Saturday, June 15, 2019

മുംബൈ ബാച്ചിലർ ജീവിതം -Part 8

ഒരു മാസത്തെ നീണ്ട ലീവിനു ശേഷം തിരിച്ച് ബോംബെ ദാദറിലെത്തിയ ഞങ്ങൾക്ക്, ഞങ്ങളെക്കാത്ത് നിൽക്കേണ്ടവർക്കായി അര മണിക്കൂർ കാത്ത് നിൽക്കേണ്ടതായി വന്നു, ഉണരാൻ വൈകിയത്രെ. ആദ്യയാത്രയിലെ ദാദർ സ്റ്റേഷനിലെ കാത്തുനിൽപ്പിൽ നിന്നും വ്യത്യസ്തമായി പരിഭ്രമമില്ലാത്ത കാത്തുനിൽപ്പ്.  ഇതിനിടയിൽ കൂട്ടുകാരെല്ലാം  കലീനയിലെ പഴയ റൂമിൽ നിന്നും  കാഞ്ചൂർമാർഗിലെ  പുതിയ റൂമിലേക്ക് മാറിയതിനാൽ അവരെക്കാത്ത് നിൽക്കുകയാല്ലാതെ മാർഗ്ഗമില്ലായിരുന്നു.

കലീനയിലെ റൂം ഓണർ സുരേഷ് ഞാൻ പോയി പിറ്റേന്ന് തൊട്ട് ദിവസേന പണം തിരികെ കൊടുത്തപ്പോൾ, കേശവനും പുതുമുഖം സുരേഷും ചേർന്ന് കാഞ്ചൂറിലേ റൂം പെട്ടെന്ന് ശരിയാക്കി ഒരാഴ്ചക്കകം മാറി.

കാഞ്ചൂരിലെ ടാഗോർ നഗർ ആറിലെ പുതിയ റൂം പഴയ റൂമുകളേക്കാൾ മെച്ചമാണ്. പൊതുവെ മദ്ധ്യവർഗ്ഗക്കാർ താമസിക്കുന്ന പ്രദേശമാണ്. നീളത്തിൽ കെട്ടിപ്പൊക്കിയ ലൈൻ മുറികൾക്ക് മേൽക്കൂര ആസ്ബസ്റ്റോസാണ്.      ഒറ്റ മുറിച്ചാൾ തന്നെ. എങ്കിലും അടുക്കളക്കും കുളിമുറിക്കുമായി ഒരു മറയുണ്ട്. അഞ്ചു പേരടങ്ങുന്ന ഞങ്ങൾക്ക് തിക്കിത്തിരക്കാതെ താമസിക്കാനുള്ള സൗകര്യമുണ്ട്. കക്കൂസ് പുറത്ത് തന്നെ. ടാഗോർ നഗറിലെ ചാൾ നിവാസികളെല്ലാം ആശ്രയിക്കുന്നത് ഒരറ്റത്തുള്ള പൊതു കക്കൂസ് തന്നെ. അത് കൊണ്ടു തന്നെ  അപകർഷതാ ബോധമില്ലാതെ രാവിലെ ബക്കറ്റുമായി പോയി ക്യൂ നിന്ന് കാര്യം കഴിച്ചു പോരാം. മുനിസിപ്പാലിറ്റിക്കാർ ദിവസേന വൃത്തിയാക്കുന്നതു കാരണം മൂക്കു പൊത്താതെ പോയിവരാം.

ടാഗോർ നഗറിലെ ചാളിൽ രണ്ടു റൂം അപ്പുറത്തായി ഒരു മലയാളി കുടുംബം താമസിക്കുന്നുണ്ട്. കണ്ണൂർക്കാരി ചേച്ചിയും മകളും. ഭർത്താവ് ഗൾഫിലാണ്. എതിർ വശത്തായി, രണ്ടു റൂം അപ്പുറത്ത് ഒരു മലയാളി ബാച്ചിലർ റൂമും ഉണ്ട്. ബാക്കിയെല്ലാം മഹാരാഷ്ട്ര്യൻ, ഗുജറാത്തി കുടുംബങ്ങൾ. ഞങ്ങളുടെ റൂമിന്റെ നേരെ എതിർവശത്തായി രണ്ടു റൂമുകൾ കൂട്ടി യോജിപ്പിച്ച് താമസിക്കുന്നത് ഒരു ഗുജറാത്തി കൂട്ടുകുടുംബം.  കുടുംബപരമായി  കച്ചവടക്കാരാണ്. തൊട്ടയൽപക്കത്ത് ഒരു യുപിക്കാരൻ ഒറ്റത്തടിയൻ.

