Tuesday, October 8, 2019

മുംബൈ ബാച്ചിലർ ജീവിതം – Part 26

സമപ്രായക്കാരിലെ പലരുടെയും കല്യാണം അടുത്തെത്തിയിരിക്കുന്നു. കോഴിത്തൊടി മണിയുടെ കല്യാണം ആയിരുന്നു അന്ന്.

ഒരു കൂവലിനപ്പുറത്തായാണ് കോഴിത്തൊടി സ്ഥിതി ചെയ്യുന്നത്. തെക്കെ പത്തായപ്പുരയിലെ പാടത്തേക്കിറങ്ങുന്ന കഴലിന്റെ മേലിൽ കയറിയിരുന്ന് എട്ടര മണിയായാൽ ഞാനും ശശിയും കൂടെ ഉണ്ണിക്കും മണിക്കും കൂവിക്കൊണ്ട് സൈറൺ കൊടുക്കും. കുറുപ്പത്തെ സ്കൂളിലെ പഠനം കഴിഞ്ഞ് അഞ്ചു മുതൽ ഏഴുവരെ അവർ രണ്ടു പേരും ചെറുകര സ്കൂളിൽ ചേർന്നതു മുതൽ ഉള്ള പതിവാണിത്.  എട്ടേ മുക്കാലോടെ അവരെത്തിയാൽ പിന്നെ പാടത്തു കൂടെ കുറ്റിപ്പുളി വഴി ഒരു ജാഥയാണ്. ഇടക്കു വെച്ച് പാടവക്കത്തുള്ള ഓരോ വീടുകളിൽ നിന്നും കുട്ടികൾ ചേർന്ന് ജാഥക്ക് അണക്കെട്ടെത്തുമ്പോഴേക്കും വലിപ്പം കൂടും.

പോകുന്ന വഴിക്ക് ഒരോ കാലത്തും ഒരോ തരം കളികളും വികൃതികളും കാട്ടി ആസ്വദിച്ചായിരിക്കും ഞങ്ങളുടെ യാത്ര. മഴക്കാലത്ത് വരമ്പുകളിലും വശങ്ങളിലുമായി ഞണ്ടുകളുടെ പൊത്തുകൾ യഥേഷ്ടം കാണാം. വരമ്പത്ത് വളർന്നു നില്ക്കുന്ന കതിരുകളുള്ള പുല്ലു പറിച്ച് കതിര് പൊത്തിലേക്ക് കയറ്റിക്കഴിഞ്ഞാൽ ഞണ്ട് അതിൽ കയറിപ്പിടിക്കും. പിടിച്ചതും അതിനെ വലിച്ചെടുത്ത് വരമ്പത്തിട്ട് ചവിട്ടിയരച്ചതിനെ കൊല്ലും. ഞങ്ങൾ പോകുന്ന വഴിയിലുള്ള വരമ്പുകളിലൊക്കെ ഇങ്ങനെ ചത്ത ഞണ്ടുകളുടെ തോടുകളും മുള്ളു പോലെ കൂർത്ത കാലുകളും ആ ക്രൂരവിനോദത്തിന്റെ സാക്ഷിപത്രങ്ങളായി ചിതറിക്കിടന്നു. ഏതോ ചില സ്ഥലമുടമകൾ ഇക്കാര്യം വീട്ടുകാരോട് പരാതിയായി പറഞ്ഞപ്പോഴാണ് ഞങ്ങൾ തല്ക്കാലം അപ്പണി നിർത്തിയത്.

നെല്ല് കതിരിടാൻ തയ്യാറായി ഗർഭിണിയായി  നില്ക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.  ഇളം മധുരമുള്ള ആ കുരുന്നു കതിരുകൾ ഉള്ളിൽ നിന്നും ഊരിയെടുത്ത് തിന്നാൻ  അതിലേറെ രസവും. വരമ്പുകളുടെ ഇരു വശവും കയ്യിൽ കിട്ടുന്നത് മുഴുവൻ ഊരിയെടുത്ത് തിന്ന് പോളകൾ വരമ്പത്ത് വലിച്ചെറിഞ്ഞായിരിക്കും യാത്ര. വീണ്ടും കർഷകരുടെ പരാതി വീട്ടിലെത്തിയപ്പോഴാണ് ആ വിനോദവും നിന്നത്.

രാജമന്ദിരത്തിനടുത്തുള്ള ചെറിയ അണക്കെട്ടിനപ്പുറം കുതിച്ചു പായുന്ന തോട്ടിലേക്ക് കരിനെച്ചിയുടെയും കാട്ടു താളിന്റെയും ഇലകൾ പൊട്ടിച്ചെറിഞ്ഞ് വേഗം നടന്ന് വലിയ അണക്കെട്ടിലെത്തുമ്പോഴേക്കും ഞങ്ങളിട്ട ഇലകൾ ഒഴുക്കിൽ പെട്ട് അവിടെയെത്തിയിരിക്കും.

ഇപ്പോൾ വേനലിൽ വറ്റി വരണ്ടു കിടന്ന ആ തോടു മുറിച്ചു കടന്ന് വൈകീട്ട് ചന്ദ്രാലയത്തിലും പരിസരങ്ങളിലും ക്ഷണം കഴിച്ചു വന്നു.

