ദൈനംദിനജീവിതം ഉന്തിനീക്കാനുള്ള വലിയ തിരക്കിൽപ്പെട്ട് ഉള്ളറകളിലേക്കു കടക്കാൻ കഴിയാത്തവർക്കാണ് മുംബൈ കേവലമൊരു യാന്ത്രികവും വിരസവുമായ നഗരമായി തോന്നുന്നത്. അനുഭവങ്ങൾ അതിന്റെ വിചിത്രസൗന്ദര്യത്തോടെ നിറഞ്ഞാടുന്ന ഈ മഹാനഗരത്തിന്റെ ഉൾത്തലങ്ങളിലേക്കു പ്രവേശിക്കുമ്പോൾ നാം അതിശയംകൂറുന്നു! വിസ്‌മയചകിതരാവുന്നു! പിന്നെ നാം ഈ നഗരത്തെ തീവ്രമായി പ്രണയിച്ചു തുടങ്ങുന്നു.
മുംബൈ നഗരത്തിൽ കുറച്ചുകാലമെങ്കിലും രാപ്പാർത്തവർ, നഗര വൈവിദ്ധ്യത്തെ അറിഞ്ഞവർ ഈ നഗരത്തെ അത്രമേൽ പ്രണയിച്ചിരിക്കും.
മനുഷ്യജീവിതങ്ങൾക്ക് ശതകോടി മുഖങ്ങളുണ്ടെന്ന് തെര്യപ്പെടുത്തുന്ന ഒരു നഗരം എങ്ങനെയാണ് പ്രിയങ്കരമാകാതിരിക്കുക? എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് സജി എബ്രഹാം മുംബൈ ചരിത്രവും വർത്തമാനവും എന്ന തന്റെ പഠന ഗ്രന്ഥം അവസാനിപ്പിക്കുന്നത്.
578 പേജുകളിലായി 50 അദ്ധ്യായങ്ങളിലൂടെ അദ്ദേഹം മുംബൈ നഗരത്തിന്റെ ചരിത്രവും വർത്തമാനവും വൈവിദ്ധ്യങ്ങളും നമുക്ക് മുമ്പിലേക്ക് നിരത്തിപ്പരത്തി വെച്ചു തന്നിരിക്കുകയാണ്. ഏതൊരു ചരിത്രകുതുകിക്കും ആഴ്ന്നിറങ്ങാനുള്ള പഠന ഗ്രന്ഥം.
ഈ നഗരത്തിനൊരു പ്രത്യേകതയുണ്ട്.
നഗരത്തിലേക്കെത്തിപ്പെടുന്ന ആദ്യകാലത്ത് ഈ നഗരം നാമൊരിക്കലും അതുവരെ പരിചയിച്ചിട്ടില്ലാത്ത പരിസരങ്ങളിൽ നിന്നും നമ്മെ പുറകോട്ട് വലിക്കും, ആട്ടിപ്പായിക്കും. പക്ഷെ, പോകപ്പോകെ, ആ പരിസരങ്ങളും രീതികളും പരിചിതമാകുന്നതോടെ അത് നമ്മെ കൂടെച്ചേർക്കും.
മുംബൈ നഗരത്തെക്കുറിച്ച് പൊതുവെ പറയുന്നൊരു വാചകമുണ്ട്. നഗരം ആരെയും കൈവിടാറില്ലെന്നത്. ഉള്ളവനും ഇല്ലാത്തവനും ഇവിടെ ജീവിച്ചു പോകാനാവുമെന്നത്. അങ്ങിനെയുള്ള ഓരോ ജീവിതങ്ങളുടെയും സൂക്ഷ്മ ചരിത്രവും ഉൾത്തുടിപ്പുകളും കുറിച്ചു വെക്കുകയാണ് സജി എബ്രഹാം.
പതിനാറാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ടുള്ള മുംബൈ നഗരത്തിന്റെ ചരിത്രം വളരെ വിശദമായിത്തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴു ദ്വീപുകളുടെ സമൂഹമായിക്കിടന്ന ഈ ഭൂപ്രദേശത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഏതൊരു നഗരത്തിനും കാണും ചില കറുത്ത ചരിത്രം. പക്ഷെ നഗരം തന്നെ കറുപ്പിലൂടെ ഉയർന്നു വന്നതാണെന്ന സത്യമറിയുമ്പോൾ ചിലപ്പോൾ ഇപ്പോൾ കാണുന്ന മുംബൈയുടെ പ്രൗഢിക്ക് മേൽ കരിനിഴൽ വീണേക്കാം. പക്ഷെ അതൊരു സത്യമാണ്. മുംബൈയെ ഒരു മഹാനഗരമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ തഴച്ചു വളർന്ന തുണിമിൽ വ്യവസായവും കുടിയേറ്റവും റെയിൽവേയുമാണെങ്കിലും അതിനുള്ള വളം നൽകിയത് ഹോങ്കോങ്കിലേക്കും ചൈനയിലേക്കും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിർലോഭം നടത്തിയ ഓപ്പിയം കച്ചവടമായിരുന്നുവെന്നത് ഒരു വസ്തുതയാണെന്ന് ഈ പുസ്തകം നമ്മോട് കാര്യകാരണസഹിതം പറയുന്നു.
ബ്രിട്ടീഷുകാരാണ് യഥാർത്ഥത്തിൽ ഇന്നത്തെ ആധുനിക മുംബൈയുടെ സ്രഷ്ടാക്കൾ. ഇംഗ്ലണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെ പിന്തുടർച്ചയെന്നോണം പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മുംബൈയിലും തുണിമില്ലുകൾ സ്ഥാപിക്കപ്പെട്ടു. അവിടന്നങ്ങോട്ട് നഗരം വളരുകയായിരുന്നു. മില്ലുകൾക്കൊപ്പം അവിടേക്ക് പണിയെടുക്കാൻ തൊഴിലാളികൾ ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നും കുടിയേറി. രാജ്യത്തെ ആദ്യത്തെ തീവണ്ടിപ്പാത ബോംബെ വിക്ടോറിയ ടെർമിനസിനും താനെക്കുമിടക്ക് പണിതതോടെ നഗരം വീണ്ടും വളർന്നു. ഇതിന്റെയെല്ലാം സമഗ്ര ചരിത്രം തന്നെ ഈ പുസ്‌തകം നമുക്ക് നൽകുന്നുണ്ട്.
നഗരത്തെക്കുറിച്ച് പറയുമ്പോൾ ആ നഗരത്തെക്കുറിച്ച് മാത്രമല്ല മറിച്ച് നഗരം ഒരു രാഷ്ട്രനിർമ്മാണത്തിൽ എങ്ങിനെ ഭാഗഭാക്കായി എന്ന ചരിത്രം കൂടി പരിശോധിച്ചുകൊണ്ടാണ് ഇതിലെ അദ്ധ്യായങ്ങൾ വികസിക്കുന്നത്. ലോകമഹായുദ്ധങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, ശേഷമുള്ള വിഭജന ഇന്ത്യയിലെ സംസ്ഥാന രൂപീകരണങ്ങൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ ഇടപെടലുകളുമടക്കം ഓരോ സംഭവ വികാസങ്ങളെയും വളരെ ഇഴ കീറി പരിശോധിച്ചു കൊണ്ടാണ് ഓരോ അദ്ധ്യായങ്ങളും മുന്നേറുന്നത്.
ഭാഷാവാദമുയർത്തി നഗരത്തിലെ കടകളുടെയും ഓഫിസുകളുടെയും പേരുകൾ മറാത്തിയിൽ ആക്കണമെന്ന് വാശി പിടിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലവന്റെ സർനെയിം പാശ്ചാത്യമാണെന്ന്, അല്ലെങ്കിൽ ഒരു പാശ്ചാത്യ എഴുത്തുകാരന്റെ പക്കൽ നിന്നും കടം കൊണ്ടതാണെന്ന് എത്ര പേർക്കറിയാം. വിഖ്യാതനായ ബാൽ താക്കറെ (Thackeray എന്ന് ഇംഗ്ലീഷ്)യുടെ പിതാവ് കേശവ് സീതാറാം, വില്യം താക്കറെ (William Makepiece Thackeray എന്ന പ്രശസ്ത നോവലിസ്റ്റും കവിയുമായ ഇംഗ്ലീഷ് എഴുത്തുകാരന്റെ രചനകളിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ സർനെയിം പൻവേൽക്കർ എന്നതിൽ നിന്നും താക്കറെ എന്നാക്കുകയായിരുന്നുവത്രെ. പിന്നീട് മണ്ണിന്റെ മക്കൾ വാദമുയർത്തി ആദ്യം ദക്ഷിണേന്ത്യക്കാരെയും പിന്നീട് ഉത്തരേന്ത്യക്കാരെയും തുരത്തിയോടിക്കാൻ ശ്രമിച്ചതും ഇവരായിരുന്നു. ആ ചരിത്രത്തിലൂടെയുമുള്ള യാത്ര കൂടിയാണ് സജിയുടെ പഠന ഗ്രന്ഥം.
