ഉണർന്നെണീറ്റപ്പോൾ തലേന്നത്തെ സ്വപ്നത്തെപ്പറ്റി വേദനയാണ് തോന്നിയത്. ഉപബോധമനസ്സിന്റെ പ്രതിഫലനമാണ് സ്വപനങ്ങളെന്ന് പറയാറുണ്ട്. പലപ്പോഴും സ്വപ്നങ്ങൾ അങ്ങിനെയാണ്. നമ്മളാഗ്രഹിക്കുന്നതിനുമപ്പുറത്തേക്ക് അവ നമ്മെ നയിക്കും. അതിൽ നിന്നും എത്ര ശ്രമിച്ചാലും ഊരിപ്പോരാൻ പറ്റാത്ത തരത്തിൽ കുരുക്കിൽ കുടുങ്ങി രക്ഷപ്പെടാൻ പഴുതുകളില്ലാതെ അവ നമ്മെ ഞെരുക്കും. ഇന്നലത്തേത് അത്തരത്തിൽ പെട്ട ഒന്നായിരുന്നില്ലെന്നാലും, എന്തോ, ഓർത്തപ്പോൾ വിഷമം തോന്നി, അങ്ങിനെയൊക്കെ ചിന്തിച്ചതിന്.
കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല. ദേഹമാസകലം വേദനിക്കുന്നു. ശമ്പള ദിവസമായതിനാൽ പോവാതെ നിവൃത്തിയില്ല.
വൈകീട്ട് നേരത്തെയെത്തി. മേൽ വേദന വിട്ടുപോയിട്ടില്ല. സതീശനും വിനയനും നാട്ടിൽ നിന്നും തിരിച്ചെത്തി. മുരളീ മോഹനന് കേശവൻ മുഖാന്തിരം മുളുന്ദിലെ ബാലകൃഷ്ണന്റെ ബാച്ചിലർ റൂമിൽ താമസ സൗകര്യം ശരിയാക്കിയിട്ടുണ്ട്. പൂനെയിലെ ജോലിക്കാര്യം ഒന്നും ഇതുവരെയും അറിഞ്ഞിട്ടില്ല. തല്ക്കാലം തിരിച്ചു പോവാനില്ലെന്നും ഇല്ലെങ്കിൽ ഇവിടെത്തന്നെ എന്തെങ്കിലും നോക്കണമെന്നും പറയുന്നു. ഒരു മാസത്തിനിടയിൽ മൂപ്പർ ഞങ്ങളുമായി അടുത്തു കഴിഞ്ഞിരിക്കുന്നു. കൊണ്ടോട്ടി ഭാഷയിൽ, എന്തിനെക്കുറിച്ചും അഭിപ്രായങ്ങളുണ്ട്. കാര്യങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കി വിശകലനം നടത്തുന്ന സ്വഭാവം. “കാഞ്ചൂർമാർഗ്ഗിലേക്ക് വരുമ്പോൾ കാണുന്ന ഓത്തിയിൽ പന്നികൾ കുത്തിമറിയുന്നതു കണ്ടു”. കൃഷ്ണൻ നായരുടെ വിമർശനത്തിന്റെ ശൈലിയെക്കുറിച്ചാണ് മേല്പ്പറഞ്ഞ വാചകം.
ഞായറാഴ്ച വൈകിയുണർന്നു. മേലുവേദന കാരണം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങിയപ്പോൾ വൈകിയിരുന്നു. മുരളീ മോഹനനെ ഉച്ചക്ക് മുളുന്ദിൽ ബാലകൃഷ്ണന്റെ റൂമിൽ കൊണ്ടു പോയാക്കി.
മാർച്ച് 6, ശിവരാത്രി. അച്ഛൻ ഓർമയായിട്ട് 13 വർഷം. പാർട്ട് ടൈം ചെയ്യുന്ന സേഥിയുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ കരകൗശലവസ്തുക്കളുടെ ബിസിനസിന്റെ കണക്കെഴുത്ത്.
