മുരളി വട്ടേനാട്ട്
ഈയിടെയായി
എനിക്ക് വലിയ മറവിയാണെന്ന് അവൾ പറയുന്നു. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ
പല്ലു തേച്ചോ, കാപ്പി
കുടിച്ചോ, ഊണു
കഴിച്ചോ എന്നൊക്കെ ഇടക്കിടക്ക് ചോദിച്ചാൽ
അവൾക്ക് ദേഷ്യം വരില്ലേ..
രണ്ടുമാസം
മുമ്പാണെന്നാണ് അവൾ പറയുന്നത്. ഒരു ദിവസം രാത്രി ലൈബ്രറി പൂട്ടി വീട്ടിലേക്ക്
പോരും വഴി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് പകരം നേരെ
പാടവരമ്പിലേക്കിറങ്ങി നടന്നുവത്രെ. പാടത്തിന്റെ ഒത്ത നടുക്കുള്ള കനാൽ വഴി എത്ര
ദൂരം നടന്നെന്ന് ഓർമ്മയില്ല. സ്‌കൂളിലെ ബെല്ലടിക്കാൻ സമയമായെന്നും വൈകിയാൽ ബാലൻ
മാഷുടെ കയ്യിൽ നിന്നും അടി കിട്ടുമെന്നും ഓർത്തിട്ട് ആഞ്ഞു വലിഞ്ഞു
നടക്കുകയായിരുന്നു. കൂടെ കൂട്ടുകാരൊന്നുമില്ലായിരുന്നു. പെട്ടെന്നാണ് ഒരാൾ തടഞ്ഞു നിർത്തി ചോദിച്ചത്, അല്ലാ
കുട്ടേട്ടനെങ്കടാ ഈ രാത്രിയിൽ ഒറ്റയ്ക്ക്. പെട്ടെന്നാണ്, അത്
രാത്രിയാണെന്നും തനിക്ക് വഴി തെറ്റിയെന്നും മനസ്സിലായത്. പക്ഷെ, അയാളോട്
അതൊന്നും പറയാൻ തോന്നിയില്ല. ഒന്നൂല്യ, വെർതെ നടക്കാനിറങ്ങീതാ. എന്നും പറഞ്ഞ്
തിരിച്ചു നടന്നു വീട്ടിലെത്തി.
അവളോടോന്നും
പറഞ്ഞില്ലെങ്കിലും അവൾക്ക് മനസ്സിലായി വഴി തെറ്റി ഞാൻ പാടത്തൂടെ നടന്നു പോയീന്ന്.
അല്ലെങ്കിലും ഉമ്മറത്തിരുന്ന് നോക്കിയാ അവൾക്കതൊക്കെ മനസ്സിലാവൂലോ. അവള്
കണ്ടിട്ടും ഉണ്ടാവും.
കല്ലെങ്കിലെ
രാമൻകുട്ടി പിറ്റേ ദിവസം അവളോട് ചോദിച്ചൂത്രേ. അല്ലാ, കുട്ടേട്ടൻ
ഇന്നലെ ലൈബ്രറി അടച്ച് വരുമ്പോ വഴി തെറ്റിന്ന് തോന്നണൂ.. ഞാൻ കണ്ട് ചോദിച്ചപ്പോ
വെർതെ നടക്കാനെറങ്ങീതാ ന്നും പറഞ്ഞു തിരിച്ചു നടക്കേം ചെയ്തൂ. കൊറേ നേരം മൂപ്പര് ഇവടക്കന്നല്ലേ
വരണത് ന്ന് ഞാൻ നോക്കി നിന്നൂട്ടോ. അല്ലാ, ഈയിടെ ആയിട്ട് മൂപ്പർക്കെന്താ ഒരു
വയ്യായ. വർത്താനം പറയണേലൊക്കെ ഒരു മന്ദത്തം തോന്ന്യോണ്ട് ചോയ്ച്ചതാട്ടോ..
