2025, നവംബർ 18, ചൊവ്വാഴ്ച

ദൈവം കേൾക്കുന്ന പ്രാർത്ഥന

 


മനുഷ്യന്റെ മനോവ്യാപാരങ്ങളെ സമർത്ഥമായി വരച്ചു കാട്ടുന്ന മികച്ച കഥകളാണ് ഉണ്ണി ചങ്കത്തിന്റെ ദൈവം കേൾക്കുന്ന പ്രാർത്ഥന എന്ന കഥാസമാഹാരം. 

നാമോരോരുത്തരും ജീവിച്ചുപോന്ന പരിസരങ്ങളിൽ കണ്ടുമുട്ടുന്ന വിവിധ  കഥാപാത്രങ്ങൾ, അവർക്കോരോരുത്തർക്കുമുള്ള വൈവിദ്ധ്യങ്ങൾ തുടങ്ങിയവ അവരുടെ കൂടെ മനോവ്യാപാരങ്ങളിലൂടെ വരച്ചിടുമ്പോൾ അത് കഥയുടെ വായനാശേഷി വർദ്ധിപ്പിക്കുന്നു.

ഇതിലെ ഒട്ടുമിക്ക കഥകളും ഗിമ്മിക്കുകളൊന്നുമില്ലാതെ   ഋജുവായി പറയുന്നവയാണ്. പക്ഷെ, ആ പറച്ചിലിനൊപ്പം വായനക്കാരനെ എങ്ങിനെ തന്റെ കൂടെക്കൂട്ടാം എന്ന കൗശലം അദ്ദേഹം സ്വായത്തമാക്കിയിട്ടുണ്ട്. 

ഇതിലെ ഓരോ കഥയും സ്വാനുഭവങ്ങളുടെയും പരാനുഭവങ്ങളുടെയും സവിശേഷ മിശ്രണങ്ങളാണ്. നീരുകുടിയൻ നാട്ടു മാമ്പഴങ്ങളെപ്പോലെ വൈവിദ്ധ്യമാർന്നതാണ്. വേറിട്ട ചൂരിന്റെയും ചുണയുടെയും മുട്ടിക്കുടിയന്മാരാണ്. അവയിൽ നിന്നും തെറിക്കുന്ന യാഥാർഥ്യങ്ങളുടെ  ചുണ ചിലപ്പോൾ നമ്മുടെ മുഖങ്ങളെ പൊള്ളിച്ചേക്കാം.

നാട്ടു, നഗര ജീവിതത്തിലെ പൊയ്മുഖങ്ങളെയും പൊള്ളയായ  പൊങ്ങച്ചക്കോമരങ്ങളെയും വരികൾക്കിടയിലൂടെയുള്ള  സൂചിക്കുത്തിലൂടെ കാറ്റുകളഞ്ഞു   തുറന്നു കാട്ടുന്നുമുണ്ട്. പക്ഷെ അവിടെയെവിടെയും പുച്ഛത്തിന്റെ ലാഞ്ചന പോലും വരാതിരിക്കുവാൻ ശ്രദ്ധിക്കുന്നുണ്ട്.

കഥകളിലൂടെ സഞ്ചരിക്കുമ്പോൾ, സുഹൃത്ത് ബന്ധങ്ങളിലെ കാപട്യങ്ങളെ തുറന്നു കാട്ടുന്ന മികച്ച കഥയാണ് ദൈവം കേൾക്കുന്ന പ്രാർത്ഥന. മറുജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടങ്ങളുടെ ത്വര അപരനിൽ അധ്യാരോപിക്കുന്ന സമൂഹത്തിന്റെ കാപട്യത്തെ തുറന്നു കാട്ടുന്നതാണ് തട്ടിക എന്ന കഥ. സ്വന്തം കാലിലെ മന്തിനെയും വ്രണങ്ങളെയും  കാണാതെ മറ്റുള്ളവരുടെ കാലുകളോരോന്നും പരിശോധിച്ച് ഇല്ലാ വ്രണങ്ങളെ കണ്ടെത്താനുള്ള കുബുദ്ധിയെയാണ് സ്വന്തം കാൽ എന്ന കഥ കാണിച്ചു തരുന്നത്. അതെ പോലെ, നമുക്കിടയിലേക്ക് കടന്നു വരുന്ന ചില ക്ഷണിക ബന്ധങ്ങളിൽ നിന്നും ഓടിയൊളിക്കാനുള്ള നമ്മുടെയൊക്കെ ഒരു വ്യഗ്രതയാണ് നിശ്ശബ്ദം എന്ന കഥ പറയുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, കുടുംബ  കൂട്ടായ്മകളിലെയെല്ലാം പ്രമാണിമാർ എങ്ങിനെ മറ്റുള്ളവരെ സമർത്ഥമായി  ഉപയോഗിക്കുന്നു എന്നതിന്റെ കുതന്ത്രങ്ങളാണ് "തന്ത്ര"ത്തിലൂടെ പറയുന്നത്. ജീവിതത്തിൽ താൻ അന്നേ വരെ ജീവിച്ചു പരിചയിച്ച പരിസരങ്ങളും രീതികളും വിട്ട് മറ്റൊന്നിലേക്ക് പറിച്ചു നടുമ്പോൾ അത്തരം മാറ്റങ്ങളൊന്നും ഉൾക്കൊള്ളാനോ സ്വാംശീകരിക്കാനോ തയ്യാറാവാത്ത  ഒരാളെ തന്റെ കൊച്ചു മകൻ വെറും മൂന്നു മണിക്കൂറിനുള്ളിൽ മാറ്റിയെടുക്കുന്നതിന്റെ തന്ത്രമാണ് "മാറ്റം" എന്ന കഥ.