ക്ഷണങ്ങളും ഒരുക്കങ്ങളും അതിന്റെ രീതിയിലിലും നാട്ടുനടപ്പനുസരിച്ചും  പൂർത്തിയായി. തലേ ദിവസമായ ഫെബ്രുവരി 6നു വന്നു പെട്ട ബന്ദ് കാരണം ബന്ധുക്കൾ ഒരു ദിവസം മുമ്പു  തന്നെ എത്തി. വിനയൻ, സന്തോഷ് എന്നീ കൂട്ടുകാരും നേരത്തെയെത്തി. സന്തോഷാണ് ഫോട്ടോഗ്രാഫർ. രാമചന്ദ്രൻ ബൈക്കുമായാണ് എത്തിയത്. ബന്ദ് ദിവസം ഓടാൻ പറ്റിയ വാഹനം അതെ ഉള്ളു. വീടിനു മുമ്പിൽ പന്തലൊരുങ്ങി. കണ്ണനിവാസിലെ ആദ്യത്തെ കല്യാണപ്പന്തൽ. കല്യാണം ഗുരുവായൂരാണെങ്കിലും വീട്ടിൽ പന്തൽ വേണമല്ലോ. കല്യാണദിനമെത്തി. രാവിലെ ആറുമണിക്ക് കാരണവന്മാരുടെയും പിതൃപരമ്പരകളുടെയും അനുഗ്രഹാശിസ്സുകൾ വാങ്ങി അവൾ കാറിൽ ഗുരുവായൂരിലേക്ക് യാത്രയായി. ബാക്കിയുള്ളവർ പഞ്ചമി ബസിൽ ഏഴേമുക്കാലിനും. ഒമ്പതേകാലിന് ഗുരുവായൂരെത്തി. രാജേശ്വരി തൃപ്രയാർ നിന്നും നേരിട്ടെത്തി.

വിവാഹം ഭംഗിയായി നടന്നു. അച്ഛന്റെയും ആങ്ങളയുടെയും അമ്മാമന്റെയും ഭാവാദികൾ സ്വയം ഏറ്റെടുത്ത് അവളെ മനുവിന്റെ കൈകളിലേല്പ്പിച്ചു.

വിവാഹം ഭംഗിയായി നടന്നു. അച്ഛന്റെയും ആങ്ങളയുടെയും അമ്മാമന്റെയും ഭാവാദികൾ സ്വയം ഏറ്റെടുത്ത് അവളെ മനുവിന്റെ കൈകളിലേല്പ്പിച്ചു.

പിറ്റേന്ന് വീട്ടിൽ നാട്ടുകാർക്കായി ടീപാർട്ടി.

അതിനും പിറ്റേന്ന് പ്രത്യേക പണികളൊന്നുമില്ലാതിരുന്ന ദിനം. വിജയൻ ഒരു ദശാബ്ദത്തിനു ശേഷമുള്ള കാനേഷുമാരിയുടെ തിരക്കിലാണ്. കൂടെക്കൂടുന്നോ എന്ന ചോദ്യം കേട്ട് ഞാനും കൂടെക്കൂടി. രാമകൃഷ്ണൻ മാഷെ വർഷങ്ങൾക്കു ശേഷം കണ്ടു. ആറാം ക്ളാസിൽ പഠിക്കുമ്പോൾ, “ആംബർക്കല്ലിന്റെ നിറമെന്നാടോ” എന്ന മാഷുടെ ആദ്യ ക്ളാസിലെ  ചോദ്യം ഇന്നും മനസ്സിലുണ്ട്. തെക്കു നിന്നുമെത്തിയ, മീശ ചുരുട്ടി വെച്ച് നടന്നിരുന്ന മലയാളം മാഷ് പതുക്കെ ഞങ്ങൾക്കൊക്കെ സർവ്വസമ്മതനായി മാറി. എഴാം ക്ലാസിൽ പഠിക്കുമ്പോൾ, മാഷ് ഞങ്ങൾക്കായി ഒരു നാടകമെഴുതി, അതിൽ ഞാൻ ബിരുദധാരിയായ തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ പ്രധാന വേഷം അഭിനയിച്ചു. കോഴിത്തൊടി മണി എന്റെ അച്ഛനായും.
മാഷക്കും വിജയനുമൊപ്പം റെയിനിനപ്പുറമുള്ള ഭാഗത്തെ വീടുകളിൽ കയറിയിറങ്ങി. ആദ്യമായാണ് ആ ഭാഗങ്ങളൊക്കെ കാണുന്നത്. കാടും മേടും താണ്ടി വീടുകളിൽ നിന്നും വീടുകളിലേക്ക് വിവരണശേഖരണത്തിനായി നടന്നു. വികസനം നേടിയെന്ന് അഭിമാനിക്കുന്ന കേരളത്തിലെ ഗ്രാമീണ ജനത എവിടെ നില്ക്കുന്നുവെന്ന് നേരിട്ടറിയാനൊരു സന്ദർഭം. ഓരോ വിവരങ്ങൾ പറയുമ്പോഴും അവരുടെ കണ്ണുകളിലെ ദൈന്യഭാവം, ഒരു ജോലിയില്ലാത്തതിന്റെ, മകൻ നഷ്ടപ്പെട്ടതിന്റെ, ഭർത്താവിനെ നഷ്ടപ്പെട്ടതിന്റെ... അങ്ങിനെ എണ്ണാനാവാത്ത നഷ്ടബോധം പേറുന്ന ഒരു പിടി ജനങ്ങൾ. അതിനിടയിൽ ശ്രദ്ധയിൽ പെട്ടൊരു കാര്യം ഒരൊറ്റ ഡിഗ്രിക്കാരനെപ്പോലും കണ്ടുമുട്ടിയില്ലെന്നതായിരുന്നു.

ഫെബ്രുവരി 14നു രാവിലെ അമ്മയും ഞാങ്ങാട്ടിരി വല്യച്ഛനും ശോഭയൂം മനുവുമൊപ്പം തൃപ്രയാറെത്തി. ഞാനും രാജേശ്വരിയും തമ്മിലുള്ള വിവാഹം സെപ്തംബർ മാസം നടത്താമെന്ന് വാക്കാൽ ഉറപ്പിച്ചു. അനേകനാളായി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹത്തിന് ഒന്നു കൂടി ഉറപ്പു കൈവന്ന ദിനം.

ബാച്ചിലർ ജീവിതം ഇനി ആറു മാസം കൂടി മാത്രം.

മുംബൈ ബാച്ചിലർ ജീവിതം – Part 25

നിശ്ചയം കഴിഞ്ഞു. നേർ പെങ്ങളുടെ  കല്യാണത്തിന് ഇനി 10 ദിവസം മാത്രം. കത്തടിച്ചു കിട്ടിയത്  പോസ്റ്റ് ചെയ്യേണ്ടവർക്കൊക്കെ പോസ്റ്റ് ചെയ്തു. കുടുംബക്കാരുടെ വീടുകളിൽ പോയിപ്പറയണം. പിറ്റേന്ന് രാവിലെ കൊടിക്കുന്ന്, ഞാങ്ങാട്ടിരി വഴി വട്ടേനാട്ട് എത്തി. വട്ടേനാട്ട് കുറെയുണ്ട് നേരിട്ട് പോയിപ്പറയാൻ. അവിടെയെല്ലാം കഴിഞ്ഞ് നേരെ വലിയ മുത്തശ്ശി താമസിക്കുന്ന പുതുക്കുളങ്ങരേക്കെത്തി.

