2025 നവംബർ 10, തിങ്കളാഴ്‌ച

നിർമ്മിതബുദ്ധി സാഹിത്യം

 

യന്ത്രങ്ങൾ എഴുതുന്ന കാലമാണിത്.  നിർമ്മിതബുദ്ധിയോട് “സാഹിത്യം രചിക്കാനാവുമോ?” എന്നൊരു ചോദ്യം, ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ  തീർച്ചയായും നിമിഷങ്ങൾക്കകം  അങ്ങനെയൊന്ന് ചമച്ച് തരും.  

ഇന്ന് വിപണിയിൽ ലഭ്യമായ മികച്ച AI സംവിധാനങ്ങൾ മലയാളം ഉൾപ്പെടെ അനവധി ഭാഷകളിൽ പ്രാവീണ്യമുള്ളവയാണ്. ChatGPT (OpenAI), Gemini, Claude, Grok, Malayalam.ai, Malayalam GPT (YesChat, ChatGPT versions), SriGPT, ICFOSS Malayalam ChatBot, Malayalam Chat AI (Android App), MALLU GIRL (Character.AI), Kruti (Ola’s AI agent) എന്നിവയാണ് പ്രചുരപ്രചാരം നേടിയ ചാറ്റ് ബോട്ടുകൾ. സാഹിത്യരചനയിലേക്ക് കൂടുതൽ പ്രാധാന്യം നൽകി നിർമ്മിച്ചവയാണ്  Sudo Write, Raptor Write, Novel Crafter തുടങ്ങിയവ. 

മേൽപ്പറഞ്ഞ പലതും ഫ്രീ ആയി ലഭിക്കുമെങ്കിലും അവയ്‌ക്കൊക്കെ പരിമിതികളുണ്ട്. പൂർണ്ണ തോതിൽ അവ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ നാം subscription നൽകിയേ പറ്റൂ. ഉദാ. ChatGPTക്ക് ചുരുങ്ങിയത് മാസം 2000 രൂപ വിലയുണ്ട്.

അത് മാത്രം പോരാ. മേൽപ്പറഞ്ഞ AI കൾ ഉപയോഗിക്കാനും അറിയേണ്ടതുണ്ട്.  chat-bot കൾക്ക് promptകൾ(സൃഷ്ടി എങ്ങിനെ നിർവ്വഹിക്കണം, ആശയം എന്തായിരിക്കണം, കഥാപാത്രങ്ങൾ, കാലഘട്ടം, പരിണാമഗുപ്തി എന്നിവ)    നല്കാൻ അറിയണം.   തരുന്ന output കൃത്യമായി പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്താനുള്ള  നിർദ്ദേശങ്ങൾ നല്കാനാറിയണം.

ഒരു കാര്യം മനസിലാക്കുക. എ.ഐ. ഒരു ഉപകരണം  മാത്രമാണ്.   ചിന്ത, ഭാവുകത്വം, മനുഷ്യത്വം എന്നിവ എഴുത്തുകാരനു മാത്രം സ്വായത്തമായിട്ടുള്ളതാണ്. AI നൽകുന്ന എഴുത്ത് ശ്രദ്ധാപൂർവ്വം പരിശോധിച്ച് അതിലെ വാക്ക്, ശൈലി, പ്രാദേശികഭാഷാഭേദം, വികാരതീവ്രത  എന്നിവയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ   പ്രാപ്തിയുണ്ടെങ്കിൽ മാത്രമേ  അതിനെ ‘സാഹിത്യസൃഷ്ടി’യെന്ന് വിളിക്കാനാകൂ. അല്ലാത്തപക്ഷം അത് വെറുമൊരു ഒരു മെഷീൻ റിപ്പോർട്ടായിത്തീരുന്നു — വായനക്കാരന്റെ ഹൃദയം തൊടാത്ത ഒരു യാന്ത്രിക പുനരാവർത്തനം.