ഒന്നും
പറയണ്ടാ ന്റെ രാമങ്കുട്ട്യേ, ഈയിടെയായിട്ട് ഒരു കാര്യത്തിനും ഒരു ഓർമ്മെല്യ മൂപ്പർക്ക്.
ഇപ്പൊ ചെയ്ത കാര്യം തന്നെ കൊറച്ച് കഴിഞ്ഞാ വീണ്ടും ഞാനത് ചെയ്തോ, കഴിച്ചോ
എന്നൊക്കെ ചോയ്ച്ചോണ്ടിരിക്കും.
അപ്പൊ
അവൾക്കും പിടി കിട്ടിയിരിക്കുണു ഇതൊക്കെ.. ആയ കാലത്ത് എന്തിനും
ഏതിനും അവളോട് തർക്കിച്ചും അടി പിടി
കൂടിയും കഴിഞ്ഞതല്ലേ. പെട്ടെന്ന്, അതൊക്കെ മാറി ഞാനിപ്പോ അവള്
പറയണെനൊക്കെ സമ്മതം മൂളുന്നു എന്നാണ് അവളുടെ ഇപ്പഴത്തെ പരാതി. ഇത്രേം കാലം അവളോട് കൊറേ തല്ല് കൂട്യേതല്ലേ, ഇനി ഇപ്പൊ
എന്തിനാ ഇങ്ങനെ. കൊറച്ച് കാലെങ്കിലും നന്നായി കഴിഞ്ഞു കൂടാലോ എന്നേ ഞാനോർത്തുള്ളൂ.
കൊറച്ചൂസായിട്ട്
എഴുത്തൊന്നും വര്ണില്യ. ഒരു കഥ മനസ്സില് കെടന്ന് കളിച്ചതായിരുന്നു. അത് കളഞ്ഞു
പോയി. കൊറേ തപ്പി. കിട്ടീല്യ.
ഇന്ന് പ്പോ
പെട്ടെന്നാണ് വീണ്ടും തോന്ന്യേത്. പേന എട്ത്തതും ഒന്നും തോന്ന്ണില്യ. സരല്യാ..
അതിനൊക്കെ ഒരു നേരോം കാലോം വേണ്ടേ..
നോക്കൂ
ട്ടോ.. അവളാണ്.
ദെന്താ ഇപ്പൊ
ഏഴ്താൻ ഇരിക്കണത്.. ഇന്ന് കുളീം ജപോം ഒന്നൂം
ല്യേ...
അവളോടോന്നും
പറയാതെ നേരെ തോർത്തും സോപ്പുമെടുത്ത് കുളത്തിലേക്ക് നടന്നു. ഈയിടെയായി കുളത്തിൽ
പോയി കുളിക്കണതും അവൾക്കിഷ്ടമില്ല.
വയ്യാത്തോടത്ത്
എന്തിനാ ഈ കൊളത്തില് പോയി കുളിക്കണത്. ഇവടെ കുളിമുറീ കുളിച്ചാ പോരെ എന്ന് അവൾ
ഉച്ചത്തിൽ ചോദിച്ചപ്പോ,
വീണ്ടും തിരിഞ്ഞു നടന്നു, കുളിമുറിയിൽ കയറി.
കുളിമുറിയിൽ
കുളിച്ചാലൊന്നും ഒന്ന് കുളിച്ചൂന്ന് തോന്നില്യാ.. ഒന്ന് നീന്തിത്തുടിച്ച്
കുളിക്കണെന്റെ സുഖം അവൾക്കെങ്ങനെ അറിയാനാ. ഇന്നേ വരെ കൊളത്തിൽ അവള്
കുളിച്ചിട്ടില്യാലോ.. തർക്കിക്കാൻ ഉള്ള
മനസ്സൊക്കെ പോയി. എല്ലാവരും പറയുന്നത് മൂളിക്കേക്കാനേ ഇപ്പൊ പറ്റാറുള്ളൂ.
എന്താത്
ഇപ്പൊ, വന്ന്, വന്ന് തല
തോർത്താനും മറന്ന്വോ..
