2022 നവംബർ 15, ചൊവ്വാഴ്ച

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 2

ദില്ലിയുടെ ചരിത്രം തേടി


ദില്ലിയുടെ മറ്റൊരു മുഖമാണ് മെട്രോകൾ. 2002 ൽ സ്ഥാപിതമായ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ 394 കിലോമീറ്റർ നീളത്തിൽ ഏകദേശം 12  വിവിധ ഇടനാഴികളിൽ 289 സ്റ്റേഷനുകളിലൂടെ  സർവീസ് നടത്തുന്നുണ്ട്. അതിലെ ഓറഞ്ച് ലൈൻ എന്നറിയപ്പെടുന്ന എയർപോർട്ട് എക്സ്പ്രസ്സ് ലൈനിലാണ് ഞങ്ങൾ ന്യു ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിലേക്ക് തിരിച്ചത്.


മെട്രോ എക്സ്പ്രസ്സിൽ

കോഴിക്കോട് നിന്നും ഞങ്ങളുടെ സംഘത്തിലെത്തിച്ചേരാൻ വിമാന മാർഗ്ഗം തിരിച്ച അനുജത്തി ശോഭയെയും  അവളുടെ കൂട്ടുകാരി ജ്യോതിയെയും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ 3 നിന്നും രാത്രി 12 മണിക്ക് കൂട്ടിക്കൊണ്ടു പോരണം. വിമാനത്താവളത്തിൽ 10  മണിയോടെ എത്തിയ ഞങ്ങൾ ഒരു മണി വരെ ആഗമന ഗേറ്റിന് മുമ്പിൽ അവരെക്കാത്ത് കൊതുകടിയും കൊണ്ട്  നിൽപ്പായി.

അങ്ങിനെ നിൽക്കുമ്പോൾ കാണുന്ന കാഴ്ചകൾ രസകരമാണ്. മാനുഷിക ബന്ധങ്ങളുടെ ആഴവും പരപ്പും വെളിവാക്കുന്ന  മുഹൂർത്തങ്ങൾ അവിടെ ഓരോ നിമിഷവും അരങ്ങേറിക്കൊണ്ടിരിക്കും. വർഷങ്ങളുടെ ഇടവേളക്ക് ശേഷം വേണ്ടപ്പെട്ടവരെ കണ്ടു മുട്ടുന്നവരുടെ ആനന്ദാതിരേകങ്ങൾ,    ഊഷ്മള സ്നേഹപ്രകരണങ്ങൾ,   സന്തോഷ പ്രകടനങ്ങൾ, അങ്ങിനെ അങ്ങിനെ..

അതിനിടയിലാണ് ഈ പ്രകടനങ്ങൾ കണ്ടു നിന്ന് സമയം കൊല്ലുന്ന ഞങ്ങളെ ചിന്തിപ്പിച്ചൊരു  സംഭവം അരങ്ങേറിയത്. വിദേശത്തുനിന്നുള്ള യാത്ര കഴിഞ്ഞു വരുന്ന ചെറുപ്പക്കാരനെ കവാടത്തിലെത്തി സ്വീകരിക്കുന്ന മറ്റൊരു ചെറുപ്പക്കാരൻ. സുഹൃത്ത് ബന്ധത്തിന്റെ ഊഷ്മളതയും കെട്ടുറപ്പും അരക്കിട്ടുറപ്പിക്കുന്ന ഒരു സൂപ്പർ  കെട്ടിപ്പിടുത്തം തന്നെ അവിടെ അരങ്ങേറി. നിമിഷങ്ങളോളം നീണ്ടു നിന്ന ആ പ്രകടനം കണ്ടു നിന്ന ഞങ്ങളും പറഞ്ഞു, ഇതാണ് യഥാർത്ഥ ചങ്ങാത്തം. ഇതെല്ലാം തന്റെ മൊബൈൽ കാമറയിൽ പകർത്തിക്കൊണ്ട് ഒരു മൂന്നാമൻ അൽപ്പം അകലെയായുണ്ട്. അയാൾ ഈ രംഗത്തിന്റെ വൈകാരികാംശങ്ങൾ ഒന്ന് പോലും ചോർന്നു പോകരുതെന്ന ദൃഢനിശ്ചയത്തിൽ തന്റെ ഛായാഗ്രഹണ പാടവം മുഴുവനായി കെട്ടഴിച്ച് അവരുടെ ഈ  പ്രകടനത്തെ ഒട്ടും ബാധിക്കാത്ത തരത്തിൽ തന്റെ പ്രവർത്തി തുടർന്നുകൊണ്ടിരുന്നു. കാണികളുടെ മനസ്സുകളിലും  ആ കൃഷ്ണ-സുദാമാ സമാഗമക്കാഴ്ച സ്‌നേഹത്തിന്റെ  സ്പന്ദനങ്ങൾ തീർത്തു.

കുറച്ചധികം നീണ്ടു നിന്ന ആ പ്രകടനം അങ്ങിനെ അഷ്ടകലാശത്തിലവസാനിച്ചു. വീഡിയോഗ്രാഫർ വിഡിയോ റെക്കോർഡിങ് സമാപിപ്പിച്ച് ആദ്യ സുഹൃത്തിനെ മാറ്റി അതിഥി  സുഹൃത്തിനെ ഗഡാലിംഗനം ചെയ്ത് ഒരു നിമിഷത്തിനകം മുന്നോട്ട് നീങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോളതാ ആദ്യത്തെ സുഹൃത്ത് തൻറെ അതിഥി  സുഹൃത്തിനോടായി പറയുന്നു. നീ ഒന്ന് തിരിച്ചു പോയി ഒന്ന് കൂടി വാ.. എന്റെ രണ്ടാം സുഹൃത്തിനും നിന്നെ ഇതേ മട്ടിൽ സ്വീകരിക്കണം എന്ന്. 

