Wednesday, February 26, 2025

ഓർമ്മകളില്ലാത്ത രാജ്യം

 

മുരളി വട്ടേനാട്ട്

 

ഈയിടെയായി എനിക്ക് വലിയ മറവിയാണെന്ന് അവൾ പറയുന്നു. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ പല്ലു തേച്ചോ, കാപ്പി കുടിച്ചോ, ഊണു കഴിച്ചോ എന്നൊക്കെ ഇടക്കിടക്ക്  ചോദിച്ചാൽ അവൾക്ക് ദേഷ്യം വരില്ലേ..

 രണ്ടുമാസം മുമ്പാണെന്നാണ് അവൾ പറയുന്നത്. ഒരു ദിവസം രാത്രി ലൈബ്രറി പൂട്ടി വീട്ടിലേക്ക് പോരും വഴി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് പകരം നേരെ പാടവരമ്പിലേക്കിറങ്ങി നടന്നുവത്രെ. പാടത്തിന്റെ ഒത്ത നടുക്കുള്ള കനാൽ വഴി എത്ര ദൂരം നടന്നെന്ന് ഓർമ്മയില്ല. സ്‌കൂളിലെ ബെല്ലടിക്കാൻ സമയമായെന്നും വൈകിയാൽ ബാലൻ മാഷുടെ കയ്യിൽ നിന്നും അടി കിട്ടുമെന്നും ഓർത്തിട്ട് ആഞ്ഞു വലിഞ്ഞു നടക്കുകയായിരുന്നു. കൂടെ കൂട്ടുകാരൊന്നുമില്ലായിരുന്നു.  പെട്ടെന്നാണ് ഒരാൾ  തടഞ്ഞു നിർത്തി ചോദിച്ചത്, അല്ലാ കുട്ടേട്ടനെങ്കടാ ഈ രാത്രിയിൽ ഒറ്റയ്ക്ക്. പെട്ടെന്നാണ്, അത് രാത്രിയാണെന്നും തനിക്ക് വഴി തെറ്റിയെന്നും മനസ്സിലായത്. പക്ഷെ, അയാളോട് അതൊന്നും പറയാൻ തോന്നിയില്ല. ഒന്നൂല്യ, വെർതെ നടക്കാനിറങ്ങീതാ. എന്നും പറഞ്ഞ് തിരിച്ചു നടന്നു വീട്ടിലെത്തി.

 അവളോടോന്നും പറഞ്ഞില്ലെങ്കിലും അവൾക്ക് മനസ്സിലായി വഴി തെറ്റി ഞാൻ പാടത്തൂടെ നടന്നു പോയീന്ന്. അല്ലെങ്കിലും ഉമ്മറത്തിരുന്ന് നോക്കിയാ അവൾക്കതൊക്കെ മനസ്സിലാവൂലോ. അവള് കണ്ടിട്ടും ഉണ്ടാവും.

 കല്ലെങ്കിലെ രാമൻകുട്ടി പിറ്റേ ദിവസം അവളോട് ചോദിച്ചൂത്രേ. അല്ലാ, കുട്ടേട്ടൻ ഇന്നലെ ലൈബ്രറി അടച്ച് വരുമ്പോ വഴി തെറ്റിന്ന് തോന്നണൂ.. ഞാൻ കണ്ട് ചോദിച്ചപ്പോ വെർതെ നടക്കാനെറങ്ങീതാ ന്നും പറഞ്ഞു തിരിച്ചു നടക്കേം ചെയ്തൂ. കൊറേ നേരം മൂപ്പര് ഇവടക്കന്നല്ലേ വരണത് ന്ന് ഞാൻ നോക്കി നിന്നൂട്ടോ. അല്ലാ, ഈയിടെ ആയിട്ട് മൂപ്പർക്കെന്താ ഒരു വയ്യായ. വർത്താനം പറയണേലൊക്കെ ഒരു മന്ദത്തം തോന്ന്യോണ്ട് ചോയ്ച്ചതാട്ടോ..

 ഒന്നും പറയണ്ടാ ന്റെ രാമങ്കുട്ട്യേ, ഈയിടെയായിട്ട് ഒരു കാര്യത്തിനും ഒരു ഓർമ്മെല്യ മൂപ്പർക്ക്. ഇപ്പൊ ചെയ്ത കാര്യം തന്നെ കൊറച്ച് കഴിഞ്ഞാ വീണ്ടും ഞാനത് ചെയ്തോ, കഴിച്ചോ എന്നൊക്കെ ചോയ്ച്ചോണ്ടിരിക്കും.

