Monday, November 14, 2016

അവിവാഹിതൻ

സുന്ദരൻ കാഴ്ചയിൽ സുന്ദരനും സൽസ്വഭാവിയുമായ ഒരു ചെറുപ്പക്കാരനാണ്. ഹൃദ്യമായ പെരുമാറ്റത്താൽ ഏവരെയും ആകർഷിക്കുന്ന പ്രകൃതം. ഈ 29 മത്തെ  വയസ്സിൽ തന്നെ പേരും പ്രശസ്തിയും നല്ലൊരു വരുമാന മാർഗ്ഗവുമുണ്ട്. സാധാരണ നിലയിൽ ഒരു പെണ്ണ് കിട്ടുന്നതിന് ഇതൊക്കെത്തന്നെ  ധാരാളം. അച്ഛൻ അയാൾക്ക് വേണ്ടി പെണ്ണന്വേഷിച്ച് അറിയാവുന്നവരോടൊക്കെ പറഞ്ഞിട്ടുമുണ്ട്. നേരിട്ടാരും എതിർത്തൊന്നും പറയാറില്ലെങ്കിലും ജാതകം ശരിയായില്ലെന്നോ മറ്റോ ഒരു മുടന്തൻ ന്യായവും പറഞ്ഞ് പെൺകുട്ടികളുടെ രക്ഷിതാക്കളൊക്കെ ഒഴിഞ്ഞു മാറുകയാണ്. അയാളെ അവർക്കൊക്കെ ഇഷ്ടമാണ്, എന്നല്ല അൽപ സ്വല്പം ആരാധനയും ഉണ്ട്. പക്ഷെ ആ ആരാധനയെ തങ്ങളുടെ മക്കളുടെ ഭാവിജീവിതവുമായി കൂട്ടിക്കുഴക്കാൻ എന്തോ ഒരു വിമുഖത.

കഴിഞ്ഞ സെൻട്രൽ എക്സിക്യൂട്ടീവിന് കണ്ടപ്പോൾ രാമേട്ടനാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. "സുന്ദരന് കല്യാണം ആലോചിക്കുന്നുണ്ടത്രെ". എന്റെ അറിവിൽ തൽക്കാലം പ്രായമായ പെൺകുട്ടികളൊന്നും ഇല്ല. ഏട്ടന്റെയും ഓപ്പോളുടെയും കുട്ടികളുടെയൊക്കെ കല്യാണം കഴിഞ്ഞു. എന്റെ കുട്ടികൾ പഠിക്കുന്ന പ്രായവും. പക്ഷെ രാമേട്ടൻ എന്നോട്  ആരെങ്കിലും ഉണ്ടോ എന്നൊന്നും ചോദിച്ചില്ല. ഒരു ബഹുവാക്ക് പറഞ്ഞ മാതിരി.

"നമ്മുടെ ട്രഷറർ ഗോപാലേട്ടനോടും വൈസ് പ്രസിഡണ്ട് കുഞ്ഞുട്ടേട്ടനോടും പറയായിരുന്നില്ലേ. അവരെ രണ്ടാൾടെം കുട്ട്യോള് കല്യാണ പ്രായായീലോ. പിന്നെ, സുന്ദരനാണെങ്കിൽ പേരും പ്രശസ്‍തീം ഉള്ള ആളും. നല്ല മാച്ചാവും ചെയ്യും",  ഞാൻ പറഞ്ഞു. 

"ഞാൻ പറയാഞ്ഞിട്ടൊന്ന്വല്ല, അവർക്ക് രണ്ടാൾക്കും അത്ര താല്പര്യല്ല്യ", രാമേട്ടൻ വ്യക്തമാക്കി.

"അതെന്താ, അയാൾക്കെന്താ ഒരു കുറവ് ? ഏകദേശം പത്തോളം സിനിമേല് അഭിനയിച്ചു. അതും നായകന്റെ ഒപ്പം നിൽക്കണ റോള്. പിന്നെ ഇപ്പൊ, അയാളില്ലാത്ത ഒരു ടിവി സീരിയലും ഇല്യേനും. ആകള്ള പ്രശ്നം നേരം ഇല്യാ എന്നെ എനിക്ക് തോന്നീട്ടുള്ളൂ. നല്ല സ്വഭാവാന്നാ കേട്ടിട്ട്ള്ളതും. അല്ലാ, രാമേട്ടന് അറിയണതാണല്ലോ"

"ഒക്കെ ശര്യന്നെ, പക്ഷെ ഈ ഫീൽഡിൽ ചെന്ന് പെട്ടാല്, എപ്പഴാ തല തിരിയാ എന്നറിയില്ല്യ. ഓരോര്ത്തരെപ്പറ്റി നമ്മളൊക്കെ കേക്കണതല്ലെ" - രാമേട്ടന്റെ ഈ അഭിപ്രായം കേട്ട് കൊണ്ട് ജയകൃഷ്ണനും കെ. ആർ. പി.യും അൽപ്പം മാറി നിന്ന് സംസാരിക്കുകയായിരുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു.  

