Sunday, September 1, 2024

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാരമുള്ള പെട്ടികൾ തന്നെ കൂടെക്കരുതിയിട്ടുണ്ട്. അത് കൊണ്ടാവണം തിരിച്ചു പോക്ക് വണ്ടിയിൽ മതിയെന്ന് അവൾ മുമ്പേ പറഞ്ഞത്. അവളെന്തെങ്കിലും പറയുന്നെങ്കിൽ അതിലെന്തെങ്കിലും കാര്യമുണ്ടാവും.

ഒരു മാസം നാട്ടിലോടി നടന്ന് ചിങ്ങ വെയില് കൊണ്ട് മുഖവും കയ്യും കറുത്തു കരുവാളിച്ചിരിക്കുന്നു. തിരക്കൊഴിഞ്ഞു, നല്ല ചൂടുള്ള വെയിലിൽ  കുറച്ച് കയ്പ്പക്ക  കൊണ്ടാട്ടം ഉണക്കിക്കൊണ്ടു പോരാൻ പദ്ധതിയിട്ട അന്ന് രാത്രി മകം ഞാറ്റുവേലയിൽ മഴ  വീണ്ടും ഉഷാറായി. ഫാനിന്റെ കാറ്റിനു ചുവട്ടിൽ പാതിയുണങ്ങിയ കൊണ്ടാട്ടത്തിനെ ഇനി മുംബൈ ചൂടിലുണക്കുകയല്ലാതെ വേറെ വഴിയില്ല. ഞങ്ങളുടെ ആദ്യ യാത്രയിൽ കൂടെക്കൂടിയതാണ്  ഈ കയ്പ്പക്കക്കൊണ്ടാട്ടം.

രണ്ടു പെട്ടികളേക്കാൾ ഭാരം ഇന്നലെ  വാങ്ങിച്ച ബിഗ് ഷോപ്പറിനാണ്. പൊതിച്ച നാളികേരം മുതൽ വിവിധ തരം  അച്ചാറുകളുടെ വൻ ശേഖരവും, കല്യാണത്തിന്റെ ബാക്കിപത്രമായ കാളനും, ഓഫീസിലേക്കുള്ള ലഡ്ഡുവും ഉപ്പേരിയും ആയപ്പോൾ ഇനി ഇതെടുക്കാൻ ഞാനോ നീയോ എന്ന ചോദ്യവുമായി ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി. അത് നിറയെ വായക്ക് രുചിയുള്ള വിഭവങ്ങളുടെ  ഭാരമാണ് എന്ന ചിന്ത നൽകിയ സന്തോഷത്തിൽ അവൾ തന്നെ അതെടുത്തു. ഇത് പൊക്കി ഇനി തണ്ടെല്ല് വെലക്കണ്ട, എന്നൊരു ബഹുവാക്കും പറഞ്ഞു.

തിരിച്ചുള്ള  യാത്ര ഇക്കുറി ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന എന്നിലുറങ്ങിക്കിട ക്കുന്ന  അന്വേഷണ കുതൂഹലന്റെ  പരീക്ഷണ മായിരുന്നു കൊച്ചുവേളി - പോർബന്ദർ സൂപ്പർ ഫാസ്റ്റിലെ രണ്ടാം ക്ലാസ് എ.സി ബുക്കിങ്. വണ്ടി കൃത്യ സമയത്തിന് തൃശൂർ  സ്റ്റേഷൻ തൊട്ടു.  വണ്ടി കണ്ടതും ഞാനൊന്ന് ഞെട്ടി. ഏകദേശം ഒരു ഇരുപത് വർഷം പഴക്കമുള്ള മഞ്ഞ പെയ്ൻറ് അടിച്ച ICF കോച്ച്കൾ.

ഉള്ളിലേക്ക് കയറിയതും, ഏതോ ഇരുട്ട് നിറഞ്ഞ ഗുഹയിലേക്ക് കയറുന്ന പ്രതീതിയായിരുന്നു. ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും കൂപ്പേകൾ  കർട്ടനിട്ട് മൂടി പുറമെ നിന്നുള്ള വെളിച്ചം കയറാത്ത രീതിയിൽ ആക്കി മാറ്റിയിരിക്കുന്നു. തലതിരിഞ്ഞു കയറിയ കാരണം ഞങ്ങളുടെ ബർത്ത് കണ്ടു പിടിക്കാൻ ഏറെ പിന്നിലോട്ട് നടക്കേണ്ടി വന്നു. ഒടുവിൽ കൂപ്പേയും ബർത്തും കണ്ടെത്തിയപ്പോൾ അവിടത്തെ അവസ്ഥയും മേല്പറഞ്ഞത് തന്നെ. ഭാഗ്യത്തിന് ഞങ്ങളുടെ ബർത്തിൽ ആരും കിടക്കുന്നില്ല. അവിടെയിരുന്നിരുന്ന സ്ത്രീ ഞങ്ങളോട് ആദ്യം തന്നെ ലോവർ ബർത്താണോ എന്ന് ചോദിച്ചപ്പോൾ  അപ്പർ ബർത്ത് ഞങ്ങൾക്ക് കൈമാറാനുള്ള വിദ്യ വല്ലതുമാണോ എന്നു ശങ്കിച്ച്, അതെ എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ട് ഭാര്യ പെട്ടികൾ താഴെ അടുക്കുന്ന ജോലി ഏറ്റെടുത്തു. ജനാലക്കരികിലായി അറ്റത്ത് രണ്ടു ഭാഗത്തും അവരുടെ പെട്ടികൾ വെച്ച് കയ്യടക്കിയിരുന്ന അവർ, ഇതാ ഇപ്പുറത്ത് ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ, അല്പം ദേഷ്യത്തോടെ ഭാര്യ എന്നോടായി പറഞ്ഞു. നമ്മുടെ പെട്ടികൾ നമ്മുടെ സീറ്റിനടിയിലെ വെക്കുന്നുള്ളു. അത് കേട്ട അവർ വേഗം ഒരു ബർത്തിന്റെ താഴെ നിന്നും പെട്ടികൾ, ബാഗുകൾ എന്നിവ അവരിരുന്ന ബർത്തിന്റെ താഴേക്കു മാറ്റി സംഘർഷാവസ്ഥക്ക് അയവ് വരുത്തി. അടിയിൽ ന്യൂസ് പേപ്പർ വിരിച്ച് ബാഗുകൾ ഉള്ളിലേക്ക് തള്ളി നീക്കി സുരക്ഷിതമാക്കി വെച്ച ശേഷം അവൾ അപ്പുറത്തെ ബർത്തിൽ ജനലരികിലായി ഇരുന്നു. ഭക്ഷണമടങ്ങിയ അവളുടെ തോൾ ബാഗ് നിവർത്തിയിട്ടിരുന്ന ട്രേ ടേബിളിൽ സ്ഥാപിച്ചു. എന്നോടും ഞാനിരുന്ന ബർത്തിലെ ജനലരികിലേക്ക് നീങ്ങിയിരിക്കാനാവശ്യപ്പെട്ടു. ഞങ്ങളുടെ ഈ പരിപാടികളെല്ലാം സസൂക്ഷ്മം ശ്രദ്ധിച്ചു കൊണ്ട്    തൊട്ടപ്പുറത്തെ സൈഡ് ബർത്തിൽ ഒരാളിരിപ്പുണ്ടായിരുന്നു. കാര്യങ്ങൾ ഒന്ന് അടുക്കും ചിട്ടയുമായപ്പോഴാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിക്കുന്നത്. ഞാൻ നോക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ  എന്റെ ഭാര്യയുടെ മുഖത്താണ്. ഇത്തരക്കാർക്ക് ഇന്നും ഒരു കുറവുമില്ലല്ലോ എന്ന ചിന്തയുമായി, ലഗ്ഗേജുമായി വണ്ടിയിൽ കയറിയതിന്റെ ക്ഷീണം തീർക്കാനായി  ഞാനൊന്ന് കണ്ണടച്ചു.

32 വർഷം മുമ്പ് ഒരു സെപ്തംബർ 9 തിങ്കളാഴ്ചയാണ് ആദ്യമായി ഞാൻ ഭാര്യയെയും കൂട്ടി ബോംബെക്ക് തിരിക്കുന്നത്. അന്ന് കയറിയത് ഷൊർണൂർ നിന്നായിരുന്നുവെന്ന് മാത്രം. അന്നും സ്ഥിരം വണ്ടിയായിരുന്ന ജയന്തിയെ പുതിയതൊന്ന് വെച്ച്  മാറ്റിപ്പിടിക്കാനുള്ള പരീക്ഷണത്വരയാണ് രാത്രി 8-1/2ക്കു ഷൊറണൂർ വഴി കൃഷ്ണരാജപുരം റൂട്ടിലൂടെ പുതിതായി ആരംഭിച്ച  സൂപ്പർഫാസ്റ്റ് ട്രെയിനിൽ ബുക്ക് ചെയ്യാൻ പ്രേരിപ്പിച്ചത്. അന്ന് ഞങ്ങളുടെ കൂടെ എന്റെ ചെറുകര സ്‌കൂളിലെ അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചർ, ഞാനുമുണ്ട് ബോംബെക്ക് എന്ന് പറഞ്ഞ് പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവർ അവരുടെ മക്കളുടെ അടുത്തേക്ക് പോവുകയാണ്.  കൂടെയുള്ള ടീച്ചർക്ക് അങ്ങാടിപ്പുറം സ്റ്റേഷൻ കോട്ടയിലെ ടിക്കറ്റ് ആയ കാരണം  മലബാർ കോച്ച്കൾ ഷൊറണൂരിൽ വന്നപ്പോൾ തന്നെ ടീച്ചറെ കയറ്റി എല്ലാം സൗകര്യമാക്കി, കൂടെയുള്ളവരോട് നോക്കണം എന്നേൽപ്പിച്ച് പോന്നത് കാരണം അവരെപ്പറ്റി വേവലാതിപ്പെടേണ്ടി വന്നില്ല. അതിലെ തെക്കു നിന്നുമുള്ള സെക്ഷനും മലബാർ സെക്ഷനും കൂടി ഷൊറണൂരിൽ നിന്നും ഒന്നാക്കി രാത്രി 8-1/2 ക്കാണ് കൃഷ്ണരാജപുരം വഴി അത് പോന്നിരുന്നത്. അന്ന് രാത്രി തെക്കൻ ഭാഗത്തു നിന്നുമുള്ള കോച്ചുകൾ എത്തിയപ്പോൾ സ്ലീപ്പർ ക്‌ളാസിലെ അവസ്ഥ ഏതാണ്ടിതിനോട് സമാനമായിരുന്നെന്ന് അയാൾക്ക് തോന്നി. ആകെ അടച്ചു മൂടിക്കിടന്നിരുന്ന ആ കമ്പാർട്ട്മെന്റിൽ ഷൊറണൂരിൽ നിന്നും ഞങ്ങൾ മാത്രമാണ് കയറാനായി ഉണ്ടായിരുന്നത്. ഷൊറണൂരിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തവർക്കൊക്കെ മലബാർ സെക്ഷനിലെ കോച്ചിലാണ് റിസർവേഷൻ. ഞങ്ങളുടെ ടിക്കറ്റ് തൃശൂരിൽ നിന്നും എടുത്തത് പിന്നീട് ബോർഡിങ് മാറ്റിയതിനാലാണ് അങ്ങിനെയൊരവസ്ഥ നേരിടേണ്ടി വന്നത്. 

കഷ്ടി ഒരഞ്ചു മിനിറ്റ് കണ്ണടച്ചിരുന്ന് ക്ഷീണം തീർത്ത് കണ്ണു തുറന്ന് നോക്കിയപ്പോഴേക്കും  അപ്പുറത്തെ ബർത്തിലിരുന്ന മനുഷ്യൻ  നോട്ടം മതിയാക്കി കിടപ്പ് തുടങ്ങിയിരുന്നു. ഇപ്പോൾ ഈവക  അങ്കമൊക്കെ കഴിഞ്ഞ് ഫോണും ഞോണ്ടിക്കൊണ്ടിരുന്ന ഭാര്യയെ ഞാനൊന്ന്  സൂക്ഷിച്ചു നോക്കി. 32 വർഷം ഒരു സ്ത്രീയിൽ വരുത്തുന്ന മാറ്റങ്ങൾ  അത്ഭുതത്തോടെ നോക്കിക്കണ്ടുകൊണ്ട്, കണ്ണടച്ചു കൊണ്ട്  ഒന്ന് പിന്തിരിഞ്ഞു നോക്കി...

ട്രെയിനിൽ എന്റെ പിന്നാലെയായി കുറച്ചധികം ചെറു ബാഗുകളുമായി  കയറിയ ആ ഇരുപത് വയസ്സുകാരി  എന്റെ തൊട്ടു പിന്നിലായി ഒരു ചുകന്ന സാരിയിൽ അതീവ സുന്ദരിയായി, അതിലേറെ മുഖത്ത് നിഴലിച്ച പേടിയും പരിഭ്രമവും   കൊണ്ടൊരു മൂടുപടമിട്ട്  നിൽപ്പാണ്. രണ്ട് മിഡിൽ ബർത്തുകളാണ് ഞങ്ങൾക്കുള്ളത്. താഴെ  ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചുണർത്തി കയ്യിലുള്ള നാലഞ്ചു ബാഗുകൾ ലോവർ ബർത്തിനടിയിലേക്ക് വെക്കാൻ ഞാൻ പെടാപ്പാട് പെടുകയാണ്. ഇതെല്ലാം ആദ്യമായി കാണുകയും അനുഭവിക്കുകയും ചെയ്യുന്ന അവളാകട്ടെ അപ്പുറമിപ്പുറമുള്ള കഴുകൻ കണ്ണുകളെയൊന്നും കാണാതെ   എന്നെത്തന്നെ സശ്രദ്ധം വീക്ഷിച്ചു കൊണ്ട്,  ഞാനെന്തെങ്കിലും ചെയ്യണോ എന്ന് ചോദിക്കാതെ, എന്നാൽ  കണ്ണു കൊണ്ട് ഒരിക്കൽ ചോദിച്ച്, പേടിച്ചു നിൽക്കുകയാണ്. ഒടുവിൽ  കയ്പ്പക്ക കൊണ്ടാട്ടം, കായ വറുത്തത്, അരിപ്പൊടി, അവലോസ് പൊടി, പപ്പടം, കഞ്ഞി വെക്കാനുള്ള പൊടിയരി തുടങ്ങിയവ നിറച്ചുള്ള കാർഡ് ബോർഡ് കാർട്ടൻ കൂടി ഏറ്റവും അറ്റത്തായി കുത്തിത്തിരുകി കയറ്റിയ പ്പോളേക്കും വണ്ടി ഷൊറണൂർ വിട്ടു, മാന്നനൂർ ഔട്ടർ കടന്നിരുന്നു. 

