Sunday, July 25, 2021

ഓർമ്മച്ചിത്രങ്ങൾ ( 20 )

 

ആയിടക്കാണ് അച്ഛന് കുറേയേറെക്കാലത്തെ ശ്രമഫലമായി എക്സ് സർവീസ്‌മാൻ പരിഗണനയിൽ, കേരളസർക്കാരിൽ ഒരു ജോലി ശരിയാവുന്നത്. തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റിയിലോ മറ്റോ ആയിരുന്നുവെന്നാണ് ഓർമ്മ. ഒരു വൈകുന്നേരം പെട്ടിയും കിടക്കയുമായി തിരുവനന്തപുരത്തേക്ക് അച്ഛൻ യാത്രയാവുമ്പോൾ, ഞങ്ങൾ കുട്ടികൾ സന്തോഷത്തോടെ യാത്രയാക്കിയപ്പോൾ,  മറ്റൊരു പട്ടാളജോലിയിലേക്ക് പോവുന്ന രംഗത്തിലെന്ന പോലെ     അമ്മ കലങ്ങിയ മിഴികളോടെയും  മുണ്ടിന്റെ കോന്തലയാൽ നാസിക തുടച്ചും നിന്നു. അച്ഛന് ജോലിയായി വേറൊരു സ്ഥലത്തേക്ക് പോയാൽ പതുക്കെ എനിക്കും അവിടെയൊരു സ്‌കൂളിലേക്ക് സ്ഥലം മാറിപ്പോയി ചെറുകര  സ്‌കൂളിൽ നിന്നുമുള്ള  കളിയാക്കലുകളിൽ നിന്നും രക്ഷ നേടാമെന്നും മറ്റും സ്വപ്നം കണ്ടു.

അച്ഛൻ ജോലിയായി പോയതോടെ ആഴ്ച തോറുമുള്ള  റേഷൻ കട യാത്രയും, അത്യാവശ്യമുള്ള പീടികയിൽ പോക്കും എന്റെയും ശശിയുടെയും ജോലിയായി. കുന്നപ്പള്ളിക്കും വളയൻമൂച്ചിക്കും ഇടയിലായുള്ള ഒരു കെട്ടിടത്തിലാണ് റേഷൻ ഷോപ്പ്. ആഴ്ച തോറുമുള്ള അരിയും ഗോതമ്പും കൂടാതെ മാസം തോറുമുള്ള  മണ്ണെണ്ണ,   പഞ്ചസാര എന്നിവയും വാങ്ങേണ്ടതുണ്ട്. സ്‌കൂളിൽ നിന്നുമുള്ള ഒരു മണിക്കൂർ നടത്തത്തിനു ശേഷം വീണ്ടുമുള്ള ഈ യാത്രക്കായി പലപ്പോഴും അമ്മക്ക് ഞങ്ങളോട് കെഞ്ചേണ്ടി വന്നു. വയ്യെന്ന് പറഞ്ഞു ഒഴിയുമ്പോൾ അമ്മ ചില പ്രലോഭനങ്ങൾ തരും.   ഒടുവിൽ അവക്കടിമപ്പെട്ട് ഞങ്ങൾ  സഞ്ചിയും മണ്ണെണ്ണപ്പാട്ടയുമായി മൊട്ടക്കുന്നിൻറെ ഓരം പറ്റിയുള്ള കുണ്ടനിടവഴി താണ്ടി   വളയംമൂച്ചിക്കുള്ള പഞ്ചായത്ത് റോഡിലൂടെ   യാത്രയാകും. ഓരോ കടല മിഠായി തിന്നാനുള്ള ആഗ്രഹവും പേറി ഞങ്ങൾ റേഷൻ കടയിലേക്ക് വെച്ച് പിടിക്കും.

