കരയിൽ ഇതാ ഞങ്ങൾ മാത്രമായി. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും 'ഇനിയെന്ന് കാണും നമ്മൾ...? എന്ന് മനസ്സിടറിക്കൊണ്ട്. എത്രയോ പ്രതിഭകൾ ലോകത്തോട് വിട പറഞ്ഞു പോയിരിക്കുന്നു. ആ വിയോഗങ്ങൾ തരാത്ത വേദന ഇപ്പോഴെന്തേ ഞങ്ങളിൽ വളരുന്നു?.. ഞങ്ങളുടെ ആരുമല്ലാതിരുന്നിട്ടും വളരെ വളരെ പ്രിയമുള്ളവനാകാൻ ഏതു ബന്ധമാണ് ഓർത്തെടുക്കേണ്ടത്? മറുപടി പോലെ കാറ്റിൽ അകലെ നിന്ന് മധുര ഗാനത്തിന്റെ ശീലുകൾ ഒഴുകി വരുന്നുണ്ടല്ലോ. കഥ മുഴുവൻ തീരും മുമ്പേ യവനിക വീഴും മുമ്പേ കവിളത്ത് കണ്ണീരോടെ........
ഞങ്ങളുടെ തലമുറയുടെ ഭാഗ്യമായിരുന്നു രണ്ടു മികച്ച ഗായകരുടെ നല്ല സിനിമാഗാനങ്ങൾ കേട്ടു വളരുകയെന്നത്. കഴിവിന്റെ കാര്യത്തിൽ ഇരുവരും അഗ്രജരെങ്കിലും നമുക്കതിലൊരാളോട് കൂടുതലിഷ്ടം തോന്നുക സ്വാഭാവികം. ഇവരിൽ കുറച്ചു പാട്ടുകൾ പാടിയ, എന്നാൽ നമ്മുടെ ഉള്ളിലേക്കിറങ്ങിയ വരികളും ഭാവങ്ങളുമായെത്തിയ അയാളെയായിരുന്നു എനിക്കെന്തോ കൂടുതലിഷ്ടം. അത് പി ജയചന്ദ്രനോടായിരുന്നു.
സംഗീതകുടുംബ പാരമ്പര്യമോ, സംഗീതത്തിൽ പ്രത്യേക അവഗാഹമോ പ്രാവീണ്യമോ അവകാശപ്പെടാനില്ലാത്ത ഒരാളെന്ന നിലയിൽ അത്തരമൊരാധനയുടെ കാരണം തേടി പോയിട്ടില്ല. ഒരു പക്ഷെ ജയചന്ദ്രൻ ആധികാരിക സംഗീതാഭ്യാസനം നടത്തിയിട്ടില്ലാത്തൊരാളെന്നതാവാം അത്തരമൊരു മൃദുസമീപനത്തിന്റെ ഹേതു. അതിലുമുപരി അദ്ദേഹത്തിന്റെ ആലാപനത്തിൽ നിറയുന്ന ഭാവ തീവ്രതയാവണം ആത്യന്തികമായി ആകർഷിച്ചതും അദ്ദേഹത്തിലേക്കടുപ്പിച്ചതും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഞങ്ങളുടെ മർഫി റേഡിയോയിൽ നിന്നും ഒഴുകി വന്നിരുന്ന അദ്ദേഹത്തിന്റെ അശ്വതി നക്ഷത്രമേ എൻ അഭിരാമ സങ്കല്പമേ എന്ന ഗാനം എന്നിലെന്തെല്ലാമോ അനുഭൂതി വിശേഷങ്ങൾ നിറച്ചിരുന്നു. തൃശൂർ കോഴിക്കോട് നിലയങ്ങളിൽ നിന്നുള്ള ചലച്ചിത്ര ഗാനപ്രക്ഷേപണങ്ങളിൽ ആ ഗാനം കേൾക്കുവാനായി കാത്തിരിക്കുമായിരുന്നു.
