Sunday, June 2, 2019

മുംബൈ ബാച്ചിലർ ജീവിതം- Part 6


Part - 6


ഇന്ത്യയിൽ കമ്പ്യൂട്ടറിന്റെ ഉദയം കുറിച്ച നാളുകൾ. കാശുള്ളവരിൽ പലരും, ഇല്ലാത്തവർ കടമെടുത്തും, മക്കളെ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ ചേർത്തു.


പിഷാരടി സാറിന്റെ മകൻ വിനോദ് കമ്പ്യൂട്ടർ പഠനം കഴിഞ്ഞ് സ്വന്തമായി കമ്പ്യൂട്ടർ ബിസിനസിലേക്ക് കാലെടുത്തു വെക്കുന്ന കാലം. ഞാനാകട്ടെ പരമ്പരാഗത വിദ്യാഭ്യാസവുമായി കമ്പ്യൂട്ടറിന്റെ എ ബി സി ഡി പോലും അറിയാത്ത അധകൃതനും. പിഷാരടി സാർ മൂപ്പരുടെ വർളി ആദർശ് നഗറിലുള്ള വീട്ടിൽ വെച്ച് സമുദായത്തിലെ  യുവാക്കൾക്കായി ഏറ്റവും അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിജ്ഞാനം നൽകാനായി ഒരു ക്ലാസ് സംഘടിപ്പിച്ചു. അതിൽ ഞാനും പങ്കാളിയായി. കമ്പ്യൂട്ടറിനെ കുറിച്ചുള്ള  പ്രാഥമിക പരിജ്ഞാനം, വേഡ് സ്റ്റാർ, ലോട്ടസ് എന്നീ പാക്കേജുകൾ എന്നിവ പഠിപ്പിച്ചു. പഠനം കഴിഞ്ഞു വിനോദ് നടത്തിയ പരീക്ഷയിൽ വിജയിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റുകളും നൽകി. മുമ്പോട്ടുള്ള യാത്രയിൽ ടൈപ്പിംഗ് Higher  കൂടാതെ മറ്റൊരു Additional Qualification കൂടി. ജീവിതത്തിൽ മുന്നേറാമെന്നുള്ളൊരു പ്രത്യാശ കൈവന്നതു പോലെ.



പുതുതായി തുടങ്ങിയ ആനന്ദ് റെക്കോർഡിംഗിൽ കമ്പ്യൂട്ടർ വേണമെന്ന് സുനിൽ ആനന്ദിന് ആഗ്രഹം. വിദേശത്തു നിന്നും എം ബി എ കഴിഞ്ഞു വന്ന സുനിലിനു പാശ്ചാത്യ സംസ്കാരത്തോടും പുതിയ സാങ്കേതിക വിദ്യകളോടും പൊതുവെ അഭിനിവേശമുണ്ട്..  കമ്പ്യൂട്ടർ അക്കൗണ്ട്സിൽ എങ്ങിനെ ഉപയോഗിക്കാം എന്നൊന്നും വലിയ പിടിപാടില്ല. അങ്ങിനെയാണ് ഞങ്ങളെല്ലാവരും കൂടെ ഒരു കമ്പ്യൂട്ടർ ഡെമോൺസ്‌ട്രേഷൻ കാണാൻ പോയത്.  കമ്പ്യൂട്ടറിന് 80000 രൂപയാണ് വില. അന്നത്തെ മൂല്യം വെച്ച് നോക്കുമ്പോൾ താങ്ങാനാവാത്ത വില. ലോൺ സംഘടിപ്പിച്ചു തരാമെന്ന് അവർ പറയുന്നു. ദേവ് ആനന്ദിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും കുറച്ച് കൂടി സാവകാശമെടുത്ത് കാര്യങ്ങൾ മനസ്സിലാക്കി വാങ്ങിയാൽ മതിയെന്ന് പറഞ്ഞു.