ആമിർ ഖാന്റെ വീടിന്റെ എതിർ വശത്താണ് സേഥിയുടെ വീട്. “ഖയാമത്ത് സേ ഖയാമത്ത് തക്” എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറി താരപദവിയിലേക്ക് ഉയർന്ന് വരുന്ന കാലം. വൈകുന്നേരം തിരിച്ചു പോരുമ്പോൾ സൊസൈറ്റിയിൽ മറ്റു സമപ്രായക്കാരോടൊപ്പം ക്രിക്കറ്റ് കളിക്കുന്നു.
വൈകുന്നേരമായപ്പോഴേക്കും മേലുവേദനയോടൊപ്പം തലവേദനയും പനിയും കൂട്ടിനെത്തി. രാത്രിയിലത്തെ ഉറക്കം തലവേദന കവർന്നെടുത്തു. പിറ്റെന്ന് രാവിലെയായപ്പോഴേക്ക് തലവേദന കലശലായി. പനിയും കൂടിയിരിക്കുന്നു. ദേഹത്ത് അവിടവിടെയായി ചെറിയ ഉണിരുകൾ. മുഖത്തുമുണ്ട് കുറച്ചധികം. എണ്ണിത്തിട്ടപ്പെടുത്തിയില്ല.
കണ്ണാടി നോക്കി നിന്ന എന്നെ നോക്കി സതീശൻ പറഞ്ഞു. പോയി കെടക്കടൊ.. ഇത് മറ്റേതാ.. ഇവിടത്തുകാരുടെ ഭാഷയിൽ “ദേവി കനിഞ്ഞിരിക്കുന്നു”.
തലവേദന കാരണം മയങ്ങിയും ഉണർന്നും നേരം സന്ധ്യയാക്കി. ഉച്ചക്ക് ചേച്ചി തന്ന കഞ്ഞി കുടിച്ചു. വൈകുന്നേരമായപ്പോഴേക്കും തലവേദന സഹിക്കാൻ വയ്യാതായി. സതീശൻ നിർബന്ധിച്ച് കുടിപ്പിച്ച കഞ്ഞി ഛർദ്ദിച്ചു. വയറൊഴിഞ്ഞതോടെ തലവേദന ശമിച്ചു. പനി നേർത്തു. സുഖകരമായ ഉറക്കം. സ്വപ്നങ്ങൾ പലതു കണ്ടു. ചെറുകരയും തൃപ്രയാറും റീലുകളിൽ മാറി വന്നു. എല്ലാവർക്കും സ്നേഹം. അമ്മയുടെയും അമ്മിണി ഓപ്പ്പ്പോളുടെയും സ്നേഹം എന്താണെന്നറിഞ്ഞതപ്പോഴായിരുന്നു. ചേച്ചി അപ്പുറത്ത് ആ സ്നേഹത്തിന്റെ ഇവിടത്തെ പ്രതിനിധിയെന്നോണമുണ്ട്.
“എത്ര ശ്രദ്ധിച്ചാലും വരാനുള്ളത് വരും”.. അതോണ്ട് ശ്രദ്ധയൊന്നും വേണ്ട. സതീശൻ പറയുന്നു. കട്ടിലിൽ, വിനയന്റെ സ്ഥാനത്ത് സതീശൻ കയറി കൂടെ കിടന്നു. എന്തുകൊണ്ടോ അതിനോട് യോജിക്കാൻ മറ്റുള്ളവർക്കായില്ല. പൊതുവെ ധൈര്യക്കുറവിന്റെ പര്യായമായറിയപ്പെടുന്ന സതീശന് ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേക ധൈര്യമാണ്.