ഒരു തുടക്കക്കാരന്റെ എല്ലാ ഭയങ്ങളോടും കൂടി “ഒരു മുല്ലപ്പൂമാലയുമായി” ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വന്ന ജയചന്ദ്രൻ പിന്നീട് ആ ഭയമെല്ലാം മാറ്റിവെച്ച് നമ്മെ നിലാവിന്റെ നീന്തല്‍പ്പൊയ്കയില്‍ നീരാടിച്ചു, മഞ്ഞലയിൽ ആവോളം മുങ്ങിത്തോർത്തിച്ചു, വൈശാഖ പൗർണ്ണമി രാവിലൂടെ എത്രയോ നടത്തിച്ചു. കൗമാരത്തിലേക്ക് കടക്കുന്നവരെ അനുരാഗഗാനം പോലെ അഴകിന്റെ അല പോലെ, ആരു നീ ആരു നീ ദേവതേ എന്നും, പൂവും പ്രസാദവും ഇളനീർ കുടവുമായ് കാവിൽ തൊഴുതു വരുന്നവളെ എന്നും പാടി ഇക്കിളിപ്പെടുത്തി, അറിയാതെ ആ ഈരടികൾ മൂളാൻ പ്രാപ്തരാക്കി. ഞാനിതാ തിരിച്ചെത്തി മത്സഖി, പൊയ്പോയോരെൻ ഗാനസാമ്രാജ്യത്തിന്റെ വീഥിയിൽ ഭിക്ഷയ്ക്കായി എന്നിങ്ങനെയുള്ള പ്രണയ കവിതകൾ ചൊല്ലിപ്പിച്ചു. നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളതു പുതിയൊരു ലോകം എന്ന് വിപ്ലവാവേശത്തോടെ മുദ്രാവാക്യമുയർത്തുവാൻ പ്രാപ്തരാക്കി.
ജയചന്ദ്രൻ എന്ന പ്രതിഭയെ നമ്മിലേക്കടുപ്പിച്ചതിൽ അന്നത്തെ ഗാനരചയിതാക്കളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന് വേണ്ടി ഏറ്റവും നല്ല ഗാനങ്ങൾ എഴുതിയതാര് എന്നു ചോദിച്ചാൽ ശ്രീകുമാരൻ തമ്പിയെന്ന് നിസ്സംശയം പറയാം.
എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികളായ അശ്വതി നക്ഷത്രമേ എൻ അഭിരാമ സങ്കല്പമേ തുടങ്ങി എത്രയോ പ്രണയ ഗാനങ്ങൾ. മകരം പോയിട്ടും മാടമുണർന്നിട്ടും മാറത്തെ കുളിരൊട്ടും പോയില്ലേ എന്ന വരികൾ കേൾക്കുമ്പോൾ അറിയാതെ നമ്മളും അത്തരമൊരു കാല്പനിക ലോകത്തിലേക്ക് ഊളയിട്ടു പോവും. നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നിരാളമായ് ഞാൻ മാറിയെങ്കിൽ എന്നദ്ദേഹം അലിഞ്ഞു പാടുമ്പോൾ ഏതൊരു യുവാവിന്റെയും ഹൃദയം ഒന്നുലഞ്ഞു പോവും. രാജീവ നയനെ നീയുറങ്ങു രാഗ വിലോലെ നീയുറങ്ങൂ എന്ന് കേൾക്കുമ്പോൾ അറിയാതെ മനസ്സിന്റെ ഉള്ളിൽ നമ്മളും മറ്റൊരു പ്രണയിനിയെ പാടിയുറക്കുകയാവും.