പുതുക്കുളങ്ങരയും വട്ടേനാടും തമ്മിൽ തലമുറകളായി  വളരെ അടുത്ത ബന്ധമാണുള്ളത്. മുത്തശ്ശിയുടെ അച്ഛൻ പുതുക്കുളങ്ങര ഷാരത്തെയാണ്. കൂടാതെ മുത്തശ്ശിയുടെ നേരെ ചേച്ചി ലക്ഷ്മി മുത്തശ്ശിയെ കല്യാണം കഴിച്ചിട്ടുള്ളതും പുതുക്കുളങ്ങരെക്കാണ്. പുതുക്കുളങ്ങര തറവാട് കൂറ്റനാട് തൃത്താല റോഡിൽ  മേഴത്തൂരെത്തുന്നതിനു മുമ്പ് പുല്ലാനിക്കാവിനു നേരെ കിഴക്കോട്ട് കോടനാട്ടേക്ക് പോകുന്ന റോഡിലൂടെ ഒരു കിലോമീറ്ററുള്ളിലായി പുതുക്കുളങ്ങര അയ്യപ്പൻ കാവിനടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തറവാട്ടിൽ താമസം മുത്തശ്ശിയുടെ മൂത്ത ചേച്ചി മങ്കപ്പിഷാരസ്യാർക്ക് പശുപതി നമ്പൂതിരിയിലുള്ള അഞ്ചാമത്തെ മകൾ സുഭദ്രവല്യമ്മയും അവരുടെ ഭർത്താവ് പുതുക്കുളങ്ങരെ പിഷാരത്ത് ശേഖരപിഷാരടിയും മക്കളുമാണ്.

അവിടെ ക്ഷണം നടത്തി നേരെ ലക്ഷ്മി മുത്തശ്ശിയുടെ അടുത്തെത്തി. ലക്ഷ്മി മുത്തശ്ശി മകൻ ചന്ദ്രശേഖരന്റെ കൂടെ പുതുക്കുളങ്ങരെ ലക്ഷ്മി നിവാസിലാണ് താമസം. ലക്ഷ്മി മുത്തശ്ശിയെ കല്യാണം കഴിച്ചത് പുതുക്കുളങ്ങരെ ക്ഷാരത്തെ അപ്പുവെന്ന് വിളിക്കുന്ന ഗോപാല പിഷാരടി. അവർക്ക് കാർത്ത്യായനി എന്ന അമ്മു, ബാലകൃഷ്ണൻ, കുഞ്ഞിലക്ഷ്മി, രാധ, ചന്ദ്രശേഖരൻ, രാജഗോപാലൻ എന്നിങ്ങനെ ആറുമക്കൾ.

ലക്ഷ്മി മുത്തശ്ശി വാത്സല്യനിധിയാണ്. ചെന്ന് കണ്ടാൽ നമ്മുടെ കൈകൂട്ടിപ്പിടിച്ച് കൂടെയിരുത്തി, വിശേഷങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞിട്ടെ മുത്തശ്ശി പിടി വിടൂ. അതു കൊണ്ടു തന്നെ പെട്ടെന്നൊന്നും അവിടെ നിന്ന് പോരാമെന്ന് കരുതണ്ട. ചോദിച്ചത് തന്നെ പിന്നെയും പിന്നെയും ചോദിച്ച് ഹൃദിസ്ഥമാക്കിയിട്ടേ മുത്തശ്ശി പിടി വിടൂ. പോവുകയാണെന്ന് പറഞ്ഞാൽ, ഇന്ന് പോണ്ട, ഒരു ദിവസം കൂടിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് വിടാത്ത പ്രകൃതം. 

നാണിമുത്തശ്ശിയേക്കാൾ അഞ്ചാറു വയസ്സിന് മൂത്തതാണെങ്കിലും കാഴ്ചയിൽ ആരോഗ്യവതി. ഈയടുത്ത കാലം വരെ മാറുമറക്കാതെയായിരുന്നു മുത്തശ്ശി വീട്ടിൽ കഴിഞ്ഞിരുന്നത്. ആറു മക്കളെ ഊട്ടി, ഇടിഞ്ഞു തൂങ്ങിയ മുലകൾ മുത്തശ്ശിയുടെ വയറുമറച്ച് അരവരെ തൂങ്ങിക്കിടന്നു. ആയ കാലത്ത് ചിറ്റിട്ട് വലുതായ കാതിലെ തുളകൾ ആ നീണ്ട മുഖത്തിന് പ്രത്യേക ഭംഗി നല്കിയിരുന്നു. പിന്നീട് കാലം മാറിയപ്പോൾ മക്കൾ മുത്തശ്ശിയെ ജമ്പറിടീച്ചു തുടങ്ങി.

എന്റെ കുട്ടിക്കാലത്ത് നാണിമുത്തശ്ശി എല്ലാമാസവും ഗുരുവായൂർ തൊഴാനായി പോവാറുണ്ടായിരുന്നു. ഒന്നിടവിട്ട മാസങ്ങളിൽ സംക്രാന്തി ദിവസം പോയി രണ്ടു മാസത്തെ തൊഴലും കഴിച്ചു പോരുന്നതാണ് ശീലം. അങ്ങിനെ പോയി വരുന്ന വഴി വട്ടേനാട്ടും പുതുക്കുളങ്ങരെയും രണ്ടു മൂന്നു ദിവസം താമസിച്ചിട്ടെ മുത്തശി ചെറുകരേക്ക് എത്തൂ.