സ്വാതന്ത്യ പൂർവ്വ ഇന്ത്യയിലെ മുംബൈയുടെ ഓരോ കാലഘട്ടത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചരിത്രവും വളരെ വിശാലമായിത്തന്നെ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണം, ഗുജറാത്ത് കൂടി ഉൾപ്പെട്ടിരുന്ന ബ്രിട്ടീഷ് ബോംബെ സംസ്ഥാനത്തിൽ നിന്നും വേർപെട്ട് മറാഠി ഭാഷ സംസാരിക്കുന്ന ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ചേർന്ന് മഹാരാഷ്ട്ര എന്ന സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ മുംബൈയും കൈകോർത്തത്, അതിനായി മലയാളികളടക്കമുള്ള വിവിധ സമൂഹങ്ങൾ ഒന്നിച്ചണി നിരന്നത് തുടങ്ങി ഒരു ചരിത്ര വിദ്യാർത്ഥിക്ക് വേണ്ടുന്ന വിഭവങ്ങൾ ആവോളം സന്നിവേശിപ്പിച്ചാണ് സജി ഈ ചരിത്ര ഗ്രന്ഥം എഴുതിയിട്ടുള്ളത്. മുംബൈ നഗരം രൂപപ്പെട്ടു വരുന്നതിൽ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പങ്കും വളരെ വിശാലമായിത്തന്നെ ഇതിൽ രേഖപ്പെടുത്തുന്നുമുണ്ട്, അതിലെ മുന്നണി-പിന്നണിപ്പോരാളികളെക്കുറിച്ചും പറഞ്ഞുകൊണ്ട്.
ഏതൊരു നഗര ചരിത്രം പരിശോധിച്ചാലും കാണുന്ന ഒരു പ്രത്യേകതയുണ്ട്. ആ നഗരങ്ങളിലെല്ലാം ജനസംഖ്യാനുപാതത്തിൽ പുരുഷപ്രജകൾ എതിർ ലിംഗത്തെ അപേക്ഷിച്ച് ഏറെയായിരിക്കും. അതിന് കാരണവുമുണ്ട്. നഗര കേന്ദ്രീകൃതമായ വ്യവസായവത്കരണം, അവിടേക്ക് ജോലി തേടി ഗ്രാമങ്ങളിൽ നിന്നുമുള്ള പുരുഷന്മാരുടെ കുടിയേറ്റം. ഈ വ്യവസ്ഥിതിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നഗരങ്ങളിൽ വന്ന് രാപ്പാർക്കാൻ വിധിക്കപ്പെട്ട, എന്നാൽ തങ്ങളുടെ ശുഷ്ക വരുമാനത്തിൽ നഗരത്തിലൊരു കുടുംബം സ്ഥാപിച്ച് പരിപാലിക്കാൻ ശേഷിയില്ലാത്ത പതിനായിരങ്ങൾക്ക് അവരുടെ ലൈംഗിക വിശപ്പടക്കാൻ ആദ്യകാലങ്ങളിൽ ഭരണകൂടം തന്നെ വഴിയൊരുക്കിയിരുന്നു. അത്തരത്തിൽ രൂപപ്പെട്ട കാമാത്തിപ്പുരയുടെ നാൾവഴി ചരിത്രം കൂടിയാണ് ഇത്. പത്തൊൻപതാം നൂറ്റാണ്ടോടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ആദ്യകാല തൊഴിലാളികൾ വാസമുറപ്പിച്ച സ്ഥലത്തിന് , ജോലിക്കാർ എന്നർത്ഥം വരുന്ന കാമാത്തീസ് എന്ന മറാത്തിവാക്കിൽ നിന്നും ജോലിക്കാർ തിങ്ങി വസിക്കുന്നയിടം എന്ന അർത്ഥത്തിലാണ് ആ പേര് വന്നത്, അല്ലാതെ കാമം തീർക്കുന്ന പുരയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.
