Thursday, September 19, 2019

ആയില്യക്കള്ളൻ



മുരളിവട്ടേനാട്ട്


പുറത്ത് മഴ  തിമർത്തു പെയ്യുകയാണ്. അതിഥികളെല്ലാം പോയപ്പോഴേക്കും മൂന്ന്മണിയായി. പുറത്തേക്ക് നോക്കുമ്പോൾ ഒരു ആറുമണിയുടെ മട്ടുണ്ട്.

മഴ കാരണം വരാമെന്ന്പറഞ്ഞവർ പലർക്കും എത്താൻ പറ്റിയില്ലത്രെ.

മകയിരം മദിച്ചുപെയ്തില്ല, തിരുവാതിര തെളിഞ്ഞിട്ടായിരുന്നു ഇക്കുറി. പുണർതത്തിൽ പുകഞ്ഞതുമില്ല. എന്നിട്ടും, പെയ്യാത്ത പൂയവും കഴിഞ്ഞ് ആയില്യത്തിൽ ഈ മഴ എവിടെ നിന്നും എത്തിയെന്ന് ഒരു പിടിയും കിട്ടുന്നില്ല. മുറ്റവും വഴിയും പൂട്ടിയിട്ട കണ്ടം പോലെയായിട്ടുണ്ട്. വണ്ടികളുടെ ബാഹുല്യം തന്നെ കാരണം.

രണ്ടു കൊല്ലം മുംമ്പാണ്‌ ഇവിടെ, ഈ മലയോരത്ത് വന്ന്  അഞ്ചു സെന്റ്പറമ്പ് വാങ്ങി  വീട് വെച്ചത്. നഗരത്തിൽ നിന്നും അധികം ദൂരെയല്ലാത്ത, എന്നാൽ കാഴ്ചയിൽ നാട്ടിൻ പുറത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമുള്ള ഒരു റെസിഡൻഷ്യൽ കോളനി. ഓഫിസിലുള്ള ഒരു ബ്രോക്കർ മുഖാന്തരമായിരുന്നു ഇവിടെ എത്തിപ്പെട്ടത്. ഓഫീസിലേക്ക് 10 കിലോമീറ്ററെ ദൂരമുള്ളു. ലോണെടുത്താണ്‌ വീട് വെച്ചത്. അടിയാധാരത്തിന്റെ കാര്യം വന്നപ്പോൾ ബാങ്ക്  ചെറുതായൊന്ന്  പ്രശ്നമുണ്ടാക്കിയതാണ്. പിന്നെ ബ്രോക്കർ എല്ലാം പണം കൊടുത്ത് തീർപ്പാക്കി.

പതിനെട്ടിലെ പ്രളയത്തിലാണ് വിച്ചു പിറന്നത്. അരക്കൊപ്പം വെള്ളത്തിൽ, അർദ്ധ രാത്രിയാണ് അവളെ പേറ്റു നോവു വന്നപ്പോൾ കൊണ്ടോടിയത്. തൊണ്ണൂറ്റൊമ്പതിലെതിനെക്കാൾ വലിയതെന്ന് വിദഗ്ദ്ധർ  വിലയിരുത്തിയ, വെള്ളം വന്നൊഴിഞ്ഞ വീട്ടിലേക്ക് ഏഴാം ദിവസമാണ് അവനെ കൊണ്ടു വന്നത്. അങ്ങനെയാണവന്  വരുണനെന്ന്  പേരിട്ടത്. വീട്ടിൽ ഭാര്യയുടെ അനുജത്തിക്കും അമ്മക്കും ഒട്ടും ഇഷ്ടമയായ പേരായിരുന്നില്ല അത്. അതു മറികടക്കാനവർ   സൗകര്യപൂർവ്വം അവനെ വിച്ചുവെന്ന് വിളിച്ചു..

ഇന്ന് അവന്റെ ആണ്ടപ്പിറന്നാളായിരുന്നു. നൂറു പേർക്ക് ഉണ്ടാക്കി  കൊണ്ടു വന്ന ഭക്ഷണം പകുതി ബാക്കിയാണ്. പാത്രങ്ങൾ നാലുമണിക്കൊഴിച്ചു കൊടുക്കണം.
അമ്മയും അടുത്ത ഒരു ചേച്ചിയും അത് ഒഴിച്ച്പാത്രങ്ങൾ കഴുകുന്ന തിരക്കിലാണ്.  ചോറും സാമ്പാറും ആണ് ഏറ്റവും കൂടുതൽ ബാക്കി. സാമ്പാറ്നന്നായിട്ടുണ്ടെന്ന് എല്ലാരും പറഞ്ഞു. എനിക്കേറ്റവും ഇഷ്ടപ്പെട്ട കറിയാണ്‌ സാമ്പാറ്‌. വർഷത്തിൽ 365 ദിവസം വെച്ചു വിളമ്പിയാലും ചന്ദ്രന്‌ സാമ്പാറ്‌ മട്ക്ക്-ല്ല്യാ  എന്ന് അമ്മ പറയാറുണ്ട്. വീട്ടിലുള്ള പാത്രങ്ങളിൽ മുഴുവനാക്കിയാലും ചോറ് അരച്ചെമ്പോളം ബാക്കി. സാമ്പാർ ഒരുവലിയ അണ്ടാവും.