സൗജന്യമായി നമ്മുടെ ഫോണിലോ, ലാപ്ടോപ്പിലോ മേൽപ്പറഞ്ഞ Chatbotകളുടെ Free version നമുക്ക് install ചെയ്ത് പരിമിതമായ രീതിയിൽ തീർച്ചയായും ഉപയോഗിക്കാം. നിത്യജീവിതത്തിൽ നമുക്ക് അനിവാര്യമായി വരുന്ന ചില കാര്യങ്ങൾക്ക് വേണ്ടി പ്രത്യേകിച്ചും.  വ്യാകരണത്തെറ്റില്ലാതെ ഒരു കത്തെഴുതുക, ഒരു യോഗത്തിന്റെ റിപ്പോർട്ട് വിശദാംശങ്ങൾ മാത്രം നൽകി  നല്ല രീതിയിൽ എഴുതി വാങ്ങിക്കുക, എന്നിവക്കായി ഇവ ഉപയോഗിക്കാം. കൂടാതെ അറിവുകൾ ലഭിക്കുന്നതിനായും ഇത് നല്ല രീതിയിൽ ഉപയോഗിക്കാവുന്നതാണ്.

ChatGPT സൗജന്യ വേർഷൻ ഉപയോഗിച്ച് ഒരു കഥ എഴുതി വാങ്ങിയത് എങ്ങിനെയെന്ന് കാണിച്ചു തരാം.

ആദ്യം കഥയുടെ അന്തഃസത്ത എന്താണെന്നും, പശ്ചാത്തലം എന്താണെന്നും മറ്റും ഉള്ള ഒരു ചെറുവിവരണം അതിന്റെ prompt ബോക്സിൽ നൽകുക. അപ്പോൾ നിമിഷങ്ങൾക്കകം ഒരു കഥ പടച്ചു തരികയായി.

-----

prompt

മലയാളത്തിൽ ഒരു കഥ നിർമ്മിച്ച് തരാമോ ?

വിഷയം - ദീപാവലി ആഘോഷം ,  ശബ്ദ അന്തരീക്ഷ മലിനീകരണം, അതിനൊരു പോംവഴി 

പശ്ചാത്തലം - ജനസാന്ദ്രതയുള്ള ഒരു നഗരം - ഉദാ. ദില്ലി 

കഥാപാത്രങ്ങൾ - ചേരിപ്രദേശത്തു ജീവിക്കുന്ന ദരിദ്രരായ അനേകായിരങ്ങൾ. ചേരികൾക്കകലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ജീവിക്കുന്ന മധ്യവർഗ്ഗ, സമ്പന്ന വർഗ്ഗ ജനത. 

മറ്റു വസ്തുതകൾ - അന്തരീക്ഷ മലിനീകരണ റിപ്പോർട്ട്, അന്തരീക്ഷ മലിനീകരണ വിഭാഗം. പോലീസ്. ഗവണ്മെന്റ്.

---------

ഇത്രയും നൽകിയപ്പോൾ നിമിഷങ്ങൾക്കകം ഒരു കഥ പടച്ചു തന്നു. ചെറിയ ചില തിരുത്തലുകൾ, നടത്തിയപ്പോൾ കിട്ടിയതാണ് താഴെക്കാണുന്ന കഥ.

ആത്മാവ് കണ്ടെത്തിയ ദീപാവലി

----------------------------------------

ദില്ലിയുടെ മൂടൽമഞ്ഞിൽ, പുകയുടെ തിരശ്ശീലകൾക്ക് അകത്തുകൂടി സൂര്യന്  പകൽ പോലും വഴിതെറ്റി. ദീപാവലിയുടെ രണ്ടാം രാവായിരുന്നു അത് — വെളിച്ചവും  പുകയും തമ്മിൽ  മത്സരിച്ച  ഒരു രാത്രി.

