Saturday, June 22, 2019

മുംബൈ ബാച്ചിലർ ജീവിതം- Part 9

തീവണ്ടിയാത്രകൾ ബോംബെയുടെ ജീവതാളമാണ്. ഒരിക്കലെങ്കിലും അതനുഭവിക്കാത്തവൻ ബോംബെക്കാരനാവുന്നില്ല. 1853 ഏപ്രിൽ 16 നു ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം തുടങ്ങിയ നഗരം വളർന്ന് വലുതായത് റെയിൽവെ പാതകളുടെ വികസനത്തോടെയാണ്.

ബോംബെ ജീവിതത്തിൻറെ നേർക്കാഴ്ചയൊരുക്കിയ ആനന്ദിന്റെ വിഖ്യാത നോവൽ ‘ആൾക്കൂട്ടം’ തുടങ്ങുന്നതിങ്ങനെയാണ്.
“വിക്ടോറിയ ടെര്മിംനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നിൽ ഒരു വണ്ടിവന്നു നിന്നു. താഴ് വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്പുകറങ്ങളെമറിച്ചും നഗരങ്ങളെ തുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി. ഇപ്പോൾ ടെര്മിനനസ്സിലെ ബഫറുകളില് മുട്ടി അതു വിശ്രമിച്ചു.

വണ്ടി നിന്നതോടെ അതിന്റെ വാതിലുകളില്ക്കൂെടിയും ജനലുകളില്ക്കൂ ടിയും മനുഷ്യർ ധൃതിപിടിച്ചു പുറത്തു ചാടാന്തു ടങ്ങി. കരിയും പൊടിയുംപറ്റി കറുത്ത മനുഷ്യർ. ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലര്ന്നുന. ഭാഷയോ ആശയങ്ങളോ ഇല്ലാത്ത ഇരമ്പല്. വണ്ടി നിന്നപ്പോൾ അതില്നികന്ന് അടര്ന്നു പോന്ന ആ ജീവിതത്തിന്റെ തുണ്ടുകൾ അതിന്റെ ചലനത്തെയും ശബ്ദത്തെയും ഏറ്റുവാങ്ങിയതുപോലെ; പക്ഷേ ലക്ഷ്യം കിട്ടാത്തതുപോലെ അവർ പ്ലാറ്റ്‌ഫോമിൽ നിന്നു തിളച്ചതേയുള്ളു.”

… ഇരുപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ ദിവസേനയെന്നോണം ഇന്ത്യയുടെ നാട്ടിൽ പുറങ്ങളിൽ നിന്നും തൊഴിൽ രഹിതരായ അനേകർ ബോംബെയെന്ന ഈ വാഗ്ദത്ത ഭൂമിയിലേക്ക് തീവണ്ടി കയറിയെത്തി. അന്നം തേടിയെത്തിയ അവരോരോരുത്തരെയും സ്വീകരിച്ച നഗരം അവർക്കായി വികസിച്ചു. 1927ൽ റെയിൽവേയുടെ വൈദ്യുതീകരണത്തോടെ സബർബൻ ലോക്കൽ ഗതാഗതം തുടങ്ങിയതു മുതൽ ഉപനഗരങ്ങൾ രൂപം കൊണ്ടു. ഇലക്ട്രിക് ട്രെയിനുകളിലെ തുച്ഛ മൂല്യ രണ്ടാം ക്ലാസ് പാസുകൾ മദ്ധ്യവർഗ്ഗക്കാർക്കും അശരണർക്കും ഒരേ പോലെ അനുഗ്രഹമായി. ആൾക്കൂട്ടം പ്ലാറ്റ്ഫോമുകളിൽ നിന്നും ട്രെയിനുകളിലേക്ക് തിളച്ചു കയറി. വിടിയിലും ദാദറിലും അവർ വീണ്ടും പ്ലാറ്റ്ഫോമുകളിലേക്ക് തിരക്കിൽ വെന്തുരുകി ഉതിർന്നു വീണു. പിടഞ്ഞെണീറ്റ് അവിടന്ന് തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കുതിച്ചു. അതിനിടയിലേക്ക് നിത്യേനയെന്നോണം തെക്കുനിന്നും വരുന്ന ഭാഷയറിയാത്ത സണ്ണിമാരും ഹിന്ദി മേഖലയിൽ നിന്നുമെത്തുന്ന ഭോലമാരും പ്ലാറ്റ്ഫോമുകളിൽ നിന്നും വണ്ടികൾക്കുള്ളിലേക്ക് വലിച്ചിഴക്കപ്പെട്ടു. ലോക്കൽ ട്രെയിനിൻറെ നഗരരീതികളറിയാതെ ഉള്ളിൽ കിടന്നുരുണ്ട് തട്ടിക്കളിക്കാൻ വിധിക്കപ്പെട്ടു. ഒടുവിൽ പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിയപ്പെട്ടു. വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിച്ചവർ ജയിച്ചു കയറി. തോറ്റവരാകട്ടെ, നിവൃത്തിയില്ലായ്മയിൽ തിരിച്ച് ദീഘദൂര വണ്ടികളിൽ കയറിപ്പറ്റി..