അത്തരം യാത്രകളിൽ ചിലപ്പോഴെങ്കിലും വാശി പിടിച്ച് ഞാനും മുത്തശ്ശിയുടെ കൂടെ പോയിട്ടുണ്ട്. ഗുരുവായൂരിൽ നിന്നും വരുന്ന വഴി ബസിറങ്ങി നേരെ വട്ടേനാട്ട് സ്കൂളിനടുത്തുള്ള മഠത്തിലേക്കെത്തും. വട്ടേനാട്ട് മഠത്തിൽ അന്ന് താമസം മുത്തശ്ശിയുടെ മൂത്ത ചേച്ചി മങ്ക പിഷാരസ്യാരുടെ മൂത്ത മകൾ കുഞ്ഞുകുട്ടി പിഷാരസ്യാരും കുടുംബവുമാണ്. ശുകപുരത്തു പിഷാരത്ത് കരുണാകര പിഷാരടിയെന്ന അപ്പുക്കുട്ട പിഷാരടിയാണ് കുഞ്ഞുകുട്ടി പിഷാരസ്യാരുടെ ഭർത്താവ്. അവർക്ക് ഡോ. ഗോപി, വൽസല, രാമനാഥൻ, ദാമോദരൻ, ജയലക്ഷ്മി, ഡോ.വാസുദേവൻ, നന്ദിനി, ഉണ്ണികൃഷ്ണൻ, ഡോ. കൗമുദി എന്നിങ്ങനെ ഒമ്പത് മക്കൾ. അവിടത്തെ ഉണ്ണികൃഷ്ണനും ഞാനും സമപ്രായക്കാരാണ്.

തൊട്ടപ്പുറത്തു തന്നെ മങ്കപ്പിഷാരസ്യാരുടെ ഒടുവിലത്തെ മകളായ രാധയും ഭർത്താവ് മഞ്ജീരി പിഷാരത്ത് പ്രഭാകരേട്ടനും താമസിക്കുന്നുണ്ട്. മഠത്തിലും രാധോപ്പോളുടെ അവിടെയും ഒരു നേരം താമസിച്ച് നേരെ വട്ടേനാട്ടേക്ക് പോരുന്ന വഴിക്കുള്ള തെക്കേഷാരത്തെത്തും. തെക്കേ ഷാരത്ത് താമസം മുത്തശ്ശിയുടെ ഏറ്റവും ഇളയ സഹോദരൻ രാഘവ പിഷാരടിയുടെ കുടുംബമാണ്. രാഘവമ്മാവൻ നേരത്തെ മരിച്ചു. രാഘവമ്മാവൻ കല്യാണം കഴിച്ചത് മുത്തശ്ശിയുടെ തന്നെ മൂത്ത ഏട്ടനായ ഭരതപിഷാരടിയുടെ മകളായ പാലൂര് പുത്തൻ പിഷാരത്ത് രാധമ്മായിയെയാണ്. തെക്കെ പിഷാരത്തു നിന്നും പിന്നെ എത്തുന്നത് തറവാട്ടിലേക്കാണ്. ഭാഗം വെച്ചിട്ടില്ലാത്ത തറവാട്ടിൽ അന്ന് താമസം മുത്തശ്ശിയുടെ മൂത്ത സഹോദരി ശ്രീദേവിയുടെ മൂത്ത മകൾ കുഞ്ചുകുട്ടി മുത്തശ്ശിയും മകൻ രാമചന്ദമ്മാമനുമാണ്. ഒരു ദിവസം അവിടെ താമസിച്ച്, കുളിച്ചു തൊഴുത്, തൊട്ടപ്പുറത്ത് താമസിക്കുന്ന നാരായണമ്മാവനെ കണ്ട് ഉച്ച തിരിഞ്ഞാൽ ഞങ്ങൾ രണ്ടു കിലോമീറ്ററപ്പുറത്തുള്ള പുതുക്കുളങ്ങരയിലേക്ക് നടക്കും. വട്ടേനാട്ട് അമ്പലത്തിനു മുമ്പിലുള്ള കുന്ന് കയറിയിറങ്ങി പാടത്തേക്കിറങ്ങിയാൽ റോഡ് മുറിച്ച് കടന്ന് വലിയ തോട്ടു വരമ്പിലൂടെ നേരെ വെച്ചു പിടിച്ചാൽ പുതുക്കുളങ്ങരെ അമ്പലത്തിനടുത്തെത്താം. പുതുക്കുളങ്ങരെ അമ്പലത്തിനു നേരെയാണ് ഷാരത്തെ പടി. ഷാരത്ത് സുഭദ്രവല്യമ്മയും ശേഖരമ്മാവനും അവരുടെ മക്കളും. അതിൽ ലീലയും പ്രഭയും ഏകദേശം സമപ്രായക്കാരാണ്. അവിടെ നിന്നും ചായ കുടി കഴിഞ്ഞ് നേരെ ലക്ഷ്മി മുത്തശ്ശിയുടെ അടുത്തേക്ക്. ലക്ഷ്മ്യേടത്തിടെ കൂടെ രണ്ടു ദിവസം നില്ക്കണം എന്ന് നിർബന്ധമാണ് മുത്തശ്ശിക്ക്. ലക്ഷ്മിമുത്തശ്ശി താമസിക്കുന്നതിന് തൊട്ടപ്പുറത്തായി മൂത്ത മകൾ അമ്മു വല്യമ്മയും താമസമുണ്ട്.

അതൊക്കെ ഒരു കാലം. ഇന്ന് ആർക്കും സമയമില്ല. ആരെയും കാണണമെന്നുമില്ല. മുത്തശ്ശി മരിക്കും വരെ എല്ലാ വർഷവും ലീവിൽ ചെല്ലുമ്പോൾ ലക്ഷ്മി മുത്തശ്ശിയെ കാണുക എന്നത് മുടങ്ങാതെ ചെയ്തിരുന്നു. മുത്തശ്ശിയുടെ കാലശേഷം ആ ഭാഗങ്ങളിലേക്കുള്ള പോക്ക് ഇല്ലാതായിയെന്ന് പറയാം.