ആനന്ദ് റെക്കോർഡിംഗിൽ മിക്സിങ് സ്റുഡിയോക്കു വേണ്ട പല എക്വിപ്മെന്റ്‌സും എത്താൻ വൈകുന്നു. ബാങ്കിന്റെ നൂലാമാലകൾ കുരുക്കഴിക്കാൻ പാട് പെടുന്നു. ആനന്ദിൽ ദൈനം ദിന അക്കൗണ്ടിംഗ്  കാര്യങ്ങൾ നോക്കാനായി വെച്ചിരുന്ന കല്ലങ്കര രാമചന്ദ്രൻ സി എ പഠിക്കാനായി നാട്ടിലേക്ക് മടങ്ങിയപ്പോൾ മനോജ് എന്ന പുതുമുഖത്തെ വെച്ചു.



ശശി നാട്ടിൽ നിന്നും 1987 ഏപ്രിൽ 14 നു രാവിലെ ജയന്തി ജനതയിൽ ദാദറിൽ  എത്തി. കാക്കാനായി തലേ രാത്രി തന്നെ ദാദർ സ്റ്റേഷനിലെത്തി, റൂമിൽ ആകെയുള്ള ടേബിൾ ഫാൻ നാലു പേർക്കും കാറ്റെത്തിച്ചു തരാൻ പാട് പെട്ടു. ഏറ്റവും കൂടുതൽ കാറ്റ് ആവശ്യമുള്ള കേശവൻ ഏറ്റവും നടുക്ക് സ്ഥലം പിടിച്ചു. റൂം ഓണറായ ഞാനും വിനയനും  ഏറ്റവും അറ്റത്തു കട്ടിലിന്മേലും. പുതിയ റൂമിൽ കിടന്നുറങ്ങതിലും സുഖത്തിൽ പ്ലാറ്റ് ഫോമിലെ കൂറ്റൻ Storm ഫാൻ നൽകിയ പ്രചണ്ഡമാരുതനു കീഴെ  സുഖ നിദ്ര തരാക്കി.



തൽക്കാലം റൂമിൽ ഒരാൾ കൂടിയതൊന്നും സുരേഷ് ദാദ അറിഞ്ഞില്ലെന്ന് തോന്നുന്നു. എല്ലാവരും ഒരുമിച്ച് ഒരിക്കലും മൂപ്പരുടെ കണ്ണിൽ പെടാതെ നോക്കണം എന്ന് ഞങ്ങൾ ഒരു തീരുമാനം എടുത്തിരുന്നു.  രാമേട്ടന്റെ കുടുംബം നാട്ടിൽ പോയത് കാരണം ഞങ്ങളുടെ വിരേചനാവശ്യങ്ങൾ തൽക്കാലം അവിടെയാക്കി.



ഡെപ്പോസിറ്റ് മുഴുവൻ തീർത്ത് കൊടുത്തതു കാരണം ഇപ്പോൾ മൂപ്പർക്ക് ഞങ്ങളോട് ഒരു മമതയൊക്കെയുണ്ട്. കാരണം മഴക്കാലമായാൽ തുടങ്ങാനിരിക്കുന്ന    മൂപ്പരുടെ പുതിയ ബിസിനെസ്സിനുള്ള മൂലധനം നൽകിയത് ഞങ്ങളാണല്ലോ. അന്ന് വൈകീട്ട് റൂമിൽ വന്ന സെബാസ്റ്റ്യൻ സുരേഷിൻറെ ചരിത്രം ഞങ്ങൾക്ക് വിവരിച്ചു തന്നു. സുരേഷിന് നിലവിൽ രണ്ടു ഭാര്യമാരുണ്ട്. രണ്ടു പേരും താമസം കൂടെ തന്നെ. രണ്ടാൾക്കും താഴത്തെ നിലയിൽ വെവ്വേറെ മുറികൾ. വെപ്പും കുടിയും രണ്ട്. തന്റെ രണ്ടാം ഭാര്യയെ തൽക്കാലം  മുകളിലത്തെ നിലയിലെക്ക് തട്ടിയാണ്‌ ഞങ്ങൾക്കുള്ള റൂമൊരുക്കിത്തന്നത്. അതു കാരണം മുകളിലത്തെ മുറിയിൽ താമസിക്കുന്ന സെബാസ്റ്റ്യന്‌ മുകളിലത്തെ വരാന്തയിലാണ്‌ ഇപ്പോൾ അന്തിയുറക്കം. ഏത് ദാദമാർക്കും ഇത്തരം ചില ദൗർബല്യങ്ങൾ കാണുമെന്ന് ഞങ്ങൾ പഠിച്ച മറ്റൊരു പാഠം.  ആദ്യ ഭാര്യയിൽ മൂന്ന് കുട്ടികൾ. നാട്ടിൽ നിന്നും അച്ഛനമ്മമാരുടെ അനുഗ്രഹത്തോടെ പാണിഗ്രഹണം ചെയ്ത് കൊണ്ടുവന്നവൾ. കാഴ്ചയിൽ കറുത്ത്, മൂന്ന് പെറ്റു എന്ന് ഇപ്പോഴും പറയിക്കാത്ത ഒരു എണ്ണമൈലി. മക്കൾ എപ്പോഴും മുറ്റത്ത് മണ്ണിൽ കുരങ്ങനുമായി കളിക്കുന്നുണ്ടാവും.