അവിടെയെത്തിയാൽ അട്ടിയിട്ടു വെച്ച റേഷൻ കാർഡുകളിൽ നമ്മുടെ ഊഴമെത്താൻ  അര മണിക്കൂറും ഒരു മണിക്കൂറും നീണ്ട കാത്തിരുപ്പുകൾ. റോഡിലൂടെ പോവുന്ന ബസിന്റെയും പാണ്ടി ലോറികളുടെയും കണക്കെടുത്ത് സമയം തീർക്കും. അതിനിടക്ക് വല്ലപ്പോഴും പോവുന്ന ആനവണ്ടിയെന്ന് തൃശൂർക്കാർ വിളിക്കുന്ന ട്രാൻസ്‌പോർട്ട് ബസിനെ കൗതുകത്തോടെ നോക്കും. ടാറ്റയാണോ, ലെയ്‌ലാൻഡ് ആണോ എന്ന് തിട്ടപ്പെടുത്തും. എന്നെങ്കിലും ഇതിലൊരു യാത്ര തരാവണെ എന്ന് പ്രാർത്ഥിക്കും. എനിക്ക് അന്നിഷ്ടം  ലെയ്‌ലാൻഡ് ആണ്. കാഴ്ച്ചയിൽ ഗമ അവനാണ്. പീടികളിലെക്കുള്ള ഓട്ടത്തിലും, വീടിന്റെ പടിമേലും മറ്റും    ബസ് ഓടിച്ച് കളിക്കുമ്പോളും  ലെയ്‌ലാൻഡിന്റെ ശബ്ദാനുകരണങ്ങളാണ് അന്ന് പഥ്യം. 

ഒടുവിൽ മീമ്പിടി..., ചോലക്കൽ,   മണ്ണേങ്ങല്‍, കല്ലിപറമ്പില്‍, ചെറുകര പടിക്കൽ.. എന്നിങ്ങനെയുള്ള കുറെയേറെ പേരുകൾക്ക് ശേഷം ഞങ്ങളുടെ ഊഴമെത്തി  അരിയും ഗോതമ്പും മറ്റും വാങ്ങി,  അവയോരോന്നും സഞ്ചികളിലാക്കിക്കെട്ടി തലയിൽ വെച്ച് കുന്നപ്പള്ളി വഴി തിരിച്ചുള്ള യാത്രയാരംഭിക്കും. കുന്നപ്പള്ളി അബ്ബാസിന്റെ  പീടികയിൽ നിന്നും വാങ്ങിക്കഴിക്കാവുന്ന കടല മുട്ടായിയുടെ മധുരമായിരിക്കും അപ്പോൾ മനസ്സ് നിറയെ. അബ്ബാസിന്റെ  പീടികയിൽ ഭരണികളുടെ നിരയിൽ ഇരിക്കുന്ന മിട്ടായികളിൽ മിക്കവാറും കടലമുട്ടായി തന്നെയാണ് ഞങ്ങളെ ആകർഷിക്കുക. വല്ലപ്പോഴും അതിന് ഒരു മാറ്റം എന്ന നിലയിൽ നാരങ്ങാ മിട്ടായിയോ മറ്റോ വാങ്ങിക്കഴിച്ചാലായി..

റേഷൻ കടകളിൽ പോവേണ്ടാത്ത ദിവസങ്ങളിൽ വൈകുന്നേരം അച്ഛനില്ലാത്തതിന്റെ സ്വാതന്ത്ര്യം  ഗോട്ടി കളിയിലൂടെ ആസ്വദിച്ചു തുടങ്ങി. റേഷൻ കടകളിൽ നിന്നും മടങ്ങുമ്പോൾ വാങ്ങുന്ന കടല മുട്ടായികൾക്ക് പകരം ചിലപ്പോൾ നിറമുള്ള ഗോട്ടികൾ വാങ്ങി വന്നു. ശനി, ഞായർ ദിവസങ്ങളിൽ നാലുകെട്ടിലെ സംഘവും എത്തുന്നതോടെ കളിക്ക് വീറും വാശിയും കൂടും.

ഗോട്ടികളിയിൽ അഗ്രഗണ്യനായ കുഞ്ഞനിയേട്ടന്റെ കയ്യിൽ നിന്നും, തൊപ്പിയിട്ട ദിവസങ്ങളിൽ ഗോട്ടി കൊണ്ടുള്ള  ശക്തിയേറിയ  പ്രഹരം  കൊണ്ട് കൈകൾ 
നീര് വന്ന്  വീർക്കും.



 തുടരും....

No comments:

മായ

മായ - മുരളി വട്ടേനാട്ട് ഒച്ചയുണ്ടാക്കാതെ വാതിൽ പതിയെ  ചാരി അവളെ ശല്യപ്പെടുത്താതെ  വീട്ടിൽ നിന്നും  പുറത്ത് കടന്നു. യോഗക്കിടയിലെ ധ്യാനമൂകവേ...