നോബൽ സമ്മാന ജേതാവായ മേരി ക്യൂറിയെപ്പറ്റി പല പുസ്‌തകങ്ങളും മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പുതുതെന്ന് പറയാവുന്ന, ഓഗസ്റ്റ് മാസത്തിൽ പ്രസിദ്ധീകരിച്ച ജീവചരിത്രമാണ് റേഡിയം കണ്ടുപിടുത്തതിന്റെ 125ആം വർഷം പിന്നിട്ട വേളയിലിറങ്ങിയ
ശ്രീപ്രസാദ് വടക്കേപ്പാട്ടിന്റെ ക്യൂറിമാരുടെ കഥ.
ഇതിനകം തന്നെ പല ശാസ്ത്ര ലേഖനങ്ങളും എഴുതിയിട്ടുള്ള
മുബൈ ഭാഭാ അണുശക്തി കേന്ദ്രത്തിലെ ജോലിക്കാരനായ
ശ്രീപ്രസാദ് മേരി ക്യൂറിയെയും കുടുംബത്തെയും പറ്റി എഴുതിയതിൽ അത്ഭുതപ്പെടാനില്ല.
The Nobel Curies എന്ന പുസ്തകമാണ് തന്നെ മലയാളത്തിലുള്ള ഈ ജീവചരിത്ര രചനയിലേക്ക് നയിച്ചതെന്ന് ഗ്രന്ഥകർത്താവ്
ആമുഖത്തിൽ പറയുന്നുണ്ട്.
പോളണ്ടുകാരായ
വ്‌ളാദിസ്ളാവ് - ബ്രോണിസ്ളാവ് ദമ്പതിമാർക്ക് 1867ലാണ് മരിയ സലോമിയ എന്ന മേരി ജനിക്കുന്നത്. റഷ്യൻ അധീനതയിലായിരുന്ന
അക്കാലത്ത് പോളിഷ് ജനത അവരുടെ സംസ്കാരം സംരക്ഷിക്കാൻ പാട് പെടുന്ന കാലഘട്ടമായിരുന്നു. അദ്ധ്യാപകരായ മരിയയുടെ മാതാപിതാക്കൾ അതിനുള്ള ഉത്തമ
മാർഗ്ഗമായി കണ്ടത് പോളിഷ് ജനതക്ക് ഭാഷാ പരിജ്ഞാനം നൽകുവാനുള്ള വഴികളാണ്. പക്ഷെ അവരുടെ
ഈ പ്രവർത്തനം സാർ ചക്രവർത്തിമാരുടെ സാമ്രാജ്യത്തിൽ രാജ്യദ്രോഹമായി മുദ്രകുത്തുകയും അവർക്ക് തങ്ങളുടെ
ജോലിയും കിടപ്പാടവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കി. തുടർന്ന് ദാരിദ്യ്രത്തിന്റെ പടുകുഴിയിൽ വീണ ആ കുടുംബം
അനുഭവിച്ച കഷ്ടപ്പാടുകളും മറ്റുമാണ് ആദ്യ ഭാഗങ്ങളിലെ പ്രമേയം.
തന്റെ പതിനൊന്നാം വയസ്സിൽ ക്ഷയരോഗബന്ധിതയായുള്ള അമ്മയുടെ വേർപാട് ആ കൊച്ചു മനസ്സിന് താങ്ങാവുതണിനപ്പുറമായിരുന്നു.
അതിനിടയിലും തന്റെ വിദ്യാഭ്യാസം തുടർന്ന മരിയ പോളണ്ടിലെ ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള
സ്വർണ്ണ മെഡൽ നേടിക്കൊണ്ടാണ് ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയത്.
മരിയ ദാരിദ്ര്യത്തിൽ തുടർ പഠനം വഴിമുട്ടിയപ്പോൾ
വീട്ടുവേലക്കാരിയായി ഒരു ധനിക കുടുംബത്തിൽ ജോലി ചെയ്യുകയും അവിടെ വെച്ച് തന്റെ ആദ്യ
അനുരാഗം പൂത്തു തളിർത്തെങ്കിലും രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം അതിന്
വിലങ്ങു തടിയായപ്പോൾ തുടർ വിദ്യാഭ്യാസത്തിൽ
നിന്നും ഒളിച്ചോടി വീട്ടിലൊതുങ്ങി കഴിയാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ അച്ഛന്റെ
നിർബന്ധത്തിന് വഴങ്ങി പാരീസിലെത്തുകയും അവിടെ
നിന്നും തന്റെ ശാസ്ത്രരംഗത്തെ പടവുകൾ കയറി നൊബേൽ സമ്മാന ജേതാവിലേക്കെത്തുന്ന ജീവിതഗന്ധിയായ
കഥ ശ്രീപ്രസാദ് വായനക്കാരനെക്കൂടി ചേർത്ത് നിർത്തിക്കൊണ്ട് 63 പേജുകളിലൂടെ
പറയുകയാണ്.
സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ റേഡിയോ ആക്ടീവ്
പദാർഥങ്ങൾ നിരന്തരം കൈകാര്യം ചെയ്തതിന്റെ ഫലമായുണ്ടായ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണ്
മേരി ക്യൂറിയുടെ ജീവൻ കവർന്നതെന്നത് പൊതുവെ പറയപ്പെടുന്നുണ്ട്. പക്ഷെ ശ്രീപ്രസാദ്, ഒന്നാം ലോക മഹായുദ്ധ കാലത്ത് അവർ വലിയ തോതിൽ നിർമ്മിച്ച്
നൽകിയിരുന്ന മൊബൈൽ എക്സ് റെ യൂണിറ്റുകളിൽ നിന്നുമുണ്ടായ
അണുവികിരണങ്ങളാണ് അവരുടെ ജീവൻ അപഹരിച്ചതെന്ന മറ്റൊരു ഗവേഷക മതം കൂടി പറഞ്ഞു വെക്കുന്നുണ്ട്.
ചെറിയ ക്‌ളാസുകളിലെ സയൻസ് വിദ്യാർത്ഥികൾക്ക് കൂടി വളരെ എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ വണ്ണം
സരളമായ ഭാഷയാണ് ഇതിലേത്. അത് കൊണ്ട് തന്നെ നമ്മുടെ വിദ്യാർത്ഥി സമൂഹവും സ്‌കൂൾ ലൈബ്രറികളും
ഈ പുസ്‌തകം സ്വായത്തമാക്കുമെന്ന് കരുതട്ടെ.
മുരളി വട്ടേനാട്ട്
പ്രസാധകർ : പരിധി പബ്ലിക്കേഷൻസ്
വില : 105 രൂപ