അതോടെ കണ്ടുനിന്നവരെല്ലാവരിലും ഒരു സംശയം, ഇത് വരെ ഞങ്ങൾക്ക് മുമ്പിൽ അരങ്ങേറിയ ആ രംഗം  യാഥാർഥ്യമായിരുന്നുവോ  അതോ അവരുടെ മൊബൈൽ ഫോൺ റീലിനു വേണ്ടി നടത്തിയ അഭിനയമായിരുന്നുവോ?   പ്രേക്ഷക മനസ്സുകളിൽ ചോദ്യം മാത്രം ബാക്കിയാക്കി അവർ പതുക്കെ രംഗം മറ്റുള്ള അഭിനേതാക്കൾക്കായി  ഒഴിഞ്ഞു കൊടുത്തു.

അവിടെ രംഗങ്ങളുടെയും  മുഹൂർത്തങ്ങളുടെയും തനിയാവർത്തനം   അനവരതം തുടർന്നു കൊണ്ടിരുന്നു. അതിനിടയിൽ ഏറെ കാത്തിരിപ്പിനു ശേഷം  ശോഭയും കൂട്ടുകാരിയും എത്തി. അതു വരെ അവിടെക്കണ്ട കെട്ടുകാഴ്ചകളുടെ  തനിയാവർത്തനങ്ങളിലേക്ക് വഴുതി വീഴാതെ,  ദില്ലിയുടെ കഥകൾ കേൾക്കാനും കാണാനുമായി ഞങ്ങൾ രണ്ടാം ദിനം പുലർച്ചെ  ഹോട്ടലിലേക്ക് യാത്രയായി..

കഥകൾ കേൾക്കാനിഷ്ടമുള്ള നാളുകളിൽ  ഒമ്പതിലെയും  പത്തിലേയും ഹിസ്റ്ററി ക്ളാസ്സുകളിൽ പട്ടാളം സാർ  പറഞ്ഞു തന്ന ചരിത്ര കഥകളുടെ പൊട്ടും പൊടിയും മനസ്സിലങ്ങിങ്ങായി തങ്ങിക്കിടപ്പുണ്ട് പാഠഭാഗങ്ങളുടെ ഒരു പുനർവായനക്കായി മനസ്സ് തിടുക്കം കൂട്ടി..

ദില്ലിയിലെ രണ്ടാം ദിനം പുലർന്നത് ചരിത്ര സൗധങ്ങളുടെ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോവാനായിട്ടായിരുന്നു. രവിയെന്ന  സംഘാടകൻ ഓരോ നിമിഷവും  അതിനുള്ള ഒരുക്കങ്ങളിൽ   വ്യാപൃതനാണ്ആഴ്ചകൾക്ക് മുമ്പേ ഏൽപ്പിച്ച വാഹനം ദില്ലിയുടെ കയ്യൊപ്പു പതിപ്പിച്ച്, പറഞ്ഞതിൽ നിന്നും അര മണിക്കൂർ വൈകി ഞങ്ങളെക്കൂട്ടാനായി എത്തി. ആദ്യ ലക്ഷ്യം ഇഷ്ടിക കൊണ്ട് പണിത  ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാരകങ്ങളിൽ ഒന്നായ കുത്തബ് മിനാർ ആയിരുന്നു. അവിടേക്കുള്ള കവാടത്തിലേക്ക് കടക്കും മുമ്പേ ഗൈഡുകൾ നിങ്ങളെ പൊതിയും. അവരിൽ നിന്നൊക്കെ രക്ഷപെട്ട് ടിക്കറ്റ് എടുത്ത്, ഓരോരുത്തരുടെയും ചരിത്രബോധം വെച്ച് മിനാരത്തെ അറിയുവാനായി ഞങ്ങൾ ഉള്ളിലേക്ക് കടന്നു.

മിനാരത്തിന്റെ ഔന്നത്യം ദൂരക്കാഴ്ചയിൽ കണ്ട് വിസ്മയിച്ച് ഉള്ളിലേക്ക് നടക്കുമ്പോൾ വഴിയരികിലെ ബഞ്ചിൽ നിന്നും ഒരു ഘനഗാംഭീര്യമാർന്ന ശബ്ദം ഞങ്ങളെ പുറകോട്ട് വിളിച്ചു.

ഒന്ന് നിൽക്കൂ കൂട്ടരേ... ഈ വിജയസ്മാരകങ്ങളുടെ, അധിനിവേശങ്ങളുടെ പിന്നാമ്പുറക്കഥകൾ നിങ്ങൾക്കറിയേണ്ടേ.. വെറുതെ കണ്ടു പോയാൽ മതിയോ.. പോരെന്ന് കൂട്ടത്തിലെ വിജ്ഞാന ദാഹിയായ രമേഷ് ശരിവെച്ചപ്പോൾ സ്ഥൂലശരീരനായ ആ അതികായകൻ ഞങ്ങളെ കഥ കേൾക്കാനായി ക്ഷണിച്ചു.. അതിനായി അയാൾ ആവശ്യപ്പെട്ടതോ,   മറ്റു ഗൈഡ്‌കളാവശ്യപ്പെട്ടതിനേക്കാൾ   ചെറിയൊരു തുക. ആ ദൗത്യം ഏറ്റെടുത്ത ഗൈഡ് ഞങ്ങളെ ചരിത്രത്തിലേക്ക് കൈപിടിച്ചാനയിച്ചു.