രണ്ടാമത്തയാൾ അൽപ സ്വല്പം  പരിഷ്കാരിയായ  ഒരു മറാഠിപെൺകൊടി. അവൾക്കുമുണ്ട് മക്കൾ രണ്ടാളുകൾ. അവളുടെ മക്കളെ പുറത്തേക്കൊന്നും കളിക്കാൻ വിടില്ല, മൂത്ത കുട്ടി സ്‌കൂളിൽ പോകുന്നുമുണ്ട്. ജീവിതത്തിലാദ്യമായിട്ടാണ് ഒരു ദാദയെ നേരിൽ കാണുന്നതും അടുത്തിടപഴകുന്നതും. സെബാസ്റ്റ്യനോട് ചോദിച്ചു ദാദ ഞങ്ങളെപ്പറ്റിയൊക്കെ മനസ്സിലാക്കിയിരിക്കുന്നു. എല്ലാവരും വിദ്യാ സമ്പന്നരാണെന്നും, ഞാൻ ദേവ് ആനന്ദിന്റെ കൂടെയാണ് ജോലി ചെയ്യുന്നതെന്നും, ദേവ് സാബുമായി അടുത്ത ബന്ധമുള്ളയാളുമാണെന്നും  മനസ്സിലാക്കിയിട്ടുണ്ട്. അതായിരിക്കണം എന്നോടുള്ള മമതക്കും വിധേയത്വത്തിനും കാരണം. ദാദയോടോ, ഭാര്യമാരോടോ, കുട്ടികളോടോ ഒന്നും ആരും ഒരലോഗ്യത്തിനും പോകരുതെന്ന് കർശന നിർദ്ദേശം എല്ലാവർക്കും   നൽകി.

ബോംബെയിൽ എത്തി ആദ്യത്തെ പിക്നിക്, പിഷാരോടിമാരുടെ കൂടെ. ജീവിതത്തിലാദ്യമായിട്ടാണ്‌ ഇത്തരത്തിലൊരു പിക്നിക്കിൽ പങ്കെടുക്കുന്നത്.  ആരെ മിൽക്ക് കോളനി, അക്‌സാ ബീച്ച് എന്നിവിടങ്ങളിലേക്ക്. ദാദറിൽ നിന്നും രണ്ടു ബസ് ആൾക്കാരുണ്ടായിരുന്നു. ആരെ മിൽക്ക് കോളനിയിലെ പിക്നിക് സ്പോട് ആദ്യത്തെ ഇടം. എപ്രിലിൽ നാലുപുറവും മഞ്ഞണിഞ്ഞു നിൽക്കുന്ന കർണ്ണികാരങ്ങൾക്കു താഴെ ഒഴിഞ്ഞൊരു മൈതാനം,  അവിടെയായിരുന്നു സ്പോർട്ട്സ് പ്ലാൻ ചെയ്തിരുന്നത്. കമലാവതി ടീച്ചർ ഞങ്ങളെ പരിചയപ്പെട്ടു. നയിക്കുന്നത് ആർ പി ഉണ്ണിയേട്ടനും, രഘുവേട്ടനും ഒക്കെയാണ്‌. ടീച്ചർ എല്ലാത്തിനും മുന്നിലുണ്ട്. അജിത്ത്, കുർള രാമചന്ദ്രൻ, സോമൻ എന്നിവർക്കാണ് സ്പോർട്സിന്റെ ചുമതല.  പൂത്തുലഞ്ഞു നിൽക്കുന്ന മഞ്ഞണിപ്പൂവുകളുടെ സൗന്ദര്യം ആസ്വദിച്ചു നിന്ന ഞങ്ങൾ ചെറു വാല്യക്കാരുടെ ഗ്രൂപ്പിനെ കമലാവതി ടീച്ചർ എന്തോ പറഞ്ഞു കളിയാക്കി. ബോംബെയിലുള്ള പല ബന്ധുക്കളെയും അടുത്തു പരിചയപ്പെട്ടു.

