Monday, April 14, 2025

വിഷുക്കണി


വിഷുവെത്തി, മേട വിഷുവം
മഞ്ഞണിഞ്ഞെതിരേറ്റു കണിക്കൊന്നകൾ 
പാടങ്ങൾ  നിറഞ്ഞു പൊൻ വെള്ളരികളാൽ 
ഫലമൂല സമൃദ്ധിയാൽ  പ്രകൃതിയും   

പ്രകൃതിസമൂലം വീട്ടിൽ  കണിയൊരുക്കി 
പ്രാതകാലെ കണികണ്ടുണർന്നു 
കൈനീട്ടങ്ങൾ കൈമാറിപ്പുലർന്നാ    
മേടസൂര്യന്റെ പൊൻരശ്മികളേറ്റുവാങ്ങി 

പ്രകൃതി തൻ കണിയിലേക്ക് കണ്മിഴിക്കുന്നേരം 
പൂത്തുനിന്നൊരാ കർണ്ണികാരം    
സ്വർണ്ണ കർണ്ണികാ  ഭണ്ഡാകാരം 
കർണ്ണീസൂതന്മാർ തൻ കൊള്ളയാൽ 
വിവസ്ത്രായാമംഗന പോൽ വിളറി നിൽപ്പൂ..

മലയാളിയല്ലേ, വിഷുക്കാലമല്ലേ, പൂ വേണ്ടേ 
കൊന്നയെ കൊന്ന പൂ വേണ്ടേ.

- മുരളി വട്ടേനാട്ട്

Thursday, April 10, 2025

മറവി

മറവിയാണെനിക്കെന്നവൾ 
മറവിയാണെനിക്കെന്ന് മകൾ 
മറവിയാണെനിക്കെന്ന് തോഴർ  
മറവിയാണെനിക്കെന്നമ്മയും 

വിളിക്കേണ്ട പേര് മറന്ന്
പറയേണ്ട വാക്ക് മറന്ന് 
ചെയ്യേണ്ട പണി മറന്ന് 
മറവിക്കാരനായി ഞാൻ 

മറവി കൂടിയെന്ന് സഹപ്രവർത്തകൻ 
മറക്കരുതെന്നോതി  ബോസ് 
മറവിയെപ്പറ്റി ക്‌ളാസെടുത്ത് സഹപാഠി
മറവി കൂടിയെന്നൊടുവിൽ   ഞാനും 

ഇറങ്ങാനുള്ള സ്റ്റേഷൻ മറന്ന് 
കയ്യിലുള്ള ബാഗെടുക്കാൻ മറന്ന്  
കുടയെടുക്കാൻ മറന്ന് ഫോണെടുക്കാൻ മറന്ന് 
ഇടത്തേക്കോ വലത്തേക്കോ ഇറങ്ങേണ്ടതെന്ന്  മറന്ന് 

ഉറങ്ങാൻ മറന്നുണരാൻ മറന്ന്  
വൈകിയുണർന്ന് പത്രം തുറന്നപ്പോൾക്കണ്ട 
വാർത്ത പറയുന്നു, 
മറവിയിൽ മുംബൈക്ക് ഒന്നാം സ്ഥാനം.

- മുരളി വട്ടേനാട്ട്


വിഷുക്കണി

വിഷുവെത്തി, മേട വിഷുവം മഞ്ഞണിഞ്ഞെതിരേറ്റു കണിക്കൊന്നകൾ  പാടങ്ങൾ  നിറഞ്ഞു പൊൻ വെള്ളരികളാൽ  ഫലമൂല സമൃദ്ധിയാൽ  പ്രകൃതിയും    പ്രകൃതിസമൂലം വീട്ട...