ചേരിയുടെ ഇടുങ്ങിയ വഴികളിലൂടെ പൊടിയും വിയർപ്പും കലർന്ന വായുവിൽ ജീവൻ വിറങ്ങലിച്ച്  നിൽക്കുകയായിരുന്നു. പത്തു  വയസ്സുകാരൻ  മനു ചെവികൾ മൂടി കരഞ്ഞു: “അമ്മേ, ആ പടക്കം പൊട്ടുമ്പോൾ കാതിനകത്ത് തുരങ്കം തീർക്കുന്നത്  പോലെ!”

ശാന്തമ്മ അവനെ ചേർത്തു പിടിച്ചു. “പടക്കം പൊട്ടുന്നത് മേലത്തെ ഫ്ലാറ്റുകളിലാണ്  മോനേ... അവർക്കത് ഉത്സവം. നമുക്കത് ഭയം.”

അവളുടെ വാക്കുകളിൽ ക്ഷീണവും വ്യസനവും നിറഞ്ഞു നിന്നു — ഉത്സവത്തിന്റെ വെളിച്ചം അവളുടെ കുടിലിലെത്തുമ്പോഴേക്കും, അത് പുകയായിത്തീരുന്നു.

ചേരിയുടെ മുകളിൽ ഉയർന്നുനിൽക്കുന്ന ‘ഗോൾഡൻ ഹൈറ്റ്സ്’ ഫ്ലാറ്റുകൾ അന്ന് സ്വർഗ്ഗംപോലെ തിളങ്ങി. പടക്കങ്ങൾ ആകാശത്തേക്ക് പൊങ്ങുമ്പോൾ താഴെ നിലത്ത് കുട്ടികളുടെ ചുമയും മുതിർന്നവരുടെ കണ്ണുനീരും ചേർന്ന് മറ്റൊരു ഉത്സവം തീർത്തു — കണ്ണീരിന്റെ  ദീപാവലി.

പിറ്റേന്നത്തെ  പത്രങ്ങളിൽ വൻതലക്കെട്ട് — “ദില്ലി വിഷവായുവിൽ മുങ്ങി: AQI 700 കവിഞ്ഞു.”

“മലിനീകരണ വിഭാഗം അടിയന്തര യോഗം വിളിച്ചു.”

അന്തരീക്ഷ മലിനീകരണ ബോർഡിലെ ഓഫീസർ രഞ്ജിത്ത് കുമാർ തലകുനിച്ചു കൊണ്ട്  വാർത്താ മാധ്യമങ്ങളോട് പറഞ്ഞു: “പടക്കങ്ങൾ പൊട്ടിച്ചത് സമുച്ചയങ്ങൾ. പക്ഷേ പുക വിഴുങ്ങുന്നത് ചേരികളിലെ മനുഷ്യർ.”

പോലീസ് റിപ്പോർട്ടുകളും ഗവൺമെന്റ് ഉത്തരവുകളും പുറത്തിറങ്ങി — പടക്കങ്ങൾക്ക് നിയന്ത്രണം, ശബ്ദത്തിന് പരിധി. പക്ഷേ ആരാണ് കേട്ടത്?

അന്ന്  രാത്രി, ചേരിയിലെ ചെറു കുട്ടികൾ വേറെൊരു തീരുമാനം എടുത്തു. “നമുക്കു നമ്മുടെ ദീപാവലി വേണം,” മനു പറഞ്ഞു.

അവർ പഴയ പ്ലാസ്റ്റിക് ബോട്ടിലുകൾ വൃത്തിയാക്കി അതിനുള്ളിൽ ചെറു എണ്ണവിളക്കുകൾ വെച്ചു. ഒരോ കുടിലിന്റെയും മുന്നിൽ അവർ വെളിച്ചം തെളിച്ചു. പടക്കമില്ല, പുകയില്ല — പക്ഷേ അതിലുണ്ടായിരുന്നു മനസ്സിന്റെ നന്മയൂറുന്ന  വെളിച്ചം.