ജൂൺ മാസമെത്തി, മഴക്കാലമെത്തി, നീണ്ട ഒരിടവേളക്കു ശേഷം ശോഭയുടെ കത്തെത്തി. ശശി പാസായിരിക്കുന്നു. വേഴാമ്പലുകൾ ആനന്ദ നൃത്തം ചവിട്ടി. പാനപാത്രം നിറഞ്ഞൊഴുകി.

ഇപ്പൊൾ ഞങ്ങളുടെ വീട്ടുമുറ്റം ഒരു വാറ്റു ശാലയായി പരിണമിച്ചിരിക്കുന്നു. ശർക്കര ചേർത്ത വാഷിൻറെ മണം അന്തരീക്ഷത്തിലാകെ നിറഞ്ഞു നിന്നു.

രാവിലെ വെള്ളം വരുന്ന 5 മണി മുതൽ വീടുണരുകയായി, ഫാക്ടറിയുണരുകയായി. ആദ്യം വെളളം പിടിക്കാനുള്ള അവകാശം ഞങ്ങൾക്കാണ്. 10 മിനിട്ടിനകം ഞങ്ങളുടെ ഡ്രം നിറയും. പിന്നെ ദാദയുടെ വീട്ടിലേക്ക്. അതു കഴിഞ്ഞാൽ അഞ്ചരയാവുമ്പോഴേക്ക് വാറ്റ് തുടങ്ങുകയായി. റബ്ബർ ട്യൂബ്കളിൽ നിറക്കുന്ന  വാറ്റ് ചാരായം പിന്നീട് കന്നാസുകളിലും മറ്റും പകർന്ന് വിവിധ വാഹകർ വഴി തലച്ചുമടായി പുറത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കും. ഒമ്പത് മണിയാവുമ്പോഴേക്കും ഉത്പാദനപ്രക്രിയയും വിപണനവും വിറ്റു വരവും അവസാനിപ്പിച്ചിരിക്കും. അപ്പോഴേക്കും എല്ലാവരുടെയും കുളി കഴിയുന്ന ഞങ്ങൾക്ക് വീണ്ടും ഡ്രം നിറക്കാൻ അവസരവും ദാദ അറിഞ്ഞനുവദിച്ചിരുന്നു.


നേരത്തെ വന്ന മഴ ജൂലൈ മാസത്തിലൊന്ന്  മാറി നിന്നു. ജൂലൈ മാസം കഴിഞ്ഞു, ആഗസ്റ്റ് എത്തി. മഴ വീണ്ടും കനത്തു. ശശിക്ക് ജോലി കിട്ടി, ആദ്യ ശമ്പളം കിട്ടി. ഫാക്റ്ററിയിൽ ബിസിനസ് തകൃതിയായി നടക്കുന്നു ബിസിനന്റിന്റെ ലാഭം, പണത്തിന്റെ പുളപ്പ് ദാദയുടെ ഒരോ പ്രവൃത്തിയിലും പ്രകടമാണ്‌. ഞങ്ങളുടെ കാര്യത്തിലൊന്നും ഒട്ടും ശ്രദ്ധയില്ല, അല്ലെങ്കിൽ അതിനൊന്നും സമയമില്ല. ഡെപോസിറ്റ് തിരിച്ച് വാങ്ങി വേറോരിടം കണ്ടെത്താനുള്ള പറ്റിയ സമയമാണ്‌. ഒന്ന് മുട്ടിയാലോ എന്ന് മനസ്സ് പറഞ്ഞു. അങ്ങിനെ രണ്ടും കൽപ്പിച്ച് ഒരു ദിവസം രാവിലെ ഒറ്റക്ക് കിട്ടിയപ്പോൾ, വാടക കൊടുത്തുകൊണ്ട് പറഞ്ഞു, ഞങ്ങൾക്ക് വേറൊരു സൗകര്യങ്ങളുള്ള നല്ലൊരു റൂം ശരിയായിട്ടുണ്ട്. ഒരു മാസത്തിനകം റൂം മാറാം. ഡെപോസിറ്റ് കിട്ടിയാൽ നന്നായിരുന്നു.