ഞങ്ങൾക്ക് കിടക്കാനുള്ള മിഡിൽ ബർത്തുകൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതുപ്പെണ്ണിനെയും  കൊണ്ടുള്ള ആദ്യ യാത്രയായത് കൊണ്ട് തന്നെ നാലുപുറവും ഒന്ന് സസൂക്ഷ്മം വീക്ഷിച്ചു. കൂടെ വല്ല നല്ല ഫാമിലിയെയും കിട്ടണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു വീട്ടിൽ നിന്ന് പോന്നതും വണ്ടിയിലേക്ക് കാലെടുത്തു വെച്ചതും. പക്ഷെ, മേലും കീഴേയും മറുവശവുമുള്ള ബർത്തുകളിൽ  ഓണമാഘോഷിച്ച് തിരിച്ചു പോവുന്ന ബാച്ചിലേഴ്‌സ് മാത്രം. 

എതിരെയുള്ള സൈഡ് ബർത്തിൽ മുകളിൽ കിടന്നിരുന്ന ചെറുപ്പക്കാരൻ ഉറങ്ങിയിട്ടില്ല. അയാൾ അവളെ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അപ്പോഴാണ് ഞാൻ കാണുന്നത്. അവളുടെ കൂടെ ഞാനെന്നൊരു ഭർത്താവുണ്ട് എന്ന യാതൊരു ചിന്തയുമില്ലാതെയാണ് അയാളുടെ നോട്ടം. ഭാഗ്യത്തിന് അവളതൊന്നും തന്നെ ശ്രദ്ധിക്കുന്നില്ല. ഉറ്റവരെ വേർപെട്ടു പോരുന്ന ദുഃഖവും ആദ്യ യാത്രയുടെ പരിഭ്രമവും മാത്രമേ അപ്പോൾ ആ മുഖത്ത് നിഴലിക്കുന്നുള്ളൂ. എനിക്ക് പോലും മുഖം തരാതെയാണ് അവൾ ഇനിയെന്ത് എന്നറിയാതെ നിൽക്കുന്നത്. ജനമദ്ധ്യത്തിൽ വെച്ച് എങ്ങിനെ അവളെ സാന്ത്വനിപ്പിക്കണം എന്നറിയാതെ ഞാനും അവളുടെ കണ്ണുകളിലേക്ക് നോക്കാനാവാതെ യുള്ള അവസ്ഥയിലുഴറുകയാണ്.

ഭക്ഷണവും മറ്റും വെച്ച കാരി ബാഗിലാണ് പുതപ്പും വെച്ചിരുന്നത്. വേഗം അത് പുറത്തെടുത്ത്, അവളോട് ബർത്തിൽ കയറി കിടന്നോളാൻ  പറഞ്ഞു. തല ഉള്ളിലേക്ക് വെച്ച് കിടന്നാൽ മതി, പുതപ്പ് കൊണ്ട് കഴുത്തു മൂടി വേണം കിടക്കാൻ എന്ന് കൂടി പതുക്കെ അവളുടെ ചെവിയിൽ പറഞ്ഞു. അതിനു മുമ്പായി ടോയ്‌ലറ്റിൽ പോയി വരണോ എന്ന ചോദ്യത്തിന്, അതിനി ബോംബെയിലെത്തി യിട്ടേ വേണ്ടൂ എന്നടക്കം പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി. സ്‌കൂളിലും കോളേജിലും പഠിക്കണ കാലത്ത് വീട്ടിൽ നിന്നും ശങ്ക തീർത്തു പോയാൽ തിരിച്ചെത്തിയെ അതിനെ പറ്റി ചിന്തിക്കാറുള്ളൂ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ, രണ്ടു രാത്രിയും ഒരു ദിവസവും പോയിട്ട് ഒരര നേരം പിടിച്ചു നിൽക്കാൻ എന്നെക്കൊണ്ട് പറ്റാറില്ല. ഒന്നും ചോദിച്ചില്ല. എല്ലാം ബോംബെയിൽ എത്തിയിട്ടാവാം എന്ന് കരുതി കിടന്നോളാൻ പറഞ്ഞു കൊണ്ട് ഞാനും പതിയെ എതിരിലുള്ള മിഡിൽ ബർത്തിലേക്ക് കയറി.

കല്യാണത്തലേന്ന് മുതലിങ്ങോട്ടുള്ള രണ്ടാഴ്ചത്തെ ഉറക്കം ബാക്കിയുണ്ട്. അത് വണ്ടിയുടെ താളത്തിനൊത്ത് ഉറങ്ങി  തീർക്കാമെന്ന് കരുതിയതാണ്. പക്ഷെ ചുറ്റുമുള്ള കഴുകൻ കണ്ണുകൾ എന്റെ കണ്ണുകളിലെ ഉറക്കത്തെ ആട്ടിപ്പായിച്ചു. സൈഡ് അപ്പർ ബർത്തിൽ ചെറുപ്പക്കാരൻ ഇപ്പോഴും അവളെ തന്നെ നോക്കി കിടപ്പാണ്. പക്ഷെ, അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് ആർത്തിയല്ല, ആ നോട്ടം അവളുടെ മുഖത്ത് മാത്രം ഉടക്കിക്കിടക്കുന്നു. അവിടെ വേറെന്തെല്ലാമോ വ്യാപാരിക്കുന്നുണ്ടെന്ന് വ്യക്തം.

തല്ക്കാലം അയാളെ അയാളുടെ വഴിക്ക് വിട്ട് ഞാനും  ഉറങ്ങിക്കിടക്കുന്ന  അവളെ തന്നെ നോക്കിക്കിടപ്പായി. അവളെ എന്റെ  കൂടെ കൂട്ടിയിട്ട് ആഴ്ച രണ്ടായെന്നാലും ഇനിയും കണ്ട് കൊതി തീർന്നിട്ടില്ല. പകലുകളിൽ അവളെക്കണ്ട് രണ്ടു വർത്തമാനം പറയാനുള്ള സൗകര്യമോ സാഹചര്യമോ എന്റെ വീട്ടിലോ അവളുടെ വീട്ടിലോ ഇല്ല. എത്രയും വേഗം ഈ രാത്രിയും അടുത്ത പകലും രാത്രിയും  തീർന്ന് ബോംബെയിലെ റൂമിലെത്തിയാൽ മതിയെന്ന ചിന്തക്ക് ചിന്തേരിട്ട് കിടന്ന ഞാനും പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു…

ഭാര്യ പരിപ്പുവട വേണമെന്ന് പറഞ്ഞ് വിളിച്ചുണർത്തിയപ്പോഴാണ് ചിന്തകളിൽ നിന്നും പുറത്തു ചാടി  കണ്ണു തുറന്നത്. വണ്ടി തൃശൂർ വിട്ട് ഷൊറണൂർ എത്തിയിട്ടേ ഉള്ളൂ. മഴ ചെറുതായി ചാറി നിൽക്കുന്നുണ്ട്. എഞ്ചിന് തൊട്ട് പിന്നിലായുള്ള ഞങ്ങളുടെ കോച്ച് പ്ലാറ്റ്‌ഫോം കവചത്തിന് പുറത്തായാണ് നിൽക്കുന്നത്. അത് കൊണ്ട് തന്നെ ചായ, വട വില്പനക്കാരെയൊന്നും ആ ഭാഗത്തു കാണാനില്ല. പോക്കറ്റിലെ കർച്ചീഫെടുത്ത് തലയിലിട്ട് പ്ലാറ്റഫോമിന് നടുവിലായുള്ള ഫുഡ് സ്റ്റാൾ ലക്ഷ്യമാക്കി ഞാൻ വേഗം നടന്നു.

ഷൊറണൂർ പരിപ്പു വട അവൾക്ക് പ്രിയപ്പട്ടതാണ്. അങ്ങിനെ പുറമെയുള്ള തീറ്റ സാധനങ്ങളൊന്നും ഇഷ്ടപ്പെടാത്തതാണ് പ്രകൃതം. ആദ്യ യാത്രയിൽ ചെറുകരയിൽ  നിന്നും വൈകീട്ട് നാലിനുള്ള പാസ്സഞ്ചറിൽ വന്ന് ഷൊറണൂർ ജങ്ഷനിൽ അഞ്ചു മണി മുതൽ രാത്രി എട്ടര വരെ ഇരുന്ന സമയത്ത് കൂടെയുണ്ടായിരുന്ന ടീച്ചറാണ് പറഞ്ഞത്, ഓരോ ചായ കുടിക്കായിരുന്നു എന്ന്. ചായ കുടിക്കാത്ത അവൾക്ക് ബ്രൂ കാപ്പിയും കൂട്ടത്തിൽ ഓരോ പരിപ്പ് വടയും വാങ്ങിക്കൊടുത്തതിന്റെ സ്വാദ് ഇനിയും അവൾ കൈവിട്ടിട്ടില്ല. വീട്ടിൽ നിന്നും അമ്മയെ പിരിഞ്ഞു പോരുന്നത് മുതൽ അത് വരെയും കരഞ്ഞു കലങ്ങിയിരുന്ന കണ്ണുകൾ ഒന്ന് തെളിഞ്ഞത് ആ പരിപ്പ് വടയിലൂടെയായിരുന്നു. ടീച്ചർ പറഞ്ഞു. വിശ്വൻ വാങ്ങിത്തന്ന പരിപ്പ് വട കുട്ടീടെ ദുഃഖം മാറ്റി ലേ... ഇനി ഇവിടന്ന് അങ്ങോട്ട് എല്ലാം വിശ്വനാണ്. വിശ്വൻ നല്ലോനാ.. 

വേഗം സ്റ്റാളിലെ തിരക്കിനിടയിലൂടെ കൈ നീട്ടി രണ്ടു പ്ളേറ്റ് വട വാങ്ങി തിരിച്ചു പോന്നു. ഈയിടെയായി ഞാൻ കയറുന്നതിന് മുമ്പായി വണ്ടി വിടുമോ എന്നൊരു പേടി കൂടെക്കൂടിയിട്ടുണ്ട്. അടുത്ത കാലത്ത് തുടങ്ങിയ മുട്ടുവേദന കാരണം ആയാസത്തോടെ നടക്കാൻ കഴിയുന്നില്ല.

പരിപ്പ് വട കിട്ടിയതും അവളുഷാറായി. കപ്പച്ചിനോ എന്ന് വിളിച്ചു വന്ന കാപ്പിക്കാരനോട് വേണമെന്ന് പറഞ്ഞ്  രണ്ടു കാപ്പിക്ക് ഓർഡർ കൊടുത്തു. ഭാര്യയുടെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം,  തൊട്ടടുത്തിരുന്ന സ്ത്രീ സൈഡ് ലോവർ ബർത്തിൽ കിടന്നിരുന്ന മനുഷ്യനെ പെട്ടെന്ന് വിളിച്ചുണർത്തി പരിപ്പ് വട വാങ്ങി വരാൻ വിട്ടു. അപ്പോളാണ് അത് അവരുടെ ഭർത്താവാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായത്.

പക്ഷെ അപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങി യിരുന്നു. അവരുടെ മുഖം  പരിഭ്രമം കൊണ്ട്  വലിയാൻ തുടങ്ങിയപ്പോഴേക്കും   അയാൾ വെറും കയ്യോടെ തിരിച്ചെത്തി. ഇത് കണ്ടറിഞ്ഞ ഞാൻ പെട്ടെന്ന് ഞങ്ങളുടെ ഒരു പ്ളേറ്റ് വട അവർക്ക് ഓഫർ ചെയ്തു. വേണ്ടെന്ന് പറഞ്ഞ് നിരസിച്ചെന്നാലും ഞങ്ങൾക്ക് ഒരു പ്ലേറ്റ് തന്നെ ധാരാളമാണെന്ന് പറഞ്ഞു മറ്റേ പ്ളേറ്റ് അവർക്ക് കൊടുത്തു കൊണ്ട്  അവരിരുവരോടുമായി പറഞ്ഞു. ഷൊറണൂരിലെ പരിപ്പ് വടയും രത്നഗിരിയിലെ വടാ പാവും ഞാനൊരിക്കലും ഒഴിവാക്കാറില്ല. ഇവളും ഇതിന്റെ വലിയൊരാരാധികയാണ്. ഒന്ന് കഴിച്ചു നോക്കൂ. എന്നിട്ട് ഇനി അടുത്ത തവണ വരുമ്പോൾ ഇത് മിസ് ചെയ്യേണ്ട, എന്നും പറഞ്ഞ് ഞങ്ങൾ മൊരിഞ്ഞ വട തിന്നു തുടങ്ങി. മൊരിഞ്ഞ വടയിലൂടെ തുടങ്ങിയ ആ സൗഹൃദം മുതലെടുത്തു കൊണ്ട് അയാൾ പതുക്കെ  സംഭാഷണം തുടങ്ങി വെച്ചു.

അങ്ങയുടെ പേര്..

വിശ്വനാഥൻ- ഞാൻ പറഞ്ഞു.

ഞാൻ രാജശേഖരൻ. ഹരിപ്പാട്ടാണ് വീട്. ജോലി റെയിൽവേയിൽ. അഹമ്മദാബാദി ലേക്ക് പോവുന്നു.

32 വർഷം മുമ്പ് സെപ്തംബർ 9 നു കല്യാണം കഴിഞ്ഞു ഷൊറണൂരിൽ നിന്നും ബോംബെക്ക്  വണ്ടി കയറിയത് നിങ്ങൾ തന്നെയായിരുന്നില്ലേ.

പെട്ടെന്ന് ഞാനൊന്ന് ഞെട്ടി. 

നിങ്ങളന്ന് ആ വണ്ടിയിലുണ്ടായിരുന്നോ..

ഉവ്വ്..  ആ യാത്ര നിങ്ങൾ മറന്നിരിക്കാം. പക്ഷെ, എനിക്ക് മറക്കാനാവില്ലല്ലോ. നമ്മുടെ ജീവിതത്തിലെ വിജയങ്ങൾ നാം പെട്ടെന്ന് മറക്കും, പക്ഷെ പരാജയങ്ങൾ, ഒരിക്കലും മറക്കില്ലല്ലോ... 