"ആരെപ്പറ്റിയാ രാമേട്ടൻ പറയണത്?". കെ.ആർ.പി. ചോദിച്ചു. "ഹേയ് നമ്മടെ സുന്ദരന്റെ കല്യാണക്കാര്യം പറയായിരുന്നു".

"അല്ല, അത് രാമേട്ടൻ പറഞ്ഞത് ശരിയാണ്. ഈ സിനിമാക്കാരെ വിശ്വസിക്കാൻ പറ്റില്യാ. വൈകുന്നേരായാൽ സ്വല്പം അകത്താക്കാത്തോരും, അല്പ സ്വല്പം ചുറ്റിക്കളി ഇല്യാത്തോരും ഉണ്ടാവില്യ". ദൂരെ നിന്ന് ഞങ്ങളുടെ സംഭാഷണത്തിന് ചെവി വട്ടം പിടിച്ച് കയറി വന്ന സദാനന്ദേട്ടൻ ഒരു സാമാന്യ തത്വം പറയണ പോലെ തട്ടി വിട്ടു.   

"ഇതാണ് നമ്മൾക്കുള്ള കുഴപ്പം. ഒരാൾക്ക് എത്ര പേരും പ്രശസ്തിയും കിട്ടിയാലും അയാളെ അംഗീകരിക്കാൻ വയ്യ. സുന്ദരന് അത്തരം ദൂഷ്യങ്ങളൊന്നും തന്നെ ഇല്ല്യാ എന്ന് നമുക്കൊക്കെ അറിയണതല്ലേ. അങ്ങനെ ഒന്നും ഇന്നേ വരെ കേട്ടിട്ടന്നെ  ഇല്ല്യ.  എന്ന് തന്നെയല്ല, നമ്മടെ സമുദായത്തിന് തന്നെ അഭിമാനാണ് അയാള്". കൂട്ടത്തിൽ ചെറുപ്പക്കാരനായ ജയകൃഷ്ണൻ പറഞ്ഞു.

അപ്പോഴേക്കും ഞങ്ങളുടെ സഭയിലേക്ക് അംഗ സംഖ്യ കൂടി. 

"ഇക്കാലത്ത് അൽപ സ്വല്പം കഴിക്കാത്തോരായി ആരും ഉണ്ടാവും എന്ന് തോന്ന്ണില്ല്യ. പ്രശ്നം അതല്ല. ഇവരുടെ കൂടെ ഈ പാർട്ടീലും മറ്റും പൂവ്വ്വാ, ആടിക്കളിക്ക്യാ, ഇതൊന്നും നമ്മടെ കുട്ട്യോൾക്ക് പറ്റില്യ" - കെ. പി. ആർ. തന്റെ അഭിപ്രായം ആധികാരികമായി പ്രകടിപ്പിച്ചു.  

"അല്ലാ, അയാള് നമ്മടെ മാസികേലൊരു പരസ്യം കൊടുക്കട്ടെ, അപ്പൊ ഏതെങ്കിലും കുറച്ചാലോചന വരാണ്ടിരിക്കില്ല്യ" - ദളം മാനേജർ ഉണ്ണികൃഷ്ണൻ രാമേട്ടനോടായി പറഞ്ഞു. അത് ശരിയാണല്ലോ എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടു.

“ഞാൻ സുന്ദരനെ ഒന്ന് കാണണം എന്ന് വിചാരിച്ചിട്ട് കുറെ ദിവസായി. നമ്മടെ അടുത്ത യുവജനസഖ്യം ഉത്ഘാടനത്തിന് ക്ഷണിക്കുകയും വേണം” - കൺവീനർ കൂടിയായ ജയകൃഷ്ണൻ പറഞ്ഞു.

“തന്റെ കൂടെ ഞാനും വരാം. എനിക്കും ഒന്ന് നേരിട്ട് കാണണമെന്നുണ്ട്”- ഞാനെന്റെ ആഗ്രഹം വ്യക്തമാക്കി.