അവളുടെ
ചോദ്യം കേട്ടപ്പോഴാണ് തല തോർത്താതെയാണ് കുളിമുറീന്ന് പുറത്തു കടന്നതെന്ന് ഓർമ്മ
വന്നത്. വേഗം തല തോർത്തി. പണ്ട് അമ്മടെ സ്ഥിരം പല്ലവി ആയിരുന്നു ഇത്. എന്താ കുട്ടാ, നീയ് തല
തോർത്താണ്ടെ കേറിപ്പോന്നത് ന്ന്.
ഇനി ഇപ്പൊ
ഇത് അമ്മ്യാണോ ചോയ്ച്ചത്.. ഹേയ്..
അല്ല. 'അമ്മ
ദേഷ്യത്തിലാണേലും ഇങ്ങന്യല്ലാ ചോദിക്ക്യാ.. അതിനൊരു മയണ്ടായിരുന്നു.
അമ്മ എവടെ..
അവളോട് ചോദിച്ചു.
അമ്മ്യോ.. ഇതെപ്പൊ നന്നായത്.. പോയിപ്പോയി ന്നേം
തിരിച്ചറിയാൻഡ്യായോ.. അതേയ്, അമ്മ 2011ല് പോയതല്ലേ.. ഇപ്പൊ ന്തേ അങ്ങനെ തോന്നാൻ...
ഒന്നൂല്യാ
ന്ന് മാത്രം പറഞ്ഞു.
ഒക്കെ ന്റെ
ദൈവദോഷം ന്നല്ലാണ്ടെ എന്താ പറയാ... ആയ കാലത്ത് ദൈവോം ല്യാ ന്നും പറഞ്ഞ്
നടന്നതല്ലേ.. അതന്യാ ഇങ്ങന്യൊക്കെ.
ദൈവോ.. അതാരാ.
ഓർത്തു നോക്കീട്ട് ഒരു പിടീം കിട്ടീല്ല. അങ്ങനെ ഒരാളെ ഞാൻ പരിചയപ്പെട്ടില്ലല്ലോ.
അറിയില്ല. അവൾക്ക് അറിയേരിക്കും...
കുറച്ച് നേരം
കണ്ണടച്ചിരുന്നു. ഇപ്പൊ അതാണ് ഏറ്റവും സുഖം... ഒന്നും ഓർക്കേണ്ട, അവള്
അതോർത്തു നോക്കൂ, ഇതോർത്ത്
നോക്കൂ എന്നൊന്നും പറഞ്ഞ് ശല്യം ചെയ്യില്ല. അങ്ങനെ ഇരുന്ന് മനോരാജ്യത്തില് യാത്ര
ചെയ്യാം. എത്ര എത്ര യാത്രയാണ് ഇങ്ങനെ നടത്തീരിക്കണത്. അച്ഛന്റേം അമ്മടേം
കൂടെപ്പോവാനാണ് എനിക്കിഷ്ടം. അച്ഛൻ നടക്കണത് കാല് നീട്ടി വലിച്ചാണ്. അമ്മയ്ക്കും
നിക്കും അതിന്റൊപ്പം നടക്കാൻ പറ്റാറില്ല.
പാടത്തുക്കൂടേം,
എടവഴീക്കൂടേം നടന്ന്, നടന്ന് ഒരു
കുന്ന് കയറി എറങ്ങി ഞങ്ങളങ്ങനെ നടക്കാണ്. അച്ഛന് ഒരു ക്ഷീണോം ല്ല്യ. അമ്മക്ക്
വയ്യാണ്ട്യയണ്ണൂ. എനിക്കും. മാട്ടായ
താലപ്പൊലിക്ക് കൊണ്ട് പോവാണ് അച്ഛൻ. അച്ഛാ.. ഒന്ന് പതുക്കെ നടക്കൂ..
ദാ.. ഈ
റെയിലും കൂടി കടന്നാ അമ്പലായി, അച്ഛൻ പറഞ്ഞു.