രാവിലെ ഉണർന്നെണീറ്റപ്പോൾ വേദനക്ക് അല്പ്പം ശമനം. മേലാകെ ഇന്നലത്തേക്കാളും പൊന്തിയിട്ടുണ്ട്. എന്നാലും ചേച്ചി തന്ന ഭക്ഷണം കഴിച്ചു. ഉറങ്ങാതെ വായനയുമായി കൂടി. ഒരിക്കൽ കൂടെ ഖസാക്കിലെത്തി. ചെതലിയുടെ താഴ്വരയിലാകെ ജമന്തിപ്പൂക്കൾ പൊട്ടി വിരിഞ്ഞത് വായിച്ച് കൂടി. പാപ ഭാരങ്ങളും പേറിയുള്ള പഥികരുടെ പ്രയാണങ്ങൾക്കൊപ്പം സഞ്ചരിച്ച് ഒരാഴ്ച പിന്നിട്ടതറിഞ്ഞില്ല. കർമ്മബന്ധങ്ങളെ ക്കുറിച്ചാണിപ്പോൾ താനോർത്തത്. കാഞ്ചൂർ മാർഗ്ഗിലെ റൂമിൽ അവശനായി കിടന്നപ്പോൾ മാതൃസ്നേഹം പകർന്നു നല്കിയ, മാസങ്ങൾക്കു മുമ്പ് മാത്രം പരിചയപ്പെട്ട ചേച്ചിയേയും, സോദരസ്നേഹേണ പരിചരിക്കുന്ന സതീർത്ഥ്യനെയും മനസാ നമിച്ചു.
ഒരാഴ്ചയുടെ തിണർപ്പുകൾക്കപ്പുറം വേദനയും ചൊറിച്ചിലും ആര്യവേപ്പിന്റെ തലോടലിൽ ശമിച്ചപ്പോൾ, ഉണിരുകൾ ചലമൊഴിഞ്ഞ് ചുങ്ങിയപ്പോൾ, ഇനി ഇന്ന് ചൊവ്വാഴ്ച കുളിക്കാമെന്ന് സതീശൻ വൈദ്യർ കൽപിച്ചു. ചേച്ചിയും അതിന് സമ്മതം മൂളിയപ്പോൾ വേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചു. ദേഹമാസകലം പൊറ്റനടർന്ന മുറിവുകൾ നീറി.
അങ്ങകലെ തൃപ്രയാർ തേവർ ആറാട്ടിനായി പുറപ്പെടുന്ന ദിനം. ഒരാഴ്ച നീളുന്ന നാട്ടുപ്രദക്ഷിണങ്ങൾ, ആറാട്ടുകൾ. ആറാട്ടുപുഴപൂരം.
ഇക്കൊല്ലം പിറന്നാൾ രണ്ടുണ്ട്. തേവരൊത്ത് ആറാടിയാണ് പിറന്നാളിന് കുളി പതിവ്. ഇക്കുറി കാഞ്ചൂർ മാർഗ്ഗിൽ വെള്ളം ചൂടാക്കിയുള്ള ആറാട്ട്. ഉച്ചക്ക് സദ്യ, ചേച്ചിയുടെ വക തൈരും മാങ്ങാച്ചമ്മന്തിയും കൂട്ടിയൊരു ഊണ്.
ഇനി പഴവർഗ്ഗങ്ങളാവാം.. തണുപ്പിന് നല്ലത് മുന്തിരിയാണത്രെ. എനിക്കുമിഷ്ടമതാണ്. എല്ലാം വേണ്ടതുപോലെ നോക്കാൻ സതുവുണ്ട്. തിന്നാൻ കൂട്ടിന് ഗണുവും. ഒരാഴ്ചത്തെ വിശ്രമം കഴിഞ്ഞിട്ടും ക്ഷീണം മാറിയില്ല. ദിവസേന രാവിലെ അര ലിറ്റർ തിളപ്പിച്ച പാലും വൈദ്യർ നിർദ്ദേശിച്ചു നടപ്പിലാക്കി.