"ഈ ചോറ്‌ ആര്‌ കഴിച്ച്തീർക്കാനാ ചന്ദ്രാ.. ശരിക്ക് വെന്തിട്ടും ഇല്ല്യാന്ന്തോന്നുണൂ. രാത്രിക്ക്നമ്മക്ക് ഒന്നും കൂടി വെച്ച്  വാർത്ത് കഴിക്കാം.
ബാക്കിള്ളത് ആ തെങ്ങിന്റെ ചോട്ടില് ഒരു കുഴികുത്തി അതിലിടായിരുന്നൂ. സാമ്പാറും വെച്ചാ കേടാവും. ഒരു കുഴി കുത്തിത്തര്വോ..ചന്ദ്രാ?" ഭാര്യയുടെ അമ്മയാണ്‌.

അയ്യോ അമ്മേ, വയ്യ.. ട്ടോ.. ബിരിയാണി കുഴിച്ചിട്ടത്  പോലെ  ചോറും സാമ്പാറും വയ്യ. കഥ ഇപ്പളും മനസ്സ്ന്ന്മാറീട്ട്ല്ല്യ…

നൂറാൾക്കൊന്നും പറയണ്ടാന്ന്ഞാനപ്പഴേ പറഞ്ഞതല്ലേ?

"നീയും നെന്റെ ഒരു ബിരിയാണീം... അതൊക്കെ കഥേല്‌. പിന്നെ..ആളോളേ ക്ഷണിച്ചിട്ടു ഭക്ഷണല്യാ ന്ന് പറഞ്ഞാ കൊറച്ചില് ആര്ക്കാ?
അല്ലെങ്കില്‌,  ഈ മഴേത്ത് ആർക്കെങ്കിലും കൊണ്ടെക്കൊട്ക്ക്…  കുഴിച്ചിടാൻ എനിക്കും ഒട്ടും ഇഷ്ടണ്ടായിട്ടല്ല".

കുട്ടിക്കാലത്ത് ഇല്ലായ്മ കൊണ്ട് അന്നപൂർണ്ണേശ്വരിയുടെ പ്രസാദം എത്രയോ തവണ പോയിക്കഴിക്കേണ്ടി വന്ന എനിക്ക് അന്നത്തോടങ്ങിനെ ചെയ്യാൻ മനസ്സനുവദിച്ചില്ല

ടിവി ആർക്കും വേണ്ടാണ്ട്, പറഞ്ഞ വാർത്തകൾ തന്നെ പറഞ്ഞു കൊണ്ടേയിരുന്നു. എവിടെയൊക്കെയോ മഴ പെയ്യുന്നെന്നും, എതൊക്കെയോ നഗരങ്ങളിലും പുഴകളിലും വെള്ളം കയറുന്നെന്നും കാണിച്ചു കൊണ്ടേയിരിക്കുന്നു.

അവർക്ക് പുതിയ കഥകളൊന്നും കിട്ടിക്കാണില്ല. എല്ലാം കഥയാണവർക്ക് . പുതിയത് കിട്ടാതെ വരുമ്പോൾ കഴിഞ്ഞ വർഷത്തെ ഫൂട്ടേജ് പോലും തിരുകിക്കയറ്റും.

സെറ്റിയിൽചാഞ്ഞിരുന്ന്, അലസമായി അവ നോക്കിക്കൊണ്ടും പുറത്തെ മഴ നോക്കിക്കൊണ്ടും കിടന്നു. രണ്ടു ദിവസമായി ഉറക്കം ശരിയാവുന്നില്ല. തലവേദന ഉച്ച മുതൽ കൂട്ടിനുണ്ട്.

പുറത്ത്റോഡിനപ്പുറത്തുള്ള പാടത്തു നിന്നും വെള്ളം റോട്ടിലേക്ക്   കയറിത്തുടങ്ങിയിരിക്കുന്നു.