 അപ്പൊ അവൾക്കും പിടി കിട്ടിയിരിക്കുണു ഇതൊക്കെ.. ആയ കാലത്ത് എന്തിനും ഏതിനും അവളോട് തർക്കിച്ചും  അടി പിടി കൂടിയും കഴിഞ്ഞതല്ലേ. പെട്ടെന്ന്, അതൊക്കെ മാറി ഞാനിപ്പോ അവള് പറയണെനൊക്കെ സമ്മതം മൂളുന്നു എന്നാണ് അവളുടെ ഇപ്പഴത്തെ  പരാതി. ഇത്രേം കാലം അവളോട്  കൊറേ തല്ല് കൂട്യേതല്ലേ, ഇനി ഇപ്പൊ എന്തിനാ ഇങ്ങനെ. കൊറച്ച് കാലെങ്കിലും നന്നായി കഴിഞ്ഞു   കൂടാലോ എന്നേ ഞാനോർത്തുള്ളൂ.

 കൊറച്ചൂസായിട്ട് എഴുത്തൊന്നും വര്ണില്യ. ഒരു കഥ മനസ്സില് കെടന്ന് കളിച്ചതായിരുന്നു. അത് കളഞ്ഞു പോയി. കൊറേ തപ്പി. കിട്ടീല്യ.

 ഇന്ന് പ്പോ പെട്ടെന്നാണ് വീണ്ടും തോന്ന്യേത്. പേന എട്ത്തതും ഒന്നും തോന്ന്ണില്യ. സരല്യാ.. അതിനൊക്കെ ഒരു നേരോം കാലോം വേണ്ടേ..

നോക്കൂ ട്ടോ.. അവളാണ്.

 ദെന്താ ഇപ്പൊ ഏഴ്താൻ ഇരിക്കണത്.. ഇന്ന് കുളീം ജപോം ഒന്നൂം  ല്യേ...

അവളോടോന്നും പറയാതെ നേരെ തോർത്തും സോപ്പുമെടുത്ത് കുളത്തിലേക്ക് നടന്നു. ഈയിടെയായി കുളത്തിൽ പോയി കുളിക്കണതും അവൾക്കിഷ്ടമില്ല.

 വയ്യാത്തോടത്ത് എന്തിനാ ഈ കൊളത്തില് പോയി കുളിക്കണത്. ഇവടെ കുളിമുറീ കുളിച്ചാ പോരെ എന്ന് അവൾ ഉച്ചത്തിൽ ചോദിച്ചപ്പോ, വീണ്ടും തിരിഞ്ഞു നടന്നു, കുളിമുറിയിൽ കയറി.

കുളിമുറിയിൽ കുളിച്ചാലൊന്നും ഒന്ന് കുളിച്ചൂന്ന് തോന്നില്യാ.. ഒന്ന് നീന്തിത്തുടിച്ച് കുളിക്കണെന്റെ സുഖം അവൾക്കെങ്ങനെ അറിയാനാ. ഇന്നേ വരെ കൊളത്തിൽ അവള് കുളിച്ചിട്ടില്യാലോ..  തർക്കിക്കാൻ ഉള്ള മനസ്സൊക്കെ പോയി. എല്ലാവരും പറയുന്നത് മൂളിക്കേക്കാനേ ഇപ്പൊ പറ്റാറുള്ളൂ.

 എന്താത് ഇപ്പൊ, വന്ന്, വന്ന് തല തോർത്താനും മറന്ന്വോ..

അവളുടെ ചോദ്യം കേട്ടപ്പോഴാണ് തല തോർത്താതെയാണ് കുളിമുറീന്ന് പുറത്തു കടന്നതെന്ന് ഓർമ്മ വന്നത്. വേഗം തല തോർത്തി. പണ്ട് അമ്മടെ സ്ഥിരം പല്ലവി ആയിരുന്നു ഇത്. എന്താ കുട്ടാ, നീയ് തല തോർത്താണ്ടെ കേറിപ്പോന്നത് ന്ന്.

ഇനി ഇപ്പൊ ഇത് അമ്മ്യാണോ ചോയ്ച്ചത്..     ഹേയ്.. അല്ല. 'അമ്മ ദേഷ്യത്തിലാണേലും ഇങ്ങന്യല്ലാ ചോദിക്ക്യാ.. അതിനൊരു മയണ്ടായിരുന്നു.

 അമ്മ എവടെ.. അവളോട് ചോദിച്ചു.

അമ്മ്യോ..    ഇതെപ്പൊ നന്നായത്.. പോയിപ്പോയി ന്നേം തിരിച്ചറിയാൻഡ്യായോ.. അതേയ്, അമ്മ 2011ല് പോയതല്ലേ.. ഇപ്പൊ ന്തേ അങ്ങനെ തോന്നാൻ...

ഒന്നൂല്യാ ന്ന് മാത്രം പറഞ്ഞു.

ഒക്കെ ന്റെ ദൈവദോഷം ന്നല്ലാണ്ടെ എന്താ പറയാ... ആയ കാലത്ത് ദൈവോം ല്യാ ന്നും പറഞ്ഞ് നടന്നതല്ലേ.. അതന്യാ ഇങ്ങന്യൊക്കെ.