പിറ്റേന്ന് തൃശൂർ യാത്ര. കല്യാണ സാരി, വള എന്നിങ്ങനെ അത്യാവശ്യം വേണ്ടുന്നവ എടുത്തു. ആർഭാടങ്ങൾ കഴിയുന്നത്ര ഒഴിവാക്കി, പോക്കറ്റിന്റെ കനം അറിഞ്ഞു ചിലവാക്കുക എന്ന ലോകനീതിയിലേക്ക് ഒതുങ്ങിക്കൂടി.

രാത്രി വിജയനുമൊത്ത് ഏറെ വർഷങ്ങൾക്ക് ശേഷം എരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക്  തൈപ്പൂയ്യം കാണാൻ പോയി.   നിലാവിൽ കുളിച്ച രാത്രിയിൽ പത്തായപ്പുരക്കപ്പുറം കൊയ്തൊഴിഞ്ഞ പാടം മുറിച്ചു കടന്ന് നടക്കുമ്പോഴേക്കും അങ്ങകലെ അമ്പലപ്പറമ്പിൽ നിന്നും കഥകളിയുടെ  കേളി കൊട്ടുയർന്നു തുടങ്ങിയിരുന്നു.

ശരീരം മുന്നിലുള്ള വരമ്പുകൾ താണ്ടി മുമ്പോട്ട്   നടന്നപ്പോൾ, മനസ്സ്  പുറകിലേക്ക് നടക്കുകയായിരുന്നു.

…..തോട് മുറിച്ചു കടന്നു കുറുപ്പത്ത് സ്‌കൂൾ പറമ്പിലേക്ക് നീളുന്ന വലിയ വരമ്പിലൂടെ ഇപ്പോൾ നാല്പ്പത് പേരടങ്ങുന്ന വലിയൊരു സംഘം  നടന്നു നീങ്ങുകയാണ്. ഏറ്റവും മുമ്പിലായി ചൂട്ടു കത്തിച്ച് കൂട്ടത്തിൽ ധൈര്യശാലിയായ ഒരേട്ടൻ..  അതിനു പുറകെ കുട്ടികളുടെ ഒരു പട തന്നെയുണ്ട്. കൊച്ചുട്ടൻ, ശ്രീകുട്ടൻ, ശോഭ, ശശി തുടങ്ങി...അവരുടെ പുറകിലായി മുത്തശ്ശിമാരുടെയും അമ്മായിമാരുടെയും സംഘം. അതിനും പുറകിലായി അമ്മമാരുടെ നിര. അവർക്കു പുറകിലായാണ് ഞങ്ങൾ സമപ്രായക്കാരായ ആൺ കുട്ടികൾ തമാശ പറഞ്ഞ് നടന്നിരുന്നത്. ഞങ്ങൾക്കും പുറകിലായി ചേച്ചിമാർ, അവരെ തൊട്ടു തൊട്ടില്ലാ എന്ന മട്ടിൽ അഞ്ചുകട്ട  ടോർച്ച് മിന്നിച്ച് യുവാക്കളുടെ നിര. പകലൂണും കഴിഞ്ഞ് ഏഴര എട്ടുമണിയോടെയാണ് സംഘം യാത്ര തിരിക്കുന്നത്. പൂരപ്പറമ്പിൽ കഥകളി കാണാൻ ഇരിക്കാനായി ആശാരി വള്ളി നേരത്തെ പോയി രണ്ടു പായ വിരിച്ച് സ്ഥലം പിടിച്ചിട്ടുള്ളതു കൊണ്ട് എല്ലാവരും സാ എന്ന് ആടിപ്പാടി നാട്ടുവിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവെച്ചാണ്  നടപ്പ്. അങ്ങിനെ, ആടിപ്പാടി, മുന്നിൽ നടന്ന കുട്ടികൾ കഴായ ചാടിക്കടക്കുമ്പോൾ കാലിടറി വീണു കരഞ്ഞ്, അമ്മമാരുടെ തലോടലിൽ കരച്ചിലടങ്ങി, ഇടവഴികളിലൂടെ വീണ്ടും കളിച്ചു ചിരിച്ച് ഒരു ഒമ്പതു മണിയാവുമ്പോഴേക്കും പൂയ്യപ്പറമ്പിലെ വള്ളി വിരിച്ച പായയിൽ എത്തിപ്പെടും.
അപ്പോഴേക്കും തോടയം പുറപ്പാട് കഴിഞ്ഞ് മേളപ്പദവും കഴിഞ്ഞ് കഥയാരംഭിച്ചിരിക്കും.മുത്തശ്ശിമാർക്കും അമ്മമാർക്കും മേല്പ്പറഞ്ഞ ഏർപ്പാടുകളിലൊന്നും വലിയ കമ്പമോ ഗ്രാഹ്യമോ ഇല്ലാത്തതു കാരണം ആർക്കും വലിയ പരിഭവമില്ല.

"അവരവർ ചൊല്ലിക്കേട്ടേനവൾതൻ ഗുണഗണങ്ങൾ
അനിതരവനിതാസാധാരണങ്ങൾ,
അനുദിനമവൾ തന്നിലനുരാഗം വളരുന്നു" എന്ന നളന്റെ ചൊല്ലിയാട്ടം കണ്ട് മുത്തശ്ശിമാരും അവർക്ക് പിന്നിലായി അമ്മമാരും കളി സശ്രദ്ധം വീക്ഷിച്ചിരിക്കുമ്പോഴേക്കും ഏറ്റവും മുമ്പിലിരിക്കുന്ന കുട്ടിപ്പടക്ക് ഉറക്കം വന്നു തുടങ്ങിയിരിക്കും. അവർക്കു പുറകിലിരിക്കുന്ന ഞങ്ങൾ പതുക്കെ പുറത്തു കടന്ന് പുറകിലുള്ള ആനമയിലൊട്ടകവും കുലുക്കിക്കുത്തും നോക്കി നടക്കുകയാവും.

എന്തൊരു കഴിവനി ഇന്ദുമുഖിക്കുമെന്നിൽ
അന്തരങ്ഗത്തിൽ പ്രേമം വന്നീടുവാൻ? എന്ന പതിഞ്ഞ പദം നളൻ വിസ്തരിച്ചു ആടിത്തീർക്കുമ്പോഴേക്കും പിന്നിലുള്ള ഏട്ടന്മാരുടെ നിര ചേച്ചിമാർക്കായി കടലമുട്ടായിയും കപ്പലണ്ടിയുമായിയെത്തിയിരിക്കും.