ദാ ഇപ്പൊ
എപ്പളും ഇങ്ങനെ ഒരു ഇരിപ്പാണ്. ചോദിച്ചാ ഒന്നും മിണ്ടില്ല, എടക്ക്
ഇങ്ങനെ ഓരോന്ന്, അച്ഛാ, അമ്മേ
ന്നൊക്കെ പറഞ്ഞോണ്ടിരിക്കും... ഒന്നും കഴിക്കണൂല്യ. നിർബന്ധിച്ചാ വല്ലതും കഴിച്ചൂന്ന് വരുത്തും.
അവള് ആരോടോ ഈ
പറയണത്.
ഇപ്പൊ എപ്പോ
നോക്യാലും അവള് ഓരോരുത്തരെ കൊണ്ടന്ന് എന്നെ കാണിക്യാണ്. എന്നിട്ട് നൂറ് കൂട്ടം
ചോദ്യങ്ങളും. ഞാനാരാ ഇവരെ ഒക്കെ അറിയാൻ. അവൾക്ക് ഈ ലോകത്തില് പരിചയല്ല്യാത്തോര്
ആരൂല്യാ ന്നാ തോന്നണത്.
നോക്കൂ, ഇതാരാന്ന്
മനസ്സിലായോ..
പതുക്കെ അപരിചിതരുടെ
ലോകത്തേക്ക് കണ്ണ് തുറന്ന് നോക്കി..
ഒരു
പെൺകുട്ടി. കണ്ടിട്ട് ഒരു പരിചയോം തോന്നീല്യ. കൂടെ പഠിച്ച ദാക്ഷായണി ആണോ..
ചോദിച്ചില്ല്യ. ചെലപ്പോ ചോദിച്ചാ അബദ്ധായാലോ. ഇല്ല്യാന്ന് തലയാട്ടി.
നോക്ക്, ഇതാണ്
ഇപ്പളത്തെ അവസ്ഥ. നിന്നേം കൂടി മനസ്സിലാവ്ണില്യ.
നോക്കൂ, നമ്മടെ മോളെ, ആസ്‌ത്രേലിയെന്ന്
വന്നതാണ്. പേര് ഓർമ്മെണ്ടോ. അവള് ചോദിച്ചു.
ആ കുട്ടി
എന്നെ നോക്കി ചിരിക്ക്ണ്ട്. എന്റെ മോളോ..
എനിക്കതിന് മക്കളൊന്നും ഇല്ല്യാലോ.. ഞാനും അവളും മാത്രല്ലേ ഇവടെ ഈ വീട്ടില്
കൊറേ കാലായിട്ട്.. എന്ന്ട്ട് പ്പോ, ഇതാ.. മോളാത്രേ..
കുട്ട്യതാ
കരയണൂ... അതിന് ഞാനിപ്പോ ഒന്നും പറഞ്ഞില്ല്യാലോ..
കരയണ്ടാ..
കരയണ്ടാ.. ഞാനൊന്നും പറഞ്ഞില്ല്യാലോ.. ഒന്നും ചെയ്യില്ല്യാ..
അവള് ആ
കുട്ട്യേ അപ്പറത്തക്ക് കൊണ്ട് പോയി..
എന്തിനാ ഇവള്
ഇങ്ങനെ എന്നെ ശല്യം ചെയ്യണത്.. എന്നെ വെറുതെ വിട്ടൂടെ.. ഞാൻ എന്റെ വഴിക്ക്
ജീവിച്ചോളാം.. വഴീക്കൂടെ പോണോരേം വരണോരേം ഒക്കെ വീട്ടില്ക്ക് വിളിച്ച് കേറ്റി, ഇതാരാണ്ന്ന് മനസ്സിലായോ എന്നൊക്കെ ചോദിക്കണോ..