നാട്ടിൽ നിന്നും എത്തിയ ക്ഷീണവും മടിയും കാരണം അന്ന് ഓഫീസിൽ പോയില്ല. ഉച്ചക്ക് വി ടിയിൽ പോയി Mackenna's Gold കണ്ടു. ഇന്ത്യൻ ഗ്രിഗറി പെക്കിന്റെ കൂടെ ജോലി ചെയ്യുന്നവൻ ഒറിജിനൽ ഗ്രിഗറിയുടെ അഭിനയം  കണ്ട് അത്ഭുതം കൂറി.

റിലയൻസ് ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യയിലും പാകിസ്ഥാനിലുമായി തുടങ്ങി. കളിയുള്ള ദിവസങ്ങളിൽ  ദേവ് സാബിൻറെ റൂമിൽ പോയി ടി വിയിൽ കളി കണ്ടു.

ആയിടക്കാണ് തൃപ്രയാറുകാരൻ സണ്ണി നാട്ടിൽ നിന്നും എത്തിയത്. വർത്തമാനത്തിൽ സണ്ണി സൂപ്പറാണ്, തനി നാടൻ. ഗണേശൻ നാട്ടിൽ പോയ സമയത്ത്, നാട്ടിൽ അത്യാവശ്യം വയറിംഗ് ജോലിയുമായി കഴിഞ്ഞിരുന്ന സണ്ണിക്ക് ബോംബെക്ക് പോരുവാനൊരു മോഹം തോന്നി ഗണേശനെ കണ്ട് കാര്യം അവതരിപ്പിച്ചു. നാട്ടിലെ ജോലികൊണ്ട് ആരും മൂപ്പരെ വിലമതിക്കുന്നില്ല. ഗണേശന്റെ ഒഴിവുകഴിവുകളൊന്നും സണ്ണിയുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ വിലപ്പോയില്ല. ഒടുവിൽ ഗണേശൻ സമ്മതിച്ചു, അങ്ങിനെയാണ് തൽക്കാലം ഞങ്ങളുടെ റൂമിലേക്ക് മൂപ്പരെത്തിയത്. പത്താം ക്ലാസും ഇലക്ട്രീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റുമാണ് മൂപ്പരുടെ യോഗ്യത. ഇടക്കിടക്ക് അതിഥിയായെത്തുന്ന ഗണേശനേയും, സണ്ണിയെയും കൂടി ഉൾക്കൊള്ളാൻ ഞങ്ങളുടെ റൂമിന് സ്ഥലമില്ല. അത് കൊണ്ട് തൽക്കാലം  ഒരാഴ്ചക്ക് റൂമിൽ കൂടെ കൂട്ടുവാൻ സമ്മതിക്കേണ്ടി വന്നു. താമസിയാതെ ഷഹാദിൽ മലയാളികൾ താമസിക്കുന്ന ഒരു പപ്പട നിർമ്മാണ കമ്പനിയിലെ തൊഴിലാളികളുടെ കൂടെ സണ്ണിക്കും താമസം ശരിയാക്കി ഗണേശൻ. ഒരാഴ്ച്ചക്കകം കാഞ്ചൂർ മാർഗിലെ ഒരു ഫാക്ടറിയിൽ ജോലി കണ്ടെത്തിയെങ്കിലും ഭാഷ പ്രശ്നവും, അദ്ധ്വാന ഭാരവും മൂലം അത് വേണ്ടെന്ന് വെച്ച് ഷഹാദിൽ തന്നെ ഒരു ജോലിയും സംഘടിപ്പിച്ചു.

