊന്നും പറയണ്ട, തന്റെ ഉദ്ദേശ്യം ഒക്കെ മനസ്സിലായി. ഇനി മേലാൽ ആ കുട്ടിയെ താൻ നോക്കുന്നത് കണ്ടാൽ പിന്നെ എന്റെ സ്വഭാവം താനറിയും.
പിന്നീട് അയാൾ എന്നോടായി തുടർന്നു...
ഇത്തരക്കാരെ ഞാനൊരുപാട് കണ്ടിട്ടുള്ളതാണ്. മാന്യമായി കല്യാണം കഴിച്ച് ഭാര്യയെയും കൂട്ടി ഒരിടത്തേക്കും യാത്ര ചെയ്യാൻ ഇത്തരക്കാർ സമ്മതിക്കില്ല. അവരുടെ ദാഹം തീർക്കൽ ഇങ്ങനെ നടത്തിക്കൊണ്ടിരിക്കും.
അയ്യോ, സാരമില്ല.. പോട്ടെ.
എന്ത് പോട്ടെ, ഇത്തരക്കാർക്ക് ശരിക്ക് കൊടുത്തിട്ടില്ലെങ്കിൽ പിന്നെ അവന്മാര് ഇത് തുടർന്ന് കൊണ്ടേ ഇരിക്കും. നാളെ രാവിലെ വരെ അവൻ ഊറ്റി വലിച്ചു കൊണ്ടിരിക്കും...
അപ്പോഴേക്കും ആ ചെറുപ്പക്കാരൻ അവിടെ നിന്നും എണീറ്റു പോയി ദൂരെയുള്ള വാതിലിനരികിൽ നിന്ന് യാത്ര തുടർന്നു…
“അന്ന് അവിടെ നിന്നും ഞാൻ എണീറ്റു പോയതിനാൽ കാര്യങ്ങൾ കൂടുതൽ വഷളായില്ല. പിന്നെ എന്റെ ഭാഗം കേൾക്കാൻ, ഞാനെന്തിനാണ് അവരെ നോക്കിയതെന്ന് കേൾക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ലല്ലോ”.
അയാളുടെ വാക്കുകൾ പെട്ടെന്ന് എന്നെ വർത്തമാനത്തിലേക്ക് തിരിച്ചെത്തിച്ചു.
അതെനിക്കും ഒരു പുത്തൻ അറിവായിരുന്നു. അയാൾ പിന്നെ എന്തിനായിരുന്നു അവളെ നോക്കിയത്. ചോദിക്കണമെന്ന് കരുതിയെങ്കിലും ആ ചോദ്യം ശബ്ദമായി പുറത്തെത്തിയില്ല. പക്ഷെ, അയാൾ തുടർന്നു..
ആ ഓണക്കാലത്ത് ഞാനും കല്യാണ ത്തിനായി നാട്ടിലെത്തിയതായിരുന്നു. പെണ്ണ്, നിങ്ങളുടെ നാട്ടിൽ നിന്നുമുള്ള ഞങ്ങളുടെ ഒരകന്ന ബന്ധുവിന്റെ മകൾ. കല്യാണം ഗുരുവായൂരിൽ വെച്ച് ആഗസ്ത് 31ന്.
റെയിൽവേയിൽ ജോലിക്ക് കയറി അധികമാവാത്തതിനാൽ പെണ്ണ് കാണാൻ എനിക്ക് നാട്ടിലേക്ക് പോവാനായില്ല. വീട്ടുകാർ കണ്ട് നിശ്‌ചയിച്ചുറപ്പിച്ച വിവാഹം. ഞാൻ അവളെ കണ്ടത് ഫോട്ടോയിലൂടെ മാത്രം. എന്റെ ഫോട്ടോ അയച്ചു തരേണ്ട ആവശ്യമില്ലെന്നും ബന്ധു പറഞ്ഞതനുസരിച്ച് അവൾക്കെന്നെ സ്വീകാര്യമാണെന്നും പറഞ്ഞായിരുന്നു കല്യാണം നിശ്ചയിച്ചത്.
പക്ഷെ, വിവാഹത്തലേന്ന് അവൾ മറ്റൊരാളുടെ കൂടെ ഒളിച്ചോടി. അങ്ങിനെ ആ, കല്യാണം മുടങ്ങിയ വിഷമത്തിലാണ് ഞാൻ ബോംബെയിലേക്ക് തിരിക്കുന്നത്. നിങ്ങളുടെ ഭാര്യയെ കണ്ടതും ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിരുന്ന കുട്ടിയുടെ അതെ മുഖം. അത് അവൾ തന്നെ എന്ന് ഞാൻ കരുതി. പക്ഷെ, അക്കാര്യത്തിൽ എനിക്കൊരു ഉറപ്പുമില്ല. കാരണം, ഞാനാ കുട്ടിയെ നേരിട്ട് കണ്ടിട്ടില്ല.
കാര്യങ്ങൾക്ക് ഒരയവ് വന്നപ്പോൾ ഞാൻ പറഞ്ഞു.
സാരമില്ല, അന്നും ഞാൻ നിങ്ങളെ ഒന്നും പറഞ്ഞിട്ടില്ലല്ലോ.. ഏതായാലും നിങ്ങളെ പറ്റിച്ച് കടന്നു കളഞ്ഞത് എന്റെ ഭാര്യയല്ല. ഉറപ്പ്. ഞങ്ങൾ തമ്മിൽ പരസ്പരം അറിയുന്നവരായിരുന്നു. വീട്ടുകാരറിഞ്ഞ അക്കാലത്തെ പ്രേമ വിവാഹവുമായിരുന്നു.
പിന്നെ ഞങ്ങൾ കല്യാണം കഴിച്ചതാവട്ടെ, ആഗസ്ത് 25നും.
ചിരിച്ചു കൊണ്ട് ഞാൻ അയാളോട് ചോദിച്ചു.
ഇനിയും ആ യാത്രയിലേക്ക് തിരിച്ചു പോണോ?
മനസ്സിൽ നിന്നും വലിയൊരു ഭാരമിറക്കി വെച്ച് അയാളും ഞങ്ങൾക്കൊപ്പം തുടർന്നു .
****