കഥ തുടങ്ങുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലെ   തുർക്കിസ്ഥാനിൽ നിന്നുമാണ്.    ജീവിക്കാൻ മറ്റു വഴികൾ അടയുമ്പോൾ തുർക്കിയിലെ ഐബക് ഗോത്ര വംശർക്കിടയിൽ അക്കാലത്ത് തങ്ങളുടെ ആൺ മക്കളെ അടിമച്ചന്തയിൽ വിൽക്കുമായിരുന്നു. (അഫ്ഘാനിലും  അതിനുനുമപ്പുറമുള്ള മേഖലകളിൽ ഇന്നുമത് നടക്കുന്നുണ്ടെന്ന് ഗൈഡ്  സ്വകാര്യം പോലെ പറഞ്ഞു വെച്ചു). പേർഷ്യയിലെ  നിഷാപൂർ പട്ടണത്തിലെ ഒരു  അടിമച്ചന്തയിൽ വെച്ച്   പ്രശസ്ത മുസ്ലീം ദൈവശാസ്ത്രജ്ഞൻ അബു ഹനീഫയുടെ പിൻഗാമിയായ ഖാസി ഫക്രുദ്ദീൻ അബ്ദുൽ അസീസ് കൂഫി തുർക്കിസ്ഥാനിൽ നിന്നുമുള്ള  കുത്തബുദീനെന്ന ഒരു ബാലനെ  വിലക്ക് വാങ്ങി. ഖാസി തന്റെ മകനെപ്പോലെ വാത്സല്യത്തോടെ  വളർത്തിയ ആ കൊച്ചു ബാലൻ അശ്വാഭ്യാസത്തിലും അമ്പെയ്ത്തിലും അഗ്രഗണ്യനായി. പിന്നീടെപ്പോളോ ഖാസിയുടെ മക്കളിലൊരാൾ അവനെ മറ്റൊരു കച്ചവടക്കാരന് വിറ്റു.  അയാളവനെ   ഘസ്നിയിൽ വെച്ച് ഗോറി സാമ്രാജ്യ സുൽത്താനായ  മുഹമ്മദ് ഗോറിക്ക് മറിച്ചു വിൽക്കപ്പെടുകയും ചെയ്തു.

തന്റെ അടിമകളിൽ  ഏറെ കഴിവുകളുള്ള ആ ചെറുപ്പക്കാരനെ  മുഹമ്മദ് ഗോറിക്കും ഇഷ്ടമായി. അവന്റെ കഴിവുകൾ കണ്ടറിഞ്ഞു കുതിരപ്പടയുടെ നോട്ടക്കാരനാക്കുകയും,  പിന്നീട് മുഹമ്മദ് ഗോറി രണ്ടാം തറൈൻ യുദ്ധത്തിലൂടെ  അജ്മീർ-ദൽഹി രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ  പരാജയപ്പെടുത്തി ദൽഹി കൈവശപ്പെടുത്തിയതോടെ തന്റെ വിശ്വസ്തനായിക്കഴിഞ്ഞിരുന്ന കുത്തബുദീൻ ഐബൈക്കിനു  ഇന്ത്യൻ പ്രവിശ്യകളുടെ  ചുമതല നൽകുകയും ചെയ്തു. അധിനിവേശങ്ങളിലൂടെയും വെട്ടിപ്പിടുത്തങ്ങളിലൂടെയും കുത്തുബ്ദീൻ തന്റെ സാമ്രാജ്യ വിസ്തൃതി വലുതാക്കിക്കൊണ്ടിരുന്നു. ഘസ്നിയിലേക്ക് മടങ്ങിയ ഘോറിയുടെ മരണ ശേഷം മക്കളില്ലാതിരുന്ന ഘോറിയുടെ സാമ്രാജ്യങ്ങളുടെ  ഭരണാവകാശം സൈന്യാധിപനായ   കുത്തബുദീൻ അല്ലറ ചില്ലറ ചെറുത്തു നിൽപ്പുകളെ  കീഴടക്കി കൈക്കലാക്കുകയും പിന്നീട്  ഇന്ത്യൻ ഭൂവിഭാഗങ്ങളുടെ  സ്വയം സുൽത്താനായി പ്രഖ്യാപിച്ചു കൊണ്ട് മംലൂക്ക് അഥവാ ഗുലാം(അടിമ)  രാജവംശം സ്ഥാപിക്കുകയും ചെയ്തു.

കുത്തുബ്ദീന്റെ കാലത്താണ് 1199 ൽ ഒരു വിജയ സ്മാരകം എന്ന നിലയിൽ ഈ മിനാരം പണിയാൻ തീരുമാനിച്ചത്. കുത്തുബ്ദീന് പക്ഷെ ആദ്യനില മാത്രമേ പണിയാൻ കഴിഞ്ഞുള്ളു. 1210ൽ കുതിരപ്പുറത്തുള്ള പോളോ കളിക്കുന്നതിനിടയിൽ ഉണ്ടായ ഒരു അപകടത്തിൽ കുത്തുബ്ദീന് ലാഹോറിൽ വെച്ച് അന്ത്യം സംഭവിക്കുകയും പിന്നീട് മകൻ  സുൽത്താൻ ആവുകയും ചെയ്തു.

ഇൽത്തുമിഷിന്റെ കഥ കൂടി കേട്ടാലേ ഇതിന്റെ കഥ പൂർണ്ണമാവൂ. അദ്ദേഹം കഥ തുടരുകയാണ്...