പെട്ടെന്നാണ് ആ യാത്രയുടെ രണ്ടാം ദിവസത്തിലേക്ക് ഞാൻ ഞെട്ടിയുണർന്നത്...

രണ്ടാഴ്ചത്തെ ഉറക്കക്ഷീണത്തിൽ തീവണ്ടി താളത്തിൽ താരാട്ടുറക്കിയ ആ രാത്രിയിൽ നിന്നും    ഉണർന്നത് ഏറെ വൈകിയായിരുന്നു. ഉണർന്നതും അപ്പുറത്തെ മിഡിൽ ബർത്തിലേക്ക് നോക്കി. അവളും സുഖമായുറങ്ങുകയാണ്. പിന്നെ, അറിയാതെ കണ്ണുകൾ എതിർവശത്തെ അപ്പർ ബർത്തിലേക്ക് നീണ്ടു. അയാൾ ഉണർന്നു കിടക്കുകയാണ്. നോട്ടം ഇപ്പോഴും അവൾ കിടക്കുന്ന മിഡിൽ ബർത്തിൽ തന്നെ. 

ബാച്ചിലർ യാത്രകളിൽ പല യുവ മിഥുനങ്ങളുടെയും ആദ്യ യാത്രകൾ കണ്ട് അസൂയ തോന്നിയിട്ടുണ്ട്. എന്നെങ്കിലും അതെ പോലെ തൻറെ ഭാജനത്തെയും കൊണ്ട് യാത്ര ചെയ്യണമെന്ന് മനസ്സിൽ കരുതിയതാണ്. പക്ഷെ, അപ്പർ ബർത്തിലെ യാത്രക്കാരൻ ആ മോഹങ്ങൾക്ക് മേൽ നിഴൽ പരത്തിക്കൊണ്ട് കിടക്കുകയാണ്.

അയാളോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. എന്തായാലും കുറച്ച് കഴിഞ്ഞും ഇതിനൊരു മാറ്റം വന്നില്ലെങ്കിൽ തീർച്ചയായും ചോദിക്കണം എന്നുറച്ച് പതുക്കെ ബർത്തിൽ നിന്നും താഴേക്കിറങ്ങി, അവളെയും വിളിച്ചുണർത്തി, പല്ല് തേപ്പ്, പ്രഭാത ഭക്ഷണം തുടങ്ങിയ പരിപാടികളിലേക്കിറങ്ങി സന്ദർഭത്തിനൊരയവ് വരുത്താൻ ശ്രമം നടത്തി.

താഴെയുള്ള ബർത്തിലെ ഒരു മദ്ധ്യ വയസ്കൻ ചിരിച്ചു കൊണ്ട് എവിടെയാണ് നാട് എന്ന് ചോദിച്ചു കൊണ്ട്  സൗഹൃദ സംഭാഷണത്തിന് തുടക്കമിട്ടു. അയാൾ പുതുക്കാട്ടുകാരനാണ്. ഇരുപത് വർഷത്തോളമായി ബോംബെ യിലാണ്. ഭാര്യയും കുട്ടികളും നാട്ടിലാണ്. അവരോടൊപ്പം ഓണമാഘോഷിച്ച് തിരിച്ചു  പോവുകയാണ്. വിവാഹ ശേഷവും  ബാച്ചിലർ ജീവിതം നയിക്കുന്നയാൾ. പറഞ്ഞു വന്നപ്പോൾ അയാളും ഫിലിം ഇൻഡസ്ട്രിയിലാണ്. പേര് കേട്ട ഒരു ആർട്ട് ഡയറക്ടറുടെ കൂടെ ജോലി ചെയ്യുന്നു. ഒരേ ഫീൽഡുകാരായതിനാൽ തന്നെ ഞങ്ങളുടെ സംഭാഷണം സിനിമയുടെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ചു.

കുറച്ചു കഴിഞ്ഞു ഞങ്ങൾക്കിടയിൽ വിഷയങ്ങൾ കുറഞ്ഞു തുടങ്ങിയപ്പോൾ പതുക്കെ ഞാൻ അപ്പുറത്തേക്ക് നോക്കി. ഇപ്പോൾ അയാൾ താഴേക്കിറങ്ങിയിരിക്കുന്നു. പക്ഷെ നോട്ടത്തിന് മാറ്റമില്ല. അവളാണെങ്കിൽ ഇതൊന്നും അറിയാതെ ആന്ധ്രയുടെ  പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരിപ്പാണ്. ഉല്ലാസ യാത്ര മനസ്സിൽ കണ്ട് യാത്ര തുടങ്ങിയ ഞാൻ ആന്ധ്രയുടെ ഊഷര യാത്രയിലേക്ക് എറിയപ്പെട്ട അവസ്ഥയിലും. ആദ്യ യാത്രയിൽ ഇത് വരെ അവളോടൊരു നല്ലവാക്ക് പറഞ്ഞിട്ടില്ല. അവളുടെ മനസ്സിലൂടെ പായുന്ന  ചിന്തകൾ എന്താവുമിപ്പോൾ. അയാളുടെ നോട്ടം ഓരോ നിമിഷവും മനസ്സിൽ ഭാരം കയറ്റി വെച്ച് കൊണ്ടിരുന്നു.

എന്റെ അസ്വസ്ഥത കണ്ടു കൊണ്ടായിരിക്കണം, തൊട്ടടുത്തിരുന്ന മദ്ധ്യവയസ്സൻ പെട്ടെന്ന് ആ ചെറുപ്പക്കാരന് നേരെ തിരിഞ്ഞു,  ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു. 

കുറെ നേരമായി ഞാൻ തന്നെ ശ്രദ്ധിക്കുന്നു. തനിക്ക് അമ്മ പെങ്ങമ്മാരൊന്നും ഇല്ലേ.. 

പെട്ടെന്നുള്ള ആ ചോദ്യം അയാളെ ഉലച്ചിരിക്കണം, അയാൾ വല്ലാതെയായി. 

എന്താണ്, എന്താണ്.. ഞാനെന്ത് ചെയ്തെന്നാ പറയുന്നത്.. 

എടോ, ഞാനും തന്റെ പ്രായത്തിലൂടെയൊക്കെ കടന്ന് വന്നതാണ്. പക്ഷെ, ഇങ്ങനെയൊന്നും ആരെയും നോക്കിയിട്ടില്ല. ഒരു മാന്യത വേണ്ടെടോ..

അയ്യോ, ഞാൻ അങ്ങിനെ ഒന്നും ഉദ്ദേശിച്ചല്ല.. ഞാനറിയുന്ന... 

താനൊന്നും പറയണ്ട, തന്റെ ഉദ്ദേശ്യം ഒക്കെ മനസ്സിലായി. ഇനി മേലാൽ ആ കുട്ടിയെ താൻ നോക്കുന്നത് കണ്ടാൽ പിന്നെ എന്റെ സ്വഭാവം താനറിയും.

പിന്നീട് അയാൾ എന്നോടായി തുടർന്നു...

ഇത്തരക്കാരെ ഞാനൊരുപാട് കണ്ടിട്ടുള്ളതാണ്. മാന്യമായി കല്യാണം കഴിച്ച് ഭാര്യയെയും കൂട്ടി ഒരിടത്തേക്കും യാത്ര ചെയ്യാൻ ഇത്തരക്കാർ സമ്മതിക്കില്ല. അവരുടെ ദാഹം തീർക്കൽ ഇങ്ങനെ നടത്തിക്കൊണ്ടിരിക്കും.

അയ്യോ, സാരമില്ല.. പോട്ടെ.

എന്ത് പോട്ടെ, ഇത്തരക്കാർക്ക് ശരിക്ക് കൊടുത്തിട്ടില്ലെങ്കിൽ പിന്നെ അവന്മാര് ഇത് തുടർന്ന് കൊണ്ടേ ഇരിക്കും. നാളെ രാവിലെ വരെ അവൻ ഊറ്റി വലിച്ചു കൊണ്ടിരിക്കും...

അപ്പോഴേക്കും ആ ചെറുപ്പക്കാരൻ അവിടെ നിന്നും എണീറ്റു പോയി ദൂരെയുള്ള വാതിലിനരികിൽ നിന്ന് യാത്ര തുടർന്നു…

“അന്ന് അവിടെ നിന്നും ഞാൻ എണീറ്റു പോയതിനാൽ കാര്യങ്ങൾ കൂടുതൽ വഷളായില്ല. പിന്നെ എന്റെ ഭാഗം കേൾക്കാൻ, ഞാനെന്തിനാണ് അവരെ നോക്കിയതെന്ന് കേൾക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ലല്ലോ”.

അയാളുടെ വാക്കുകൾ പെട്ടെന്ന് എന്നെ  വർത്തമാനത്തിലേക്ക് തിരിച്ചെത്തിച്ചു.

അതെനിക്കും ഒരു പുത്തൻ അറിവായിരുന്നു. അയാൾ പിന്നെ എന്തിനായിരുന്നു അവളെ നോക്കിയത്. ചോദിക്കണമെന്ന് കരുതിയെങ്കിലും ആ ചോദ്യം ശബ്ദമായി പുറത്തെത്തിയില്ല. പക്ഷെ, അയാൾ തുടർന്നു..

ആ ഓണക്കാലത്ത് ഞാനും കല്യാണ ത്തിനായി നാട്ടിലെത്തിയതായിരുന്നു. പെണ്ണ്, നിങ്ങളുടെ നാട്ടിൽ നിന്നുമുള്ള  ഞങ്ങളുടെ ഒരകന്ന ബന്ധുവിന്റെ മകൾ. കല്യാണം ഗുരുവായൂരിൽ വെച്ച് ആഗസ്ത് 31ന്. 

റെയിൽവേയിൽ ജോലിക്ക് കയറി അധികമാവാത്തതിനാൽ പെണ്ണ് കാണാൻ എനിക്ക് നാട്ടിലേക്ക് പോവാനായില്ല. വീട്ടുകാർ കണ്ട് നിശ്‌ചയിച്ചുറപ്പിച്ച വിവാഹം. ഞാൻ അവളെ കണ്ടത്   ഫോട്ടോയിലൂടെ  മാത്രം. എന്റെ ഫോട്ടോ അയച്ചു തരേണ്ട ആവശ്യമില്ലെന്നും ബന്ധു പറഞ്ഞതനുസരിച്ച് അവൾക്കെന്നെ സ്വീകാര്യമാണെന്നും പറഞ്ഞായിരുന്നു കല്യാണം നിശ്ചയിച്ചത്. 

പക്ഷെ, വിവാഹത്തലേന്ന് അവൾ മറ്റൊരാളുടെ കൂടെ ഒളിച്ചോടി. അങ്ങിനെ ആ, കല്യാണം മുടങ്ങിയ വിഷമത്തിലാണ് ഞാൻ ബോംബെയിലേക്ക് തിരിക്കുന്നത്. നിങ്ങളുടെ ഭാര്യയെ കണ്ടതും ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിരുന്ന കുട്ടിയുടെ അതെ മുഖം. അത് അവൾ തന്നെ എന്ന് ഞാൻ കരുതി. പക്ഷെ, അക്കാര്യത്തിൽ എനിക്കൊരു ഉറപ്പുമില്ല. കാരണം, ഞാനാ കുട്ടിയെ നേരിട്ട്  കണ്ടിട്ടില്ല.

കാര്യങ്ങൾക്ക് ഒരയവ് വന്നപ്പോൾ ഞാൻ പറഞ്ഞു.

സാരമില്ല, അന്നും ഞാൻ നിങ്ങളെ ഒന്നും പറഞ്ഞിട്ടില്ലല്ലോ.. ഏതായാലും നിങ്ങളെ പറ്റിച്ച് കടന്നു കളഞ്ഞത് എന്റെ ഭാര്യയല്ല. ഉറപ്പ്. ഞങ്ങൾ തമ്മിൽ പരസ്പരം അറിയുന്നവരായിരുന്നു. വീട്ടുകാരറിഞ്ഞ അക്കാലത്തെ  പ്രേമ വിവാഹവുമായിരുന്നു. 

പിന്നെ ഞങ്ങൾ കല്യാണം കഴിച്ചതാവട്ടെ, ആഗസ്ത് 25നും.

ചിരിച്ചു കൊണ്ട് ഞാൻ അയാളോട്  ചോദിച്ചു.

ഇനിയും ആ യാത്രയിലേക്ക് തിരിച്ചു പോണോ?

മനസ്സിൽ നിന്നും വലിയൊരു ഭാരമിറക്കി വെച്ച് അയാളും ഞങ്ങൾക്കൊപ്പം തുടർന്നു .

****




Tuesday, January 30, 2024

മായ

മായ

- മുരളി വട്ടേനാട്ട്


ഒച്ചയുണ്ടാക്കാതെ, വാതിൽ പതിയെ ചാരി, അവളെ ശല്യപ്പെടുത്താതെ,  വീട്ടിൽനിന്നും  പുറത്ത് കടന്നു. യോഗ ചെയ്യുന്നതിനിടയിലെ ധ്യാനമൂകവേളയിൽ ശല്യം ചെയ്യുന്നതവൾക്കിഷ്ടമല്ല.

പ്രഭാതസവാരിക്കായി പുറത്തിറങ്ങിയ അയാള്‍ക്കുമുന്നില്‍, നഗരം അപ്പോഴും മയക്കം വിട്ടുണരാതെ ആലസ്യംപൂണ്ട് കിടപ്പാണ്. പുലരുവോളം പലരുടെയും ക്രീഡകള്‍ക്കുവഴങ്ങി തളർന്നുറങ്ങുന്ന ഗണികയെപ്പോലെയാണ് നഗരമെന്ന് അയാൾക്ക് തോന്നി. ശല്യപ്പെടുത്താതെ, പതിഞ്ഞ കാൽവെപ്പുകളോടെ അയാൾ  ഗാർഡനിലേക്ക് നടന്നു.

നടത്തത്തിനിടയിലും ചിന്തകൾ മറ്റേതോ വഴിയിലേക്ക് മാറിച്ചവിട്ടാൻ തുടങ്ങുകയായിരുന്നു. അയാളുടെ ചിന്തകളെ ഉച്ചത്തിൽ മണിമുഴക്കി ആട്ടിപ്പായിച്ചുകൊണ്ട് ഒരു പത്രവിതരണക്കാരന്റെ സൈക്കിൾ, 

വേഗത്തിൽ കടന്നുപോയി. കക്ഷത്തിൽ ചുരുട്ടിവെച്ച യോഗാമാറ്റുമായി ഒരു തടിച്ചി അയാളുടെ മുന്നിലൂടെ, റോഡ് മുറിച്ചുകടന്ന് തൊട്ടുമുന്നിലുള്ള യോഗാകേന്ദ്രത്തിലേക്ക് കയറി.