അതു കഴിഞ്ഞ് ദമയന്തിയുടെയും തോഴിമാരുടെയും സാരീനൃത്തം കഴിഞ്ഞ്
"തൊട്ടേനേ ഞാൻ കൈകൾകൊണ്ടു തോഴിമാരേ - കൈക്കൽ
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ" എന്ന ദമയന്തി പദത്തിലെത്തി, അമ്മമാർ ഉൽസാഹത്തോടെ കളിയിൽ ലയിച്ചിരിക്കുമ്പോഴേക്കും പിന്നിൽ  മറ്റൊരു ആട്ടക്കഥ തുടങ്ങിയിരിക്കും.

കുളിരുള്ള ആ രാത്രിയിൽ, ആ യുവമിഥുനങ്ങളുടെ  മനസ്സിൽ മറ്റൊരു സിനിമാ ഗാനത്തിന്റെ ഈരടികൾ അലയടിക്കും..
ആയിരം സങ്കൽപ്പങ്ങൾ തേരുകൾ  തീർത്ത രാവിൽ അർജ്ജുനനായ് ഞാൻ, അവൾ ഉത്തരയായി.

കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ നെഞ്ചെയ്യും അമ്പുമായ് വന്നു ചേർന്നു.
അതുകഴിഞ്ഞാട്ടവിളക്കണഞ്ഞു പോയി..എന്നിട്ടും ആ രാതികളുടെ മാധുര്യം മാത്രം ബാക്കിയായി…

ഇന്നും തൈപ്പൂയത്തിന് കഥകളി ഒരു അനുഷ്ഠാനം പോലെ തുടരുന്നു. മൈക്കിലൂടെ മേളപ്പദത്തിന്റെ അലയടികളുയർന്നു.

ഇന്ന് പൂരപ്പറമ്പിന്റെ ഛായ മാറിയിരിക്കുന്നു. ആൾക്കൂട്ടം മാറിയിരിക്കുന്നു. മാറാത്തത് കഥകളി മാത്രം. പൂരപ്പറമ്പിൽ ഒന്ന് കറങ്ങി നടന്ന്, ചായപ്പീടികയിൽ നിന്നുമൊരോ ചായ കുടിച്ച് ഞങ്ങൾ തിരിച്ച് കണ്ണനിവാസിലേക്ക് തന്നെ നടന്നു. രാവിലെ മുതൽ ഓടി നടക്കുകയാണ്, ഒന്ന് നടു നിവർക്കണം, തല ചായ്ക്കണം. അങ്ങകലെ അമ്പലപ്പറമ്പിൽ നിന്നുമുള്ള മൈക്കിന്റെ ശബ്ദം അപ്പോഴും അന്തരീക്ഷത്തിലലയടിച്ചു..

എത്ര­വഴി മണ്ടി നടന്നു പണ്ടു നിന്നെ­ക്ക-
ണ്ടെത്തു­വോളം ഞങ്ങൾ തളർന്നു...
എത്ര­വഴി മണ്ടി നടന്നു...

നാളെ ചെയ്തു തീർക്കേണ്ട പണികൾ ഓരോന്നായി ഓർത്തെടുത്ത് പതുക്കെ നിദ്രയിലേക്ക് വഴുതി വീണു.

മുംബൈ ബാച്ചിലർ ജീവിതം – Part 24

അമ്മാവന്റെ സ്ഥാനത്തിരുന്ന് ശോഭയുടെ കല്യാണ നിശ്ചയം നടത്തേണ്ടിയിരുന്ന അമ്മയുടെ നേരാങ്ങള നാരായണമ്മാവൻ നാട് വിട്ടിട്ട് കൊല്ലം രണ്ടു കഴിഞ്ഞിരിക്കുന്നു. ലോറിപ്പണിയുമായി നടക്കുന്നൊരു അവധൂതനാണ് മൂപ്പർ. ഇന്നിവിടെ മുങ്ങിയാൽ ആറു മാസം കഴിഞ്ഞ് വട്ടേനാട്ട് പൊങ്ങിയെന്ന് കേൾക്കുന്ന യമണ്ടൻ.

വട്ടേനാട്ടാണ് അമ്മത്താവഴിയിൽ ഞങ്ങളുടെ തറവാട്. പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് നാഗലശ്ശേരി പഞ്ചായത്തിൽ തിരുവാനിപ്പുറം അമ്പലത്തിനടുത്താണ് വട്ടേനാട്ട് തറവാട്. പണ്ടുപണ്ട്, മരുമക്കത്തായ വ്യവസ്ഥയിൽ സ്ത്രീ ആധിപത്യം നിലനിന്നിരുന്ന കാലത്ത്,  ഒരു മുത്തശ്ശി പട്ടാമ്പി കൊടിക്കുന്നത്ത് ഷാരത്തു നിന്നും  കഴകത്തിനായി വട്ടേനാട്ട് വന്ന് താമസമുറപ്പിച്ചതാണെന്ന് എഴുതപ്പെടാത്ത ചരിത്രം. അതുകൊണ്ടു തന്നെ കാര്യമായ സ്വത്തുവഹകളൊന്നുമില്ലാത്തൊരു, മണ്ണുകൊണ്ട് കെട്ടിപ്പൊക്കിയൊരു തറവാട്. തറവാടിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് ഒരു മങ്കപ്പിഷാരസ്യാരിൽ നിന്നും. മങ്കപ്പിഷാരസ്യാർക്ക് കുഞ്ഞികൃഷ്ണനെന്നും ഭരതനെന്നും പേരുള്ള രണ്ടാങ്ങളമാർ. ഷാരങ്ങളുടെ ചരിത്ര രചനയിൽ ആണുങ്ങൾക്ക് കാര്യമായ സ്ഥാനമില്ല. തറവാട്ടിലെ പെൺതരിയായ മങ്കമുത്തശ്ശിക്ക് നാരായണിയെന്നും ഗോവിന്ദനെന്നും കൃഷ്ണനെന്നും മൂന്നു മക്കൾ. വീണ്ടും പെൺ തരിയിലേക്ക് തന്നെ വരാം. നാരായണിപ്പിഷാരസ്യാർക്ക് പുതുക്കുളങ്ങര ശേഖരപ്പിഷാരടിയിൽ ശ്രീദേവി, മങ്ക, ഭരതൻ, ശേഖരൻ, രാമൻ, ലക്ഷ്മി, നാണിക്കുട്ടി, രാഘവൻ എന്നിങ്ങനെ എട്ട് മക്കൾ.