പൊതുവെ കൃശഗാത്രനായ ഞാൻ രണ്ടു മാസത്തെ ഭക്ഷണ ക്രമത്തിൽ തടിച്ചുരുണ്ടു. ജീവിതത്തിൽ അന്നേവരെ സമപ്രായക്കാരേക്കാൾ വളർച്ചക്കുറവിന്റെ വ്യഥയനുഭവിച്ച ഞാൻ പെട്ടെന്ന് ഉൽസാഹഭരിതനായി. ജീവിതം യൗവ്വന തീക്ഷ്ണമായ പോലെയൊരു തോന്നൽ മനസ്സിനെ മഥിച്ചു.
പാർട്ട് ടൈം ജോലി ചെയ്യുന്ന ആരതിയിൽ മധു സിൻഹ പുതിയൊരു ഗാരേജ് കൂടി വാങ്ങി ചെറിയൊരു റെക്കോർഡിംഗ് തീയറ്ററുണ്ടാക്കി, ഉദ്ഘാടനം നടത്തി. രവീന്ദ്ര ജെയിൻ ആയിരുന്നു ഉദ്ഘാടനം നടത്തിയത്. ആനന്ദിലെ റെക്കോർഡിസ്റ്റ് സൂദിന്റെ അസിസ്റ്റന്റ് ബിശ്വദീപ് ചാറ്റർജി ആരതിയിൽ റെക്കോർഡിസ്റ്റ് ആയി ജോയിൻ ചെയ്തു. ആരതിയിലെ റെക്കോർഡിംഗ് സ്റ്റുഡിയോക്ക് മാനേജർ ആയി ഒരാളെ വേണം. ചെറുകിട മ്യൂസിക് ഡയറക്ടർമാരെ ഫോണിൽ വിളിച്ച് തീയറ്ററിനെക്കുറിച്ചും, പുതിയ മൾട്ടി ട്രാക്ക് ടാസ്കം റെക്കോർഡറിനെറ്റെ ഗുണഗണങ്ങളെക്കുറിച്ചും, മറ്റ് സ്റ്റുഡിയോകളെ അപേക്ഷിച്ചുള്ള ചാർജ്ജു കുറവിനെക്കുറിച്ചും വിവരിച്ച് ബിസിനസ് പിടിക്കണം. കൂടാതെ ഇപ്പോൾ ചെയ്യുന്ന കണക്കെഴുത്തും കൂടെ കൊണ്ടുപോകണം. അതിന് പറ്റിയത് നീ തന്നെയെന്ന് മധു സിൻഹ പറഞ്ഞപ്പോൾ, അതിനൊത്ത പ്രതിഫലവും വാഗ്ദാനം ചെയ്തപ്പോൾ, സിൻഹാജിക്ക് വാക്കു കൊടുത്തു. ഓഗസ്റ്റ് മുതൽ ചേരാമെന്ന്. ആ തീരുമാനം എടുത്തത് പെട്ടെന്നായിരുന്നു. പിന്നീട് ഓർത്തപ്പോൾ, വരുംവരായകളെക്കുറിച്ച് സഹവാസികളോടൊത്ത് വിശകലനം ചെയ്തപ്പോൾ അതൊരു സാഹസമാണെന്ന് ചിലരെങ്കിലും പറയാതെ പറഞ്ഞു.
മുമ്പിൽ തെളിയുന്ന വഴികൾ രാജപാതകളാവണമെന്നില്ല. ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ, അവയുടെ ദൈർഘ്യം, വിസ്തൃതി, കാഴ്ചയുടെ സമൃദ്ധി എന്നിവക്കപ്പുറം അവ പഥികനെ കർമ്മബന്ധങ്ങളിൽ തളച്ച് അനിവാര്യമായ നിയോഗങ്ങളിലേക്ക് നയിക്കുന്നു..

No comments:
Post a Comment