മുന്നിൽനിന്നും റോങ്ങ് സൈഡിലൂടെ ഒരു ബ്രഡ് വിൽപ്പനക്കാരൻ ഇരുപുറവും കൊളുത്തിയ അനേകം സഞ്ചികളിൽ പലതരം ബ്രഡ് വിഭവങ്ങളുമായി ഒരു പ്രത്യേക താളത്തിൽ സൈക്കിൾ ചവിട്ടി വന്നുകൊണ്ടിരുന്നു. സാധാരണ കുറച്ചുകൂടി മുന്നോട്ട് ചെല്ലുമ്പോളാണ്  ആ കച്ചവടക്കാരനെ കാണാറുള്ളത്. 

അയാൾ നടത്തത്തിന് വേഗം വർദ്ധിപ്പിച്ചു. അന്തരീക്ഷം മേഘാവൃതമായി, ആദ്യ മഴയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരം. 

ഫ്ലാറ്റിൽനിന്നും നാലഞ്ച്  ഫർലോങ് ദൂരെയായാണ് സ്ഥിരം നടക്കാൻ പോകാറുള്ള ഗാർഡൻ. മഴക്കാലം തുടങ്ങിയാൽപിന്നെ നടത്തം ഫ്ലാറ്റിനുള്ളിലെ 100 വാരയിലേക്ക് ഒതുങ്ങും.

കുറച്ചുകൂടി മുന്നോട്ട് നടന്ന് ഇപ്പോഴയാൾ മൂന്നുംകൂടിയ വഴിയിലെത്തി. എന്നും അവിടെയെത്തിയാൽ, പിന്നെ ഏതു വഴിയിലൂടെ പോകണമെന്ന സംശയമാണ്. തല്ക്കാലം ഇടത്തോട്ട് തിരിഞ്ഞു നടന്നു. നേരെപോയി അടുത്ത ഗല്ലിയിൽനിന്നും ഇടത്തോട്ട് തിരിഞ്ഞാലും ഗാർഡനിലെത്താം. പക്ഷെ, മിക്കവാറും പോവാറുള്ളത് ഇന്ന് നടന്ന വഴിയിലൂടെയാണ്. ആ വഴി കുറേക്കൂടെ വൃത്തിയുള്ളതാണ്. റോഡിനിടത് വശത്തായി നിരത്തിയിട്ട ഇമ്പോർട്ടഡ് കാറുകളെ ശ്രദ്ധിച്ച്, അവയുടെ സൗന്ദര്യമാസ്വദിച്ച് നടക്കുകയെന്നത് രസകരമാണ്. മെഴ്‌സിഡിസ്, ഔഡി, ബി എം ഡബ്ല്യൂ, ലാൻഡ്‌ ക്രൂയിസർ, ജഗ്വാർ  തുടങ്ങിയ കാറുകളിലെ വിവിധ മോഡലുകൾ നിര നിരയായി കിടക്കുന്നതിനെ തൊട്ടു തലോടിക്കൊണ്ട് അയാൾ പതുക്കെ മുമ്പോട്ട് നടന്നു.

ആ വഴി നേരെ ചെന്നെത്തുന്നതൊരു ചത്വരത്തിലേക്കാണ്. അവിടന്ന് വലത്തോട്ട് തിരിഞ്ഞുവേണം ഗാർഡനിലേക്ക്  പോവാൻ. ആ സ്‌ക്വയറിന്റെ ഇടത് വശത്തായി സോഷ്യൽ എന്ന് വലിയ അക്ഷരങ്ങളിലെഴുതിയ റെസ്റ്റോറന്റ് ബിൽഡിങ്ങിന് മുമ്പിലെ വെള്ള നിറത്തിലുള്ള ബോഗൺവില്ല പടർപ്പുകൾക്കുമുമ്പിൽ   രണ്ട് പെൺകുട്ടികൾ, താഴെവെച്ച ഒരു ചെറിയ സ്പീക്കറിൽനിന്നുംവരുന്ന ഗാനത്തിനനുസരിച്ച്  നൃത്തം വെച്ചുകൊണ്ടിരുന്നു. കൂടെയുള്ള ആൺകുട്ടി ആ നൃത്തം  മൊബൈലിൽ പകർത്തുന്നു. ചിത്രീകരണം പരിശോധിച്ചുകൊണ്ട് വീണ്ടും പൂർണ്ണതക്കായി നൃത്തം തുടരുന്നു. ഇത്ര നേരത്തെ ഉണർന്ന് ഇമ്മാതിരി വട്ട് കാട്ടുന്നവരുമുണ്ടല്ലോ എന്നയാൾക്ക് തോന്നിയെങ്കിലും,  വെളുപ്പാൻകാലത്ത് ആളൊഴിഞ്ഞ സമയം നോക്കി വന്നതാവാം എന്ന ഉത്തരവുമായി അയാൾ മുമ്പോട്ട് നടന്നു. പുതുതലമുറയുടെ ആവിഷ്കാരങ്ങൾ  റീലുകളിലൂടെയാണ്. പരത്തിപ്പറഞ്ഞു ശീലമില്ല, ചെറിയ  റീലുകളിലൂടെയാണവർ ലോകത്തോട് സംവദിക്കുന്നത്. ഹ്രസ്വം-മധുരം എന്ന മുദ്രാവാക്യത്തിലൂന്നിയാണ് അവരുടെ ചിന്തകൾ വ്യാപരിക്കുന്നത്. പരസ്യ വാചകങ്ങളെപ്പോലെ, വിഷ്വലുകളെപ്പോലെ 10 സെക്കൻഡിൽ,  20 സെക്കൻഡിൽ എല്ലാം പറയണം, ആറ്റിക്കുറുക്കിപ്പറയണം.  അയാളുടെ തലമുറക്ക് ഒരു കഥ പറയണമെങ്കിൽപ്പോലും ചുരുങ്ങിയത് നാല് പേജിലൂടെ വലിച്ചുനീട്ടിവേണം പറയാൻ. ചുരുക്കെഴുത്തുകാരെ എഡിറ്റർമാർക്കുപോലും താല്പര്യമില്ല.

ചെറുപ്പക്കാരുടെ നൃത്ത കോലാഹലങ്ങളൊന്നും ആ ചത്വരത്തിനപ്പുറം റോഡ് സൈഡിലെ നടപ്പാതയിൽ  കിടന്നുറങ്ങുന്ന വൃദ്ധ ദമ്പതികളെ  ഉണർത്തിയിട്ടില്ല. വൃദ്ധന്റെ മുട്ടിനു താഴോട്ടുള്ള വെപ്പുകാൽ ഊരി വെക്കാതെയാണ് ഇന്ന് ഉറക്കം. സൈക്കിളിലെ ഭിക്ഷാടനം കഴിഞ്ഞ്‌ നേരം വൈകിയെത്തി ക്ഷീണിതനായി തളർന്നുറങ്ങിയതാവാം.

കാണെക്കാണെ ആകാശമിരുണ്ടു കാഴ്ചകളെ മറയ്ക്കുകയാണ്. മാനം പെയ്യാൻ മുട്ടിനിൽക്കുകയാണ്. മഴ പെയ്തുതുടങ്ങിയാൽ നനയാതെ എങ്ങിനെ തിരിച്ചു വീട്ടിലേക്കെത്താമെന്നാണ് അയാളപ്പോഴോർത്തത്. വീടില്ലാത്തവർ അത്തരം ചിന്തകളുടെ അലട്ടലില്ലാതെ സസുഖം ഫുട്പാത്തിൽ കിടന്നുറങ്ങിക്കൊണ്ടിരുന്നു. മഴക്കുമുമ്പേ ഗാർഡനിലെത്തണം. നടത്തത്തിന് ഒന്നുകൂടി വേഗം കൂട്ടി.  

മഴക്കോള് കാരണമാവാം, ഗാർഡനിൽ എന്നുമുള്ള  തിരക്കില്ല. 

നഗരനിരത്തുകളിലെ തിരക്കിന് മുമ്പിൽ ഗാർഡനിലേത് ഒരു തിരക്കേയല്ല. റോഡിൽനിന്നും താഴെ  ഗാർഡനിലേക്കിറങ്ങിച്ചെല്ലുന്നിടത്ത്  നടവഴിയുടെ നടുക്കായി  ചാരനിറത്തിലുള്ള ഒരു കുറിഞ്ഞി കൈകാലുകൾ നീട്ടി വിസ്തരിച്ചു കിടപ്പുണ്ട്. അയാളെക്കണ്ടതും ഒന്ന് തലയുയർത്തി നോക്കി, പരിചിതത്വത്തിന്റെ നിസ്സംഗതയാൽ വീണ്ടും കണ്ണടച്ചു കിടന്നു. കുറച്ചകലെയായി ആ കിടക്കുന്നവളുടെ സൗന്ദര്യമത്രയും ആസ്വദിച്ചുകൊണ്ട് മുതുകിൽ തവിട്ട് നിറമുള്ള ഒരു കാടൻ കുറ്റിച്ചെടികൾക്കടിയിലായി പതുങ്ങിയിരിപ്പുണ്ട്.

ഗാർഡനിലെത്തിയാൽ കാലുകൾക്ക് ഗതിവേഗം കൂടും. ദ്രുതചലനമാണ് പിന്നീടങ്ങോട്ട്. ടൈലുകൾ പാകിയ നടപ്പാതയിലൂടെയുള്ള നടത്തം ആയാസരഹിതമാണ്. താനിവിടെക്ക് വരുന്നത് കൈകാലുകൾക്ക് പൂർണ്ണ തോതിലുള്ള വ്യായാമം നൽകാനാണ് എന്ന് മറ്റുള്ളവരുടെ മുമ്പിൽ  സ്ഥാപിക്കുകകൂടി ലക്ഷ്യമാണെന്ന് തോന്നുന്ന മട്ടിലാണ് നടത്തം. മുന്നിൽ നടക്കുന്ന ഓരോ ആളെയും മറികടന്ന് മുന്നേറുമ്പോൾ താൻ ഇപ്പോഴും പൂർണ്ണ ആരോഗ്യവാനാണെന്ന ഒരഹന്തയും അയാളിൽ നിറയുക പതിവാണ്. വല്ലപ്പോഴുമെത്തുന്ന ചില ചെറുപ്പക്കാരെ മാത്രമേ മറികടക്കാൻ സാധിക്കാതെ വന്നിട്ടുള്ളൂ. അതിലയാൾക്ക് വിഷമം തോന്നാറുമില്ല.

ഗാർഡന്റെ  കിഴക്കേ വശത്തായി നിൽക്കുന്ന ഗുൽമോഹറുകളിൽനിന്നും ഉതിർന്നുവീണ മെയ്ഫ്ലവറിന്റെ ഇതളുകൾ  നടവഴിയുടെ ആ ഭാഗത്തെ 

പട്ടുപരവതാനി വിരിപ്പിച്ചിരിക്കുന്നു. പുഷ്പങ്ങളെ ചവിട്ടിമെതിച്ചു നടക്കാൻ മടിയുണ്ട്, പക്ഷെ നിവൃത്തിയില്ലായിരുന്നു.

നടവഴിയുടെ വലതുവശത്തായി നടുവിലെ പുൽത്തകിടിക്ക് അതിരു തിരിച്ചുകൊണ്ടു ഭംഗിയിൽ വെട്ടിനിറുത്തിയിയ  ബോക്സ്വുഡ് ബുഷിൻറെ ഇളം തളിരുകളെ തലോടിക്കൊണ്ട് നടത്തത്തിന് വേഗം കൂട്ടി. 

ഉദ്യാനത്തിന് നടുവിലായി ഭംഗിയോടെ വെട്ടിനിറുത്തിയ നല്ല തെച്ചിയുടെ പടർപ്പ്. ആ പടർപ്പിനരികിലായാണ് അതിലേറെ വൃത്തിയിൽ വെട്ടിയൊതുക്കിയ തൻറെ വെഞ്ചാമരംപോലെ വെളുത്ത മുടിയുള്ള ഒരു  സ്ത്രീ ഷോൾഡർ ബാഗ് ആ പടർപ്പുകൾക്കിടയിൽ കൊരുത്ത്  വ്യായാമമെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്. 

മുന്നോട്ട് നടക്കവേ, വടക്കുവശത്തായി പുൽത്തകിടിയിൽ  ഫ്രഞ്ച് കട്ട് താടി വെച്ച ഒരു ചെറുപ്പക്കാരൻ  വിരിച്ചിട്ട  യോഗാമാറ്റിലിരുന്ന് വ്യായാമ ശേഷമുള്ള ധ്യാനത്തിലേക്ക് കടക്കുകയാണ്. ആകാശം ഒന്നുകൂടി കറുത്തിരുണ്ടു. പടിഞ്ഞാറൻ കടലകലത്തുനിന്നും മഴയുടെ വരവറിയിച്ചുകൊണ്ട് ഒരു നേർത്ത  ഇടി കുടുങ്ങി. മഴ പെയ്ത് തുടങ്ങിയാൽ ഈ ചെറുപ്പക്കാരന് ധ്യാനഭംഗം വരുമോ എന്നോർത്തുകൊണ്ട്,  മഴ വരുംമുമ്പ് തന്റെ നടത്തത്തിന്റെ അളവ് പൂർത്തിയാക്കാനുള്ള തിടുക്കത്തിൽ  വേഗത ഒന്നുകൂടി കൂട്ടി.