ഞങ്ങളുടെ ഇടയിലേക്ക് സതീശനെന്ന നാട്ടിക എസ് എൻ കോളേജിലെ മറ്റൊരു ക്ലാസ് മേറ്റ് കൂടി എത്തുന്നു. 1988 ജനുവരി ഒന്നാം തിയതി ജയന്തി ജനതയിൽ ദാദർ സ്റ്റേഷനിൽ രാവിലെ 4 മണിക്ക് അവനെത്തി. കാഞ്ചൂർമാർഗ് റൂം ഇപ്പോൾ കൊള്ളാവുന്നതിലധികം പേരെ ഉൾക്കൊള്ളാണ്ടിരിക്കുന്നു. ആശ്രയം ചോദിച്ചെത്തിയവരോടോന്നും വയ്യെന്ന് പറയാനാവാത്തതിന്റെ പരിണിതഫലം. റൂമിലെ പ്രവൃത്തികൾ വിഭജിക്കപ്പെട്ടു. രാവിലെ നേരത്തെ എഴുന്നേറ്റ് വീട് വൃത്തിയാക്കി രാവിലെ പ്രാതലിനുള്ള ചോറും കറിയും ഉണ്ടാക്കി ശീലമുള്ള സതീശൻ ആ പണികൾ സ്വയം ഏറ്റെടുത്തു. ഉച്ച ഭക്ഷണത്തിന് ഓഫീസിലേക്ക് ചപ്പാത്തി കൊണ്ടു പോകണമെന്നുള്ളവർക്ക് ആ പണിയറിയാവുന്ന മറ്റു ചിലർ മനസ്സില്ലാ മനസ്സോടെ അവ ഏറ്റെടുത്തു. ഇതിലൊന്നിലും താല്പര്യമില്ലാത്ത ചില ഉറങ്ങുന്ന സുന്ദരന്മാർക്ക് പാത്രം കഴുകുന്ന ജോലി അടിച്ചേൽപ്പിക്കപ്പെട്ടു.
ആനന്ദ് റെക്കോർഡിംഗ് സ്റ്റുഡിയോവിൽ ആദ്യത്തെ സൗണ്ട് മിക്സിങ് നടക്കുന്നു. എൻ ചന്ദ്രയുടെ തേസാബ് എന്ന ചിത്രം. മാധുരി ദീക്ഷിതിന്റെ ആദ്യ ഹിറ്റ് ചിത്രം. ശേഖർ കപൂറിന്റെ Mr. ഇന്ത്യയും മറ്റും ഡബ് ചെയ്തത് ആനന്ദിലാണെങ്കിലും ആനന്ദ് റെക്കോർഡിംഗിന്റെ പേരുയർത്തിയ ചിത്രമായിരുന്നു തേസാബ്. തുടർന്ന് ബോംബെയിലെ ഒന്നാം നമ്പർ റീ റെക്കോർഡിംഗ് സ്റ്റുഡിയോ ആയി ആനന്ദ് പേരെടുത്തു. പ്രൊഡ്യുസർമാർ ബുക്കിംഗിനായി ക്യൂ നിന്നു.

ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ ദേവ് സാബ് നവകേതന് പകരം ഇപ്പോൾ ഇരുപ്പ് ആനന്ദിലാണ്. ഒന്നാം നിലയിൽ പ്രൊജക്ടർ റൂം കഴിഞ്ഞു ചെല്ലുന്ന ഭാഗത്ത് ആദ്യത്തെ റൂം ദേവ് സാബിന്റെ. രണ്ടാമത്തേത് എഡിറ്റിംഗ് റൂം. അതിനപ്പുറം ഉള്ള മൂലയിലാണ് അക്കൗണ്ട്സ് റൂം. വേറൊന്നിനും പറ്റാത്തതു കൊണ്ട് അവിടം അക്കൗണ്ട്സ് റൂം ആക്കി. ഞാനും മനോജനുംകൂടെ അവിടെ ഇരുന്നു. അതിനപ്പുറം സർദാർജിയുടെ സൗണ്ട് ട്രാൻസ്ഫെർ റൂം.