ഇൽത്തുമിഷും കുത്തബുദീനെപ്പോലെ തുർക്കിസ്ഥാനിലെ ഒരു ഗോത്ര വർഗ്ഗത്തിൽ ജനിച്ച് തന്റെ സഹോദരങ്ങളാൽ അടിമയാക്കപ്പെട്ട്, പിന്നീട് പല കൈകൾ മാറി ഒടുവിൽ ഖുത്ബുദ്ദീൻ ഐബകിന്റെ കൈയിലെത്തിപ്പെട്ടു. സൗന്ദര്യവും ബുദ്ധിയും ഒന്നുപോലെ ഒത്തുചേർന്ന ഷംസുദ്ദീൻ  ഇൽത്തുമിഷിനെ ഖുത്ബുദ്ദീൻ തന്റെ ഒരു പ്രവിശ്യയുടെ ഗവർണ്ണറാക്കുകയും തൻറെ മകളെ തന്നെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഖുത്ബുദ്ദീന്റെ മരണ ശേഷം മകൻ ആരാം ഷായെ സുൽത്താനായി വാഴിച്ചെങ്കിലും ഭരണനൈപുണ്യമില്ലാത്ത ആരാം ഷായെ അടുത്ത വർഷം യമുനാ തീരത്തു വെച്ച് നടന്ന ഒരു യുദ്ധത്തിൽ പരാജയപ്പെടുത്തി അടിമവംശത്തിന്റെ രണ്ടാം സുൽത്താനായി ഇൽത്തുമിഷ്  വാഴിക്കപ്പെട്ടു. അങ്ങിനെ ആദ്യ നിലയിൽ നിന്ന് പോയ മിനാരത്തിന്റെ പണി ഇൽത്തുമിഷ് പുനരാരംഭിക്കുകയും  30 വർഷങ്ങൾക്കപ്പുറം 4 നിലകൾ കൂടി കെട്ടി പൂർത്തിയാക്കുകയും ചെയ്തു. 12 വീതം കോണുകളും  ചാപങ്ങളുമുള്ള, ഇസ്ലാമികവാസ്തുകലയിൽ നിർമ്മിച്ച ഈ മിനാരം സൗന്ദര്യത്തിന്റ കാര്യത്തിൽ മറ്റേത് മിനാരങ്ങളെക്കാളും മുന്നിലാണ്.

മിനാരത്തിന്റെ ഇടതു വശത്തായി അലാവുദ്ദീൻ ഖിൽജി പണിയിപ്പിച്ച  ക്വാവെത്-ഉൽ-ഇസ്ലാം പള്ളിയുടെ   അലൈ ദർവാസാ എന്ന കവാടവും വിപുലമായ അറബി കാലിഗ്രാഫിയാൽ സമൃദ്ധമാണ്. അതിന്റെ കഥകളും അദ്ദേഹം ഞങ്ങൾക്കായി വിവരിച്ചു തന്നു.

കഥകൾക്കപ്പുറം ഒരു വഴികാട്ടിയെന്നതിനേക്കാൾ  ഞാനൊരു ഫോട്ടോഗ്രാഫറുമാണ് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം     മിനാരത്തിന്റെ മുൻപിലെ  ഫോട്ടോജെനിക് ആംഗിളുകളിൽ  ഞങ്ങളെ ചേർത്ത് നിർത്തി  ഫോട്ടോകളും എടുത്തു തന്നു.





ഈ കഥകൾക്കിടയിലൂടെ ഇൽത്തുമിഷിന്റെ കുരുത്തം കെട്ട മക്കളെപ്പറ്റി പറഞ്ഞപ്പോൾ  അദ്ദേഹം പറയാതെ പറഞ്ഞ മറ്റൊരു കഥ കൂടിയുണ്ട്.. എന്റെയും ആൺമക്കൾ അങ്ങിനെയാണ്. അതായിരിക്കാം ജീവിക്കാനായി ഈ വാർദ്ധക്യത്തിലും തൻറെ തടിച്ച ശരീരവുമായി അദ്ദേഹത്തിന് ഓരോ ദിനവും ദില്ലിയുടെ ചൂടിലും തണുപ്പിലും  കുത്തബ് മിനാറിന്റെ തണൽ പറ്റി  അലയേണ്ടിവരുന്നത്. ചിലർ ചരിത്രത്തിനിടയിലൂടെ തങ്ങളുടെ അപ്രസക്ത ചരിത്രം കൂടി പറയാതെ നമ്മോട് പറയും.

ഗൈഡിനോട് യാത്ര പറഞ്ഞു നീങ്ങിയ  സംഘാംഗങ്ങളിൽ പലരും അധിനിവേശങ്ങളുടെ കഥകൾ കേട്ട്  അധിനിവേശത്തിന്റെ പാതയിലായിരുന്നു. അവർക്ക് കുത്തബ് മിനാരത്തിനെ കൈപ്പിടിയിലൊതുക്കണം. ഏത് മഹാസൗധങ്ങളെയും തങ്ങളുടെ കൈക്കുമ്പിളിലാക്കുകയെന്ന ഫോട്ടോഗ്രാഫിക് ജാലവിദ്യകൾ പരീക്ഷിക്കണം. അന്നേ ദിവസം ഇനി കാണാൻ ബാക്കി കിടക്കുന്ന മറ്റു ചരിത്ര സ്മാരകങ്ങളെപ്പറ്റി ഒട്ടും വ്യാകുലപ്പെടാതെ സംഘത്തലവൻറെ ഉത്തരവുകൾക്കും കല്പനകൾക്കും പുല്ലു വിലനൽകിക്കൊണ്ട് തങ്ങളുടെ പരീക്ഷണങ്ങളിൽ മുഴുകി അവർ ഇഴഞ്ഞു  നീങ്ങിക്കൊണ്ടിരുന്നു...