അവരുടെ ചെറു ആഘോഷം ഫ്ലാറ്റ് മാളികകളിൽ നിന്നുമുള്ള ചില യുവാക്കളുടെ കണ്ണിൽ പെട്ടു. അവർ ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു — #GreenDiwali #LightNotSmoke

വൈറലായ ആ ദൃശ്യങ്ങൾ ഒരുകൂട്ടം ആളുകളെ ചിന്തിപ്പിച്ചു. അടുത്തവർഷം ‘ഗോൾഡൻ ഹൈറ്റ്സ്’ റെസിഡന്റ്സ് അസോസിയേഷൻ തീരുമാനിച്ചു:

“ഇനി മുതൽ പടക്കമില്ലാ ദീപാവലി — ശബ്ദമില്ലാത്ത സന്തോഷം.”

അന്തർീക്ഷ മലിനീകരണ വിഭാഗം ആ കൊച്ചു കുട്ടികളോട് കടപ്പാട് അറിയിച്ചു. മനുവിനും കൂട്ടുകാർക്കും “Green Citizens Award” നൽകി ആദരിച്ചു.

പുരസ്കാരവേദിയിൽ മനു മൈക്കിൽ പറഞ്ഞു:

“പടക്കങ്ങൾ ആകാശം പൊട്ടിക്കുമ്പോൾ സന്തോഷം കിട്ടിയെന്നു തോന്നും. പക്ഷേ മറ്റൊരാളുടെ ശ്വാസം രക്ഷിക്കുന്ന ഒരു വിളക്ക് തെളിയിക്കുമ്പോഴാണ് ദീപാവലി യഥാർത്ഥമായി തെളിയുന്നത്.”

സമൂഹം നിശബ്ദമത്  കേട്ടു. ആ ശബ്ദരഹിത സത്യത്തിന് ഒരുപാട് ശക്തിയുണ്ടായിരുന്നു.

അന്ന് രാത്രി, പുകമില്ലാത്ത ആകാശത്തിന് കീഴിൽ, ശാന്തമ്മയുടെ കുടിലിന്റെ മുന്നിൽ ചെറു ദീപങ്ങൾ വീണ്ടും തെളിഞ്ഞു. നിശ്ശബ്ദമായൊരു വെളിച്ചം, ഒരാൾക്കും ദോഷമില്ലാത്ത സന്തോഷം.

പടക്കങ്ങളുടെ പാറിപ്പൊട്ടലില്ലാതെ — ദീപാവലി ഒടുവിൽ തന്റെ ആത്മാവിനെ കണ്ടെത്തിയ രാത്രി.

-------------


പക്ഷെ, ഇതൊരു ഉത്തമ കഥയാണോ? അല്ല എന്ന് കുറച്ചെങ്കിലും സാഹിത്യാഭിരുചിയുള്ള ഏതൊരാളും സമ്മതിക്കും. അതിലെ ആദ്യ ഖണ്ഡികയിൽ തുടങ്ങി പല ഭാഗങ്ങളിലും  കല്ലുകടി അനുഭവപ്പെടുന്നുണ്ട്. 

ഒരു ആദ്യരൂപം ഉണ്ടാക്കാനും, ആദിമധ്യാന്ത രൂപമുണ്ടാക്കാനും തീർച്ചയായും AIയെ ഉപയോഗിക്കാം. പക്ഷെ അവ തരുന്ന output ഉപയോഗിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി തിരുത്തിയെഴുതി  നാം അതിനെ ജീവസ്സുറ്റതാക്കാൻ ശ്രമിക്കണം. അപ്പോഴേ അതിനെ സാഹിത്യ സൃഷ്ടി എന്ന് വിളിക്കാനാവൂ. അല്ലാത്തിടത്തോളം അവയെ ചവറ് എന്ന് മാത്രമേ പറയാനാവൂ.