“അരേ, യെ തോ മെ തും കോ ബോൽനെ വാലാ ഥാ. മുഝെ അപ്ന ധന്താ ബഡാനെ കെ ലിയെ ജഗഹ് ചാഹിയെ. വൊ റൂം മെ ഭീ മെ ധന്താ ശുരൂ കർനെ വാല ഹെ. ബോലോ, കബ് ഖാലി കരോഗെ?

എത് ദാദമാർക്കും കാര്യങ്ങൾ നേരെ ചൊവ്വെ മുഖത്തു നോക്കിപ്പറയുന്നവരെ ബഹുമാനമാണെന്ന് മനസ്സിലായി. ഒട്ടും സംശയിച്ചില്ല. “അഗല മഹിന എക് താരിഖ് കോ”.

പറഞ്ഞു കഴിഞ്ഞപ്പോഴാണ്‌ ഓർത്തത്, ഈശ്വര, എങ്ങോട്ടു പോവും. ഒന്നാം തിയതി ഒഴിയാമെന്ന് വാക്കും കൊടുത്തു പോയി. ഇനി പിന്മാറാൻ യാതൊരു നിവൃത്തിയുമില്ല. ദാദമാർക്ക് കൊടുത്ത വാക്കുകളിൽ പിന്മാറ്റങ്ങൾ കേട്ടറിവില്ല.

വൈകീട്ട് റൂമിൽ അത്താഴച്ചർച്ചയിൽ എല്ലാവരോടും എങ്ങിനെയെങ്കിങ്കിലും, എവിടെയെങ്കിലും ഒരു റൂം അന്വേഷിക്കുവാൻ ആജ്ഞ നൽകി. ആയിടക്കാണ്‌ കേശവന്റെ കമ്പനിയിൽ വരുന്ന പി എഫ് കൺസൾട്ടന്റിന്‌ ഒരു റൂം കാഞ്ചൂർമാർഗിൽ ഉണ്ടെന്നും അവിടത്തെ വാടകക്കാർ ഒഴിയുകയാണെന്നും  അതിന്‌ പുതിയ വാടകക്കാരെ നോക്കുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞത്. അക്കാര്യത്തിൽ ഒന്ന് കാര്യമായി ശ്രമിക്കാൻ കേശവനെ ചട്ടം കെട്ടി. ഇതിനിടയിൽ സുരേന്ദ്രൻ ഒത്തുപോകാനാവതെ പതുക്കെ സ്ഥലം കാലിയാക്കി.

ഇക്കുറി ഓണം സെപ്തംബർ ആദ്യമാണ്‌.. നാട്ടിൽ പോയി വന്നിട്ട് ഒന്നര കൊല്ലം കഴിഞ്ഞു. ഓണത്തിന്‌ വരാമെന്ന് അമ്മക്ക് വാക്കു കൊടുത്തതാണ്‌. ഗണേശൻ നാട്ടിൽ നിന്നും വന്നിട്ട് മൂന്ന് കൊല്ലം കഴിഞ്ഞു. അവനെന്തായാലും നാട്ടിൽ പോവാൻ തീരുമാനിച്ചിട്ടുണ്ട്. കൂടെ എന്നെയും വിളിച്ചു. ഞാനും സമ്മതിച്ചു. അങ്ങിനെ ആഗസ്റ്റ് അവസാനത്തെക്ക് ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു.

പോകുന്നതിനു മുമ്പ് പുതിയ റൂം കണ്ടെത്തണം, ഡെപോസിറ്റ് കൊടുക്കണം, ദാദയിൽ നിന്നും ഡെപ്പോസിറ്റ് തിരിച്ചു വാങ്ങണം. ആഗസ്റ്റ് 29 നു മുമ്പ് ഇതെല്ലാം നടക്കുമോ? വാ കീറിയ ദൈവം ഇതിനുമൊരു വഴി കാണിച്ചു തരാതിരിക്കില്ല, എന്ന് സമാധാനിച്ചു.