ഉറക്കം നല്ല പോലെ വന്നു തുടങ്ങിയിരുന്നു....  പെട്ടെന്ന് ടിവിയിൽ ഒരു Breaking News റോൾ ചെയ്തു തുടങ്ങി...    ....മലയിൽ ഉരുൾ പൊട്ടി.. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നതേയുള്ളു...

"ചന്ദ്രാ..ഒരുകുഴികുത്തിത്തര്വോ.." ഉറക്കത്തിന്റെ ആലസ്യവും പേറി, ഈ മഴയത്ത് ആർക്കും ഭക്ഷണം കൊണ്ടു പോയിക്കൊടുക്കാൻ ഒരു വഴിയും കാണാഞ്ഞതിനാൽ തൽക്കാലം തലയിലൊരു തോർത്തുകെട്ടി, കയ്ക്കൊട്ടെടുത്ത്  പുറത്തേക്കിറങ്ങി. അന്നപൂർണ്ണേശ്വരിയോട് മനസ്സുകൊണ്ട് മാപ്പു പറഞ്ഞു.

മഴ തിരിമുറിയാതെ പെയ്യുകയാണ്‌. റോഡിൽനിന്നും വെള്ളം ഗേറ്റ്  വഴി കോമ്പൗണ്ടിലെക്ക് ഏന്തിത്തുടങ്ങിയിരിക്കുന്നു. കലക്കവെള്ളമാണ്‌. മലവെള്ളം വന്നുതുടങ്ങീട്ടുണ്ടാവും.

വെള്ളത്തിന്റെ വരവിൽ പന്തികേട്തോന്നി. പെട്ടെന്ന്  വീട്ടിനുള്ളിലേക്കു തിരിച്ചു കയറി.  വെള്ളം വീട്ടിലേക്ക്കയറിയാൽ എന്താവും അവസ്ഥയെന്നത്കഴിഞ്ഞ വർഷം കണ്ടതാണ്‌. അതു കൊണ്ട്തന്നെ അത്യാവശ്യ സാധനങ്ങളെല്ലാം മുകളിലത്തെ നിലയിലേക്ക്കൊണ്ടു പോയി ഇട്ടിരിക്കുന്നു. വിച്ചുവിനെ താഴത്തെ മാസ്റ്റർ ബെഡ്റൂമിൽ തൊട്ടിലിൽ കിടത്തി ഉറക്കിയിരിക്കുന്നു. ഭാര്യ അടുക്കളയിൽ അമ്മയെ സഹായിക്കാൻ പോയിരിക്കുകയാവാം. വിച്ചുവിനെ പതുക്കനെ തൊട്ടിലിൽ നിന്നുമെടുത്തു മോളിലെ നിലയിലേക്ക്പോവാനായി തിരിഞ്ഞതാണ്‌.