അതിലെ ഏഴാമത്തെ മകൾ നാണിക്കുട്ടിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് ആദ്യം സംബന്ധം ചെയ്തത് അമ്പലത്തിലെ ഊരായ്മക്കാരനായ ഒരു നീലകണ്ഠൻ നമ്പൂതിരി. നീലാണ്ടൻ നമ്പൂതിരിയിൽ നാണിക്കുട്ടിക്ക് ഭരതനെന്ന ഒരു പുത്രൻ ജനിച്ചു. അധികം താമസിയാതെ നമ്പൂതിരി കൊച്ചു നാണിക്കുട്ടിയെ വൈധവ്യത്തിലേക്ക് തള്ളിവിട്ടുകൊണ്ട് യാത്രയായി. ഭരതനെന്ന കുഞ്ഞുകുട്ടൻ അഞ്ചാംതരം വരെ പഠിച്ചു. ആയിടക്കാണ് വിധവയായ ചെറുപ്പം വിട്ടിട്ടില്ലാത്ത നാണിക്കുട്ടിയെ കല്യാണം കഴിക്കാനായി തൊള്ളയിരത്തി നാല്പ്പതുകളുടെ തുടക്കത്തിൽ രണ്ടാം കെട്ടുകാരനും ജന്മിയുമായ, ഷഷ്ടിപൂർത്തി കഴിഞ്ഞ ചെറുകരത്തറവാട്ടിലെ ഒരു മൂത്തപ്പിഷാരടിയെത്തുന്നത്. മൂത്തപ്പിഷാരടിയുടെ മരിച്ച ആദ്യഭാര്യയിലുള്ള മക്കളിൽ ഏറ്റവും ഇളയവളെക്കാൾ പ്രായം കുറവായിരുന്നു അന്ന് രണ്ടാം ഭാര്യയായി കൂടെക്കൂട്ടിയ നാണിക്കുട്ടിക്ക്.

ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ എരവിമംഗലം ദേശത്താണു ചരിത്ര പ്രസിദ്ധമായ ചെറുകരത്തറവാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ നാട്ടുരാജ്യമായ വള്ളുവനാട്ടിലെ പതിനെട്ടര സ്വരൂപങ്ങളിലെ ഒരു സ്വരൂപമാണ് ചെറുകര പിഷാരം. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കേരളത്തിന്റെ നവോത്ഥാന ചരിതത്തിലെ ക്ഷേത്രപ്രവേശന വിളംബരത്തിനും മുമ്പ് ഗുരുവായൂർ സത്യാഗ്രഹത്തിൽ ആകൃഷ്ടനായി, അതിൽ പങ്കെടുത്ത്, ചെറുകര രാമനുണ്ണി  പിഷാരടിയും അദ്ദേഹത്തിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ പാലോളി വലിയ വാസുദേവൻ നമ്പൂതിരിയും കൂടി പാലോളി മനയുടെ അധീനതയിലുള്ള ചക്കുവറ ക്ഷേത്രം 1932 സെപ്തംബർ 23നു എല്ലാ ജാതിക്കാർക്കുമായി തുറന്നു കൊടുത്തു. തുടർന്ന് ചെറുകര പിഷാരത്തിന്റെ കിഴക്കെ പത്തായപ്പുരയിൽ വച്ച് ഈ ക്ഷേത്രപ്രവേശനത്തിന്റെ വിളംബരവും നടത്തി. ക്ഷേത്രം തുറന്നു കൊടുത്തിട്ടും ഹരിജനങ്ങളൊന്നും ക്ഷേത്രത്തിലേക്കെത്താതിരുന്നത് കണ്ട് ചെറുകാടിന്റെ നേതൃത്വത്തിൽ ഉല്പതിഷ്ണുക്കളായ കുറച്ചു ചെറുപ്പക്കാരെയും കൂട്ടി ഇവരെല്ലാവരും കൂടി പറ്റിയ ഒരാളെത്തപ്പിയിറങ്ങി. ഒടുവിൽ കുലവൻ എന്നൊരു ഹരിജനെ കൂട്ടിക്കൊണ്ടുവന്ന് കുളിപ്പിച്ച് ക്ഷേത്രത്തിൽ തൊഴുവിച്ച് ഒരു പന്തിഭോജനവും നടത്തി.  ചെറുകര ഷാരത്ത് താമസിച്ച് ചെറുകര സ്കൂളിൽ പഠിച്ചിരുന്ന ചെറുകാട് ഈ പന്തിഭോജനത്തിനു ശേഷം വീണ്ടും തറവാട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് ഭക്ഷണം കൊടുത്തത് തറവാടിന്റെ കിഴക്കേ കോലായിലായിരുന്നുവത്രെ. ഈ കാഴ്ച കണ്ടു കയറിവന്ന അന്നത്തെ  മൂത്തപ്പിഷാരടിയും കടുത്ത യാഥാസ്ഥിതികനുമായ കണ്ണനുണ്ണി പിഷാരടി ‘കലികാല വൈഭവം’ എന്ന് പറഞ്ഞ് അകത്തേക്ക് കയറിപ്പോയതായി ചെറുകാടിന്റെ ആത്മകഥയായ ജീവിതപ്പാതയിൽ, ‘കലികാല വൈഭവം’ എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്. വള്ളുവനാടിന്റെ ഭരണവ്യവസ്ഥയിൽ കാര്യമായ പങ്കുണ്ടായിരുന്ന ചെറുകര പിഷാരടിമാരിലെ ഏറ്റവും ഒടുവിലെ കണ്ണിയായ മേൽപ്പറഞ്ഞ കണ്ണനുണ്ണി പിഷാരടിയാണ് നാണിക്കുട്ടി പിഷാരസ്യാരെ പുടവ കൊടുത്ത് കൂടെക്കൂട്ടിയത്. വാർദ്ധക്യത്തിൽ മൂത്തപ്പിഷാരടിയെ നോക്കാനായിയെത്തിയ നാണിക്കുട്ടി പിഷാരസ്യാർ അങ്ങിനെ ചെറുകരക്കാരുടെ വലിയമ്മായിയായി മാറി. അപ്പോഴേക്കും ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥനത്തിന്റെ ഭാഗമായ മലബാർ ജില്ലയുടെ ഭാഗമായിക്കഴിഞ്ഞിരുന്ന വള്ളുവനാട്ടിൽ വെറും പാട്ടക്കുടിയാൻ ജന്മി വ്യവസ്ഥയിലെ ജന്മിയായ തറവാട്ടു കാരണവർ മാത്രമായി മാറിയിരുന്നു ചെറുകര മൂത്തപ്പിഷാരടി. ആനയും, ആയിരം പറ പാട്ടവരവുമുള്ള ഒരു തറവാട്ടിൽ കാരണവർ അന്ന് ചെയ്യുമായിരുന്ന ഒരു സാധാരണ കാര്യം മാത്രമാണ് കണ്ണനുണ്ണി മൂത്തപ്പിഷാരടിയും ചെയ്തത്. ആ ദാമ്പത്യത്തിൽ നാണിക്കുട്ടി പിഷാരസ്യാർക്ക് ദേവകിയെന്നും നാരായണനെന്നും പേരുള്ള രണ്ടു കുട്ടികൾ പിറന്നു. ഇവർക്കിടയിൽ ശേഖരനെന്നൊരു കുട്ടി വയസ്സെത്തും മുമ്പെ കഴിയുകയും ചെയ്തിട്ടുണ്ടത്രെ. മൂപ്പിളമത്തർക്കങ്ങളും പടലപ്പിണക്കങ്ങളും കൊടികുത്തിവാണ അക്കാലത്ത് മൂത്തപ്പിഷാരടിക്ക് വയസ്സു ചെന്ന് നാടു നീങ്ങിയപ്പോൾ, പാട്ടവരവുകൾ ശോഷിച്ചപ്പോൾ, നാണിക്കുട്ടി പിഷാരസ്യാർ മക്കളുടെ പഠനാർത്ഥം വീണ്ടും വട്ടേനാട്ട് തറവാട്ടിലേക്ക് തന്നെ തിരിച്ചെത്തി.