ദൈവോ.. അതാരാ. ഓർത്തു നോക്കീട്ട് ഒരു പിടീം കിട്ടീല്ല. അങ്ങനെ ഒരാളെ ഞാൻ പരിചയപ്പെട്ടില്ലല്ലോ. അറിയില്ല. അവൾക്ക് അറിയേരിക്കും...

 കുറച്ച് നേരം കണ്ണടച്ചിരുന്നു. ഇപ്പൊ അതാണ് ഏറ്റവും സുഖം... ഒന്നും ഓർക്കേണ്ട, അവള് അതോർത്തു നോക്കൂ, ഇതോർത്ത് നോക്കൂ എന്നൊന്നും പറഞ്ഞ് ശല്യം ചെയ്യില്ല. അങ്ങനെ ഇരുന്ന് മനോരാജ്യത്തില് യാത്ര ചെയ്യാം. എത്ര എത്ര യാത്രയാണ് ഇങ്ങനെ നടത്തീരിക്കണത്. അച്ഛന്റേം അമ്മടേം കൂടെപ്പോവാനാണ് എനിക്കിഷ്ടം. അച്ഛൻ നടക്കണത് കാല് നീട്ടി വലിച്ചാണ്. അമ്മയ്ക്കും നിക്കും അതിന്റൊപ്പം നടക്കാൻ പറ്റാറില്ല.  പാടത്തുക്കൂടേം, എടവഴീക്കൂടേം  നടന്ന്, നടന്ന് ഒരു കുന്ന് കയറി എറങ്ങി ഞങ്ങളങ്ങനെ നടക്കാണ്. അച്ഛന് ഒരു ക്ഷീണോം ല്ല്യ. അമ്മക്ക് വയ്യാണ്ട്യയണ്ണൂ. എനിക്കും.  മാട്ടായ താലപ്പൊലിക്ക് കൊണ്ട് പോവാണ് അച്ഛൻ. അച്ഛാ.. ഒന്ന് പതുക്കെ നടക്കൂ..

 ദാ.. ഈ റെയിലും കൂടി കടന്നാ അമ്പലായി, അച്ഛൻ പറഞ്ഞു.

 ദാ ഇപ്പൊ എപ്പളും ഇങ്ങനെ ഒരു ഇരിപ്പാണ്. ചോദിച്ചാ ഒന്നും മിണ്ടില്ല, എടക്ക് ഇങ്ങനെ ഓരോന്ന്, അച്ഛാ, അമ്മേ ന്നൊക്കെ പറഞ്ഞോണ്ടിരിക്കും... ഒന്നും കഴിക്കണൂല്യ.   നിർബന്ധിച്ചാ വല്ലതും കഴിച്ചൂന്ന് വരുത്തും.

 അവള് ആരോടോ ഈ പറയണത്.

 ഇപ്പൊ എപ്പോ നോക്യാലും അവള് ഓരോരുത്തരെ കൊണ്ടന്ന് എന്നെ കാണിക്യാണ്. എന്നിട്ട് നൂറ് കൂട്ടം ചോദ്യങ്ങളും. ഞാനാരാ ഇവരെ ഒക്കെ അറിയാൻ. അവൾക്ക് ഈ ലോകത്തില് പരിചയല്ല്യാത്തോര് ആരൂല്യാ ന്നാ തോന്നണത്. 

 നോക്കൂ, ഇതാരാന്ന് മനസ്സിലായോ..

 പതുക്കെ അപരിചിതരുടെ ലോകത്തേക്ക് കണ്ണ് തുറന്ന് നോക്കി..

 ഒരു പെൺകുട്ടി. കണ്ടിട്ട് ഒരു പരിചയോം തോന്നീല്യ. കൂടെ പഠിച്ച ദാക്ഷായണി ആണോ.. ചോദിച്ചില്ല്യ. ചെലപ്പോ ചോദിച്ചാ അബദ്ധായാലോ. ഇല്ല്യാന്ന് തലയാട്ടി.

 നോക്ക്, ഇതാണ് ഇപ്പളത്തെ അവസ്ഥ. നിന്നേം കൂടി മനസ്സിലാവ്ണില്യ. 

നോക്കൂ, നമ്മടെ മോളെ, ആസ്‌ത്രേലിയെന്ന് വന്നതാണ്. പേര് ഓർമ്മെണ്ടോ. അവള് ചോദിച്ചു.

 ആ കുട്ടി എന്നെ നോക്കി ചിരിക്ക്ണ്ട്. എന്റെ മോളോ..  എനിക്കതിന് മക്കളൊന്നും ഇല്ല്യാലോ.. ഞാനും അവളും മാത്രല്ലേ ഇവടെ ഈ വീട്ടില് കൊറേ കാലായിട്ട്.. എന്ന്ട്ട് പ്പോ, ഇതാ.. മോളാത്രേ..