സമാജത്തിന്റെ വാർഷിക പൊതുയോഗം ആഗസ്റ്റ് 9 ഞായറാഴ്ച മാട്ടുംഗ പോദ്ദാർ കോളേജിലെ സ്ഥിരം വേദിയിൽ. ഇത്തവണ ഒരു പ്രത്യേകതയുണ്ട്. സമാജത്തിന്റെ ആദ്യ തിരഞ്ഞെടുപ്പാണ്‌. പ്രസിഡണ്ട്, സെക്രട്ടറി പദങ്ങളിലേക്ക് നോമിനേഷനുകൾ വന്നിട്ടുണ്ട്, അതും ഒന്ന് രണ്ട് ചെറുപ്പക്കാരിൽ നിന്ന്. ഇന്നേ വരെ സമാജം പരിപാടികൾക്കൊന്നും കാര്യമായി പങ്കെടുക്കാത്ത രണ്ടു പേർ നേതൃ നിരയിലെക്ക് കടന്ന് വരാൻ തയ്യാറായത് ഔദ്യോകിക പക്ഷത്തെ ആകെ അങ്കലാപ്പില്ലാക്കിയിട്ടുണ്ടെന്നാണറിഞ്ഞത്. ഒരു വോട്ടെടുപ്പ് വേണ്ടി വന്നാൽ, വോട്ടുകൾ അങ്ങോട്ട് മറിഞ്ഞാൽ എന്താവും സ്ഥിതി. അതു കൊണ്ട് അവരും സ്താനാർഥികളെ നിർത്തി നോമിനേഷനുകൾ സമർപ്പിച്ചു. പക്ഷെ മലപോലെ വന്നത് എലി പോലെ പോയി എന്ന ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട് ആ രണ്ടു പേരും അന്നേ ദിവസം മീറ്റിംഗിനേ വന്നില്ല. ശ്രീ പി എം പിഷാരോടി എന്ന അപ്പുമ്മാൻ പ്രസിഡണ്ട് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രഥമ സെക്രട്ടറി ശ്രീ ആർ പി ഉണ്ണിയേട്ടൻ സ്ഥാനം ഒഴിഞ്ഞു, ആർ പി രഘു പുതിയ സെക്രട്ടറിയായി സ്ഥാനമേറ്റു അതേ വരെ സമാജം പ്രവർത്തനങ്ങളിലേക്ക് കടന്നു വരാതിരുന്ന എ പി വാസുദേവൻ വൈസ് പ്രസിഡണ്ടായി. ട്രഷറർ സ്ഥാനത്തിനു മാറ്റമില്ല, പി എ പിഷാരോടി തന്നെ. എം പി നാരായണനും പി ബി രാമനാഥനുമായിരുന്നു നോമിനേഷൻ കൊടുത്ത ആ രണ്ടു ചെറുപ്പക്കാർ.

അടുത്ത ദിവസം ദേവ് സാബിനെക്കണ്ട് സെപ്തംബറിലെ ലീവ് ശരിയാക്കി. എം കോം പരീക്ഷക്കാണ്‌ പോകുന്നതെന്ന് കള്ളം പറഞ്ഞു. ആരോടും പ്രത്യേക മമതയൊന്നുമില്ലാത്ത ദേവ് സാബിന്‌ പഠിക്കുന്നവരെ ഇഷ്ടമാണ്‌. അതായിരുന്നു ആ കള്ളത്തരത്തിനു പിന്നിൽ. അല്ലാതെ ഒരു മാസം നീണ്ടു നിൽക്കുന്ന ലീവ് കിട്ടാൻ വേറെ വഴികളില്ല. പാർട്ട് ടൈം ഓഫീസ്, ആരതിയിലും പറഞ്ഞുറപ്പിച്ചു. അവിടെ നിന്നും തൽക്കാലം കുറച്ച് അഡ്വാൻസും തരപ്പെടുത്തി.