ആദ്യമകൾ ദേവകി പത്താം തരത്തിൽ തോറ്റു, പഠിപ്പു നിർത്തി. രണ്ടാമത്തെ മകൻ നാരായണൻ പത്താംതരം പൂർത്തിയാക്കിയില്ല. ഇതിനിടയിൽ മൂത്തമകൻ ഭരതൻ ജോലി തേടി മദ്രാസിലേക്ക് വണ്ടി കയറിയിരുന്നു. നാരായണൻ വണ്ടിപ്പണിയുമായി നാടു വിട്ടു. നാലഞ്ചു കൊല്ലം കഴിഞ്ഞ് മൂത്ത മകളുടെ കല്യാണം ശരിയായി വന്നപ്പോൾ അതു നടത്താൻ, നാടു വിട്ട ആൺ മക്കളുടെയോ, മരിച്ചു പോയ മൂത്തപ്പിഷാരടിയുടെയോ സഹായ ഹസ്തങ്ങളില്ലാതെ ആങ്ങളമാരുടെ കരുണക്കായി അവർ കേണു. ഓടുവിൽ ചില സുമനസ്സുകളുടെ ഉൽസാഹത്തിലും ഔദാര്യത്തിലുമായി ആ കല്യാണം ഒരു മിലിട്ടറിക്കാരനുമായി നടന്നു. പരക്കാട്ട് പിഷാരത്ത് അനിയനെന്ന മിലിട്ടറിക്കാരൻ ഗോപാലപ്പിഷാരടിക്ക് ദേവകിയിൽ പിറന്ന മക്കളാണ് ഈയുള്ളവനും അനുജൻ ശശിയും,പിന്നീട് പിറന്നൊരു അനുജത്തിയും.

1968ൽ നിർബന്ധിത മിലിട്ടറി സേവനം മതിയാക്കിയെത്തിയ അച്ഛൻ പെൻഷൻ പറ്റിപ്പോരുമ്പോൾ കിട്ടിയ കുറച്ചു പണം കൊണ്ട് മുത്തശ്ശിക്ക് ചെറുകരത്തറവാട്ടിൽ നിന്നും കിട്ടിയ ഭൂസ്വത്തിൽ നിന്നിരുന്ന പത്തായപ്പുരയെ സ്വപ്രയത്നത്താൽ മൂന്നുമുറികളും ഒരടുക്കളയും പൂമുഖവുമുള്ള വീടാക്കി മാറ്റി, അന്തരിച്ച മുത്തശ്ശന്റെ സ്മരണാർത്ഥം “കണ്ണനിവാസ്‘ എന്ന് നാമകരണം ചെയ്തു.

ആ പുത്തൻ വീട്ടിൽ പിറന്ന ഞങ്ങളുടെ അനുജത്തി ശോഭയുടെ കല്യാണ നിശ്ചയം, ഇന്ന് അതേ കണ്ണനിവാസിൽ വെച്ച്, അച്ഛന്റെ അഭാവത്തിൽ, നേരമ്മാവന്റെ അഭാവത്തിൽ വലിയ മുത്തശ്ശിയുടെ മകൻ ബാലമ്മാവൻ  നടത്തി.

ചരിത്രം തലമുറകൾ തോറും ചില തനിയാവർത്തനങ്ങൾ നടത്തും. പക്ഷെ, അവളുടെ ആങ്ങളമാർ ആ നിശ്ചയത്തിനപ്പുറം അതിനെ മറ്റൊരു തനിയാവർത്തനത്തിലേക്ക് തള്ളിവിട്ടില്ല.

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...