 കുട്ട്യതാ കരയണൂ... അതിന് ഞാനിപ്പോ ഒന്നും പറഞ്ഞില്ല്യാലോ..

കരയണ്ടാ.. കരയണ്ടാ.. ഞാനൊന്നും പറഞ്ഞില്ല്യാലോ..  ഒന്നും ചെയ്യില്ല്യാ..

 അവള് ആ കുട്ട്യേ അപ്പറത്തക്ക് കൊണ്ട് പോയി.. 

 എന്തിനാ ഇവള് ഇങ്ങനെ എന്നെ ശല്യം ചെയ്യണത്.. എന്നെ വെറുതെ വിട്ടൂടെ.. ഞാൻ എന്റെ വഴിക്ക് ജീവിച്ചോളാം.. വഴീക്കൂടെ പോണോരേം വരണോരേം ഒക്കെ വീട്ടില്ക്ക് വിളിച്ച് കേറ്റി, ഇതാരാണ്ന്ന്  മനസ്സിലായോ എന്നൊക്കെ ചോദിക്കണോ..

അല്ലാ, അവളെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ. ഇപ്പൊ ഞാൻ അവളോടോന്നും ചോദിക്കാറില്യല്ലോ.. അപ്പൊ, അവൾക്ക് ആരോടെങ്കിലും മിണ്ടിപ്പറയണ്ടെ.. അതാവും. പക്ഷെ, അതിന് അവൾക്ക് മാത്രം അവരോട് സംസാരിച്ചാ പോരെ. എന്നെക്കൊണ്ടും കൂടി എന്തിനാ സംസാരിപ്പിക്കണത്..

 ദാ, വീണ്ടും വിളിക്കുണൂ... നോക്കൂ. ഇതാരാന്ന് ഓർമ്മെണ്ടോ..

 മുന്നിൽ ചിരിച്ച് നിൽക്കണ ആളെ നല്ല പരിചയം.. ആഹാ.. ഇത് ബാലകൃഷ്ണനല്ലേ, എനിക്കെന്താ അറിയാണ്ടെ.. ഞങ്ങള് സ്കൂളില് ഒരേ ബഞ്ചിലല്ലേ ഇരിക്കണത്. സ്‌കൂള് പൂട്ടണന്നും കൂടി ഞങ്ങള് കണ്ടതല്ലേ..

ബാലാ, നീയിപ്പോ എത്രാം ക്ളാസിലാ.. പാസായില്ലേ. അല്ലാ. ഞാനെന്ത് വിഡ്ഡ്യാ.. നീയ് പാസായോ ന്ന്.. നീയല്ലേ എല്ലാ കൊല്ലോം ഒന്നാമൻ. എന്ന്ട്ട് നിന്നോട് ഞാൻ പാസായോ ന്ന്. സോറിടാ..

 ഇതാ പ്പോ.. ബാലനും കരയുണൂ.. ഇവനെന്തിനാ കരയണത്.. ഇനീപ്പോ ഇവൻ തോറ്റോ.. ഹേയ് അങ്ങനെ ആവാൻ വഴില്യ..  അല്ലാ, ബാലൻ പണ്ടും അങ്ങനെയാണ്.. മിണ്ടിയാ കരയും... കഴിഞ്ഞ കൊല്ലല്ലേ ഞാനും അവനും കൂടെ അടി കൂട്യേത്.. എന്തിനാപ്പൊ അത്.. ഓർമ്മല്യ.. പക്ഷെ അവൻ അന്ന് കരഞ്ഞത് ഓർമ്മണ്ട്.. ഇനി അതോർത്തിട്ടാണോ ആവോ..

 അവള് ബാലനോട് എന്തോ പറഞ്ഞ് അപ്പറത്തേക്ക് കൊണ്ടോയി.

 ഈശ്വര.. ഒരാളെങ്കിലും ഓർമ്മണ്ടായിലോ.. സ്വന്തം മകളെപ്പോലും അറിഞ്ഞില്ല്യാ.. ഇതിപ്പോ ബാലനെ എത്ര പെട്ടെന്നാ മനസ്സിലായത്.. അവളുടെ സംസാരം അവ്യക്തമായി കേട്ടു..

 

 ഉമ്മറത്തെ സെറ്റിയിലിരുന്ന് പാടത്തേക്ക് നോക്കി.. പാടമൊക്കെ ഇപ്പൊ കാടായിരിക്കുണൂ.. പൂളക്കൊമ്പിന്റെ കാട്.. വാഴേടെ കാട്.. അതിന്റപ്പറം കുന്നും മലേം.. അവടെം കാടാണ്..