തുടരും...

2022 നവംബർ 10, വ്യാഴാഴ്‌ച

ഇന്ദ്രപ്രസ്ഥത്തിലേക്കൊരു യാത്ര, അമൃതസരസ്സിലേക്കും - Part 1

ദില്ലി വിളിക്കുന്നു...


ദില്ലി എന്നെ ആദ്യമായി വിളിക്കുന്നത് 1984ലാണ്. 1983ലെ ജൂലൈ മാസത്തിൽ സ്റ്റാഫ് സെലെക്ഷൻ കമ്മീഷന്റെ പരീക്ഷയെഴുതി കുറേക്കാലം അവരുടെ വിളിക്കായി കാത്തിരുന്ന് മടുത്ത് 1984 ഏപ്രിൽ മാസത്തിൽ ഒരു ജോലിക്കായി  മുംബൈ നഗരത്തിലേക്ക് വണ്ടി കയറിയ ആ വർഷം ജൂണിലാണ്  നാട്ടിലെ വിലാസത്തിലേക്ക് ഒരു കത്തിന്റെ രൂപത്തിൽ വിളിയെത്തുന്നത്.

അവിടെ നിന്നും റീഡയറക്ട് ചെയ്ത് മുംബൈയിലെത്തി കയ്യിൽ കിട്ടിയ കത്തിലെ ഉള്ളടക്ക പ്രകാരം ഡൽഹി ഫുഡ് ആൻഡ് സപ്പ്ളൈസ് വിഭാഗത്തിലേക്ക് ഒരു ലോവർ ഡിവിഷൻ  ക്ലർക്ക് ആയിട്ടായിരുന്നു നിയമനം. 1983ലെ ജൂലൈ മാസത്തിൽ കൂടെ പരീക്ഷയെഴുതിയ പലർക്കും 83 ഒക്ടോബർ-നവംബറിൽ തന്നെ ജോലി ലഭിച്ചിരുന്നു. മുംബൈയിൽ എത്തി ഒരു ഗവണ്മെന്റ് ജോലിയെന്ന ചിന്തയെ ഉപേക്ഷിച്ച മട്ടിലായിരുന്നു അന്ന് ദേവ് ആനന്ദിന്റെ പ്രൊഡക്ഷൻ കമ്പനിയായ നവകേതനിൽ ജോലി തുടങ്ങിയത്. ഏകദേശം ഒരു വർഷത്തിന് ശേഷം എത്തിയ അപ്പോയിന്മെന്റ് ഓർഡർ എന്ത് കൊണ്ടോ എന്നെ ഒട്ടും ആകർഷിച്ചില്ല. കാരണം, ഒന്നാം പ്രീഫെറെൻസ് ആയി കൊടുത്ത "Y" കാറ്റഗറിയിലെ  ജോലികളായ  AG's ഓഫീസിലോ മറ്റു മിനിസ്ട്രി ഓഫിസുകളിലോ അല്ലെങ്കിൽ രണ്ടാം പ്രീഫെറെൻസ് ആയി നൽകിയ "X"  കാറ്റഗറിയിലെ ജോലിയോ നൽകാതെ, അപേക്ഷിക്കാത്ത "Z"  കാറ്റഗറിയിലെ  ജോലിയായ  ദൽഹി അഡ്മിനിസ്ട്രേഷന്റെ കീഴിൽ വരുന്ന ഫുഡ് ആൻഡ് സപ്ലൈസ് വിഭാഗത്തിലെ ലോവർ ഡിവിഷൻ ക്ലാർക്കിന്റെ തസ്തികയിലേക്കുള്ള നിയമനത്തെ മനസ്സ് അംഗീകരിച്ചില്ല. വീണ്ടും ഒരു വാണിംഗ് റിമൈൻഡർ ഓഗസ്റ്റിൽ കയ്യിൽ കിട്ടിയപ്പോഴും മനസ്സ് മാറിയില്ല. അതിൽ കണ്ട ശമ്പള സ്കെയിലും മറ്റും വായിച്ചപ്പോൾ അന്ന് കയ്യിൽ കിട്ടിയിരുന്നതിലും കുറവായിരുന്നുതാനും. പിന്നീട് ഇക്കാര്യം പറയുമ്പോൾ പലരും ഇതൊരു വമ്പൻ അബന്ധമായിരുന്നുവെന്ന് പറയാറു ണ്ടെങ്കിലും എനിക്കിന്നേവരെ അങ്ങിനെ തോന്നിയിട്ടേയില്ലമുംബൈയിലെ എന്റെ ആദ്യകാലങ്ങളിൽ, ഞാൻ പലപ്പോഴും ഇൻകം ടാക്സ് ഓഫീസിൽ ഉണ്ണിയേട്ടനെയും ഗണേഷിന്റെ സഹോദരിയായ ലക്ഷ്മിച്ചെച്ചിയെയും കാണാൻ പോകാറുണ്ടായിരുന്നു. അവിടെക്ക്  കയറിച്ചെല്ലുമ്പോൾ കാണുന്ന  പഴയതും പൊടിപിടിച്ചതുമായ ഫയലുകളുടെ  ദൃശ്യം, കൂടാതെ അവക്കിടയിൽ തല  പൂഴ്ത്തിയിരുന്നു  ജോലി ചെയ്യുന്ന  ജീവനക്കാർ, ഈ കാഴ്ചകൾ കാണുമ്പൊൾ ഒരു ആയുസ്സ് മുഴുവൻ ഇങ്ങനെയുള്ള ഒരോഫീസിൽ ജോലി ചെയ്യുന്നതിനെക്കുറിച്ചാലോചിക്കുമ്പോൾ തന്നെ പേടി തോന്നുമായിരുന്നു.