നാട്ടിലേക്ക് വെറും കൈയോടെ ചെല്ലാൻ പറ്റില്ല. ഓണമാണ്‌. വേണ്ടപ്പെട്ടവർക്കൊക്കെ ഓണപ്പുടവ കൊടുക്കണം. കഴിഞ്ഞ തവണ പോയപ്പോൾ ഒന്നും കൊണ്ടു പോയിരുന്നില്ല. ഇത്തവണ സ്ഥിതിയതല്ല. പാർട്ട് ടൈം അടക്കം രണ്ട് ജോലിയുണ്ട്.  തരക്കേടില്ലാത്ത ശമ്പളമുണ്ട്. ഒറ്റക്ക് റൂമെടുത്ത് നാലഞ്ചു പേരെ കൂടെത്താമസിപ്പിക്കുന്നുണ്ട്. അമ്മക്കും മുത്തശ്ശിക്കും, ശോഭക്കും എന്തായാലും വേണം. ശിന്നക്കുട്ടി അമ്മായിയും കണ്ണനിവാസിലുണ്ടാവും. പിന്നെ പഠിപ്പിച്ച് വലുതാക്കിയ അമ്മിണിയോപ്പോൾക്കും രാഘവമ്മാവനും കൊടുക്കണം. പ്ലാക്കാട്ട് വളപ്പിലെ വാൽസല്യ നിധിയായ മുത്തശ്ശിയെ മറക്കരുത്. ദേവി കല്യാണം കഴിഞ്ഞ് കുട്ടിയായിരിക്കുന്നു. അവളുടെ കുട്ടിയെ ആദ്യമായി കാണുകയാണ്‌. പിന്നെയുമുണ്ട് മോഹങ്ങൾ ചിലതൊക്കെ. അതൊക്കെ മനസ്സിലൊതുക്കി.


നാട്ടിലേക്ക് പോകാനുള്ള ദിനം അടുത്തെത്തി. ഓഫീസിൽ പണികളെല്ലാം ഒരു വിധം തീർത്തു. വലിയ സന്തോഷത്തോടെ ഒഴിഞ്ഞു പോകാൻ അനുവാദം തന്ന സുരേഷ് ദാദയിൽ നിന്നും പിന്നീട് ചലനങ്ങൾ ഒന്നുമില്ല. മുറ്റത്തെ ബിസിനസിൽ വലിയ കുറവൊന്നും കാണുന്നില്ല.

അന്ന് ഗണേശ് ചതുർത്ഥിയായിരുന്നു. ഓഫീസ് മുടക്കം. എല്ലാവരും റൂമിലുണ്ട്. മുറ്റത്തെ തിരക്കൊഴിഞ്ഞപ്പോൾ  രാവിലെത്തന്നെ ദാദയെ കണ്ട് കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചു. ഒരു ധൈര്യത്തിന്‌ കൂടെ കേശവനെയും കൂട്ടി. ആലത്തൂർ എസ് എൻ കോളേജിലെ എസ് എഫ് ഐയുടെ ചെയർമാൻ ആയും യൂയൂസി(University Union Councilor) ആയും  രണ്ടു വർഷം ജയിച്ചയാളാണ്‌ കേശവൻ. ഒന്നും രണ്ടും പറയേണ്ടി വന്നാൽ, സംരക്ഷിക്കാനൊരാളു വേണ്ടേ.

ഉഭയചർച്ചകൾക്കൊടുവിൽ ഒരാഴ്ചക്കകം പണം തിരിച്ച് നൽകാമെന്നേറ്റു. ഒന്നാം തിയതി മുതൽ ദിവസേന ആയിരവും രണ്ടായിരവും വെച്ച് തിരിച്ചു തരും. സെപ്തംബറിലെ വാടക ഒഴിവാക്കിത്തന്നു. ഞാൻ നാട്ടിൽ പോകുന്ന കാരണം പണം കേശവന്‌ കൊടുത്താൽ മതിയെന്ന് ഏർപ്പാടാക്കി, കേശവനെ ദാദക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇനി റൂം നേരെയാക്കേണ്ടത് കേശവന്റെ കൂടെ കടമയാണ്‌. അത് ഏകദേശം ശരിയാവുന്ന മട്ടുണ്ട്. പക്ഷെ, കൂടെ കേശവന്റെ കൂടെ ജോലി ചെയ്യുന്ന ഓച്ചിറക്കാരൻ സുരേഷുമുണ്ടാവും. സുരേഷിന്റെ നേതൃത്വത്തിലാണ്‌ റൂം ശരിയാവുന്നത്. തൽക്കാലം മൂപ്പരെക്കൂടെ കൂട്ടുകയല്ലാതെ മറ്റു പോം വഴികളില്ല.