അങ്ങിനെയാണ് ഞാനും ജയകൃഷ്ണനും കൂടി സുന്ദരനെക്കാണാനായി എറണാകുളത്തിനടുത്തുള്ള ഒരു സീരിയൽ സെറ്റിലെത്തിയത്. ജയകൃഷ്ണൻ നേരത്തെ സമ്മതം ചോദിച്ചിരുന്നു. ഒരു ഉച്ച സമയത്തെത്താൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ പന്ത്രണ്ടേ മുക്കാലോടെയായിരുന്നു സെറ്റിലെത്തിയത്. സുന്ദരനും അമ്മയായഭിയിക്കുന്ന നടിയുമൊത്തുള്ള ഒരു കോമ്പിനേഷൻ സീനാണ് അപ്പോൾ എടുത്തിരുന്നത്. സ്പോട്ട് ബോയ് ഞങ്ങൾ സുന്ദരന്റെ ബന്ധുക്കളാണെന്ന് പറഞ്ഞപ്പോൾ കസേരയിട്ട് ഞങ്ങളെ മുറ്റത്തുള്ള മാവിൻ ചുവട്ടിലിരുത്തി.

ഉച്ചഭക്ഷണത്തിന്റെ ബ്രേക്കിന് അസിസ്റ്റന്റ് ഡയറക്ടർ വിളിച്ചു കൂവിയപ്പോൾ സുന്ദരൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. സമാജം സ്റ്റേജുകളിൽ പലവട്ടം കണ്ടിട്ടുണ്ടെന്നാലും, ഇന്നേ വരെ നേരിട്ട് പരിചയപ്പെടലുണ്ടായിട്ടില്ല. 

ഇത് ഗോപിയേട്ടൻ, ഞങ്ങളുടെ പുതിയ കമ്മിറ്റിയംഗം - ജയകൃഷ്ണൻ എന്നെ പരിചയപ്പെടുത്തി. ബോംബെലായിരുന്നു ഇത്രയും കാലം. ഇപ്പോഴാണ് നാട്ടിലേക്ക് വന്നത്.

എല്ലാവർക്കും കൈ തന്ന്  സുന്ദരൻ ഞങ്ങളുടെ കൂടെയിരുന്നു. സ്പോട്ട് ബോയിയെ വിളിച്ച് ഞങ്ങൾക്ക് കൂടെ ഭക്ഷണം വേണമെന്ന് പറഞ്ഞു.

“ബോംബെയിൽ എന്തിലായിരുന്നു”. കുറച്ച് സമയത്തിന് ശേഷം എന്നെ മുഷിപ്പിക്കേണ്ടെന്ന് കരുതിയാവണം, സുന്ദരൻ എന്നോട് ചോദിച്ചു.
ഞാൻ അവിടെ മീഡിയ ലൈനിലായിരുന്നു.

എഡിറ്ററായാണ് തുടങ്ങിയത്. ഒരു ചെറിയ എഡിറ്റിംഗ് സ്റ്റുഡിയോവിൽ. 

“ഓഹോ”.. സുന്ദരന് താല്പര്യമായി. 

“പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായി കുറച്ച് കാലം വർക്ക് ചെയ്തു. ആദ്യം കുനാൽ വർമ്മയുടെ കൂടെ. പിന്നെ രാം ദയാലിന്റെ കൂടെ..”

“അപ്പൊ സ്വന്തമായി ട്രൈ ചെയ്തില്ലേ” - എല്ലാവരെയും പോലെ സുന്ദരനും സംശയം.

“കുറെ ശ്രമിച്ചു... സ്ക്രിപ്റ്റ് നല്ലത് കിട്ടിയാൽ പ്രൊഡ്യൂസറെ കിട്ടില്ല. അഥവാ കിട്ടിയാൽ തന്നെ കാസ്റ്റിംഗ് ശരിയാകില്ല. താരങ്ങൾക്ക് പുതുമുഖ ഡയറക്ടറുടെ പടത്തിൽ അഭിനയിക്കാൻ വിഷമം.”

“അതിവിടെം അങ്ങനെത്തന്നെയാണ്”. സുന്ദരൻ പറഞ്ഞു. “പുതുമുഖങ്ങൾക്ക് ആരും ഡേറ്റ് കൊടുക്കില്ല.”

അപ്പോഴേക്കും വയസ്സ് 35 ആയി. വീട്ടുകാരുടെ പ്രഷർ. കല്യാണപ്രായം കഴിഞ്ഞെന്ന് അമ്മയും അമ്മാമനും ബന്ധുക്കളും പറഞ്ഞു തുടങ്ങി. സ്വന്തമായൊരു ജോലിയില്ലാത്തവന് ആര് പെണ്ണ് തരാൻ. എഡിറ്ററാണ്, അസിസ്റ്റന്റ് ഡയറക്ടറാണ് എന്നൊന്നും പറഞ്ഞാൽ ആരും പെണ്ണ് തരില്ലല്ലോ. മേൽ വിലാസമുള്ളൊരു കമ്പനിയിൽ ജോലിയുണ്ടെങ്കിൽ പിന്നെയും നോക്കാം. 