അധികം വൈകാതെയുണ്ടായ ഇന്ദിരാ ഗാന്ധിയുടെ വധം, അതിനെ തുടർന്നുണ്ടായ കലാപങ്ങൾ, അവിടത്തെ തീക്ഷ്ണമായ കാലാവസ്ഥ എന്നിവയും എന്നെ ഡൽഹിൽ നിന്നും അകറ്റി. അതിലേറെ ഞാൻ മുംബൈയെ സ്നേഹിച്ചു തുടങ്ങി എന്ന് പറയുന്നതാവും ശരി...

അത് കൊണ്ട് തന്നെ പിന്നീട് ഒരിക്കലും ഡൽഹി എന്നെ വിളിച്ചില്ല. എന്നെ തഴഞ്ഞവനെ എനിക്കും വേണ്ട എന്ന് മഹാ നഗരവും കരുതിയിരിക്കാം..

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ രവിയാണ് ദീപാവലി നാളുകളിൽ ഞങ്ങൾ അഞ്ചുകുടുംബത്തിന്  ഒന്നിച്ച്  പോവാൻ ഒരിടം തേടി ഡൽഹിയെന്ന ആശയം മുന്നോട്ട് വെച്ചത്. അങ്ങിനെ മുൻകാല വൈരാഗ്യങ്ങളും വൈമനസ്യങ്ങളും മാറ്റി വെച്ച് അവരോടൊപ്പം പോവാൻ തീരുമാനിച്ചു, ഡൽഹിയെ അടുത്തറിയാൻ.

പഴയ ഇന്ദ്രപ്രസ്ഥത്തിന്റെ കഥകളിലൂടെയും, പിന്നീട് തോമരരുടേയും ചൗഹാന്മാരുടേയും അടിമ രാജവംശങ്ങളുടെയും, ഖിൽജി, തുഗ്ലക്, സയ്യിദ്, ലോധി എന്നിവരുടെയും കാലങ്ങളിലൂടെ കടന്നു പോയി, ബാബറുടെ  അധിനിവേശത്തോടെ മുഗൾ സാമ്രാജ്യത്തിന്റെയും രാജധാനിയായി മാറിയ ദില്ലിയും-ആഗ്രയും ഒരു ചരിത്ര കുതുകിയെ സംബന്ധിച്ചിടത്തോളം കണ്ടിരിക്കേണ്ട നഗരങ്ങളാണ്. അർത്ഥത്തിൽ ദില്ലിയെ അറിയാൻ ഞങ്ങൾ 16 പേരടങ്ങുന്ന സംഘം ഇക്കഴിഞ്ഞ ഒക്ടോബർ 21 രാത്രി മുംബയിൽ നിന്നും തിരിച്ചു.

മുംബൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും 

രാജധാനി ശ്രേണിയിലുള്ള തുരന്തോ എക്സ്പ്രസിലായിരുന്നു യാത്ര. പഴഞ്ചൻ ബോഗികൾ ഘടിപ്പിച്ച തുരന്തോ യാത്ര ദീപാവലി തിരക്കു കൂടിയായപ്പോൾ ദുരന്തയാത്രയായി. രണ്ടാം ദിവസം രാവിലെ മുതൽ ഭക്ഷണം നല്കുമെന്നത് മാത്രമാണ് രാജധാനിശ്രേണിയെ ചെറുതായെങ്കിലും അനുഭവിപ്പിക്കുന്നത്. ചമ്പൽ നദിക്കരയിലുള്ള കോട്ട ജങ്ഷനും, ചരിത്രമുറങ്ങുന്ന സവായ് മധോപൂർ സ്റ്റേഷനുകളും പിന്നിട്ട് വൈകുന്നേരം 4 മണിയോടെ ഞങ്ങൾ ന്യുഡൽഹി സ്റ്റേഷനിൽ എത്തിച്ചേർന്നു.

ന്യൂ ദില്ലി റെയിൽ വേ സ്റ്റേഷന് മുന്നിൽ 


കേട്ടറിഞ്ഞ ഡൽഹിയെ അന്വർത്ഥമാക്കുന്നതായിരുന്നു സ്റ്റേഷന്റെ മുൻവശ കാഴ്ചകൾ. ഞങ്ങളുടെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്ന പഹർഗഞ്ചിലേക്ക് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ എങ്കിലും 300 രൂപക്കുറപ്പിച്ച ടാക്സിക്കാരന് തിരക്കേറിയ റോഡിലൂടെ  അവിടേക്കെത്തിപ്പെടാൻ അര മണിക്കൂർ വേണ്ടി വന്നു. അതിൽ തന്നെ, ഒരുവൻ കറക്കി കറക്കി മുക്കാൽ മണിക്കൂറിനു ശേഷമാണ് ഹോട്ടൽ കണ്ടുപിടിച്ചത്. മഹാരാഷ്ട്ര ഭവന്റെ തൊട്ടടുത്തെന്ന് പറഞ്ഞിട്ടും മനസ്സിലാവാത്ത, അല്ലെങ്കിൽ മനസ്സിലാക്കാൻ കൂട്ടാക്കാത്ത ടാക്സിക്കാരൻ. പണം മുമ്പേ പറഞ്ഞുറപ്പിച്ചതിനാൽ പണം പിടുങ്ങാനാവില്ല, അറിയാത്തതു തന്നെയാവണം. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

ദിഖാനെ കാ ദാന്ത് ഏക് ഔർ ഖാനെ കാ ദാന്ത് അലഗ് എന്ന പ്രശസ്തമായ വചനത്തെ അന്വർത്ഥമാക്കുന്നതാണ് ഡൽഹിയുടെ അനുഭവങ്ങളുടെ തുടക്കം.