ഗാർഡന്റെ വടക്ക്  തൊട്ടപ്പുറത്തെ സൊസൈറ്റിയുമായി വേർതിരിക്കുന്നിടത്ത് അതിരിലാകെ നിറയെ കൈതയാണ്. കൈതമുല നീണ്ട് മണ്ണിലേക്കാഴ്ന്നിറങ്ങി ക്കിടക്കുന്ന  പൂക്കൈത. മഴകനക്കുന്ന മിഥുനം കർക്കിടക മാസങ്ങളിൽ തോട്ടുവക്കിൽ മണ്ണൊലിപ്പ് തടഞ്ഞു നിൽക്കുന്ന കൈതകളുടെ ഓരംപറ്റി സ്‌കൂളിലേക്ക് നനഞ്ഞൊലിച്ച് ഓടിത്തീർത്ത ബാല്യം പെട്ടെന്നൊരു തണുത്ത കാറ്റായി വന്ന്,  അയാളെ  തൊട്ടുതലോടിക്കൊണ്ട് കടന്നുപോയി. അതിനപ്പുറം കോളേജിലേക്കുള്ള യാത്രകളിൽ പൂക്കൈത അതിരുതിരിച്ച വരമ്പുകളിലൂടെ  പൂമണവും ശ്വസിച്ച്‌  നടന്നുതീർത്ത യൗവനം അയാളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്,  കാൽവണ്ണകളിൽ കോറിയിട്ട ചോരപ്പടർപ്പായി നീറി. അന്ന് പറിച്ചെടുത്ത കൈതപ്പൂവുകൾ അവളുടെ തുളസിക്കതിരില ചൂടിയ   മുടിയിഴകൾക്കിടയിലൂടെ   തിരുകിവെച്ചുവെന്ന് സ്വപ്നം 

കണ്ടുനടന്ന നാളുകൾ പെട്ടെന്നയാൾക്ക് മുമ്പിൽ അന്നനട തീർത്തു.  

ആ ചിന്തകളിലാണ്ടുപോയ അയാളെ  പെട്ടെന്ന് മനം  തന്റെ മുമ്പിൽ കുറച്ചകലെയായി നടന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീരൂപത്തിലേക്ക് നയിച്ചു.

മുന്നിൽ വാരകൾക്കകലെയായാണ് അവർ നടന്നിരുന്നത്. മഴയൊഴിഞ്ഞ് ഒക്ടോബർ മുതൽ അയാളവിടെ നടക്കാൻ എത്തുന്ന സ്ഥിരക്കാരനാണ്. പക്ഷെ, ഇന്നേവരെ ഇവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അല്ലെങ്കിലും ഗാർഡനിലെ നടത്തത്തിൽ ആൾക്കാരേക്കാളേറെ അയാളുടെ ശ്രദ്ധ ചുറ്റുപാടുകളിലേക്കാണ് പതിവ്. അങ്ങിനെ വിട്ടുപോയതാവുമോ!  

രണ്ടാഴ്ചമുമ്പാണ്  ഡിഗ്രി വാട്ട്സ് ആപ്പ്  ഗ്രൂപ്പ് അഡ്മിൻ ഏകാംബരൻ പുതുതായിത്തുടങ്ങിയ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പിലേക്ക് അയാളെയും കൂട്ടിയത്.   തുടക്കത്തിലെ ആവേശങ്ങൾക്കും ഗതകാല  തീവ്രസ്മരണകൾക്കു മപ്പുറം പലരും ആമുഖം പലവട്ടം നടത്തി തളർന്ന്, ഗ്രൂപ്പ്, നിദ്രയിലേക്ക് വഴുതി വീണപ്പോഴാണ്, ഇനി നമ്മുടെ ഗ്രൂപ്പിൽ ബാക്കിയുള്ളത് ഒരാൾ മാത്രമാണെന്ന് അഡ്മിൻ വോയ്‌സ് മെസ്സേജ് ഇട്ടത്. കൂടെ ആ സഹപാഠിയെ കണ്ടുപിടിക്കാൻ നടത്തിയ തത്രപ്പാടുകളെക്കുറിച്ചും അതിൽ സാമാന്യം സുദീര്‍ഘമായിത്തന്നെ അവൻ   വാചാലനാവുന്നുണ്ട്. ഡിഗ്രിക്ലാസിലെ  പലരെയും ഇന്ന്  ഓർമ്മപോലുമില്ല. പക്ഷെ ഇന്നും മറക്കാത്ത ഒരാളുണ്ട്, മായ. മായ മറവിക്കപ്പുറമുള്ള ഒരു തുരുത്തായിരുന്നു. ആ മായയെയാണ് ഇനിയും കണ്ടെത്താനായിട്ടുള്ളത്.    

ദൂരക്കാഴ്ചയിൽതന്നെ ആ നടത്തം ചിരപരിചിതമായിത്തോന്നി. ആ നടത്തം എത്ര തവണ ആസ്വദിച്ചിട്ടുള്ളതാണ്, അത് നോക്കി നിന്നിട്ടുള്ളതാണ്. അതെ, അതേ നടത്തം. അതിനൊരു മാറ്റവുമില്ല. പ്രഭാതസവാരിയുടെ ശ്രേണിയിൽ പെടുത്താൻ പറ്റാത്ത പദചലനങ്ങൾ. മായ. അത് മായതന്നെ എന്നയാൾ ഉറപ്പിച്ചു. 

മായയുടെ ഓർമ്മകൾക്ക് തുളസിപ്പൂവിന്റെ ഗന്ധമാണ്. കൈതപ്പൂകൊണ്ട് പലവട്ടം  മറികടക്കാൻ  ശ്രമിച്ചുവെന്നാലും  ഒരിക്കലുമത് വിജയം കണ്ടില്ല. കൈതമുള്ളുകൾ കുത്തിനോവിച്ചതല്ലാതെ.

ഇന്ന്  ഗാർഡനിലെത്തി ചുരുങ്ങിയത് 5 വട്ടം ഉദ്യാനത്തിനെ വലംവെച്ച് കഴിഞ്ഞു. പക്ഷെ ഒരിക്കൽപ്പോലും അവരെ കാണുകയുണ്ടായില്ല, അല്ലെങ്കിൽ ശ്രദ്ധയിൽ പെട്ടില്ല. ഇതിപ്പോൾ, ഇവരെപ്പോൾ ഇതിനകത്തു കടന്നുകൂടിയെന്നായി ചിന്ത.. നടത്തത്തിന് ഒന്ന് കൂടി വേഗം കൂട്ടി. വേഗം നടന്ന് അവരെ മറികടന്ന് മുന്നിലെത്തി ആളെ തിരിച്ചറിയണം. സംസാരിക്കണം. ഉറപ്പാക്കണം.

പക്ഷെ കാര്യങ്ങൾ വിചാരിച്ചപോലെ എളുപ്പല്ല. ഇതൊരു പബ്ലിക് പാർക്ക് ആണ്. അവിടെ പെരുമാറുന്നതിന് ചില ചട്ടങ്ങളുണ്ട്. 

നടന്ന് ഒപ്പമെത്തണം. മുന്നിൽകടന്ന് പുറകിലോട്ട് നോക്കണം. പിന്നെ അറിയാതെ മുഖം നോക്കണം, 39 വർഷം പുറകിലോട്ട് നോക്കണം. വീണ്ടും മുമ്പോട്ടെണ്ണണം. ഋതുക്കൾ മുഖത്തിലും ശരീരത്തിലും വരച്ച വരകളും കുറികളും മായ്ക്കണം, വീണ്ടും വരയ്ക്കണം. കൂട്ടിയും കുറച്ചും, ചായങ്ങൾ ചേർത്ത് ചാലിച്ച്  മുഖത്തെഴുതി വരുമ്പോൾ കണക്കുകൾ തെറ്റരുത്.

പക്ഷെ ഈ പദ്ധതികളൊക്കെ തെറ്റും അവർ തിരിച്ചു നോക്കിയില്ലെങ്കിൽ, നോക്കിയിട്ടും പ്രതികരിക്കാതെ നടന്നു നീങ്ങിയാൽ. 

ഇപ്പോളയാൾ അവരെ മറി കടന്ന് മുന്നിലെത്തി. പക്ഷെ, അയാളുടെ സന്തതസഹചാരിയായ സങ്കോചത്തെ മറികടന്ന് തിരിഞ്ഞു നോക്കാനാവാതെ  മുന്നോട്ട് തന്നെ നടന്നു. 

39 വർഷംമുമ്പ് താൻ ആസ്വദിച്ച ആ ഗന്ധം അയാളൊന്ന് ഓർത്തു നോക്കി.. ഇല്ല, ആ ഗന്ധമില്ല.. ഇത് മായയാവാൻ യാതൊരു സാദ്ധ്യതയുമില്ല. മഴയുടെ വരവറിയിച്ചുകൊണ്ട് ഒരു തണുത്ത കാറ്റ് വീശി. കാറ്റിനപ്പോൾ  പുതുമണ്ണിന്റെ ഗന്ധമായിരുന്നു.  വടക്കേ അതിരിൽ നിൽക്കുന്ന കൈതയും പൂവിടാതെ, മണം പരത്താതെ നിർവ്വികാരയായി തളർന്നുകിടന്നു.

തൻറെ ഗതിവേഗം കൂട്ടാനായി ആക്സിലേറ്ററിലേക്കെന്നപോലെ കാലുകൾ നീട്ടിവെച്ചാഞ്ഞു ചവിട്ടി അയാൾ മുന്നോട്ട് കുതിച്ചു. എത്രയുംവേഗം വീണ്ടും അവരുടെ പുറകിലെത്തണം. മറികടന്ന്, സങ്കോചങ്ങളെ മാറ്റിവെച്ച് തിരിഞ്ഞു നോക്കണം, തിരിച്ചറിയണം.  

ആ കുതിപ്പിൽ പലരെയും മറികടന്ന് അയാൾ പടിഞ്ഞാറു ഭാഗത്തേക്ക് തിരിഞ്ഞു. അപ്പോളതാ, അയാളുടെ ഇംഗിതമറിഞ്ഞെന്നവണ്ണം അവർ ദൂരെ വടക്കുപടിഞ്ഞാറേ മൂലയിലുള്ള ബഞ്ചിൽ വിശ്രമിക്കുന്നു. അവരൊറ്റക്കാണ് ആ ബഞ്ചിലിരിക്കുന്നത്. 

എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്നയാൾ മനസ്സിലൊരു  പൂര്‍വ്വാഭിനയക്കളരി നടത്തിനോക്കി. അവരുടെ അടുത്തെത്താറാവുമ്പോൾ നടത്തത്തിന് വേഗം കുറച്ച്,  അവരുടെ നേരെ നോക്കി പരിചയഭാവത്തിൽ ഒരു പുഞ്ചിരി. പിന്നെ മലയാളത്തിൽ, മായയല്ലേ എന്ന ചോദ്യം. ആണെന്നാണ് ഉത്തരമെങ്കിൽ പിന്നെ അവിടെ കൂടെയിരുന്ന് മതിവരുവോളം സംസാരിക്കുക. സംസാരത്തിലൂടെ 39 വർഷത്തിൻറെ അകൽച്ചയെ ഇഴയടുപ്പത്തിലേക്കെത്തിക്കുക. അഥവാ അല്ലാ, എന്നാണുത്തരമെങ്കിൽ, ക്ഷമിക്കണം എന്നൊരു വാക്ക് മാത്രം.. ശൂന്യമായ മനസ്സുമായി നേരെ വീട്ടിലേക്ക് വെച്ച്പിടിക്കുക. 

ഇതൊക്കെ അഭിനയക്കളരികളിൽ വളരെ നന്നായി ചെയ്യാനയാൾക്കറിയാം. പക്ഷെ സ്റ്റേജിലേക്ക് കയറിയാൽ, മുന്നിലെ കഥാപാത്രത്തെ അഭിമുഖീകരി ക്കുമ്പോൾ  അയാളൊരു ഭീരുവായി മാറും.  പദാവലി നാണമെന്നിയേ മുദാ നാവിന്മേല്‍ നടനം ചെയ്യൽ പോയിട്ട്, നാവ് കുഴഞ്ഞ്, തൊണ്ട വരണ്ട് കണ്ണുകളിലേക്ക് ഇരുൾ പരക്കും. ഇന്നേവരെ നേരിട്ട ഓരോ നായികയുടെ മുന്നിലും അയാളിത്തരത്തിൽ പരാജയപ്പെട്ടിട്ടേയുള്ളൂ.

ഇനിയുമാലോചിക്കാനിടയില്ലാത്തവണ്ണം ഇപ്പോഴയാൾ അവർക്ക് മുമ്പിലെത്തി. സങ്കോചകവചത്തിൽനിന്നും ഉണർന്നെണീറ്റ് അവരെ നോക്കി. അപ്പോളാണത് ശ്രദ്ധിച്ചത്, അവർ കണ്ണടച്ചാണിരിക്കുന്നതെന്ന്. കണ്ണടച്ച്, തന്റേതായ ലോകത്ത് വ്യാപരിക്കുന്ന ഒരാളെ എങ്ങിനെ വിളിച്ചുണർത്തും. അത്തരം ധ്യാനഭംഗങ്ങൾ അരുതാത്തതാണ്. അതുകൊണ്ടുതന്നെ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു.  അടുത്തവട്ടം അവിടെയെത്തുമ്പോളാവാം സംസാരം. കാഴ്ചയിൽ  അത് മായ തന്നെ. പ്രായത്തിന്റെ മേദസ്സും ഋതുഭേദങ്ങളവശേഷിപ്പിച്ച ചുളിവുകളും മാറ്റി നിർത്തിയാൽ ആ ശരീരത്തിനോ, മുഖത്തിനോ ഒരു മാറ്റവും തോന്നിയില്ല. അത് മായയാണെന്നുതന്നെ വിശ്വസിച്ചുകൊണ്ട് മുന്നോട്ട് നടന്നു. 

ഒരാവൃത്തികൂടി അവരെ കാണാൻ, ഉറപ്പിക്കാൻ.