യദുകുല രതിദേവനെവിടെ എവിടെ, നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്ന ജാലം, മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപം, സ്വർണ്ണ ഗോപുര നർത്തകീ ശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം, സ്വാതി തിരുനാളിൻ കാമിനീ സ്വപ്തസ്വര സുധാ വാഹിനീ, മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം, ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ ഞാനൊരു മധുര സംഗീതം കേട്ടൂ, മൗനം പോലും മധുരം ഈ മധുനിലാവിൻ മഴയിൽ, മുത്തു കിലുങ്ങി മണി മുത്ത് കിലുങ്ങി മുത്തമൊലിക്കും ചുണ്ടിൽ ചിരി കിലുങ്ങി, തുള്ളിയോടും പുള്ളിമാനെ നില്ല് നിന്റെ വള്ളിമേടക്കാടെവിടെ ചൊല്ല് ചൊല്ല്, തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം. ഈ ഗാനങ്ങളോരോന്നും അദ്ദേഹത്തിന്റെ ശ്രുതിമധുരത്താൽ നമ്മുടെ മനസ്സിന്റെ അടിത്തട്ടിൽ അരക്കിട്ടുറപ്പിച്ചവയാണ്.
അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ, സന്ധ്യക്കെന്തിനു സിന്ദൂരം ചന്ദ്രികക്കെന്തിനു വൈഡൂര്യം, അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ, മലരമ്പനെഴുതിയ മലയാള കവിതേ മാലേയ കുളിർ താവും മായാ ശില്പമേ, മലയാളഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു, നന്ത്യാർവട്ട പൂ ചിരിച്ചൂ നാട്ടു മാവിന്റെ ചോട്ടിൽ, തുടങ്ങി അനുവാചക ഹൃദയങ്ങളിൽ വിവിധ ഭാവ തരംഗങ്ങൾ സൃഷ്ടിക്കുന്ന എത്രയോ അർത്ഥവത്തായ, മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന ഗാനങ്ങളാണ് തമ്പിയുടേതായി ജയചന്ദ്രൻ ആലപിച്ചത്.
ജയചന്ദ്രന്റെ ജനപ്രിയ ഗാനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന, സർവ്വകാല ഹിറ്റുകളായിമാറിയ അര ഡസനോളം ഗാനങ്ങൾ പി ഭാസ്കരന്റേതായിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസ ചന്ദ്രിക വന്നു, ഹർഷ ബാഷ്പം തൂകി വർഷ പഞ്ചമി വന്നു ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ, ഞാനിതാ തിരിച്ചെത്തി മൽസഖി പൊയ്പ്പോയൊരെൻ ഗാനസാമ്രാജ്യത്തിന്റെ വീഥിയിൽ ഭിക്ഷക്കായി, പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ.. ഉറക്കമില്ലേ, കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങൾ വാടി, പൂർണ്ണേന്ദു മുഖിയോടമ്പലത്തിൽ വച്ചു പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു, ഏകാന്ത പഥികൻ ഞാൻ ഏതോ സ്വപ്ന വസന്ത വനത്തിലെ ഏകാന്ത പഥികൻ ഞാൻ, കാവ്യപുസ്തകമല്ലോ ജീവിതം ഒരു കാവ്യപുസ്തകമല്ലോ ജീവിതം, പുത്തരി കൊയ്തപ്പോളെന്തു കിട്ടി പത്തരമാറ്റുള്ള പൊന്നു കിട്ടി, രാമൻ ശ്രീരാമൻ ഞാൻ അയോദ്ധ്യ വിട്ടൊരു രാമൻ, നീലമലപ്പൂങ്കുയിലെ നീ കൂടെപ്പോരുന്നോ, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ തുടങ്ങി വരികളുടെ അർത്ഥസംപുഷ്ടിയാലും ആലാപനസൗന്ദര്യത്താലും മനസ്സിലെക്കാലവും തങ്ങിനിൽക്കുന്ന ഒരു പിടി ഗാനങ്ങൾ.