അങ്ങിനെ ഒരാഴ്ച കൊണ്ട് അത്യാവശ്യം ഹിന്ദിയും മറ്റും പഠിപ്പിച്ചു ഞങ്ങൾ ഒരു തിങ്കളാഴ്ച രാവിലെ സണ്ണിയെ ഷഹാദിലേക്ക് യാത്രയാക്കി. ഞങ്ങൾക്കൊക്കെ ജോലിക്ക് പോകേണ്ടതിനാലും, ഒരാഴ്ചക്കിടയിൽ ലോക്കൽ ട്രെയിൻ യാത്ര ഒന്ന് രണ്ടു പ്രാവശ്യം അനുഭവിപ്പിച്ച ധൈര്യത്തിനാലും സണ്ണിയെ ഷഹാദിലേക്ക് ഒറ്റക്ക് പറഞ്ഞയക്കാൻ തീരുമാനിക്കുകയായിരുന്നു. പൊതുവെ ധൈര്യശാലിയായ സണ്ണിക്ക് ഒറ്റക്ക് പോകാൻ പേടിയൊന്നും ഇല്ല. സ്ലോ വണ്ടികൾ മാത്രം നിർത്തുന്ന  കാഞ്ചൂർ മാർഗിൽ നിന്നും ആദ്യം  സ്ലോ വണ്ടിയിൽ താനെ വരെ പോയി അവിടെ നിന്നും നാലാം നമ്പർ പ്ലാറ്റ് ഫോമിലെത്തി ടിറ്റ്-വാല, അസംഗാവ്, കസാറ എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന വണ്ടികളിലൊന്നിൽ കയറി ഷഹാദ് എന്ന സ്റ്റേഷനിൽ ഇറങ്ങണം എന്നൊക്ക പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു, സണ്ണി ആ പേരുകളൊക്കെ എഴുതിയെടുക്കുകയും ചെയ്തു. രാവിലെ 8 മണിക്ക് മൂപ്പർ കാഞ്ചൂർമാർഗിലെ സ്റ്റേഷനിൽ നിന്നും താനെ വണ്ടി കയറുന്നത് ഞങ്ങൾ ഒന്ന് രണ്ടു പേർ കണ്ടതുമാണ്. അന്ന് വൈകീട്ട് മറ്റൊരാളുടെ മേൽ കൂട്ടി മുട്ടാതെ കിടന്നുറങ്ങാമെന്ന ആശ്വാസത്തിൽ വൈകീട്ട് വീട്ടിലെത്തിയപ്പോൾ സണ്ണി  റൂമിൽ തന്നെ ഇരിക്കുന്നത് കണ്ട് ഞങ്ങളോരോരുത്തരുമായി ഞെട്ടി. സണ്ണി തൻറെ ലോക്കൽ ട്രെയിൻ യാത്രയുടെ ആദ്യ പാഠം ഞങ്ങൾക്കായി വിശദമായി വിവരിച്ചു തന്നു.

"ഒരു മലയാളി തെണ്ടി, അവൻ കാരണാണ് എനിക്ക് ഷഹാഡിലിക്ക് പൂവാൻ പറ്റാഞ്ഞത്".. സണ്ണിയുടെ വാക്കുകളിൽ, ഞങ്ങളൊഴിച്ച്, ബോംബെയിലുള്ള സകല മലയാളികളോടുമുള്ള ദേഷ്യവും പുച്ഛവും നിറഞ്ഞു നിന്നു. “അവനെങ്ങാനും എന്റെ കയ്യില് കിട്ട്യാല്ണ്ടല്ലോ.. ഹൂം..” എന്നും പറഞ്ഞു ആഞ്ഞു ചവിട്ടി ഉള്ളിലേക്ക്  പോയി ഒരു ഗ്ളാസ് ചുക്കുവെള്ളം കുടിച്ച് തിരിച്ചുവന്ന് അൽപ്പം ശാന്തനായി സണ്ണി ആ കഥ പറഞ്ഞു...

“ഒന്നും പറയണ്ട ന്റെ ഷ്ടാ... താനെ സ്റ്റേഷനില് നാലാമത്തെ പ്ലാറ്റ്ഫോമില് ഞാൻ ചെന്ന് നോക്ക്യപ്പോ, ആകെ തെരക്ക്.. നോക്യപ്പോ, തൊട്ട് മുമ്പില് കയ്യില് മംഗളം പിടിച്ച് ദാ നിക്കണൂ ഒരു തെണ്ടി. അവനോട് ഞാൻ ചോദിച്ചൂ, ഈ ടിറ്റ്-വാല വണ്ടി എവട്യാ വരാ? അപ്പോ അവൻ പറഞ്ഞൂ, ഈ വരണത് 8.52 ന്റെ ടിറ്റ്-വാല വണ്ഡ്യാന്ന്. ഹായ്.. ഒന്നൂല്യങ്കിലും അവൻ ഒരു മലയാളിയല്ലേ.. അവൻ പറയണത് ശരിയാവുംന്ന് കര്തി ഞാൻ. അവന്റെ കൂടെ ഞാനും കേറി.. നോക്യപ്പോ മുടിഞ്ഞ തെരക്ക്.. പിന്നെ അവനെ കണ്ട് ല്യ..  നേരം കൊറേ കഴിഞ്ഞിട്ടും നിങ്ങള് പറയണ കല്യാണോ.. ഷഹാഡോ ഒന്നും വന്ന് ല്യ.. എടക്ക് ചെല സ്റ്റേഷനില് ആൾക്കാരൊക്ക എറങ്ങ്ണൂ, വേറെ അത്രേം ആൾക്കാര് ചാടിക്കേറ്ണൂ .. ഒരു സൈഡില് ഒതുങ്ങി നിന്ന നമ്മെളെ ഇട്ട് ആൾക്കാര് പന്ത് കളിക്കന്നെ.. തെരക്ക് കൊറയണൂ, കൂട്ണൂ.  നോക്യപ്പോ,  ഘാട്കോപ്പറും കുർളഎം  ഒക്കെ മൂന്നും നാലും വട്ടം വന്നു. അവസാനം ഒരു രണ്ടു മൂന്ന് മണിക്കൂറ് കഴിഞ്ഞിട്ടും ആ സ്റ്റേഷനൊന്നും ഞാൻ കണ്ട് ല്യ.. പിന്നെ ഭാഗ്യത്തിന് തെരക്ക് ഇത്ത് രി കൊറഞ്ഞപ്പോ, കാഞ്ചൂർ മാർഗ് കണ്ടപ്പോ ഞാൻ ചാടി എറങ്ങി, ദാ ഇവടെ വന്നിരുന്നു.”