ഇതിലെ അടുക്കളച്ചാറ്റ് എന്ന കഥ പ്രത്യേക പരാമർശമർഹിക്കുന്നു. ഇന്ന് സർവ്വസാധാരണമായ  പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മയിലെ ചില അപഥ സഞ്ചാരങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്ന ഒന്നാണത്. പൊതുവെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കഥകളിൽ നിന്നും വ്യത്യസ്തമായി, മികച്ച ആഖ്യാനശൈലിയിൽ എഴുതപ്പെട്ട കഥ.

അതെ പോലെ പറയേണ്ട കഥയാണ് അടുത്തൂൺ. നഗരജീവിയുടെ എല്ലാ വിധ തത്രപ്പാടുകളും,  തിരക്കുകളും, വിചിത്രശീലങ്ങളും കെട്ടിപ്പേറി ജീവിച്ച ഒരാൾ പെട്ടെന്ന് വിരമിക്കുന്ന ദിവസം ഒരു തിരക്കുമില്ലാത്തവനായി മാറുന്ന അവസ്ഥ. അങ്ങിനെ മാറി  നിന്ന് അത് വരെ തനിക്കുമുണ്ടായിരുന്ന  ശീലങ്ങൾ അപരരിൽ കണ്ട്  അയാൾ  കൗതുകം കൊള്ളുകയാണ്.

ഉണ്ണിയുടെ കഥകൾ മനുഷ്യമനസ്സുകളുടെ അപഗ്രഥനം കൂടിയാണ്. "ധൃതിയെല്ലാം അവസാനിക്കുന്ന ഇന്നത്തേപ്പോലൊരു ദിവസത്തിലേക്കാണ് അവരെല്ലാവരും കുതിച്ചുപായുന്നതെന്നുള്ള ചിന്ത എന്നിലുണ്ടായി" - (അടുത്തൂൺ). വേറെയും ഉദ്ധരിക്കാവുന്ന എത്രയോ വാചകങ്ങൾ മുഴച്ചു നിൽക്കാതെ കഥകളോട് ചേർന്ന് തീർത്തും അനിവാര്യമായൊരു വാചകം എന്ന പോലെ നിരന്നു പരന്ന് കിടപ്പുണ്ട്. നടേ  പറഞ്ഞ മനോവ്യാപാരങ്ങൾക്കപ്പുറം  സമൂഹത്തിലെ വിവിധ കഥാപാത്രങ്ങളുടെ ചിന്തകളെ സമഗ്രമായിത്തന്നെ ഇതിലുള്ള ഒട്ടുമുക്കാൽ കഥകളിലും അപഗ്രഥിക്കുന്നുണ്ട്.

പുസ്തകം വായിക്കപ്പെടട്ടെ.

പ്രസാധകനെക്കുറിച്ച് കൂടി രണ്ടു വാക്ക്. ചെമ്പരത്തി പ്രസാധനമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. അക്ഷരത്തെറ്റുകളുടെ കല്ലുകടിയും(അത് കഥാകൃത്തിന്റെ മിടുക്ക് കൂടിയാവാം) അച്ചടിപ്പിശാചുകളുമില്ലാത്ത, നല്ല വായനക്കുതകുന്ന ഫോണ്ടും ലേ ഔട്ടും.

പ്രസാധകൻ : ചെമ്പരത്തി പ്രസാധനം, കാഞ്ഞങ്ങാട്

വില: 220/-

അഭിപ്രായങ്ങളൊന്നുമില്ല:

ദൈവം കേൾക്കുന്ന പ്രാർത്ഥന

  മനുഷ്യന്റെ മനോവ്യാപാരങ്ങളെ സമർത്ഥമായി വരച്ചു കാട്ടുന്ന മികച്ച കഥകളാണ് ഉണ്ണി ചങ്കത്തിന്റെ ദൈവം കേൾക്കുന്ന പ്രാർത്ഥന എന്ന കഥാസമാഹാരം.   ന...