ഗന്ധർവ്വ കവി വയലാറിന്റെ ഉജ്ജ്വലങ്ങളായ വരികളിലൂടെ സുപ്രഭാതം.. സുപ്രഭാതം.. നീലഗിരിയുടെ സഖികളെ ജ്വാലാ മുഖികളെ ജ്യോതിർമയിയാം ഉഷസ്സിനു വെള്ളിച്ചാമരം വീശും മേഘങ്ങളേ(സംസ്ഥാന പുരസ്‌ക്കാരം 1972), മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ മനോരമേ നിൻ നയനങ്ങൾ, പൂവും പ്രസാദവും ഇളനീർക്കുടവുമായ് കാവിൽ തൊഴുതു വരുന്നവരെ, മധു ചന്ദ്രികയുടെ ചായത്തളികയിൽ മഴവിൽ പൂമ്പൊടി ചാലിച്ചു, ഇഷ്ടപ്രാണേശ്വരി നിന്റെ ഏദൻ തോട്ടം എനിക്ക് വേണ്ടി, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും താരേ താരേ, കാമശാസ്ത്രമെഴുതിയ മുനിയുടെ കനക തൂലികേ, ഉപാസനാ ഉപാസനാ ഇതു ധന്യമാമൊരുപാസനാ, റംസാനിലെ ചന്ദ്രികയോ രജനീ ഗന്ധിയോ, അല്ലിയാമ്പൽ പൂവുകളെ അർദ്ധ നഗ്ന ഗാത്രികളെ, ഇനിയും പുഴയൊഴുകും ഇതു വഴി ഇനിയും കുളിർകാറ്റോടിവരും, തോട്ടേനെ ഞാൻ മനസ്സുകൊണ്ടു കെട്ടിപ്പിടിച്ചേനെ, സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതാ യുഗത്തിലെ ശ്രീരാമൻ എന്നീ ഗാനങ്ങളിലൂടെയും അദ്ദേഹം നമ്മുടെ മനസ്സിലേക്ക് കുടിയേറി.
പ്രശസ്ത കവി ഓ എൻ വിയുടെ തൂലികയിൽ നിന്നും പിറന്ന ജയചന്ദ്രന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ് ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണർത്തരുതേ എന്നത്. അത് കേട്ടാൽത്തന്നെ ഏതൊരു കുയിലും ശബ്ദം താഴ്ത്തിപ്പാടുമെന്നുറപ്പാണ്. ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി നീട്ടി, കേവലം മർത്ത്യ ഭാഷ കേൾക്കാത്ത ദേവ ദൂതികയാണു നീ, രാഗം ശ്രീ രാഗം ഉദയ ശ്രീ രാഗം(സംസ്ഥാന പുരസ്‌ക്കാരം 1978) എന്നിങ്ങനെയുള്ള മികച്ച ഗാനങ്ങളും ഓ എൻ വിയുടെയായിരുന്നു.
എൺപതുകളിലെ കാസറ്റ് തരംഗത്തിൽ അദ്ദേഹത്തിന് ഗാനങ്ങൾ കുറഞ്ഞുവെന്നത് ചരിത്രം. അഥവാ കിട്ടിയെങ്കിൽ തന്നെ ആരാലും ശ്രദ്ധിക്കപ്പെടാത്ത വരികളും. പിന്നീട് കുറച്ചു കാലം നമുക്ക് കേട്ടാലും മതിവരാത്ത അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ തന്നെ കേട്ട് നിർവൃതിയടയേണ്ടി വന്നു. അതെ പോലെ ദേവരാജൻ മാസ്റ്ററും രാഘവനും ചിദംബരനാഥും ബാബുരാജും ദക്ഷിണാമൂർത്തിയും അർജുനനും അവസരങ്ങൾ നൽകിയ പോലെ പുത്തൻ തലമുറയിലെ സംഗീത സംവിധായകർ ജയചന്ദ്രനെ ഉപയോഗിച്ചുവോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.
1998ൽ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി(സംസ്ഥാന പുരസ്‌ക്കാരം 1998) എന്ന വിദ്യാസാഗറിന്റെ ഗാനത്തിലൂടെ അദ്ദേഹം ശക്തമായൊരു തിരിച്ചു വരവ് നടത്തി.
തുടർന്ന് എണ്ണത്തിൽ കുറഞ്ഞതെങ്കിലും കുറച്ച് നല്ല ഗാനങ്ങൾ കൂടി അദ്ദേഹത്തിൽ നിന്നും നമുക്ക് ലഭിച്ചു. അറിയാതെ അറിയാതെ ഈ പവിഴ വാർതിങ്കളറിയാതെ, സ്വയംവര ചന്ദ്രികേ സ്വർണ്ണ മണിമേഘമേ, ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാക്കാനവാണെന്നാരു പറഞ്ഞു, കേര നിരകളാടും ഒരു ഹരിത ചാരു തീരം, ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുന്നോ, തങ്കമനസ്സ് 'അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ, ശാരദാംബരം ചാരുചന്ദ്രിക ധാരയിൽ മുഴുകീടവേ(സംസ്ഥാന പുരസ്‌ക്കാരം 2015) , മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ മധു തേടി പോയി, പൊടി മീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം തുടങ്ങി.
മാധവ് രാമദാസിന്റെ ഇളയരാജക്ക് വേണ്ടി 5 വർഷം മുമ്പ് പാടിയ എന്നാലും ജീവിതമാകെ സങ്കടമതിലധികം എന്നാളും കാണും സ്വപ്നം എന്ന ഗാനവും എന്റെ ഇഷ്ടഗാനങ്ങളിലൊന്നാണ്.
തമിഴ് സിനിമാഗാനരംഗത്തും അദ്ദേഹം തന്റെ സ്വരമാധുരി കൊണ്ട് ഓളങ്ങൾ സൃഷ്ടിച്ചു. രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത് എന്ന ഒറ്റ ഗാനം കൊണ്ട് അദ്ദേഹം തമിഴകത്തേയും തന്റെ നെഞ്ചകത്താക്കി.
സിനിമാഗാനങ്ങൾക്കൊപ്പം തന്നെ ഭക്തി ഗാനരംഗത്തും അദ്ദേഹത്തിന്റെ എത്രയോ നല്ല ഗാനങ്ങൾ നമ്മളെ തേടിയെത്തി. കവി പി കുഞ്ഞിരാമൻ നായരുടെ വരികൾ മണ്ഡലമാസപ്പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ മഞ്ഞണിരാവ് നിലാവു വിരിക്കും എന്ന ഗാനമാണ് അതിലേറ്റവും പ്രശസ്തമായത്. അതെ പോലെ അദ്ദേഹത്തിന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം അവിടത്തെ ശംഖമാണെന്റെ കണ്ഠം, വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു, പാറമേക്കാവിൽ കുടികൊള്ളും ഭഗവതി തുടങ്ങി എത്രയോ ഗാനങ്ങൾ.
പിന്നണി ഗാനങ്ങൾ പോലെ തന്നെ അദ്ദേഹത്തിന്റെ ഗാനമേളകൾക്കും വൻ ഡിമാന്ഡായിരുന്നു. ഗൾഫ് നാടുകളിലെ ഒരു ഗാനമേളക്കിടക്ക് അദ്ദേഹം പറയുന്നുണ്ട്, എനിക്ക് സ്റ്റേജിൽ പാടിക്കൊണ്ട് മരിക്കണമെന്നാണ് ആഗ്രഹമെന്ന്. ഒരു പക്ഷെ അത് സാധ്യമായില്ല. ആലാപനശൈലിയിലെ നവഭാവുകത്വം അവസാന നാളുകളിൽ വരെ നിലനിർത്താനായി എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭാഗ്യം തന്നെ.
ദുഃഖ ബാഷ്പം തൂകിക്കൊണ്ട് അദ്ദേഹത്തിന്റെ ഗാനങ്ങൾ നമുക്കിയും മൂളാൻ എത്രയോ ഗാനങ്ങൾ ബാക്കി വെച്ചാണ് യാത്രയായത് എന്നത് നമ്മുടെയും ഭാഗ്യം.
No comments:
Post a Comment