ഇൻറർനെറ്റിലെ പരസ്യത്തിൽ  കാണുന്ന ഹോട്ടലെയല്ല ഞങ്ങളുടെ മുമ്പിലുള്ള  കാഴ്‌ചയിലെ ഹോട്ടൽ. ഇടുങ്ങിയ ഒരു ഗല്ലിയിലെ ഇടവഴിയിലൂടെ നടന്നാലേ അവിടേക്കെത്തിപ്പെടൂ. നക്ഷത്ര ചിഹ്നങ്ങളുടെ തിളക്കവും ഇൻറർനെറ്റിൽ മാത്രം ഒതുങ്ങുന്നു. ഇല്ലായ്മയും ഇല്ലാപ്പാട്ടും മാത്രം കേട്ടു കൊണ്ട് രാത്രിയിലെ വിശ്രമത്തിന് മാത്രമല്ലേ ഇതെന്ന ആശ്വാസത്തിൽ, പറ്റിക്കപ്പെട്ടതിന്റെ ജാള്യത മറച്ചു കൊണ്ട് കുളിച്ച് യാത്രാക്ഷീണം മാറ്റി, നഗരത്തെ അറിയാനായി ഞങ്ങൾ തെരുവിലേക്കിറങ്ങി.

ആദ്യ സന്ധ്യയിൽ വേറെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഒരു നഗരത്തിലെത്തിയാൽ ആ നഗരത്തിന്റെ തനത് കാഴ്ചകൾ അറിയണമല്ലോ.   ഒരു പ്ലാനുമില്ലാതെ ദൽഹി തെരുവിലൂടെ ആ കാഴ്ചകൾ കണ്ടൊരു അലച്ചിൽ മാത്രമായിരുന്നു  ഞങ്ങളുടെ ലക്ഷ്യം. ഗൂഗിളിൽ തപ്പിയപ്പോൾ ഏറെ കേട്ടിട്ടുള്ള  ചാന്ദ്നി ചൗക്ക് ഏറെ ദൂരെയല്ല എന്ന് മനസ്സിലായി.

തെരുവിലേക്കിറങ്ങിയതും പുരാതന ദില്ലിയിലെ തെരുവോരങ്ങൾ അടക്കി വാഴുന്ന ഇലക്ട്രിക് റിക്ഷകൾ ഞങ്ങളെ പൊതിഞ്ഞു. വരത്തന്റെ സംഘത്തെ, അവന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണം. ഭാഷ കൈവശമുള്ളത് കൊണ്ട് തന്നെ ഒടുവിൽ അവരോട് പടപൊരുതി 150 രൂപ വീതമുള്ള  നാലു വണ്ടികളിലായി ഞങ്ങൾ 16 പേരെ ചാന്ദ്നി ചൗക്കിന്റെ മാർക്കറ്റിൽ എത്തിക്കാമെന്ന് അവരേറ്റു. സംഘാംഗങ്ങളെല്ലാവരും ആദ്യമായാണ് ഇത്തരമൊരു “ടുക് ടുകിൽ” യാത്ര ചെയ്യുന്നത്. അതവർ അറിഞ്ഞാസ്വദിച്ചു. ചാന്ദ്നി ചൗക്കിനോടടുത്തതും ഞങ്ങൾ മുംബയിലെ അബ്ദുറഹിമാൻ സ്ട്രീറ്റിനപ്പുറമുള്ള ഇടുങ്ങിയ ഗലികളിൽ എത്തപ്പെട്ട പോലെ തോന്നി. പുരാതന ദില്ലിയിലെ ട്രാഫിക് ജാമിലൂടെ വണ്ടികൾ ഒച്ചിന്റെ വേഗത്തിൽ ഇഴഞ്ഞു. അതിനിടയിൽ വണ്ടിക്കാരുടെ ഹോണുകളും പരസ്പരമുള്ള തെറി വിളികളും  അന്തരീക്ഷത്തെ മുഖരിതമാക്കി.


Market

ഗലികളിൽ നിന്നും ഗല്ലികളിലൂടെ ഒഴുകി റിക്ഷാ വണ്ടി ഒടുവിൽ മാർക്കറ്റ് കവാടത്തിലെത്തി. മാർക്കറ്റ് ദീപാവലിയുടെ അലങ്കാരപ്രഭയിൽ ജ്വലിച്ചു നിൽപ്പാണ്. ഇരുവശവുമുള്ള കടകളിൽ മുഖ്യം വസ്ത്ര വ്യാപാരത്തിനു  തന്നെ. വിവാഹവേളകളിൽ വധൂ വരന്മാർക്ക് അണിഞ്ഞൊരുങ്ങാനുള്ളവയാണ് അതിലേറെയും. അതെല്ലാം കണ്ട്,  സംഘത്തിലെ പെൺപട കണ്ടതിനെല്ലാം വില ചോദിച്ച്, ചോദിച്ച്  മുന്നോട്ട് നീങ്ങി.   ഗലി ചെന്നെത്തുന്നത് ചെങ്കോട്ടക്ക് മുമ്പിലേക്കെത്തുന്ന ഒരു വലിയ റോഡിലേക്കാണ്. അവിടെ നിന്നും നോക്കിയാൽ അങ്ങകലെയായി ചെങ്കോട്ടയുടെ മുകൾ ഭാഗം കാണാം.

പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണത്രെ ആദ്യകാലത്തെ ഷാജഹനാബാദ് എന്നറിയപ്പെട്ടിരുന്ന ഈ ഭാഗത്തായി  അന്നത്തെ മുഗൾ ചക്രവർത്തി ഷാജഹാന്റെ മകൾ ജഹനാരയുടെ സൗന്ദര്യ ബോധത്തിലുദിച്ച ചാന്ദ്നി ചൗക്കെന്ന ഈ നഗര ഭാഗം ഉണ്ടാക്കപ്പെടുന്നത്. രാത്രി കാലങ്ങളിൽ ചാന്ദ്ര നിലാവ് പ്രതിഫലിക്കുന്ന ഒരു ജലാശയം അവിടെയുണ്ടായിരുന്നുവെന്നും അതിൽ നിന്നാണ് ഈ പേര് വന്നതെന്നുമാണ് പറയപ്പെടുന്നത്.  ചെങ്കോട്ടയിലെ  ലാഹോറി ഗേറ്റു മുതൽ ഫത്തേപുരി പള്ളി വരെ പരന്നു കിടക്കുന്ന  ഈ കച്ചവട കേന്ദ്രത്തിന് ഒരു വശത്തായി ഷഹിബാബാദ് എന്ന പൂന്തോട്ടവും നിർമ്മിക്കപ്പെട്ടുവത്രെ.

അങ്ങാടി വാണിഭത്തെക്കാൾ എന്റെയും സംഘത്തെ നയിക്കുന്ന  രവിയുടെയും ശ്രദ്ധ ദില്ലിയിലെ  തെരുവോര ഭക്ഷണ വൈവിദ്ധ്യം അറിയുക എന്നത് കൂടിയായിരുന്നു. അങ്ങിനെയാണ് ഞങ്ങൾ നടന്ന് നടന്ന് പറാട്ടെവാലെ ഗല്ലിയിലെത്തുന്നത്. പക്ഷെ യാത്രയുടെ ആദ്യദിനം തന്നെ ഇത്തരം തെരുവു ഭക്ഷണം കഴിച്ച് വയറു നശിപ്പിക്കേണ്ട എന്ന ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി ചെറിയൊരു ഭക്ഷണശാലയിൽ തന്നെ ശരണം പ്രാപിച്ചു.

ചോലെ ബട്ടൂരകുല്ച്ചപറാട്ട തുടങ്ങിയ ഉത്തരേന്ത്യൻ വിഭവങ്ങൾ ആസ്വദിച്ച്, നേരെ മുന്നിൽ  തിളങ്ങി നിന്നിരുന്ന സിസ് ഗഞ്ജ് സാഹിബ് ജി ഗുരുദ്വാരയുടെ സൗന്ദര്യം നുകർന്ന്,  മുന്നിൽ നിന്നും കുറച്ച് ഫോട്ടോകളും എടുത്ത് ഹോട്ടലിലേക്ക് യാത്രയായി.

സിസ് ഗഞ്ജ് സാഹിബ് ജി ഗുരുദ്വാര

മടക്കയാത്രയിൽ  ഞാനും രമേഷും മറ്റു സംഘാംഗങ്ങളെ വിട്ട് ഒരു ഇലക്ട്രിക്ക് റിക്ഷയിൽ നേരെ ന്യുദില്ലി റെയിൽവേ സ്റ്റേഷനടുത്തുള്ള മെട്രോ എക്സ്പ്രസിലേക്ക് തിരിച്ചു. മഹാനഗരത്തിലെ റിക്ഷാവാലകളുടെ ഒരു നേർ പരിഛേദം എന്ന് വിശേഷിപ്പിക്കാവുന്ന ഒരുത്തനായിരുന്നു ഞങ്ങളുടെ സാരഥി. ഗതാഗതക്കുരുക്കിൽ തിങ്ങിഞെരുങ്ങിയ ഗലികളിലൂടെ അവന്റെ ജൈത്രയാത്ര ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഒരു റോഡ് നിയമവും അവന് ബാധകമല്ല എന്ന മട്ടിലായിരുന്നു അവന്റെ തേരോട്ടം. ഒടുവിൽ സ്റ്റേഷന്റെ മുമ്പിൽ നിന്ന പോലീസുകാരനിൽ നിന്നും ലാത്തി കൊണ്ട് രണ്ടു കിട്ടുന്നത് വരെ അത് തുടർന്നു.  

സംഘത്തിലെ രണ്ടാളുകൾ അന്ന് രാത്രി കോഴിക്കോട് നിന്നുമാണ് എത്തിച്ചേരേണ്ടത്. അവരെ കൂട്ടാനാണ്  ഞാനും രമേശും ചേർന്ന് മെട്രോയിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 ലേക്ക്  യാത്രയായത്…

തുടരും...

കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകൾ

  " വിഷുക്കാലമല്ലേ , പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ , കണിക്കൊന്നയല്ലേ" എന്ന അയ്യപ്പപ്പണിക്കരുടെ 1960 ലെഴുതിയ കവിതക്ക് ശേഷം കാലമൊ...