അപ്പൊ, ചേട്ടനും കല്യാണം കഴിച്ചിട്ടില്ലേ..സുന്ദരന് ആകാംക്ഷയായി. 

പറയാം.. സുന്ദരന്റെ ആകാംക്ഷയെ മുൾ മുനയിൽ നിർത്തിക്കൊണ്ട് ഞാൻ തുടർന്നു.

എന്റെ ചേട്ടന്മാർ രണ്ടു പേരും കല്യാണം കഴിച്ചത് മുറപ്പെണ്ണുങ്ങളെയാണ്.. രണ്ട് അമ്മാമന്മാരുടെ മക്കളെ.

അപ്പോൾ ചേട്ടനും അത് കൊണ്ട് രക്ഷപ്പെട്ടോ?

ഇല്ല, സുന്ദരാ... ഭാഗ്യദോഷം എന്ന് പറഞ്ഞാൽ മതീലോ. അമ്മാമന്മാർക്ക് രണ്ടാമത്തേത് ആൺ കുട്ടികളായിരുന്നു. 

ശ്ശേ.. എനിക്കും ഉണ്ട് അമ്മാമന്മാര് 3 ആള്. പക്ഷെ ഒക്കേം എന്റെ ചേച്ചിമാരാ.. സുന്ദരനും തന്റെ മനോവ്യഥ വ്യക്തമാക്കി. 

എങ്കിൽ പിന്നെ ചേട്ടനങ്ങ്  പ്രേമിക്കാമായിരുന്നില്ലേ..

അതെ.. നല്ല പ്രായത്തിൽ സമപ്രായക്കാരിലും കുറഞ്ഞ വളർച്ചയുണ്ടായിരുന്ന എന്നെ ഒരു പെൺകുട്ടിയും  നോക്കിയിരുന്നില്ല. അത് കൊണ്ട് തന്നെ ഒരു അധമ ബോധം എന്നിൽ രൂഢമൂലമായിരുന്നു താനും.

എന്നിട്ട്...

ആയിടെ ഒന്ന് രണ്ട് പടത്തിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തു. കഞ്ഞി കുടിച്ചു പോണ്ടേ.. പക്ഷെ എഡിറ്റർമാർക്കൊന്നും പൈസ കയ്യിൽ കിട്ടില്ല. താരങ്ങൾക്കും മറ്റ് കയ്യൂക്കുള്ളവർക്കും കിട്ടിക്കഴിഞ്ഞ് ഭാഗ്യമുണ്ടെങ്കിൽ, പടം വിജയിച്ചാൽ മാത്രം പണം കിട്ടും. അതു തന്നെ അമ്മയെയും അച്ഛനെയും വരെ പല തവണ ഹോസ്പിറ്റലിലാക്കി കൊല്ലാതെ കൊന്നിട്ട് വേണം.

അത് ശരി.. അപ്പൊ അവിടെം ഇതൊക്കെ തന്നെയാണ് സ്ഥിതി അല്ലെ.. - സുന്ദരൻ.

അങ്ങിനെ മടുത്തപ്പോൾ, ഞാനൊന്ന് കളം മാറ്റിച്ചവിട്ടി. 

അതെങ്ങനെ.. ഇത് വരെ ഫോണിലായിരുന്ന ജയകൃഷ്ണനും കൂടി. ഞങ്ങൾക്കുള്ള ഭക്ഷണം എത്തി. 

ഈ ഭക്ഷണം ചേട്ടനും കുറെ കഴിച്ചിട്ടുള്ളതാണല്ലേ.. 

അതെ.. ഭക്ഷണത്തോടൊപ്പം ഞാൻ തുടർന്നു. 

ആയിടക്കാണ് ടെലിവിഷൻ ചാനലുകൾ മുളച്ചു പൊങ്ങിയത്. പുതുതായി തുടങ്ങിയ ഒരു ചാനലിൽ ഒരു അസിസ്റ്റന്റ് ക്രിയേറ്റിവ് ഹെഡിന്റെ ഒഴിവുണ്ടെന്ന് സുഹൃത്തിലൂടെ അറിഞ്ഞപ്പോൾ ഞാനും അപേക്ഷിച്ചു.എന്റെ ഈ രംഗത്തെ കഴിവുകളെക്കുറിച്ച് മതിപ്പ് തോന്നിയിട്ടാവാം, അവരെന്നെ നിയമിച്ചു.  