ചിന്തിക്കുന്ന കംപ്യൂട്ടറുകളുടെ കാലത്ത് സമൂഹത്തിന്റെ അവസ്ഥ മാറുമെങ്കിലും ഇന്നത്തെതിലും തീവ്രമായ വൈകാരികതയോടെയും സത്യസന്ധതയോടെയും നെഞ്ചുവിരിച്ച് നില്‍ക്കാന്‍ സാഹിത്യത്തിന് കഴിയുമെന്നും വൈകാരികതയും സ്നേഹവും നിരന്തരം കൊടുത്തുകൊണ്ടിരിക്കുന്നതാണ് സാഹിത്യം. സമൂഹത്തിൽ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുമ്പോള്‍ ഇവിടെ സാഹിത്യമുണ്ടാകും എന്നും  എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം പറയുന്നു. 

ഭാവുകത്വം ലവലേശമില്ലാത്ത എഴുത്ത് മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് കവിയും നോവലിസ്റ്റും നിരൂപകനുമായ കല്പറ്റ നാരായണൻ. നന്മതിന്മകൾക്കതീതമായി സ്വാതന്ത്ര്യം ആവിഷ്‌കരിക്കുന്നതാണ് സാഹിത്യം. പുതിയ എഴുത്തിന് രണ്ടു വെല്ലുവിളികളുണ്ട്. ഒന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേതാണ്. ഇതുവരെയില്ലാത്തതു സൃഷ്ടിക്കുന്നതാണ് സർഗാത്മകത. അതിന് എ.ഐ.ക്കു കഴിയില്ല. നിലവിലുള്ളതിന്റെ പുനഃസൃഷ്ടി മാത്രമാണ് എ.ഐ.ക്കു നടത്താനാവുക.

മുരളി തുമ്മാരുകുടി പറയുന്നത് കൂടി കേൾക്കാം. പ്രവീൺ പരമേശ്വരൻറെ മകൻ ഒംകാർ പരമേശ്വർ എഴുതിയ  ഒരു സയൻസ് ഫിക്ഷൻ നോവലാണ്  2060 The Covid Returns, but in the Metaverse.  ചാറ്റ് ജി പി ടി യാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത്. ചിത്രങ്ങൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. പുസ്തകം താളിയോലയിലാണോ പേപ്പറിൽ ആണോ കിൽഡിലിൽ ആണോ അതോ വായ്മൊഴി ആണോ എന്നതല്ല പ്രധാനം, അതിന്റെ വായനാനുഭവമാണ്. അത് ചാറ്റ് ജിപിടിയുടെ സഹായത്തോടെയോ ചാറ്റ് ജി പിടി മൊത്തമായിട്ടോ ആണ് നൽകുന്നതെങ്കിൽ നമുക്ക് വിഷമമൊന്നുമില്ല. വായനാനുഭവം ഉണ്ടായിരിക്കണം, നമ്മോട് സംവദിക്കണം.

അതെ, ആത്യന്തികമായി സാഹിത്യം ജീവസ്സുറ്റതാകണം, പുതുതായൊന്ന് പറയാൻ ശ്രമിക്കുന്നത്, സൃഷ്ടിക്കുന്നതാവണം.    വായനക്കാരനോട് സംവദിക്കുന്നതാവണം.

(Published in Thulaseedalam Magazine, November 2025 issue)

അഭിപ്രായങ്ങളൊന്നുമില്ല:

ദൈവം കേൾക്കുന്ന പ്രാർത്ഥന

  മനുഷ്യന്റെ മനോവ്യാപാരങ്ങളെ സമർത്ഥമായി വരച്ചു കാട്ടുന്ന മികച്ച കഥകളാണ് ഉണ്ണി ചങ്കത്തിന്റെ ദൈവം കേൾക്കുന്ന പ്രാർത്ഥന എന്ന കഥാസമാഹാരം.   ന...