പെട്ടെന്നായിരുന്നു, മൂടിനിന്ന ആകാശം പെയ്ത് തുടങ്ങിയത്. മഴ നനയാതിരിക്കാൻ  റോയൽ പാമിന്റെ ചുവടൊഴികെ  ആ ഗാർഡനിൽ മറ്റൊരഭയമില്ല. ഏറ്റവുമടുത്തുകണ്ട ഒരു മരച്ചുവട്ടിലേക്ക് കയറിനിന്നു. പടിഞ്ഞാറുനിന്നും കിഴക്കോട്ട് വീശുന്ന കാറ്റിൽ ചെരിഞ്ഞു പെയ്ത മഴയിൽനിന്നും രക്ഷനേടാനായി മരത്തിന്റെ കിഴക്കുവശം ചേർന്ന് ഒട്ടി നിന്നു. പെയ്ത്തിന്റെ ശക്തിയിൽ മരച്ചുവട്ടിലെ മറവിലും അയാൾ നനഞ്ഞു കുതിർന്നു. വാരിയൊലിച്ചു പെയ്ത മഴ,  വരിയൊലിച്ചു കാണെക്കാണെ ഗാർഡനിലെ നടവഴിയെ മൂടിയതയാളറിഞ്ഞില്ല. പെട്ടെന്ന് ശക്തമായൊരു മിന്നൽപ്പിണർ താഴെവന്ന്  ഉറുമിയങ്കം തീർത്ത് പൊട്ടിത്തെറിച്ചു.   ആ പൊട്ടിച്ചിതറലിന്റെ ഭീകരതയിൽ പേടിച്ചരണ്ട് പിടിച്ചാലെത്താത്ത ഉദ്യാനപ്പനയെ കെട്ടിപ്പിക്കാനൊരു  ശ്രമം നടത്തി. ഇടിമിന്നലിൽ വൃക്ഷച്ചുവട്ടിൽ നിൽക്കരുതെന്ന പാഠം പെട്ടെന്നയാളുടെ കൈകളെ അടർത്തി മാറ്റി. അപ്പോഴാണയാളോർത്തത്, ഗേറ്റിനു താഴെയായി ഒരു സെക്യൂരിറ്റി  ഷെൽട്ടറുണ്ടെന്ന്. ഓടി അയാളാ ഷെൽറ്ററിലഭയം തേടി.  ആദ്യമഴയിൽ നനഞ്ഞ് കുതിർന്ന അയാൾ, വീശിയടിച്ച കാറ്റിൽ ഒന്നുകൂടി തണുത്തു വിറച്ചു. അഭയകേന്ദ്രത്തിലഭയം നേടിയ അയാളെ വീണ്ടും  മായയുടെ ഓർമ്മകൾ തൊട്ടുവിളിച്ചു.  

ആ ഷെൽട്ടറിൽ നിന്നാൽ അവരിരുന്ന ബഞ്ചിന്റെ കാഴ്ച തൊട്ടു മുമ്പിലായുള്ള പടർപ്പുകളാൽ മറയുന്നത് കാരണം അവരവിടെ ഉണ്ടോ എന്നയാൾക്ക് വ്യക്തമായില്ല. 

അവളെ അവസാനമായിക്കണ്ട ഓർമ്മകൾക്കുമുണ്ട് ആ ഒരു അവ്യക്തത. ഡിഗ്രി അവസാനവർഷ സോഷ്യൽ ദിവസം പുഴക്കടവിലെ ഷാപ്പിലേക്ക് പോയത് മാത്രമാണ് വ്യക്തമായ ഓർമ്മ. പിന്നീട് നടന്നതൊക്കെ ഒരോളത്തിലായിരുന്നു. നിറച്ചുവെച്ച കോപ്പകളിൽനിന്നും തെങ്ങിൻ കള്ള് ഗ്ളാസുകളിലേക്ക് പകർന്ന് പതഞ്ഞൊഴുകി. ആദ്യമായി കള്ളിന്റെ രുചിയറിയുകയായിരുന്നു. കൂട്ടുകാരുമൊത്ത് വാതുവെച്ച് കുടിച്ചതും തലക്ക് മത്തുപിടിച്ചതുമോർമ്മയുണ്ട്. മത്തുപിടിച്ച  അയാൾ തന്റെ പോക്കറ്റിൽ നിന്നും ഉണങ്ങിത്തുടങ്ങിയ ഒരു കൈതപ്പൂവ് പുറത്തെടുത്തുകൊണ്ട് സ്വയം ഒരു വാതുവെച്ചു. ഈ കൈതപ്പൂ ഇന്നവളുടെ മുടിയിഴകളിൽ ഞാൻ ചൂടിച്ചിരിക്കും. ഇല്ലെങ്കിൽ ഞാൻ ഇക്കൊല്ലം പരീക്ഷയെഴുതില്ല.

തിരിച്ച് നട്ടുച്ചവെയിലത്ത് പെരുത്ത തലയുമായി ക്ലാസ് റൂമിലേക്കെത്തിയപ്പോഴക്കും അവിടെ ഗ്രൂപ്പ് ഫോട്ടോയുടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 

ഗ്രൂപ്പ് ഫോട്ടോയിൽ അവളുടെ പുറകിലായി നിന്നിരുന്ന വേണുവിനെ മാറ്റി നിർത്തിക്കൊണ്ട് അവിടെ കയറി നിന്നു. മുന്നിൽനിന്ന മായയുടെ മുടിയിഴകളിൽനിന്നും ഒഴുകിയ തുളസിപ്പൂ ഗന്ധം ദീർഘമായൊന്ന് ഉച്ഛ്വസിച്ചു കണ്ണുകളടച്ചുനിന്നു. മുന്നിൽനിന്ന സ്റ്റുഡിയോ ഫോട്ടോഗ്രാഫർ എല്ലാവരോടും ക്യാമറയിലേക്ക് നോക്കാനും പുഞ്ചിരിക്കാനും പറഞ്ഞപ്പോൾ പതുക്കെ കണ്ണ്‌ തുറന്ന് കയ്യിൽ കരുതിയ  കൈതപ്പൂ ആരുമറിയാതെ അവളുടെ മുടിയിഴകളിൽ തിരുകി, അനങ്ങാതെ നിന്നു. ഒക്കെ, റെഡി, ഒൺ, ടു, ത്രീ എന്ന ശബ്ദത്തിനിടയിൽ അവളത് അറിഞ്ഞുവോ എന്നത് വ്യക്തമല്ല. പതിയെ കൺപോളകൾക്ക് കനംവെച്ച് തുടങ്ങി.  കണ്ണുകൾ താനെ അടഞ്ഞു, ബഞ്ചിന്റെ മുകളിൽനിന്നും  പുറകിലേക്ക് ശബ്ദത്തോടെ മലർന്നടിച്ച് വീണെന്നത്,  കണ്ണ് തുറന്നപ്പോൾ ക്‌ളാസ് റൂമിലെ ബഞ്ചിൻ മുകളിൽ കൂട്ടുകാരുടെ ആകാംക്ഷ പൂണ്ട തുറിച്ച കണ്ണുകൾ അവ്യക്തമായിക്കണ്ട പ്പോളാണ് മനസ്സിലായത്. അപ്പോളേക്കും പെൺകുട്ടികളൊക്ക സ്ഥലം വിട്ടിരുന്നു.  അതിനുശേഷം പരീക്ഷാ നാളുകളിലൊന്നിൽപ്പോലും അവളെ കാണാനായില്ല. വാക്ക് പാലിച്ച അയാൾ പരീക്ഷയെഴുതി, പാസായി എങ്ങിനെയോ ഈ നഗരത്തിലെത്തപ്പെട്ടു. പിന്നീടൊരിക്കൽപ്പോലും അവളെ കാണാനോ, ഒന്ന് സംസാരിക്കാനോ ആയില്ല, ശ്രമിച്ചില്ല.

ഓർമ്മകളിൽനിന്നും തിരിച്ചെത്തിയ അയാൾക്ക് മുന്നിൽ മഴ പെയ്ത്ത് നിറുത്തിയിരുന്നു. വെള്ളംമുങ്ങിയ നടപ്പാതയിലൂടെ  അവരിരുന്ന പടിഞ്ഞാറേ മൂലയിലെ ബഞ്ചിനരികിലേക്ക് നടന്നു. മഴയിൽ കുതിർന്ന ബഞ്ചും പരിസരവും അപ്പോൾ ശൂന്യമായിരുന്നു. ആ ഉദ്യാനത്തിൽ അപ്പോൾ അവരെന്നല്ല, ആരും ഉണ്ടായിരുന്നില്ല.  

പതുക്കെ പുറത്ത് കടന്ന് തിരിച്ച് വീട്ടിലേക്ക് പോവാനായി വലത്തോട്ട് തിരിഞ്ഞ അയാൾ അറിയാതെ റോഡിന്റെ ഇടതു വശത്തേക്കായി  ഉദ്വേഗത്തോടെ നോക്കി. അപ്പോൾ അങ്ങ് ദൂരെ,  അവർ, ഒരു ബിന്ദുപോലെ, അതേ പദചലനങ്ങളുമായി അയാളുടെ കാഴ്ച്ചയിൽ നിന്നും അവ്യക്തമായി. ഒരു മായക്കാഴ്ച പോലെ.


ആദി കാലം

 

ആദി കാലം

 

-മുരളി വട്ടേനാട്ട്

 

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലുള്ള  ഹരിഹരേശ്വറിലെ സാവിത്രീ നദീ തീരത്തുള്ള ദേശ്‌പാണ്ഡെ കുടുംബത്തിലാണ്  ആദി എന്ന ആദിലക്ഷ്മി ജനിച്ചതും വളർന്നതും. അവളുടെ അജോബ(അച്ഛച്ചൻ) നാരായൺ ദേശ്‌പാണ്ഡെ ഒരു വിമുക്തഭടനാണ്. ആദിയുടെ ബാബ (അച്ഛൻ) നിതിനും ഇന്ത്യൻ കരസേനയിലാണ്. ആയി(അമ്മ) ദേവയാനി വീട്ടമ്മയും. 

1999ലെ ജേഷ്ഠമാസത്തിലെ ആദ്യമഴ പെയ്ത ഒരു സായംസന്ധ്യയിലാണ്  പോസ്റ്റുമാൻകാക്ക കമ്പിയുമായി ഹരിഹരേശ്വറിലെ വീട്ടിലെത്തുന്നത്.  പുതുമഴയുടെ വരവിൽ  ആഘോഷത്തിമിർപ്പുയർത്തേണ്ട  ആദി പതിവിന് വിപരീതമായി അന്ന് ഹരിഹരേശ്വറിലെ ഭഗവൽ സന്നിധിയിലായിരുന്നു.

ഹരിഹരേശ്വറിലെ സന്ധ്യകൾ അന്നാളിൽ പതിവിലേക്കാൾ മന്ത്ര മുഖരിതമായിരുന്നു. കാർഗിൽ കുന്നുകളിലെ നുഴഞ്ഞു കയറ്റങ്ങൾക്കെതിരെ പോരാടുന്ന  തങ്ങളുടെ നവ്രമാരുടെ(ഭർത്താക്കന്മാരുടെ)  ജീവൻ കാലഭൈരവന്റെയും കൈലാസനാഥന്റെയും കൈകളിലാണെന്നവർ വിശ്വസിച്ചു. അവരുടെ  പത്നിമാരത്രയും വൈശാഖമാസത്തിൽ തുടങ്ങിവെച്ച  വ്രതാനുഷ്ഠാനങ്ങൾ  ഒരു സപര്യപോലെ തുടർന്നു. 

ആയിയുടെ(അമ്മ) സങ്കടമോചനശ്രമങ്ങൾക്കുകൂട്ടായി 14 വയസ്സുകാരി ആദിലക്ഷ്മിയും ഉപവാസങ്ങളിലാണ്.  മാർക്കണ്ഡേയനെപ്പോലെ അവളും ശിവലിംഗത്തെ ചേർത്തുപിടിച്ച് ബാബയ്ക്ക്‌വേണ്ടി പ്രാർത്ഥിച്ചു.

ജേഷ്ഠമാസത്തിലെ നിർജ്ജല  ഏകാദശീ വ്രതം നോറ്റ് അവളും ആയിയും അവിടെ ഉപവാസമിരുന്നു.

സന്ധ്യാ ആരതിയുടെ ഒരുക്കങ്ങളിലാണ് ഹരിഹരേശ്വര മന്ദിർ. മന്ദിരത്തിനപ്പുറമുള്ള സമുദ്രത്തിന്റെ പശ്ചിമാഴങ്ങളിൽനിന്നും കാലവർഷത്തിന്റെ കരിമേഘങ്ങൾ ഉയർന്നുപൊങ്ങി ഹരിഹരേശ്വറിനെയും കിഴക്കൻ സഹ്യാദ്രി മലനിരകളെയും വിഴുങ്ങാനുള്ള ശ്രമങ്ങളിലാണ്.

ഇടക്കെപ്പോഴോ അങ്ങ് ദൂരെ സഹ്യന്റെ നെറുകയിലൊരു വെള്ളിടി വെട്ടി. ശിവലിംഗത്തെ വലംവെച്ചുകൊണ്ടിരുന്ന ആദി, മിന്നലിന്റെ ആഘാതത്തിൽ  പേടിച്ചരണ്ട് ആയിയെ കെട്ടിപ്പിടിച്ച്‌, പേടിച്ചു നിലവിളിച്ചു. അവളുടെ വീട്ടിൽ നിന്നുംവന്ന ഒരു ദൂതൻ അവളെയും അമ്മയെയും പതുക്കെ സാന്ത്വനിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

അവരുടെ കഠിന വ്രതങ്ങൾക്കും ബാബയുടെ ആയുസ്സിനെ രക്ഷിക്കാനായില്ല.     പോസ്റ്റുമാൻകാക്കയുടെ  ആ കമ്പിക്ക്  ആദിയുടെ ജീവിതത്തിനുമേൽ കരിമേഘങ്ങളുടെ വർഷപാതം ചൊരിയാനായിരുന്നു വിധി.

ആദിലക്ഷ്മിയുടെ അച്ഛൻ നിതിൻ ദേശ്‌പാണ്ഡെയുടെ മരണവാർത്തയുമായി എത്തിയ  കമ്പി ഗ്രാമത്തെ ഒന്നടങ്കം നടുക്കിക്കളഞ്ഞു. ഏറെ മോഹിച്ചു സ്വയം തിരഞ്ഞെടുത്തതായിരുന്നു നിതിൻ ഇന്ത്യൻ ആർമിയിലെ ഉദ്യോഗം. 

തന്റെ മുൻതലമുറയുടെ ക്ഷാത്രവീര്യം നിതിനെയും ഒരു പട്ടാളക്കാരനാക്കുകയായിരുന്നു. ഒടുവിൽ കാർഗിൽ മലനിരകളിൽ രാജ്യത്തിന് വേണ്ടി ജീവൻ വെടിയാനായിരുന്നു അയാളുടെ വിധി.

ബാബ  മരിക്കുമ്പോൾ  ആദിക്ക് 14  വയസ്സാണ് പ്രായം. അനിയൻ അമോലിന് 10ഉം. ബാബയും ആയിയുമായുള്ള വിവാഹം ഒട്ടും ഇഷ്ടമില്ലാതിരുന്ന അജോബക്ക് ആയിയെ  കാണുന്നതുതന്നെ ചതുർത്ഥിയായിരുന്നു. ആയിയുടെ സൗന്ദര്യത്തിൽ മയങ്ങി വീണതാണ് നിതിൻ എന്നാണ് അജോബ മറ്റുള്ളവരോട് പറയാറ്. കുണ്ഡലി(ജാതകം) നോക്കാതെ കഴിച്ച ആ വിവാഹത്തിന്റെ ഫലമാണ് ബാബയുടെ വിയോഗം എന്നാണ് അദ്ദേഹം വിശ്വസിച്ചതും പരക്കെ പറഞ്ഞു നടന്നതും.