അല്ലാ, അവളെ കുറ്റം
പറഞ്ഞിട്ട് കാര്യല്ല്യ. ഇപ്പൊ ഞാൻ അവളോടോന്നും ചോദിക്കാറില്യല്ലോ.. അപ്പൊ, അവൾക്ക്
ആരോടെങ്കിലും മിണ്ടിപ്പറയണ്ടെ.. അതാവും. പക്ഷെ, അതിന് അവൾക്ക് മാത്രം അവരോട്
സംസാരിച്ചാ പോരെ. എന്നെക്കൊണ്ടും കൂടി എന്തിനാ സംസാരിപ്പിക്കണത്..
ദാ, വീണ്ടും
വിളിക്കുണൂ... നോക്കൂ. ഇതാരാന്ന് ഓർമ്മെണ്ടോ..
മുന്നിൽ
ചിരിച്ച് നിൽക്കണ ആളെ നല്ല പരിചയം.. ആഹാ.. ഇത് ബാലകൃഷ്ണനല്ലേ, എനിക്കെന്താ
അറിയാണ്ടെ.. ഞങ്ങള് സ്കൂളില് ഒരേ ബഞ്ചിലല്ലേ ഇരിക്കണത്. സ്‌കൂള് പൂട്ടണന്നും കൂടി
ഞങ്ങള് കണ്ടതല്ലേ..
ബാലാ, നീയിപ്പോ
എത്രാം ക്ളാസിലാ.. പാസായില്ലേ. അല്ലാ. ഞാനെന്ത് വിഡ്ഡ്യാ.. നീയ് പാസായോ ന്ന്..
നീയല്ലേ എല്ലാ കൊല്ലോം ഒന്നാമൻ. എന്ന്ട്ട് നിന്നോട് ഞാൻ പാസായോ ന്ന്. സോറിടാ..
ഇതാ പ്പോ..
ബാലനും കരയുണൂ.. ഇവനെന്തിനാ കരയണത്.. ഇനീപ്പോ ഇവൻ തോറ്റോ.. ഹേയ് അങ്ങനെ ആവാൻ
വഴില്യ.. അല്ലാ, ബാലൻ പണ്ടും
അങ്ങനെയാണ്.. മിണ്ടിയാ കരയും... കഴിഞ്ഞ കൊല്ലല്ലേ ഞാനും അവനും കൂടെ അടി കൂട്യേത്..
എന്തിനാപ്പൊ അത്.. ഓർമ്മല്യ.. പക്ഷെ അവൻ അന്ന് കരഞ്ഞത് ഓർമ്മണ്ട്.. ഇനി
അതോർത്തിട്ടാണോ ആവോ..
അവള് ബാലനോട്
എന്തോ പറഞ്ഞ് അപ്പറത്തേക്ക് കൊണ്ടോയി.
“ഈശ്വര.. ഒരാളെങ്കിലും ഓർമ്മണ്ടായിലോ.. സ്വന്തം മകളെപ്പോലും
അറിഞ്ഞില്ല്യാ.. ഇതിപ്പോ ബാലനെ എത്ര പെട്ടെന്നാ മനസ്സിലായത്..” അവളുടെ സംസാരം അവ്യക്തമായി കേട്ടു..
…
ഉമ്മറത്തെ
സെറ്റിയിലിരുന്ന് പാടത്തേക്ക് നോക്കി.. പാടമൊക്കെ ഇപ്പൊ കാടായിരിക്കുണൂ..
പൂളക്കൊമ്പിന്റെ കാട്.. വാഴേടെ കാട്.. അതിന്റപ്പറം കുന്നും മലേം.. അവടെം കാടാണ്..
ഇനീം
ആരെങ്കിലും വരെണെന്റെ മുമ്പേ പോണം. അച്ഛനും അമ്മേം വഴീല് കാത്ത് നിൽക്കണ്ണ്ടാവും..
ഓർമ്മകളില്ലാത്ത രാജ്യത്തേക്ക് പോണം.. ആരും ഓർമ്മെണ്ടോന്ന് ചോദിക്കാത്ത
രാജ്യത്ത്ക്ക്.. പാടം കടന്ന്, കുന്ന് കയറി എറങ്ങി അപ്പറം കടന്ന്, പുഴ മുറിച്ച്
കടന്നാൽ പിന്നെ വേറെ രാജ്യാവും... ആരും ഒന്നും ചോദിക്കാത്ത രാജ്യം.