മുംബൈ എന്നാൽ നഗരത്തെക്കുറിച്ചറിയാത്തവർക്ക് ബോളിവുഡാണ്. മുംബൈ ഇന്ത്യൻ ഫിലിം വ്യവസായത്തിന്റെ ഹബ്ബാണ്. നഗരത്തിലേക്ക് 1896 ജൂലൈ 7നു ലൂമിയർ സഹോദരന്മാരുടെ പ്രതിനിധികൾ വഴി കടൽ കടന്ന് എങ്ങിനെ ആദ്യ സിനിമ എത്തിയെന്നും അത് പിന്നീട് വികസിച്ച് ബോളിവുഡായി പരിണമിച്ചുവെന്നും ഉള്ള വിസ്തൃത ചരിത്രം തന്നെ ഒരദ്ധ്യായത്തിൽ പറയുന്നുണ്ട്. അതിലെ മലയാളി സാന്നിദ്ധ്യങ്ങളെക്കുറിച്ചും.
മുംബൈ എന്ന നഗരത്തിന്റെ മാത്രം മുഖമുദ്രകളായ സഞ്ചരിക്കുന്ന ചോറ്റുപാത്രങ്ങളെക്കുറിച്ചും, ഗിന്നസ് ബുക്കിലിടം നേടിയ അലക്കുകാരെക്കുറിച്ചുമെല്ലാം പ്രത്യേക അദ്ധ്യായങ്ങൾ തന്നെ തീർത്തിരിക്കുന്നു.
മുംബൈ നഗര ചരിത്രം കലാപങ്ങളുടെ കൂടെ ചരിത്രമാണെന്ന് കൂടി ഇത് പറഞ്ഞു വെക്കുന്നു. പട്ടികളെച്ചൊല്ലി തുടങ്ങിയ കലാപങ്ങൾ പിന്നീട് വിവിധ ദേശക്കാർ തമ്മിലും ഭാഷക്കാർ തമ്മിലും മതക്കാർ തമ്മിലുമുള്ള അനേകം കലാപങ്ങൾക്ക് കൂടി സാക്ഷിയാവേണ്ടി വന്നത്തിന്റെ ചരിത്ര വായന നമ്മെ തെല്ലൊന്ന് നൊമ്പരപ്പെടുത്തും.
മുംബൈയിലെ മലയാള ഭൂമിക എന്ന രണ്ടാം ഭാഗത്തിലൂടെ ആദ്യമായി സഹ്യനെക്കടന്നു വന്ന മലയാളികളെക്കുറിച്ചും അവരും അവരുടെ പിന്തുടർച്ചക്കാരും ഈ നഗര നിർമ്മിതിയിൽ വഹിച്ച പങ്കിനെക്കുറിച്ചും വളരെ വിശാലമായി തന്നെ രേഖപ്പെടുത്തുന്നു.
ഈ ചരിത്ര പുസ്തകം വായിച്ചു തീരുമ്പോൾ അദ്ദേഹം ഇതിനായെടുത്ത ഗവേഷണങ്ങളെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. അതിന്നായി ഏകദേശം നൂറോളം പുസ്തകങ്ങളെയും ലേഖന പരമ്പരകളെയും അദ്ദേഹം അവലംബിക്കുന്നുണ്ട്.
നഗരചരിത്രത്തെപ്പറ്റി ഗൂഗിൾ വഴി പലപ്പോഴും തിരഞ്ഞിട്ടുണ്ടെന്നാലും വായിച്ചിട്ടുണ്ടെന്നാലും ഇത്രയും സമഗ്രമായ, സർവ്വ മേഖലകളെയും ആഴത്തിൽ തന്നെ രേഖപ്പെടുത്തിയ ഒരു ചരിത്ര ഗ്രന്ഥം ആദ്യമായാണ് വായിക്കുന്നത്. ഏതൊരു മുംബൈ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടതും ഒരു റഫറൻസ് ഗ്രന്ഥം പോലെ സൂക്ഷിക്കേണ്ടതുമാണ് സജിയുടെ "മുംബൈ ചരിത്രവും വർത്തമാനവും".
നന്ദി സജി എബ്രഹാം ഇങ്ങനെയൊരു സമഗ്ര നഗര ചരിത്രം മലയാളികൾക്കായി ഒരുക്കിത്തന്നതിന്.
മുംബൈ ചരിത്രവും വർത്തമാനവും(ചരിത്രം)
സജി എബ്രഹാം
പ്രസാധകർ: സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില : 800


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