 ഇനീം ആരെങ്കിലും വരെണെന്റെ മുമ്പേ പോണം. അച്ഛനും അമ്മേം വഴീല് കാത്ത് നിൽക്കണ്ണ്ടാവും.. ഓർമ്മകളില്ലാത്ത രാജ്യത്തേക്ക് പോണം.. ആരും ഓർമ്മെണ്ടോന്ന് ചോദിക്കാത്ത രാജ്യത്ത്ക്ക്.. പാടം കടന്ന്, കുന്ന് കയറി എറങ്ങി അപ്പറം കടന്ന്, പുഴ മുറിച്ച് കടന്നാൽ പിന്നെ വേറെ രാജ്യാവും... ആരും ഒന്നും ചോദിക്കാത്ത രാജ്യം.

ഇപ്പൊ എറങ്ങ്യാ വെയില് കൊള്ളാണ്ടെ നടക്കാം. അമ്മക്ക് വെയില് പറ്റ്ല്യാ.. 

 പാടത്ത് അമ്മേം അച്ഛനേം കണ്ടില്ല.. അവര് കുന്നിന്റെ മോളിലാവും.. താലപ്പൊലിക്ക് പോയിട്ട് തിരിച്ചു പോരാണ്ടെ അവടെ കൂടീട്ടുണ്ടാവും.. അവ്ട്ന്ന് കൂട്ടാം..

 പാടം മുറിച്ച് കടന്ന് കുന്നിൻ ചോട്ടിലുള്ള  കുണ്ടനിടവഴിയിലെത്തി. ഈ നട്ടുച്ചക്കും എന്തൊരിരുട്ടാ.. ഹാവൂ, വെയിലത്ത്ന്ന് വന്നിട്ടേരിക്യോ, ഒന്നും കാണണ്ല്യ.. തപ്പിത്തടഞ്ഞ് മുമ്പോട്ട് നടന്നു..  ദൂരെന്നും ഒരു ചെക്കൻ കൊറേ പോത്തുകളേം കൊണ്ട് വരണ്ണ്ട്.. ശരിക്ക് കാണാനില്യ... പോത്തന്നേരിക്കും.. അതെ, വലിയ വലിയ കാട്ടിപ്പോത്ത്കളാണ്.. എന്താ അതിന്റെ ഒക്കെ ഒരു വലിപ്പം.. പിന്നില് നടക്കണ ചെക്കൻ നീരോലി കെട്ടിയ വടി കൊണ്ട് അതിനെ അടിച്ച് ഓടിക്കണൂ.. ആകെ പേടിച്ച് ഞാൻ ആ എടവഴീടെ ഓരം ചേർന്ന് നിന്നു.. മൂന്നും നാലും ഏണ്ണം ഒരുമിച്ചാണ് നടന്ന് വരണത്..  

 ഞാൻ നിക്കണതൊന്നും നോക്കാണ്ടെ പോത്തിൻ കൂട്ടം നടന്നടുക്കുകയാണ്.. കഴിയണത്ര വേലീമ്പ്ക്ക് ചാരി നിന്നു. കൈയ്യിമ്പലും തൊടെംമ്പലും ഒക്കെ മുള്ളു കുത്തിക്കയറി. ഹാവൂ എന്തൊരു വേദനയാണ്.. ഒപ്പം മുമ്പില് ഓരം പറ്റി നടന്ന പോത്ത് ഒരൊറ്റ കുത്തും.. അതോടെ താഴത്തേക്ക് വീണു. അവറ്റടെ കൊളമ്പ്കൾ മേലിൽകൂടെ കയറി ഇറങ്ങുന്നു... ശ്വാസം കിട്ടണില്യാ.. ഒന്നും കാണാനില്യ.. അമ്മേ... ആഞ്ഞു വിളിച്ചു..

 കുന്നിൻ പുറത്തു നിന്നും 'അമ്മ വിളി കേട്ടു.. 'അമ്മ ഉറക്കെ കരയുകയാണ്.. എന്റെ കുട്ട്യേ ഒന്ന് പോയി എടുത്തോണ്ട് വരൂ.. അവൻ ഒറ്റക്കാ കുണ്ടനെടോഴീല് കെടന്ന് കരയണത് കേട്ടില്ലേ..