“ഒരു കാര്യം ഞാൻ പഠിച്ചൂ .. മലയാളിയോട് ഒരു സഹായം ചോദിക്കരുത്.. തെക്കോട്ട് വഴി ചോദിച്ചാ അവൻ വടക്കോട്ട് വിടും എന്ന് പ്പോ മനസ്സിലായി.”

തെറ്റ് മംഗളം വായനക്കാരനായ പാവം മലയാളിയുടെയോ സണ്ണിയുടേതോ ആയിരുന്നില്ല. ഇരുതല മൂരികളായ  ലോക്കൽ ട്രെയിനുകൾ  പൊതുവെ അറിയപ്പെടുന്നത് അവയുടെ ലക്ഷ്യസ്ഥാനത്തേക്കാൾ അവ വരുന്ന സ്ഥലം അടയാളപ്പെടുത്തിയാണ് എന്നതിനാലാണ്.  താനെയിലെ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകൾ ഒറ്റ പ്ലാറ്റ്‌ഫോമിന്റെ ഇടതും വലതുമായാണ്. താനെ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ കല്യാൺ ഭാഗത്തേക്കുള്ള ട്രെയിനുകൾ വന്ന് ടിറ്റ്-വാല പോലുള്ള ലക്ഷ്യ സ്ഥാനത്തേക്ക് പോകും. തൊട്ടപ്പുറത്തെ അഞ്ചാം പ്ലാറ്റ് ഫോമിൽ നിന്നും, ടിറ്റ്-വാല ഭാഗങ്ങളിൽ നിന്നും വരുന്ന വണ്ടികൾ ബോംബെ വിടി യിലേക്ക് പോകും. താനെയിലെ നാലും അഞ്ചും പ്ലാറ്റ്‌ഫോമുകൾ കൂടിച്ചേർന്നിടത്തേക്ക് ഇറങ്ങിയ സണ്ണി, തൻറെ നേരെ കണ്ട  മലയാളിയോട് ടിറ്റ്-വാല വണ്ടിയെപ്പറ്റി അന്വേഷിച്ചപ്പോൾ, അയാൾ അപ്പോൾ അഞ്ചാം പ്ലാറ്റ് ഫോമിൽ ടിറ്റ്-വാലയിൽ നിന്നും വരുന്ന ബോംബെ വിടിക്ക് പോകുന്ന ടിറ്റ്-വാല വണ്ടിയെപ്പറ്റി പറഞ്ഞു കൊടുത്തു. സണ്ണി നാലിൽ നിന്നും  ടിറ്റ്-വാലയിലേക്ക് കയറേണ്ടതിനു പകരം അഞ്ചിൽ നിന്നും ടിറ്റ്-വാലയിൽ നിന്നും വരുന്ന വണ്ടിയിൽ വി ടി യിലേക്ക് കയറി. സണ്ണി കയറിയ ലോക്കൽ ട്രെയിൻ താനെയിൽ നിന്നും വി ടി യിലും പിന്നീട് തിരിച്ചു സ്ലോ ആയി താനെയിലേക്കും അവിടെ നിന്നും വീണ്ടും വി ടിയിലേക്കും പല തവണ ഓടി...

ഓരോ നഗരത്തിനും ഉണ്ട് ഇത്തരം പ്രത്യേകതകൾ. ബോംബെയിൽ എത്തുന്ന ഓരോ മറുനാട്ടുകാരനും നിത്യേന ഇത്തരം അനേകം പാഠങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. പഠിച്ചവരാകട്ടെ, കന്നിയാത്രക്കാരുടെ ഇത്തരം അബദ്ധങ്ങളിൽ രസം കൊണ്ട് ചിരിച്ചു മണ്ണു കപ്പുന്നു.

ഇപ്പോൾ സണ്ണിയും ഞങ്ങളുടെ കൂടെ കൂട്ടച്ചിരിയിൽ കൂടി… “പാവം ശവി, അവനെ ഞാൻ വെർതെ ശപിച്ചു..”

മലയാളികൾ തൽക്കാലം സണ്ണിയുടെ ശാപത്തിൽ നിന്നും മുക്തരായി.

No comments: