2024ലെ നഷ്ടങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണം മലയാളത്തിന്റെ സ്വന്തം കഥാകാരൻ എം ടിയുടേതും തന്റെ മാന്ത്രിക വിരലുകളാൽ ജനകോടികളെ കയ്യിലെടുത്ത സക്കീർ ഹുസൈന്റേതുമായിരുന്നു.
ഇന്ന് ജീവിച്ചിരിക്കുന്ന പഴയ തലമുറയിലെ ഭൂരിഭാഗവും എം ടിയുടെ രചനകളിലൂടെ സഞ്ചരിച്ചാവും തങ്ങളുടെ ബാല്യ കൗമാരങ്ങൾ പിന്നിട്ടിരിക്കുക.
വായനയുടെ ആദ്യനാളുകളിൽ നാലുകെട്ടും, അസുരവിത്തും, ഓപ്പോളും നിറഞ്ഞു നിന്നപ്പോൾ ആ കഥാപശ്ചാത്തലമെല്ലാം എന്റേതാണെന്നു കൂടി തോന്നിയ കാലം. കൂടല്ലൂരിനടുത്തായിരുന്നു എന്റെ തറവാടായ വട്ടേനാട്ട് പിഷാരം. ആ തറവാടിന്റെ പരിസരങ്ങളായിരുന്നു അതോരോന്നും വായിക്കുമ്പോൾ കഥാപരിസരങ്ങളായി മനസ്സിലേക്കോടിയെത്തുക. അമ്പലക്കുളവും പാടവും , ചക്കരവള്ളികൾ നിറഞ്ഞ പള്ള്യാലുകൾ, മൊട്ടക്കുന്ന് തുടങ്ങി എല്ലാത്തിനുമുണ്ട് എന്റേതായ രംഗഭൂമിക.
പിന്നീട് വളർന്നു വലുതായപ്പോൾ അദ്ദേഹത്തിന്റെ രണ്ടാമൂഴം പോലുള്ള കൃതികളിലെ രചനാവൈഭവം കണ്ട് അത്ഭുതം കൂറിയനാളുകൾ. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കണമെന്ന് തോന്നിത്തുടങ്ങിയ കാലം. അക്കാലത്താണ് അദ്ദേഹത്തിന്റെ കാഥികന്റെ പണിപ്പുര വായിക്കുന്നത്. അത് പകർന്ന് തന്ന ഊർജ്ജം ചെറുതല്ല.
കാലമെത്ര കഴിഞ്ഞാലും കാലാതിവർത്തിയായി നിലകൊള്ളുന്ന അനേകം സൃഷ്ടികൾ നമുക്ക് സമ്മാനിച്ച് വിട പറഞ്ഞ മലയാളത്തിന്റെ മഹാമനീഷിക്ക് പ്രണാമം!
ഉസ്താദ് സാക്കീർ ഹുസൈനെ ആദ്യമായി കാണുന്നത് 1999ലെ മുംബൈ കേളി ഫെസ്റ്റിവലിലാണ്. പല്ലാവൂർ അപ്പുമാരാർക്ക് വീരശ്രുംഖല നൽകുന്ന ചടങ്ങ് കഴിഞ്ഞ് പല്ലാവൂരിന്റെ തായമ്പക. ആ തായമ്പകയുടെ കൊട്ടിക്കലാശത്തിനു ശേഷം കാണികളുടെ മുൻ നിരയിലിരുന്നിരുന്ന സാക്കീർ ഹുസൈൻ സ്റ്റേജിലേക്ക് കയറിവന്ന് പല്ലാവൂരിന്റെ കാൽക്കലൊരു സാഷ്ടാംഗനമസ്കാരം നടത്തിയപ്പോൾ തുടങ്ങിയതാണ് ആ മനുഷ്യനോടുള്ള സ്നേഹം. തന്റെ കലയോടൊപ്പം മറ്റുള്ള കലകളെയും കലാകാരന്മാരെയും അതെ പോലെ സ്നേഹിച്ച ഒരു കലാകാരനപ്പുറമുള്ള മനുഷ്യസ്നേഹി.അത് പിന്നീട് ഹോർണിമൻ സർക്കിളിൽ പനമണ്ണ ശശിയെ നമസ്കരിച്ചും തുടർന്നു.
ഏറ്റവുമൊടുവിൽ കണ്ടത് 2023 ഡിസംബർ 13നായിരുന്നു. അതും മറ്റൊരു കേളി ഫെസ്റ്റിവലിൽ തന്നെ.സാക്കിർ ഹുസൈന് കേളി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങായിരുന്നു അത്. അതിന് ശേഷം അദ്ദേഹത്തിന്റെ തബലവാദനവും. അവിടെ വെച്ച് അന്ന് കേരളത്തിന്റെ മേളപ്രമാണി പെരുവനം കുട്ടന്മാരാരെ അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ ദിവസമായ അന്ന് പൊന്നാടയണിയിച്ച് ചേർത്ത് നിർത്തിയ രംഗം അതിന്റെ മറ്റൊരുദാഹരണം.
അദ്ദേഹത്തിന്റെ സഹജീവികളോടും സഹപ്രവർത്തകരോടുമുള്ള പെരുമാറ്റത്തിന്റെ ഉദാഹരണം വൈറലായ ഒരു വീഡിയോയിലൂടെ നാമൊക്കെ കണ്ടതാണ്. എന്തിനും ഏതിനും ക്ഷോഭിക്കുകയും മറ്റുള്ളവരോടു തട്ടിക്കയറുകയും ചെയ്യുന്ന നമ്മളോരോരുത്തരും കണ്ടു പഠിക്കേണ്ട പാഠം. തബലയിൽ അദ്ദേഹം സുസ്മേരവദനനായി താളപ്പെരുക്കം തീർക്കുകയാണ്. അപ്പോഴാണ് തബലക്ക് മുകളിലുള്ള മൈക്കുകളിലൊന്ന് ചെരിഞ്ഞു താഴുന്നത് കാണുന്നത്. ഒട്ടും ക്ഷോഭിതനാവാതെ അദ്ദേഹം തന്റെ തബലയിലെ വാദനം വലത്തേ കയ്യിലൊതുക്കി ഇടം കൈകൊണ്ട് സൗമ്യമായി മൈക്കിനെ പിടിച്ചുയർത്തുന്നതും വീണ്ടും അത് താഴോട്ടു ചെരിയുമ്പോൾ അതിലും ലാഘവത്തോടെ വീണ്ടും ഉയർത്തുന്നതുമായ ആ ഒരു രംഗം മതി അദ്ദേഹത്തിലെ മനുഷ്യസ്നേഹിയെ അറിയാൻ, ചേർത്തു പിടിക്കാൻ.
ഒരു പക്ഷെ കുട്ടിക്കാലത്ത് വാഹ് ഉസ്താദ് എന്ന പരസ്യത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെക്കാൾ ഇന്നിപ്പോൾ ഞാനിഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ വൈറലായ ആ വിഡിയോയാണ്.
നൂറ്റാണ്ടിന്റെ തബല മാന്ത്രികനും വിട. പ്രണാമം !