 പുറത്ത് അപ്പുറവും ഇപ്പുറവും ആരൊക്കെയോ കരഞ്ഞു കൊണ്ടിരുന്നു.. ഞാനാകട്ടെ അവിടെ നിന്നും എണീച്ച് ഓർമ്മകളില്ലാത്ത രാജ്യത്തേക്ക് ആഞ്ഞു പിടിച്ചു…

----

 

 

Saturday, February 8, 2025

ഭാവഗീതത്തിലെ ഏകാന്ത പഥികന്റെ കടത്തു വള്ളവും യാത്രയാവുമ്പോൾ


കരയിൽ ഇതാ ഞങ്ങൾ മാത്രമായി. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും 'ഇനിയെന്ന് കാണും നമ്മൾ...? എന്ന് മനസ്സിടറിക്കൊണ്ട്. എത്രയോ പ്രതിഭകൾ ലോകത്തോട് വിട പറഞ്ഞു പോയിരിക്കുന്നു. ആ വിയോഗങ്ങൾ തരാത്ത വേദന ഇപ്പോഴെന്തേ ഞങ്ങളിൽ വളരുന്നു?.. ഞങ്ങളുടെ ആരുമല്ലാതിരുന്നിട്ടും വളരെ വളരെ പ്രിയമുള്ളവനാകാൻ ഏതു ബന്ധമാണ് ഓർത്തെടുക്കേണ്ടത്? മറുപടി പോലെ കാറ്റിൽ അകലെ നിന്ന് മധുര ഗാനത്തിന്റെ ശീലുകൾ ഒഴുകി വരുന്നുണ്ടല്ലോ. കഥ മുഴുവൻ തീരും മുമ്പേ യവനിക വീഴും മുമ്പേ കവിളത്ത് കണ്ണീരോടെ........

ഞങ്ങളുടെ തലമുറയുടെ ഭാഗ്യമായിരുന്നു രണ്ടു മികച്ച ഗായകരുടെ നല്ല സിനിമാഗാനങ്ങൾ കേട്ടു വളരുകയെന്നത്. കഴിവിന്റെ കാര്യത്തിൽ ഇരുവരും അഗ്രജരെങ്കിലും നമുക്കതിലൊരാളോട് കൂടുതലിഷ്ടം തോന്നുക സ്വാഭാവികം. ഇവരിൽ കുറച്ചു പാട്ടുകൾ പാടിയ, എന്നാൽ നമ്മുടെ ഉള്ളിലേക്കിറങ്ങിയ വരികളും ഭാവങ്ങളുമായെത്തിയ അയാളെയായിരുന്നു എനിക്കെന്തോ കൂടുതലിഷ്ടം. അത് പി ജയചന്ദ്രനോടായിരുന്നു.

സംഗീതകുടുംബ പാരമ്പര്യമോ,  സംഗീതത്തിൽ പ്രത്യേക അവഗാഹമോ പ്രാവീണ്യമോ അവകാശപ്പെടാനില്ലാത്ത ഒരാളെന്ന നിലയിൽ അത്തരമൊരാധനയുടെ കാരണം തേടി പോയിട്ടില്ല. ഒരു പക്ഷെ ജയചന്ദ്രൻ ആധികാരിക സംഗീതാഭ്യാസനം നടത്തിയിട്ടില്ലാത്തൊരാളെന്നതാവാം അത്തരമൊരു മൃദുസമീപനത്തിന്റെ ഹേതു. അതിലുമുപരി അദ്ദേഹത്തിന്റെ ആലാപനത്തിൽ നിറയുന്ന ഭാവ തീവ്രതയാവണം ആത്യന്തികമായി ആകർഷിച്ചതും   അദ്ദേഹത്തിലേക്കടുപ്പിച്ചതും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഞങ്ങളുടെ മർഫി റേഡിയോയിൽ നിന്നും ഒഴുകി വന്നിരുന്ന അദ്ദേഹത്തിന്റെ  അശ്വതി നക്ഷത്രമേ എൻ അഭിരാമ സങ്കല്പമേ എന്ന ഗാനം എന്നിലെന്തെല്ലാമോ അനുഭൂതി വിശേഷങ്ങൾ നിറച്ചിരുന്നു. തൃശൂർ കോഴിക്കോട് നിലയങ്ങളിൽ നിന്നുള്ള ചലച്ചിത്ര ഗാനപ്രക്ഷേപണങ്ങളിൽ ആ ഗാനം കേൾക്കുവാനായി കാത്തിരിക്കുമായിരുന്നു.