ഇപ്പൊ
എറങ്ങ്യാ വെയില് കൊള്ളാണ്ടെ നടക്കാം. അമ്മക്ക് വെയില് പറ്റ്ല്യാ..
പാടത്ത്
അമ്മേം അച്ഛനേം കണ്ടില്ല.. അവര് കുന്നിന്റെ മോളിലാവും.. താലപ്പൊലിക്ക് പോയിട്ട് തിരിച്ചു
പോരാണ്ടെ അവടെ കൂടീട്ടുണ്ടാവും.. അവ്ട്ന്ന് കൂട്ടാം..
പാടം
മുറിച്ച് കടന്ന് കുന്നിൻ ചോട്ടിലുള്ള
കുണ്ടനിടവഴിയിലെത്തി. ഈ നട്ടുച്ചക്കും എന്തൊരിരുട്ടാ.. ഹാവൂ, വെയിലത്ത്ന്ന്
വന്നിട്ടേരിക്യോ, ഒന്നും
കാണണ്ല്യ.. തപ്പിത്തടഞ്ഞ് മുമ്പോട്ട് നടന്നു..
ദൂരെന്നും ഒരു ചെക്കൻ കൊറേ പോത്തുകളേം കൊണ്ട് വരണ്ണ്ട്.. ശരിക്ക്
കാണാനില്യ... പോത്തന്നേരിക്കും.. അതെ, വലിയ വലിയ കാട്ടിപ്പോത്ത്കളാണ്..
എന്താ അതിന്റെ ഒക്കെ ഒരു വലിപ്പം.. പിന്നില് നടക്കണ ചെക്കൻ നീരോലി കെട്ടിയ വടി
കൊണ്ട് അതിനെ അടിച്ച് ഓടിക്കണൂ.. ആകെ പേടിച്ച് ഞാൻ ആ എടവഴീടെ ഓരം ചേർന്ന് നിന്നു..
മൂന്നും നാലും ഏണ്ണം ഒരുമിച്ചാണ് നടന്ന് വരണത്..
ഞാൻ
നിക്കണതൊന്നും നോക്കാണ്ടെ പോത്തിൻ കൂട്ടം നടന്നടുക്കുകയാണ്.. കഴിയണത്ര
വേലീമ്പ്ക്ക് ചാരി നിന്നു. കൈയ്യിമ്പലും തൊടെംമ്പലും ഒക്കെ മുള്ളു കുത്തിക്കയറി.
ഹാവൂ എന്തൊരു വേദനയാണ്.. ഒപ്പം മുമ്പില് ഓരം പറ്റി നടന്ന പോത്ത് ഒരൊറ്റ കുത്തും..
അതോടെ താഴത്തേക്ക് വീണു. അവറ്റടെ കൊളമ്പ്കൾ മേലിൽകൂടെ കയറി ഇറങ്ങുന്നു... ശ്വാസം
കിട്ടണില്യാ.. ഒന്നും കാണാനില്യ.. അമ്മേ... ആഞ്ഞു വിളിച്ചു..
കുന്നിൻ
പുറത്തു നിന്നും 'അമ്മ
വിളി കേട്ടു.. 'അമ്മ
ഉറക്കെ കരയുകയാണ്.. എന്റെ കുട്ട്യേ ഒന്ന് പോയി എടുത്തോണ്ട് വരൂ.. അവൻ ഒറ്റക്കാ
കുണ്ടനെടോഴീല് കെടന്ന് കരയണത് കേട്ടില്ലേ..
പുറത്ത്
അപ്പുറവും ഇപ്പുറവും ആരൊക്കെയോ കരഞ്ഞു കൊണ്ടിരുന്നു.. ഞാനാകട്ടെ അവിടെ നിന്നും
എണീച്ച് ഓർമ്മകളില്ലാത്ത രാജ്യത്തേക്ക് ആഞ്ഞു പിടിച്ചു…
----