പെട്ടെന്ന്, നിമിഷനേരംകൊണ്ട്,എന്താണ്‌ സംഭവിച്ചതെന്ന് അറിയാൻ പോലും പറ്റാത്തത്ര പെട്ടെന്ന്, ഭയങ്കര ശബ്ദത്തോടെ എന്തോ വന്ന്  വീടാകെ വിഴുങ്ങി. ആകെ ഒന്നും കാണാൻ പറ്റാത്തത്ര ഇരുട്ട്. വായിലേക്കും മൂക്കിലേക്കും കണ്ണിലേക്കും വെള്ളം വന്നു നിറയുന്നു. കുട്ടിയെ ചേർത്തു പിടിച്ച്നിന്ന ഇടം തപ്പി നോക്കി, പതുക്കെ പുറത്തേക്ക്കടക്കാനായി ശ്രമിച്ചു. ശ്വാസം മുട്ടുകയാണ്. കുട്ടി കയ്യിൽ കിടന്ന്പിടയുന്നു. കണ്ണ് തുറന്നാൽ വെളിച്ചത്തിന്റെ നേരിയ ഒരു പ്രകാശ രാജി പോലെ എന്തോ ഒന്ന് തിളങ്ങുന്നു. കാലിനടിയിൽ ചെളി നിറയുകയാണ്. ചെളിയിൽ പൂന്തിയ കാൽ ശക്തിയുപയോഗിച്ച് വലിച്ചൂരി, മേലോട്ടാഞ്ഞു കുതിച്ചു. ഫാനായിരിക്കണം, എന്തോ ഒരു വസ്തുവിൽ തടഞ്ഞു ചെന്ന് കയ്യ് തടഞ്ഞു. ശ്വാസം കിട്ടുന്നില്ല. മൂക്കിലേക്കും , വായിലേക്കും, കണ്ണിലേക്കും സാമ്പാറിൻറെയും കാളന്റെയും കൂടിക്കലർന്ന ഒരു സ്വാദ് പടരുകയാണ്. ആ സാമ്പാറും കാളനും എല്ലാം വെള്ളത്തിൽ കലർന്ന് എന്റെ മേലാകെ പടരുകയാണോ? എനിക്കേറ്റവും ഇഷ്ടമുള്ള ഈ സാമ്പാറിൽ മുങ്ങി മരിക്കാനാണോ എന്റെ വിധി?
വീണ്ടും താഴോട്ട്  കുതിച്ച്  വാതിൽ ലക്ഷ്യമാക്കി ഞാൻ  നീന്തി. ഒരുവിധം പുറത്തു കടന്നു. ഇപ്പോൾ ഹാളിലായിരിക്കണം. ഇല്ല… ഹാളിൽ വെള്ളം മുക്കാൽഭാഗത്തോളമേ ഉള്ളൂ എന്ന്തോന്നുന്നു. എല്ലാം തോന്നലുകളും ഊഹാപോഹക്കണക്കുകളുമാണ്. അവിടെ നിന്നും വടക്കോട്ട് ഏകദേശംദൂരം കണക്കാക്കി കലക്ക വെള്ളത്തിലൂടെ നീന്തി മുൻവശത്തെ വാതിൽ ലക്ഷ്യമാക്കിനീങ്ങി. എന്തെല്ലാ മോമേലിൽ തടയുന്നുണ്ട്. ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. കയ്യിലിരിക്കുന്ന കുട്ടിയുടെ കരച്ചിലാണോ? ഒന്നും വ്യക്തമല്ല. ഈയൊരവസ്ഥ സ്വപ്നത്തിൽ മാത്രമേ അനുഭവിച്ചിട്ടുള്ളൂ. കുട്ടിക്കാലത്ത് ചെറുകുന്ന് ചിറയിൽ ഒപ്പക്കാരോടോപ്പം കളിച്ചിരുന്നപ്പോൾ മാത്രമാണ് ഒരിക്കൽ മുങ്ങാംകുഴിയിട്ട് ചെന്ന് ചേറിൽ കുടുങ്ങി ശ്വാസം മുട്ടിയിട്ടുള്ളത്. അന്ന് കൂടെ ഊളിയിട്ട ഏട്ടനാണ് രക്ഷിച്ചത്. ഇന്നിതാ പിന്നീടാദ്യമായി ഞാനിതനുഭവിക്കുകയാണ്. അന്നത്തെ ചിറയിലെ ചേറിനേക്കാൾ തണുപ്പും പശിമയും ഈ ചേറിനുണ്ട്. ചേടി മണ്ണിൻറെ പശിമയും സാമ്പാറിന്റെ ഗന്ധവും.  രക്ഷപ്പെടാനുള്ള പഴുതുകൾ തപ്പി ഞാൻ കാലും ഉടലും വലിച്ച് നീങ്ങി.. നീന്തി.  ഒടുവിൽ, പുറത്തേക്കുള്ള വാതിലിൽ പിടി കിട്ടി. എന്തോ വന്ന് മുക്കാലും അടഞ്ഞ് കിടന്നിരുന്ന വാതിൽ ശക്തിയായി വലിച്ചു. ആ വിടവിലൂടെ ദേഹം കടക്കുന്നില്ല. ഇനിയും ശ്വാസം പിടിച്ചു നിൽക്കാനാവുന്നില്ല... ഉള്ളിലേക്ക് തള്ളിവരുന്ന വെള്ളപ്പാച്ചിലിൽ, കുട്ടിയെ ഒരു കൈകൊണ്ട് മുറുകെപ്പിടിച്ചു വാതിൽ വീണ്ടും ആഞ്ഞു വലിച്ചു... വിടവിന് നേരിയ മെച്ചമുണ്ടായി. അതിലൂടെ, ഒഴുക്കിനെ അതിജീവിച്ച്, പണിപ്പെട്ട്, അവനെ ആദ്യം കടത്തി, എൻറെ ശരീരം പുറത്തേക്കെടുത്തു.  കുട്ടിയേയും മാറത്തടക്കിപ്പിടിച്ചു മുകളിലേക്ക് ആഞ്ഞു കുതിച്ചു. ജലനിരപ്പിലേക്ക് ഉയർന്ന് പൊങ്ങി...