ഒരു തുടക്കക്കാരന്റെ എല്ലാ ഭയങ്ങളോടും കൂടി   “ഒരു മുല്ലപ്പൂമാലയുമായി” ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വന്ന ജയചന്ദ്രൻ പിന്നീട് ആ ഭയമെല്ലാം മാറ്റിവെച്ച്  നമ്മെ  നിലാവിന്റെ നീന്തല്‍പ്പൊയ്കയില്‍ നീരാടിച്ചു, മഞ്ഞലയിൽ ആവോളം  മുങ്ങിത്തോർത്തിച്ചു, വൈശാഖ പൗർണ്ണമി രാവിലൂടെ എത്രയോ  നടത്തിച്ചു. കൗമാരത്തിലേക്ക് കടക്കുന്നവരെ  അനുരാഗഗാനം പോലെ അഴകിന്റെ അല പോലെ, ആരു നീ ആരു നീ ദേവതേ എന്നും, പൂവും പ്രസാദവും ഇളനീർ കുടവുമായ് കാവിൽ തൊഴുതു വരുന്നവളെ എന്നും പാടി ഇക്കിളിപ്പെടുത്തി, അറിയാതെ ആ ഈരടികൾ മൂളാൻ പ്രാപ്തരാക്കി. ഞാനിതാ തിരിച്ചെത്തി മത്സഖി, പൊയ്പോയോരെൻ ഗാനസാമ്രാജ്യത്തിന്റെ വീഥിയിൽ ഭിക്ഷയ്ക്കായി എന്നിങ്ങനെയുള്ള പ്രണയ  കവിതകൾ ചൊല്ലിപ്പിച്ചു. നഷ്ടപ്പെടുവാൻ വിലങ്ങുകൾ, കിട്ടാനുള്ളതു പുതിയൊരു ലോകം എന്ന് വിപ്ലവാവേശത്തോടെ മുദ്രാവാക്യമുയർത്തുവാൻ പ്രാപ്തരാക്കി.

ജയചന്ദ്രൻ എന്ന പ്രതിഭയെ നമ്മിലേക്കടുപ്പിച്ചതിൽ അന്നത്തെ ഗാനരചയിതാക്കളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്   വേണ്ടി ഏറ്റവും നല്ല ഗാനങ്ങൾ എഴുതിയതാര് എന്നു ചോദിച്ചാൽ ശ്രീകുമാരൻ തമ്പിയെന്ന് നിസ്സംശയം പറയാം.

എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികളായ അശ്വതി നക്ഷത്രമേ എൻ അഭിരാമ സങ്കല്പമേ തുടങ്ങി എത്രയോ പ്രണയ ഗാനങ്ങൾ. മകരം പോയിട്ടും മാടമുണർന്നിട്ടും മാറത്തെ കുളിരൊട്ടും പോയില്ലേ എന്ന വരികൾ കേൾക്കുമ്പോൾ അറിയാതെ നമ്മളും അത്തരമൊരു കാല്പനിക ലോകത്തിലേക്ക് ഊളയിട്ടു പോവും. നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നിരാളമായ് ഞാൻ മാറിയെങ്കിൽ എന്നദ്ദേഹം അലിഞ്ഞു പാടുമ്പോൾ ഏതൊരു യുവാവിന്റെയും ഹൃദയം ഒന്നുലഞ്ഞു പോവും. രാജീവ നയനെ നീയുറങ്ങു രാഗ വിലോലെ നീയുറങ്ങൂ എന്ന് കേൾക്കുമ്പോൾ അറിയാതെ മനസ്സിന്റെ ഉള്ളിൽ നമ്മളും മറ്റൊരു പ്രണയിനിയെ പാടിയുറക്കുകയാവും.  

യദുകുല രതിദേവനെവിടെ എവിടെ, നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്ന ജാലം, മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ,  ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപം, സ്വർണ്ണ ഗോപുര നർത്തകീ ശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം, സ്വാതി തിരുനാളിൻ കാമിനീ സ്വപ്തസ്വര സുധാ വാഹിനീ, മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം, ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ ഞാനൊരു മധുര സംഗീതം കേട്ടൂ, മൗനം പോലും മധുരം ഈ മധുനിലാവിൻ മഴയിൽ, മുത്തു കിലുങ്ങി മണി മുത്ത് കിലുങ്ങി മുത്തമൊലിക്കും ചുണ്ടിൽ ചിരി കിലുങ്ങി,  തുള്ളിയോടും പുള്ളിമാനെ നില്ല് നിന്റെ വള്ളിമേടക്കാടെവിടെ ചൊല്ല് ചൊല്ല്,  തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം. ഈ ഗാനങ്ങളോരോന്നും അദ്ദേഹത്തിന്റെ ശ്രുതിമധുരത്താൽ നമ്മുടെ മനസ്സിന്റെ അടിത്തട്ടിൽ അരക്കിട്ടുറപ്പിച്ചവയാണ്.

അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ, സന്ധ്യക്കെന്തിനു സിന്ദൂരം ചന്ദ്രികക്കെന്തിനു വൈഡൂര്യം, അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ, മലരമ്പനെഴുതിയ മലയാള കവിതേ മാലേയ കുളിർ താവും മായാ ശില്പമേ, മലയാളഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു, നന്ത്യാർവട്ട പൂ ചിരിച്ചൂ നാട്ടു മാവിന്റെ ചോട്ടിൽ, തുടങ്ങി അനുവാചക ഹൃദയങ്ങളിൽ വിവിധ ഭാവ തരംഗങ്ങൾ സൃഷ്ടിക്കുന്ന  എത്രയോ അർത്ഥവത്തായ, മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന ഗാനങ്ങളാണ് തമ്പിയുടേതായി ജയചന്ദ്രൻ ആലപിച്ചത്.