ആനന്ദിലെ അക്കൗണ്ട്സ് റൂമിൽ നിന്നുള്ള കാഴ്ച നയനമനോഹരമാണ്. താഴെയുള്ള ഗാർഡനപ്പുറമായി പാലി ഹില്ലിലെ സിഗ് സാഗ് റോഡ്. റോഡരികിലായി ഒരു ഗുൽമോഹർ വൃക്ഷം. അതിന്റെ ചില്ലകൾ അക്കൗണ്ട്സ് റൂമിൻറെ ചില്ലുകളെ തഴുകും. മെയ് മാസത്തിൽ ഒരൊറ്റ ഇലപോലുമില്ലാതെ പൂത്ത്, ചുവന്നു നിൽക്കുന്ന ഗുൽമോഹറിന്റെ മനോഹാരിത അവർണ്ണനീയമാണ്. വൈകുന്നേരങ്ങളിൽ, റോഡിനപ്പുറത്തുള്ള നാരംഗിന്റെ ബംഗ്ലാവിനുമപ്പുറം പടിഞ്ഞാറൻ ചക്രവാളം ചുവക്കുമ്പോൾ പ്രകൃതിയാകെ സിന്ദൂരം പൂശി നിൽക്കുന്ന കാഴ്ച എത്ര കണ്ടാലും മതിവരാറില്ല.

ആനന്ദിലെ ജനറൽ മാനേജർ ദേവ് ആനന്ദിന്റെ ഭാര്യ സഹോദരൻ കേണൽ സിൻഹ ആയിരുന്നു. കൊമ്പൻ മീശക്കാരനായ കേണൽ സാബിനാണ് ആനന്ദ് റെക്കോർഡിംഗിന്റെ നടത്തിപ്പ് ചുമതല. ആർമിയിൽ നിന്നും പിരിഞ്ഞതിനു ശേഷം ദേവ് സാബിൻറെ കൂടെ കൂടിയതാണ്. അറുപത് കഴിഞ്ഞെന്നാലും കാഴ്ചയിലും പ്രവൃത്തിയിലും ഒരു മുപ്പതുകാരൻറെ ചന്തവും ചുറുചുറുക്കുമാണ് മൂപ്പർക്ക്.

നവകേതനിൽ ചേർന്നതിന്റെ പിറ്റേ ദിവസം തന്നെ മൂപ്പരുമായി ഒന്നുടക്കാനുള്ള അവസരമുണ്ടായി എനിക്ക്. കേണൽ സാബിൻറെ കുറച്ചു വൗച്ചറുകൾ കാഷ്യർ രാമന് കൊടുത്തിരുന്നത് ഒരാഴ്ചയായിട്ടും പാസാക്കി പണം മൂപ്പർക്ക് നൽകിയിരുന്നില്ല. ആ ദേഷ്യം മുഴുവനും തുടക്കക്കാരനായ എന്നോട് തീർക്കാൻ മൂപ്പർ തീരുമാനിക്കുകയായിരുന്നു. രാമേട്ടനും പിഷാരോടി സാറുമില്ലാത്ത അവസരത്തിൽ കയറിവന്ന് പണം വേണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് നിങ്ങളെ അറിയില്ലെന്നും പണം ചോദിക്കേണ്ടത് കാഷ്യരോടാണ് എന്ന് മുറി ഇംഗ്ളീഷിൽ ഞാൻ മൊഴിഞ്ഞപ്പോൾ, രാമനോടുള്ള ദേഷ്യം എന്നോട് ഇംഗ്ലീഷ് ഭാഷയിലും പിന്നീട് പട്ടാള- സിനിമാ ഭാഷയായ തെറിയിലും തീർത്ത്, കലിയടക്കാൻ മുഷ്ടി ചുരുട്ടി എൻറെ മുമ്പിലുള്ള മേശമേലും ഇടിച്ചു പേടിപ്പിച്ചു പോയി മൂപ്പർ. പിറ്റേന്ന് രാമന്റെ കയ്യിൽ നിന്നും പണം കിട്ടിയപ്പോൾ വന്ന് എനിക്ക് കൈ തന്ന്, “I am so sorry young man..You should become a Bloody perfect Accountant and yesterday I saw glimpses of it in you” എന്നും പറഞ്ഞു ആശ്വസിപ്പിച്ചാണ് സ്ഥലം വിട്ടത്. ആനന്ദ് റെക്കോർഡിംഗ് തുടങ്ങിയപ്പോൾ മൂപ്പരുടെ കീഴിൽ ദേവ് സാബിന് നൽകേണ്ട വിവരങ്ങൾ അന്നന്ന് തയ്യാറാക്കി നൽകി ഞാൻ മൂപ്പരുടെ ഗുഡ് ബുക്കിൽ സ്ഥലം പിടിച്ചു. മാർച്ച് മാസത്തിൽ ആവശ്യപ്പെടാതെ തന്നെ ശമ്പള വർദ്ധന നടപ്പിലാക്കിത്തന്നത് മൂപ്പരായിരുന്നു.