ഈശ്വര.. ശ്വാസത്തിന്റെ വിലയെന്താണെന്നറിഞ്ഞ നിമിഷങ്ങൾ.. ആവോളം ശ്വസിച്ചു, മതിയാവോളം. കയ്യിലുള്ള കുട്ടിയെ നോക്കി. ഇല്ല, അവനും ശ്വസിക്കുന്നുണ്ട്. അവൻ കരയാനാരംഭിച്ചു. എന്റെ മുഖത്തും ദേഹത്തും കൈകൊണ്ടടിച്ച്   നിലവിളിക്കുകയാണവൻ, അമ്മേ, അമ്മേ എന്ന്..വിളിച്ച്.

“അതേയ്..ഏട്ടാ, വിച്ചു എണീച്ച്കരയാൻ തൊടങ്ങീട്ട് എത്ര നേരായീ? ഒന്ന് എട്ത്തൂടെ?“

ഞെട്ടിയുണർന്ന്  വിച്ചുവിനെ എടുത്ത്  മാറോടണച്ചു.

“നോക്കൂ.. ആ തെങ്ങിൻ ചോട്ട്ല് ഒരു കുഴി കുഴിക്ക്വോ?..എന്താ ഏട്ടൻ വിച്ചൂനോട് പറഞ്ഞേര്‌ന്നത്?”

അറിയില്ല. .എന്തോ സ്വപ്നം കണ്ടതായിരുന്നൂ ന്ന്തോന്നുണൂ.

കറന്റ്പോയി, ടിവി ഓഫായിരുന്നു. നീ ആ മൊബൈൽ ഒന്ന്താ. വാർത്ത നോക്കട്ടെ.. ഭക്ഷണം നമുക്ക്  വല്ല  ക്യാമ്പിലും കൊണ്ടു  കൊടുക്കാം...അവര്‌ അത്താഴം വെക്കണേന്‌ മുമ്പെവേണം.

അതെ..കുഴിച്ച്മൂടാൻ വയ്യ..ദു:സ്വപ്നങ്ങളൊഴികെ മറ്റൊന്നും.

പുറത്ത്, മഴക്ക്ശക്തി കൂടിക്കൊണ്ടിരുന്നു.. വെള്ളം പൊങ്ങി വരികയാണ്. എവിടെയോ മലയടിവാരത്ത് ഉരുൾ പൊട്ടിയിട്ടുണ്ട്. വേഗം ഭക്ഷണം മുഴുവൻ കാറിന്റെ ഡിക്കിയിൽ വെച്ചു. വിച്ചുവിന്റെ ഒന്നു രണ്ടു കുപ്പായം എടുത്തു. ഭാര്യയെയും അമ്മയെയും ചേച്ചിയെയും കാറിൽ കയറ്റി, ഉയർന്നു തുടങ്ങിയ വെള്ളത്തിലൂടെ വേഗത്തിൽ ഓടിച്ചു. പത്താം മൈലിനപ്പുറമുള്ള സ്കൂളിൽ ഒരു ദുരിതാശ്വാസക്യാമ്പ് ഇന്നലെ തുറന്നിട്ടുണ്ട്. അവിടേക്ക്നേരെ വിട്ടു.

കാറിൽനിന്നും ഭക്ഷണം ക്യാമ്പിലിറക്കി. ക്യാമ്പിൽ വെച്ചിരുന്ന ടിവിയിൽ അപ്പോൾ ഒരുഫ്ളാഷ് ന്യൂസ്  സ്ക്രോൾചെയ്തു കൊണ്ടേയിരുന്നു, "അതിരാണി മലയിൽ ഉരുൾപൊട്ടി…  അറുപതോളം വീടുകൾ മണ്ണിന്നടിയിലായതായി സംശയിക്കുന്നു. ആരും രക്ഷപ്പെട്ടതായി അറിവില്ല"

ആദ്യമായി ആ ദുഃസ്വപ്നത്തിനോട് മനസ്സുകൊണ്ട്നന്ദി പറഞ്ഞു. ക്യാമ്പിലേക്ക്  ഞാനും കുടുംബവും പേര് രജിസ്റ്റർ ചെയ്ത് പതുക്കെ  കയറി,  ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തോടെ.. ഒപ്പം, കോളനിയിലുണ്ടായിരുന്ന, അറിയുന്നവരും അറിയാത്തവരുമായ അയൽ പക്കങ്ങളുടെ അവസ്ഥയോർത്ത്  നടുങ്ങിയും..

അപ്പോഴും പുറത്ത് ആയില്യക്കള്ളൻ തിരിമുറിയാതെ പെയ്ത്ത്  തുടർന്ന്കൊണ്ടിരുന്നു.

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...