ചാനലിലെ ആദ്യത്തെ ടോക്ക് ഷോയും, പരമ്പരയും വിജയമായതോടെ എന്നെ എതിർ ചാനലുകാർ അവരുടെ ക്രിയേറ്റിവ് ഹെഡ് ആക്കി കൊണ്ട് പോയി. 

കോർപ്പറേറ്റ് സെറ്റപ്പിലെ നല്ല ജോലി, നല്ല ശമ്പളം.. അപ്പൊ പിന്നെ കല്യാണവും ഒത്തു വന്നു. അങ്ങിനെ ഞാൻ മുത്തപ്പത്താറാം വയസ്സിൽ വിവാഹിതനായി. 

ങാഹാ.. ഭാഗ്യവാൻ. ഷാരസ്യാരാണോ?  - സുന്ദരന് സംശയം,

അതെ. ജാതക ദോഷം കാരണം കല്യാണം കഴിയാതെ നിന്നൊരു ഷാരസ്യാർ.

15 വർഷം ചാനലുകളുടെ ഉയർച്ച താഴ്ചകളിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിച്ചു. ഇപ്പോൾ ഈ രംഗം തന്നെ മടുത്ത് ജോലി രാജി വെച്ച് നാട്ടിൽ ഒരു വീട് വെച്ച് കുറച്ച് കൃഷിയുമായി കൂടിയിരിക്കുന്നു.

അപ്പോൾ കുട്ടികൾ..

കുട്ടികളൊക്കെ പഠിക്കുന്നു. ഒരാൾ ഡിഗ്രി ഫസ്റ്റ് ഇയർ. രണ്ടാമത്തെയാൾ പ്ലസ് വണിന്.

എന്തേ ചേട്ടൻ ഇത്ര പെട്ടെന്ന് വിട്ട് പോന്നത്. 

പെട്ടെന്നോ... 15 കൊല്ലം മീഡിയയിൽ വലിയ കാലയളവാണല്ലോ. പുതിയ പുതിയ ഐഡിയകൾ. റിയാലിറ്റി ഷോകൾ.. എല്ലാത്തിനും ഒരു പരിധിയില്ലേ.. ഈ രംഗത്തെ പുതിയ പ്രവണതകൾ മടുത്തപ്പോൾ പോന്നതാണ്. 

ഇപ്പോൾ ജീവിതത്തിലെ മൂന്നാം അവതാരത്തിലാണ്. കർഷകൻ. കൂടെ സമാജവും… അത് നന്നായി, സുന്ദരൻ പറഞ്ഞു.

ലഞ്ച് ബ്രേക്ക് കഴിഞ്ഞു. സീൻ തയ്യാറാണെന്ന് പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ സുന്ദരന്റെ അടുത്തെത്തി. 

ഞങ്ങൾക്ക് പിരിയാനുള്ള സമയമായി. വന്ന കാര്യം പറയാൻ വിട്ടു പോയി. ജയകൃഷ്ണൻ പറഞ്ഞു. അടുത്ത ഒക്ടോബർ 2 നു യുവജനസഖ്യം നടത്തുന്ന നിറമാല സുന്ദരൻ ഉദ്‌ഘാടനം ചെയ്യണം. 

സുന്ദരൻ അത് സന്തോഷത്തോടെ ഏറ്റെടുത്തു. അന്നെങ്കിലും വല്ലതും ഒത്താൽ ആയല്ലോ.

ചേട്ടനെ കാണാൻ കഴിഞ്ഞത് ഭാഗ്യം. എന്റെ കല്യാണക്കാര്യത്തിൽ ചേട്ടന് ഒന്ന് സഹായിക്കാമോ.

അയ്യോ രക്ഷയില്ല സുന്ദരാ.. നാം ഇനിയും മാറിയിട്ടില്ല. ഇന്നും പത്മനാഭന്റെ പത്ത് കാശിനും പെൻഷനും തന്നെയാണ് കല്യാണ മാർക്കറ്റിൽ വില. സിനിമാക്കാർക്ക് ഒരു രക്ഷയുമില്ല. വല്ലവരും തന്റെ സ്റ്റാർഡം കണ്ട് ഭ്രമിച്ച് വന്നാൽ രക്ഷയായി. എന്റെ എല്ലാ ഭാവുകങ്ങളും.. അത്രയേ പറയാൻ പറ്റൂ..

അല്ലെങ്കിൽ ഇതൊക്കെ വിട്ട് വല്ല ഐ.ടി കമ്പനിയിലും കയറിക്കൂടൂ. രക്ഷപ്പെടും.

ഞങ്ങൾ യാത്രയായി..


No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...