ആദിയുടെ ആയി ദേവയാനി ജനിച്ചതും വളർന്നതും തൊട്ടടുത്ത ഗ്രാമമായ ശ്രീവർദ്ധനിലാണ്. നാന(മുത്തശ്ശൻ)യെ ചെറു പ്രായത്തിൽ തന്നെ നഷ്ടപ്പെട്ട ദേവയാനിയുടെ ജീവിതം നാനി(അമ്മമ്മ)യുടെ കൃഷിപ്പണിയിൽനിന്ന് കിട്ടുന്ന തുച്ഛവരുമാനത്തിൽ തളച്ചിട്ടതായിരുന്നു. പഠനം പത്താം തരത്തിൽ 

വഴിമുട്ടിനിന്ന്, അത്യാവശ്യം ടെയ്‌ലറിങ് പഠിക്കുന്ന  കാലത്താണ് തൊട്ടടുത്ത ഗ്രാമത്തിൽ താമസിച്ചിരുന്ന നിതിൻ ഒരിക്കൽ ലീവിൽ വന്നപ്പോൾ ഒരു കൂട്ടുകാരനൊപ്പം ശ്രീവർദ്ധനിലേക്ക് വരുന്നതും യദൃച്ഛയായിട്ടു് ദേവയാനിയെ കാണുന്നതും അവരിൽ മോഹമുണരുന്നതും.

തന്റെ ആഗ്രഹം അജോബയെ അറിയിച്ച ബാബക്ക് പക്ഷെ അദ്ദേഹത്തിൽ നിന്നും  കടുത്ത എതിർപ്പുതന്നെ നേരിടേണ്ടി വന്നു. ഒടുവിൽ ഏകദേശം രണ്ടു വർഷങ്ങൾക്ക്ശേഷം മകന്റെ മനം മാറുന്നില്ലെന്നുകണ്ട് അദ്ദേഹത്തിന് കല്യാണത്തിന് സമ്മതിക്കേണ്ടി വന്നതായിരുന്നു.

ബാബയുടെ മരണശേഷം അധികം താമസിയാതെ അജോബയുടെ കുത്തുവാക്കുകൾ സഹിക്കവയ്യാതായപ്പോൾ ദേവയാനി ഹരിഹരേശ്വറിലെ ഭർതൃവീട്ടിൽനിന്നും ആദിയെയും അമോലിനെയുംകൊണ്ട് നാനിയുടെ ശ്രീവർദ്ധനിലെ വീട്ടിലേക്ക് പോന്നു. 

ആദി പത്താം ക്‌ളാസിലും, ഒമ്പതാംതരംവരെ പഠിച്ച  ഹരിഹരേശ്വറിലെ സ്‌കൂളിൽതന്നെ പഠിച്ചു. നല്ല മാർക്കോടെ പാസാവുകയും ചെയ്തു. ബാബയുടെ പെൻഷൻകൊണ്ട് തുടർപഠനം എങ്ങിനെനടത്തും എന്നറിയാതെ ആയി കുഴങ്ങിയ നാളുകളിലാണ് തൊട്ടപ്പുറത്തെ ഡോക്ടർകാക്ക(അമ്മാമൻ) 

സഹായഹസ്തവുമായി എത്തുന്നത്.

ശ്രീവർദ്ധനിലെ നാനിയുടെ വീടിന് തൊട്ടപ്പുറത്തായാണ് ഡോക്ടർ കാക്കയുടെ  ഹവേലിപോലുള്ള വലിയ വീട്. പാട്ടീൽ ഡോക്ടർ നാട്ടിലെ പ്രമുഖനാണ്. തിരക്കുള്ള ഡോക്ടറാണ്. കൂടാതെ തുടക്കത്തിൽ  മിലിറ്ററിയിൽ നിർബന്ധിത സേവനം നടത്തി തിരിച്ചുവന്ന് ശീമയിൽപോയി ഉന്നത ബിരുദം നേടി വന്നയാളുമാണ്.

ബാബയുടെ മരണം ആയിയെ ശരിക്കും തളർത്തിയിരുന്നു. ആദിയുടെ പത്താം ക്ലാസ്  റിസൾട്ട് അറിഞ്ഞ  ഒരാഴ്ചക്കിടെയാണ് ആയിക്ക് പനി പിടിച്ച് ഡോക്ടർകാക്കയെ  കാണിക്കാനായി ആ വലിയ വീട്ടിലേക്ക്  ആദ്യം അവൾ കയറിച്ചെല്ലുന്നത്.

അവിടെയെത്തിയ ആയിയെയും അവളെയും  ഡോക്ടർകാക്ക സ്നേഹവാത്സല്യത്തോടെ സ്വീകരിച്ചിരുത്തി. ആദ്യമായിട്ടാണ് ഡോക്ടർകാക്കയെ  അടുത്തു കാണുന്നത്. കാഴ്ച്ചയിൽ സുമുഖനെങ്കിലും മുഖത്തു സ്ഥായിയായ ഗൗരവഭാവം. ചുരുളൻ മുടി. സ്വർണ്ണ ഫ്രെയിം കണ്ണട. സ്വർണ്ണ ബക്കിളുകളിട്ട ഫുൾ സ്ലീവ് ഷർട്ട്. കഴുത്തിൽ സ്ഥിരം ഫിറ്റ് ചെയ്ത സ്റ്റെതസ്കോപ്പ്.  

ആയിയുടെ രോഗവിവരങ്ങൾ ചോദിച്ചറിയുംമുമ്പേ അദ്ദേഹം ആദിയുടെ റിസൾട്ടിനെക്കുറിച്ചും തുടർ പഠനത്തെക്കുറിച്ചും  ചോദിച്ചറിഞ്ഞു. 

മുന്നോട്ട് പഠിപ്പിക്കുന്നില്ലെന്ന് ആയിയിൽനിന്നും കേട്ടമാത്ര അത് പറ്റില്ലെന്നും അവളുടെ പഠനം താൻ നടത്തുമെന്നും പ്രഖ്യാപിച്ചു, തന്റെ മകൾ വരദയെ വിളിച്ചു ആദിയെ കൂട്ടികൊണ്ടുപോവാൻ പറഞ്ഞു. ആയിയെ തന്റെ പരിശോധനാ മുറിയിലേക്കുംകൊണ്ടുപോയി. വരദയുടെകൂടെ അവൾ ആ ഹവേലി മുഴുവൻ ചുറ്റിക്കണ്ടു. അവിടത്തെ വേലക്കാരികൾ അവൾക്ക് കുടിക്കാൻ പന്ന(പച്ചമാങ്ങാ ജ്യൂസ്)   നൽകി. വരദയും പത്താംതരം പാസായി പ്ലസ് ടു പഠനത്തിനായി പോവുകയാണ്. 

പന്നയുടെ സ്വാദ് നുകർന്നുകൊണ്ടിരുന്ന അവളുടെ അടുത്തേക്ക് ആയിയെത്തി. ആയിയുടെ കണ്ണുകൾക്ക് കരച്ചിലിന്റെ വാട്ടമുണ്ടായിരുന്നു. 

അത് സൂചി കുത്തിയതിന്റെ വേദനകൊണ്ടാണെന്ന് പറഞ്ഞുകൊണ്ട് ആയി അവളെയുംകൂട്ടി വീട്ടിലേക്ക്  തിരിച്ചു നടന്നു.

ഡോക്ടർകാക്ക ആദിയെ  പ്ലസ് ടുവിന് ശ്രീവർദ്ധനിലെ അടുത്തുള്ള ഒരു  സ്‌കൂളിൽ ചേർത്തു. അവൾക്ക് ഒന്നിനും ഒരു കുറവും വരുത്തരുതെന്ന് ആയിയെ ഇടക്കിടെ വിളിച്ചു പറഞ്ഞു. പ്ലസ് ടുവിൽ ഉന്നത   വിജയം നേടി  ഡിഗ്രിക്ക്  ഗോഖലെ കോളേജിൽ ചേർന്നു.  

ശ്രീവർദ്ധനിലെ കോളേജ് പഠനകാലത്ത് അവൾ പൂത്തുലഞ്ഞു.  ആദിയുടെ ജീവിതത്തിലെ വസന്തകാലം. ദേവയാനിയെപ്പോലെ നീയും സുന്ദരിയാണെന്ന് ഡോക്ടർകാക്ക ആദിയോട് പറയുമായിരുന്നു. കൂടെപ്പഠിക്കുന്ന ആൺകുട്ടികളുടെ നോട്ടത്തിൽ അവൾക്കുമത് തോന്നിത്തുടങ്ങിയിരുന്നു.  എസ്. വൈ. ബികോമിന് പഠിക്കുമ്പോഴാണ്  കൂടെപ്പഠിച്ചിരുന്ന  സ്വപ്നിൽ ആദിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനാവുന്നതും അവളോട് പ്രണയാർഭ്യർത്ഥന നടത്തുന്നതും. സ്വപ്നിലിന് മറ്റു കുട്ടികളിൽനിന്നും വ്യത്യസ്തമായി എന്തെല്ലാമോ പ്രത്യേകതകൾ ഉള്ളതായി അവൾക്കും തോന്നിയപ്പോൾ അതൊരു പ്രണയമായി പരിണമിച്ചു.

പക്ഷെ, ആ പ്രണയത്തിന് അൽപ്പായുസ്സായിരുന്നു. ഡിഗ്രി കഴിഞ്ഞതും 

ഡോക്ടർകാക്കയുടെ ഒരു ബന്ധുവിന്റെ കല്യാണാലോചനയുമായി കാക്ക എത്തി. കാക്കയുടെയും  ആയിയുടെയും ഇംഗിതങ്ങൾക്ക് എതിരു നിൽക്കാൻ കഴിയാതെ അവൾ അതിന് കീഴടങ്ങി. അധികം താമസിയാതെ  മുംബൈ നഗരത്തിൽ ജോലിയുള്ള ആ ബന്ധുവുമായി  അവളുടെ വിവാഹവും നടത്തിക്കൊടുത്തു. 

എല്ലാം ഈശ്വര കൃപയെന്ന് നാനി ദൈവത്തോട് നന്ദി പറഞ്ഞപ്പോഴും ആയിയുടെ കണ്ണുകളിലെ ആധിയെന്തെന്ന് അവൾക്ക് വായിച്ചെടുക്കാനായില്ല. ബാബയുടെ വേർപാടും അജോബയുടെ പിന്നീടുള്ള ചെയ്തികളും  ഇപ്പോഴുമവരെ വേട്ടയാടുകയാവാമെന്ന് കരുതി സമാധാനിച്ചുകൊണ്ട് അവരോട് യാത്ര പറഞ്ഞ് അവൾ പടിയിറങ്ങി, സ്വപ്നിലിനെ പതുക്കെ മനസ്സിൽനിന്നും പടിയിറക്കി.

ആദിയുടെ ജീവിതം നഗരത്തിലേക്ക് പറിച്ചു നടപ്പെട്ടു. ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആയ അവളുടെ ഭർത്താവ് ചെറിയ വരുമാനക്കാരനായിരുന്നുവെങ്കിലും അവളെ ഏറെ സ്നേഹിച്ചു. ആ സ്നേഹത്തിൽ അവൾ തന്റെ ഭൂതകാലം മറക്കാൻ ശ്രമിച്ചു. അയാളുടെ  സ്നേഹക്കൂടുതലിൽ തനിക്കുമൊരു ജോലി വേണമെന്നോ വരുമാനം വേണമെന്നോ അവൾക്ക് തോന്നിയില്ല.  ആയിയാവട്ടെ നാനിയോടൊപ്പം അവരെ നോക്കി,  ഗ്രാമത്തിലെ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടി. അനുജൻ അമോലിനെ അവളും ഭർത്താവും ചേർന്ന് പഠിപ്പിച്ച് നഗരത്തിൽതന്നെ ജോലിയാക്കിക്കൊടുത്ത്  ഇപ്പോഴവൻ കുടുംബവുമായി  കഴിഞ്ഞുകൂടുന്നു.

16 വർഷത്തിനിപ്പുറം ആദിലക്ഷ്മിയുടെ ജീവിതം വീണ്ടും മാറി മറിയുകയാണ്. പെട്ടെന്നൊരു ദിവസം അവളുടെ  ഭർത്താവ് സ്ട്രോക്ക് ബാധിച്ച് കിടപ്പിലായി. ദീർഘകാലം നീണ്ടുനിന്ന ചികിത്സയിലും വിശ്രമത്തിലും അയാൾക്ക് ജോലി നഷ്ടമായി. നഗരജീവിതം അവർക്ക് താങ്ങാനാവാതെ  ഡോക്ടർ കാക്കയുടെയും  ആയിയുടെയും ഉപദേശത്തെ മാനിച്ച് ശ്രീവർദ്ധനിലേക്കുതന്നെ തിരിച്ചെത്തി.

ചിലരുടെ ജീവിതങ്ങൾ അങ്ങിനെയാണ് എന്ന് തോന്നിയിട്ടുണ്ട്. ദൗർഭാഗ്യങ്ങൾ കൃത്യമായ ഇടവേളകളിൽ അവരെ  വേട്ടയാടിക്കൊണ്ടിരിക്കും. അത്തരമൊരു വേട്ടയാടലിൽ ഒരു വർഷത്തിനുശേഷം അവളുടെ ഭർത്താവും അവളെ തനിച്ചാക്കി യാത്രയായി.