നാട്ടിലേക്കുള്ള ഷോപ്പിംഗ് ഇനിയും ബാക്കി. ശശിയെയും  കൂട്ടി പോയി അവയൊക്കെ വാങ്ങി വന്നു.  തൃപ്രയാറിലെ രാമചന്ദ്രനു ഒരു ഷർട്ടും രാജേശ്വരിക്ക് മഞ്ഞ നിറത്തിലുള്ള ഒരു സൽവാർ കമ്മീസും വാങ്ങി. വൈകീട്ട് എല്ലാവരും കൂടെ ജുഹൂ ബീച്ചിലേക്ക് പോയി. മടക്കം, സാന്താക്രൂസിലുള്ള കുട്ടേട്ടനെയും(വി സി പിഷാരോടി) രാജലക്ഷ്മി ഓപ്പോളെയും സന്ദർശിച്ചു. സിപ്ളയിലെ ഉയർന്ന തസ്തികയിലിരിക്കുമ്പോഴും വലിയവന്റെ തലക്കനമില്ലാത്ത വ്യക്തിത്വം, പെരുമാറ്റം. നമ്മെ നോവിക്കുന്ന ഒരു വാക്കു പോലും ഉതിരാത്ത സംഭാഷണ ശൈലി. ആ വലിയ മനുഷ്യനിൽ നിന്നും പലതും പഠിക്കേണ്ടിയിരിക്കുന്നു. മനസ്സു കൊണ്ട് നമിച്ചു പോയി. ഇപ്പോഴും കുട്ടിക്കാലത്ത് രാജലക്ഷ്മിയോപ്പോൾ കൊൽക്കത്തയിൽ നിന്നും കൊണ്ടുവന്നിരുന്ന രസഗുളയുടെ മാധുര്യമൂറുന്ന സ്വാദ് എന്റെ നാവിലുണ്ട്.



നാളെ വീണ്ടും ഒന്നര വർഷത്തിനു ശേഷം നാട്ടിലേക്ക്. നാട്ടിലെക്കു കൊടുക്കാൻ വാങ്ങിയ തുണിത്തരങ്ങൾ എല്ലാവരെയും കാണിച്ചു.   രാത്രിയിലെ അത്താഴച്ചർച്ചയിൽ അർത്ഥം വെച്ചവരെന്നെ കളിയാക്കി. ഈയിടെയായി മനസ്സ് വേണ്ടാത്തതെന്തോക്കെയോ ആഗ്രഹിച്ചു പോകുന്നു.

ഉച്ചക്ക് മൂന്നരക്ക് ജയന്തി ജനത വിടി സ്റ്റേഷനിൽ നിന്നും വിട്ടു.  മനോരഥം തീവണ്ടിയേക്കാൾ  വേഗത്തിൽ പിറകോട്ട് സഞ്ചരിച്ചു. തിരിച്ചും. ശൈശവം, ബാല്യം, കൗമാരം എന്നിവ കടന്ന്  യൗവനത്തിലേക്ക് അതിവേഗത്തിൽ യാത്ര ചെയ്തു. ആ യാത്രയിലിലെ ഓരോ ഇടവേളകളിലും കണ്ടുമുട്ടിയ മുഖങ്ങൾ.. വെളുപ്പിൽ നിന്നും ഹരിതത്തിലേക്കും, ശോണത്തിലേക്കും, പീതത്തിലേക്കും അത് പരിണമിച്ച് കൊണ്ടിരുന്നു.

ജീവിതത്തിലെ കഴ്ചകൾ മാറി മറിയുകയാണ്‌, മുഖങ്ങളുടെ ഛായകൾ മാറുന്നു.

മാറ്റങ്ങൾക്കായി കൊതിച്ച നാളുകൾ..

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...