സിനിമാക്കാരുടെ ഭാഷാ പ്രയോഗങ്ങളിൽ ‘തെറി’ ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. പൊതുവെ പഞ്ചാബികൾ അരങ്ങു വാഴുന്ന മേഖലയിൽ അത്തരം “സഹോദരീ, മാതൃ” നാമവിശേഷണങ്ങൾ ഇല്ലാത്ത ഒരു വാചകം പോലും കേൾക്കാൻ കഴിയില്ല. അതിനൊരപവാദം ദേവ് സാബിനെപ്പോലുള്ള ചുരുക്കം പേരെ ഉള്ളൂ. പിഷാരോടി സാറിന്റെ അക്കൗണ്ട്സ് കാബിനിലും അത്തരം ഭാഷാ പ്രയോഗങ്ങൾ പൊതുവെ കേൾക്കാറില്ല.

ഓരോ വ്യവസായത്തിനും അവരുടെതായ ചില ഭാഷകളുണ്ട്, പദ പ്രയോഗങ്ങളുണ്ട്. സിനിമാക്കാരും അതിൽ നിന്നും വ്യത്യസ്ഥരല്ല. പൊതുവെ പതുക്കെ പണിയെടുക്കുന്നവരോട്, “അരേ, കിത്തനാ ഫൂട്ടേജ് ഖാത്തെ ഹോ” എന്നാണ് ചോദിക്കുക. വൈകുന്നേരം പണി നിർത്തുന്നത് “പാക്ക് അപ്” എന്ന് ഉച്ചത്തിൽ പറഞ്ഞാണ്. ഭാര്യയുടെ ഗർഭം ‘പ്രൊഡക്ഷനും’, പ്രസവം ‘റിലീസു’മാണവർക്ക്.

വിക്ടോറിയ ടെര്മികനസ്സിലെ പ്ലാറ്റ്‌ഫോമുകളിൽ വന്നു നിൽക്കുന്ന വണ്ടികളിൽ നിന്നും പുറത്തിറങ്ങുന്നവരിൽ സിനിമയുടെ മായിക ലോകം മോഹിച്ചെത്തുന്ന ഒരു പിടി ഈയാം പാറ്റകളും ഉണ്ട്. ആർക് ലൈറ്റിന്റെ വെള്ളി വെളിച്ചത്തിലേക്ക് ഭ്രമിച്ച് പറന്നുയരുന്ന അവരിൽ ഭൂരിഭാഗവും ചിറകറ്റു വീണ് പ്രൊഡ്യൂസറുടെ ഓഫീസുകളിലും സിനിമാ ലൊക്കേഷനുകളിലും കയറിയിറങ്ങി ജീവിതം ഹോമിക്കുന്നു. അതിൽ നിന്നും പാഠം പഠിച്ച ചുരുക്കം ചിലർ, ലൈറ്റ് മാൻമാരും, സ്പോട്ട് ബോയ്കളും ആയി യാഥാർത്ഥ്യവുമായി സമരസപ്പെട്ടു മുന്നോട്ടു പോകും. അമിതാഭ് ഹെയർ സ്റ്റൈൽ മന്നൻ ലൈറ്റ്മാനും, മിഥുൻ ചക്രവർത്തി ലുക്കുമായി നടക്കുന്ന സ്പോട്ട് ദാദയും ഈ ഇൻഡസ്ട്രിയുടെ മുഖമുദ്രകളാണ്.

വേറിട്ട കാഴ്ചകളൊരുക്കി ആൾക്കൂട്ടം പ്രയാണം തുടരുകയാണ്. കാലം എന്റെ ജീവിതത്തിൽ ഒരു രജത രേഖ തീർത്തിരിക്കുന്നു. രേഖയിൽ നിന്നും പരിണമിച്ച് അതൊരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നു…


No comments:

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...