ഭർത്താവുണ്ടെന്ന ബലത്തിൽ ഒരു ജോലിക്ക് ശ്രമിക്കാതിരുന്നതിൽ ആദ്യമായി ആദിക്ക് പശ്ചാത്താപം  തോന്നി. ആയിക്ക് ബാബയുടെ പെൻഷനുണ്ട്. പക്ഷെ, അത് തനിക്കും, പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങൾക്കുമുള്ള ജീവനോപാധിയാവുകയില്ലല്ലോ. ഇന്നേവരെ ഒരു ഓഫിസ് ജോലിയും ചെയ്യാത്ത താൻ  നഗരത്തിൽപോയി വീണ്ടും ഒരു ജോലിക്കു ശ്രമിച്ചാലും കിട്ടാൻ വിഷമമാണ്.    അവിടെയാണ് ഡോക്ടർ കാക്ക വീണ്ടും അവൾക്കുനേരെ സഹായ ഹസ്തവുമായി എത്തുന്നത്. ഡോക്ടർ കാക്കയുടെ ക്ലിനിക്കിൽ  അവൾക്ക് ജോലി വാഗ്ദാനം ചെയ്തു. ചെറുതെങ്കിലും അതും ബാബയുടെ പെൻഷനും കൂടിയാവുമ്പോൾ എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാം.  ആയിയുടെ മുഖത്ത് അപ്പോഴും സന്തോഷമില്ല.  മകളുടെ ദൗർഭാഗ്യത്തിൽ ഒരമ്മക്ക് ഒരിക്കലും സന്തോഷിക്കാനാവില്ലല്ലോ. ബാബയുടെ മരണശേഷം, ആയി അങ്ങിനെയാണ്. ഒരിക്കലുമവരെ ചിരിച്ചോ, സന്തോഷിച്ചോ കണ്ടിട്ടില്ല.

ഡോക്ടർ കാക്കയുടെ മകൾ വരദ പഠിച്ച് വലിയ ഡോക്ടറായി ഭർത്താവുമൊത്ത്  മുംബൈ നഗരത്തിൽ സ്വന്തം ഹോസ്പിറ്റൽ നടത്തുന്നു. കാക്കി രണ്ടു വർഷം മുമ്പ് കാൻസർ വന്ന് മരിച്ചു. ഇപ്പോൾ ആ വീട്ടിൽ കാക്കയും പരിചാരകരും മാത്രം. നാട്ടിൽ ഡോക്ടർമാർ പെരുകിയ കാരണം  ക്ലിനിക്കിലെ തിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും രണ്ടു നേരവും രോഗികളെ നോക്കുന്നുണ്ട്.

ക്ലിനിക്കിൽ വരുന്ന രോഗികളുടെ വിവരങ്ങൾ കുറിച്ചുവെച്ച് അവരെ ഉള്ളിലേക്ക് കടത്തി വിടുക, ഫോണിൽ അവർക്ക്  അപ്പോയ്ന്റ്മെന്റുകൾ നൽകുക തുടങ്ങിയവയാണ് പണികൾ.

കാക്കയെ കാണാൻ വരുന്ന രോഗികളോട് ഇടപഴകാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം ആദിക്ക് മനസ്സിലായത്. ജീവിതത്തിൽ തന്നെക്കാൾ വിഷമങ്ങളുമായി ജീവിക്കുന്നവർ ഏറെയാണെന്ന്.  അവരുടെയൊക്കെ ആധികൾ തുലനം ചെയ്യുമ്പോൾ തൻറെ സങ്കടങ്ങൾ എത്രയോ നിസ്സാരം.

ജോലിയുടെ ഭാഗമായുള്ള ഉപയോഗത്തിനായി കാക്ക അവൾക്കൊരു സ്മാർട്ട് ഫോൺ നൽകി. "ഈ ഫോൺ ജോലി ആവശ്യാർത്ഥം മാത്രം. കൂടാതെ വല്ലപ്പോഴും എനിക്ക് നിന്നെ വിളിക്കാനും", കാക്ക പറഞ്ഞു. സ്വന്തം ഫോൺ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അവൾക്കും താല്പര്യമുള്ള കാര്യമായിരുന്നില്ല.

ജോലിയിൽചേർന്ന് ഒന്നുരണ്ടാഴ്ചകൾ പിന്നിട്ടിരിക്കണം. ഒരു ദിവസം രാത്രി വാട്ട്സ് ആപ്പിൽ  ഡോക്ടർകാക്കയുടെ  ഗുഡ് നൈറ്റ് മെസ്സേജ് അവളെ തേടിയെത്തി. തിരിച്ച് അവളും ശുഭരാത്രി നേർന്നു.

ആ ശുഭരാത്രി സന്ദേശം പിന്നീടുള്ള ഓരോ രാത്രികളിലും തുടർന്നു കൊണ്ടിരുന്നു. ആ സന്ദേശങ്ങൾക്കൊപ്പം ചിലപ്പോൾ ചില ശബ്ദ സന്ദേശങ്ങളും ഇഴഞ്ഞുകയറി വന്നു. ആ സന്ദേശങ്ങൾ വഴു വഴുത്ത ഒരു സർപ്പത്തെപ്പോലെ അവൾക്ക് മേൽ ഇഴഞ്ഞു നടക്കുന്നതായി അവൾക്ക് തോന്നി..

അങ്ങിനെ ആഴ്ചകൾ പിന്നിട്ടപ്പോൾ ഒരു പൗർണ്ണമി  രാത്രിയിൽ  ഡോക്ടർ കാക്കയുടെ  സന്ദേശം അവളെ തേടി എത്തിയില്ല. പകരം എത്തിയത് ഒരു വിളിയാണ്.

ആദീ... ആ വിളിയിൽ, നിറച്ചുവെച്ച സ്നേഹത്തേക്കാളേറെ കവിഞ്ഞൊഴുകിയത്  മറ്റൊരു വികാരമായിരുന്നു. അതൊരു സർപ്പംപോലെ അവളുടെമേൽ ഇഴഞ്ഞു കയറിയപ്പോൾ അവൾക്ക് ശബ്ദം നഷ്ടപ്പെട്ടപോലെ തോന്നി. 


ആദി, നീയെന്താ ഒന്നും മിണ്ടാത്തത്.. ആ ചോദ്യം അവളെ ഉണർത്തി.

അവൾ പറഞ്ഞു. കാഹിഹി നാഹീ(ഒന്നുമില്ല)… ബരെ വാട്ടത് നാഹിയെ…

(നല്ല സുഖമില്ല).

സാരമില്ല. ഇങ്ങോട്ടു വാ. ഞാൻ നോക്കട്ടെ. 

വേണ്ട, വേണ്ട.. ഒന്നുമില്ല. എന്തോ ചെറുതായൊരു തലവേദന, അത്രയേ ഉള്ളൂ.


അല്ല.. നീ ക്ലിനിക്കിലേക്ക്  വാ. ഏത് ചെറിയ തലവേദനയും വെച്ചിരിക്കരുത്. നോക്കട്ടെ.


ഒഴിവു കഴിവുകൾക്കുമപ്പുറം ആ വിഷസർപ്പം, തന്നെ ചുറ്റിവരിയാനുള്ള ശ്രമമാണെന്നവൾക്ക് മനസ്സിലായി. 


അവളെന്തോ തീരുമാനിച്ച പോലെ പറഞ്ഞു. ശരി കാക്ക, ഞാനിപ്പോ വരാം..

അവൾ  തന്റെ നിശാവസ്ത്രങ്ങൾ മാറ്റി, ഉടുത്തൊരുങ്ങി പുറത്തേക്കിറങ്ങി.

പൗർണ്ണമിയിലെ ചന്ദ്രനോടവൾക്ക് ദേഷ്യം തോന്നി. ആദ്യമായി തന്റെ സന്ദര്യത്തോട് അവൾക്ക് വല്ലാത്തൊരു വെറുപ്പ് തോന്നി. ഈ സൗന്ദര്യം കാരണമല്ലേ അയാൾക്കെന്നോട് ഇത്തരത്തിൽ പെരുമാറാൻ കാരണമായത്. ലോകത്തുള്ള എല്ലാ വിടന്മാരെയും  മനസാ ശപിച്ചുകൊണ്ട് അവൾ നേരെ പാട്ടീൽ വാടിയിലേക്ക് വേഗത്തിൽ നടന്നു.

ക്ലിനിക്കിൻറെ വാതിലുകൾ തുറന്നുകിടന്നിരുന്നു. അവിടെ ഒരു കഴുകൻ ഇരയെ കാത്തിരിക്കുകയാണെന്നവൾക്ക് തോന്നി.

ആദി, തുലാ കായ് ഝാലെ (നിനക്കെന്ത് പറ്റി) - കണ്ടതും അയാളവളോട് ചോദിച്ചു.

എനിക്കൊന്നും പറ്റിയിട്ടില്ല. ഉറച്ച ശബ്ദത്തിലവൾ പറഞ്ഞു. ആ ഉത്തരത്തിലെ പന്തികേട് മണത്തുകൊണ്ട് അയാൾ അവളോട് സൗമ്യമായി പറഞ്ഞു.

ഫോൺ ചെയ്തപ്പോൾ നിനക്ക് വയ്യെന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു ഒന്നുമില്ലെന്ന്. ആദി, നിനക്കെന്ത് പറ്റി. നീയെന്റെ കുട്ടിയല്ലേ.

അതെ.. ആ ബോധ്യം നിങ്ങൾക്കുമുണ്ടാവണം. നിങ്ങളുടെ കുട്ടിയാവാനുള്ള പ്രായമേ എനിക്കുള്ളൂ എന്ന കാര്യം നിങ്ങൾ മറക്കുന്നു. ഇതുവരെ നിങ്ങളെ ഞാൻ കാക്കാ  എന്നേ വിളിച്ചിട്ടുള്ളു. അത് മാറ്റി വിളിക്കാനുള്ള അവസരമുണ്ടാക്കരുത്.

നീയെന്തൊക്കെയാണ് പറയുന്നത്. ഞാൻ നിന്നെ ഒന്ന് പരിശോധിക്കട്ടെ. നിനക്കെന്ത് പറ്റിയെന്ന് നോക്കട്ടെ.

വേണ്ട. തൊട്ടു പോകരുതെന്നെ. എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്. 

ഇപ്പോൾ എനിക്കൊരു സംശയം കൂടി. എന്റെ അമ്മയെയും നിങ്ങൾ..

എന്തൊക്കെയാണ് നീ പുലമ്പുന്നത്. ശബ്ദം താഴ്ത്ത്.

ഇല്ല.. ഇന്ന് നിങ്ങളുടെ മുഖം മൂടി ഞാൻ വലിച്ചെറിയും. എത്ര സ്ത്രീകളെ നിങ്ങൾ ഇതേപോലെ കരുവാക്കിയിട്ടുണ്ട്.

ആ ചോദ്യത്തോടൊപ്പംതന്നെ പെട്ടെന്നവൾ  മേശപ്പുറത്തിരുന്ന, 

ചെറു  കീറിമുറിക്കലുകൾക്ക് ഉപയോഗിക്കുന്ന സർജിക്കൽ  കത്തി കൈക്കലാക്കിക്കൊണ്ട് അയാൾക്ക് നേരെയടുത്തു.

“ഇനി നിങ്ങൾക്ക് ഒരാളോടും ഇത്തരത്തിൽ പെരുമാറാൻ തോന്നരുത്. 

ആ തോന്നലുകളെയെല്ലാം ഞാനിന്ന് അറുത്തു മാറ്റാം. നിങ്ങളിൽ വളരുന്ന കാൻസറിനെ മുറിച്ചു കളഞ്ഞേക്കാം”.

ആദി, നീ എന്തിനുള്ള പുറപ്പാടാണ്. ഞാൻ നിന്നോട് ആയിരം തവണ മാപ്പ് പറയാം. ഒരിക്കൽപോലും ഇനി നിന്നോട് ഇത്തരത്തിൽ പെരുമാറില്ല.. അയാളവളോട് യാചനാ സ്വരത്തിലപേക്ഷിച്ചുകൊണ്ട് ഇരുകൈകളും   

തന്റെ പ്രിയപ്പെട്ട അവയവത്തിന് മുകളിൽ കൂട്ടിപ്പിടിച്ചു മറ തീർത്തു.

പോരാ. നിങ്ങളെപ്പോലുള്ളവർക്ക് സമൂഹത്തിലുള്ള സ്ഥാനവും സ്വാധീനവും, പിന്നെ  പണവും ഉപയോഗിച്ച് അബലകളായവരെ വേട്ടയാടുന്നു. 

അവരെ വെപ്പാട്ടികളാക്കുന്നു. ഇതിനെല്ലാം ഇന്ന് അന്ത്യമാവണം.

പെട്ടെന്ന് മറച്ചുവെച്ച കൈകൾ വലിച്ചെടുത്ത്, അവളയാളുടെ ചൂണ്ടു വിരൽ അറുത്തു മാറ്റിക്കൊണ്ട് ആക്രോശിച്ചു. ഇതൊരു ഓർമ്മിപ്പിക്കലാണ്. 

തൽക്കാലം ഇത് മതി. ഇത് പലതിലേക്കുമുള്ള, പലർക്കുമുള്ള ചൂണ്ടുപലകയാവണം, അടയാളമാവണം.

പുറത്ത് അപ്പോൾ അയാളുടെ അടക്കിപ്പിടിച്ച  നിലവിളിക്കുമപ്പുറം കാലവർഷം പെയ്ത്ത് തുടങ്ങിയിരുന്നു. ആ മഴയിലേക്കവൾ ഉറച്ച കാൽവെയ്പുകളോടെ  നടന്നിറങ്ങി.

ആ രാത്രിയിൽ യാമങ്ങൾക്ക് നീളക്കൂടുതലുണ്ടെന്നവൾക്ക് തോന്നി.    ശ്രീവർദ്ധനിലെ  രാത്രികൾക്ക് നീളം കൂടുതലാണെന്ന്  പണ്ടേ അവൾക്ക് തോന്നിയിരുന്നു. ആഷാഢരാത്രിയിലെ കലി തുള്ളുന്ന കടലിനേക്കാൾ ഇപ്പോൾ അവളുടെ മനസ്സ് ഇരമ്പുകയാണ്. മഴ ഒന്നുകൂടി കനത്തു. ആഷാഢത്തിലെ ആദ്യമഴ  അവൾക്കു മേൽ സാന്ത്വനമായി പെയ്തിറങ്ങി.

പതുക്കെ മഴ ശമിച്ചു. മഴയോടൊപ്പം അവളിലെ കലിയും. അപ്പോൾ വല്ലൊത്തൊരു  സംതൃപ്തിയാൽ അവളുടെ മനം നിറയുകയായി. 

തലമുറകളായി നീറിയനുഭവിച്ചു തീർത്ത ദുഃഖ സ്മൃതികൾക്ക് ഇനി മുതലറുതിയാവുമെന്ന ചിന്ത അവളെ സാന്ത്വനപ്പെടുത്തി.


ഓർമ്മകളില്ലാത്ത രാജ്യം

  മുരളി വട്ടേനാട്ട്   ഈയിടെയായി എനിക്ക് വലിയ മറവിയാണെന്ന് അവൾ പറയുന്നു. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ പല്ലു തേച്ചോ , കാപ്പി കുട...