ജയചന്ദ്രന്റെ ജനപ്രിയ ഗാനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന, സർവ്വകാല ഹിറ്റുകളായിമാറിയ   അര ഡസനോളം ഗാനങ്ങൾ പി ഭാസ്കരന്റേതായിരുന്നു.  മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസ ചന്ദ്രിക വന്നു, ഹർഷ ബാഷ്പം തൂകി വർഷ പഞ്ചമി വന്നു ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ,  ഞാനിതാ തിരിച്ചെത്തി മൽസഖി പൊയ്പ്പോയൊരെൻ ഗാനസാമ്രാജ്യത്തിന്റെ വീഥിയിൽ ഭിക്ഷക്കായി, പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ.. ഉറക്കമില്ലേ, കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങൾ വാടി, പൂർണ്ണേന്ദു മുഖിയോടമ്പലത്തിൽ വച്ചു പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു, ഏകാന്ത പഥികൻ ഞാൻ ഏതോ സ്വപ്ന വസന്ത വനത്തിലെ ഏകാന്ത പഥികൻ ഞാൻ, കാവ്യപുസ്തകമല്ലോ ജീവിതം ഒരു കാവ്യപുസ്തകമല്ലോ ജീവിതം, പുത്തരി കൊയ്തപ്പോളെന്തു കിട്ടി പത്തരമാറ്റുള്ള പൊന്നു കിട്ടി, രാമൻ ശ്രീരാമൻ ഞാൻ അയോദ്ധ്യ വിട്ടൊരു രാമൻ, നീലമലപ്പൂങ്കുയിലെ നീ കൂടെപ്പോരുന്നോ, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മണ്ണിതിൽ ഇഴയുന്ന മനുഷ്യനോ തുടങ്ങി   വരികളുടെ അർത്ഥസംപുഷ്ടിയാലും  ആലാപനസൗന്ദര്യത്താലും   മനസ്സിലെക്കാലവും തങ്ങിനിൽക്കുന്ന ഒരു പിടി  ഗാനങ്ങൾ.

ഗന്ധർവ്വ കവി വയലാറിന്റെ ഉജ്ജ്വലങ്ങളായ വരികളിലൂടെ സുപ്രഭാതം.. സുപ്രഭാതം.. നീലഗിരിയുടെ സഖികളെ ജ്വാലാ മുഖികളെ ജ്യോതിർമയിയാം ഉഷസ്സിനു വെള്ളിച്ചാമരം വീശും മേഘങ്ങളേ(സംസ്ഥാന പുരസ്‌ക്കാരം 1972), മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ മനോരമേ നിൻ നയനങ്ങൾ,  പൂവും പ്രസാദവും ഇളനീർക്കുടവുമായ് കാവിൽ തൊഴുതു വരുന്നവരെ, മധു ചന്ദ്രികയുടെ ചായത്തളികയിൽ മഴവിൽ പൂമ്പൊടി ചാലിച്ചു, ഇഷ്ടപ്രാണേശ്വരി നിന്റെ ഏദൻ തോട്ടം എനിക്ക് വേണ്ടി, നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും താരേ താരേ, കാമശാസ്ത്രമെഴുതിയ മുനിയുടെ കനക തൂലികേ, ഉപാസനാ ഉപാസനാ ഇതു ധന്യമാമൊരുപാസനാ, റംസാനിലെ ചന്ദ്രികയോ രജനീ ഗന്ധിയോ, അല്ലിയാമ്പൽ പൂവുകളെ അർദ്ധ നഗ്ന ഗാത്രികളെ, ഇനിയും പുഴയൊഴുകും ഇതു വഴി ഇനിയും കുളിർകാറ്റോടിവരും, തോട്ടേനെ ഞാൻ മനസ്സുകൊണ്ടു കെട്ടിപ്പിടിച്ചേനെ, സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതാ യുഗത്തിലെ ശ്രീരാമൻ എന്നീ ഗാനങ്ങളിലൂടെയും അദ്ദേഹം നമ്മുടെ മനസ്സിലേക്ക് കുടിയേറി.

പ്രശസ്ത കവി ഓ എൻ വിയുടെ തൂലികയിൽ നിന്നും പിറന്ന ജയചന്ദ്രന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്  ഒന്നിനി ശ്രുതി  താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണർത്തരുതേ  എന്നത്. അത്  കേട്ടാൽത്തന്നെ ഏതൊരു കുയിലും ശബ്ദം താഴ്ത്തിപ്പാടുമെന്നുറപ്പാണ്.   ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി നീട്ടി, കേവലം മർത്ത്യ ഭാഷ കേൾക്കാത്ത ദേവ ദൂതികയാണു നീ, രാഗം ശ്രീ രാഗം ഉദയ ശ്രീ രാഗം(സംസ്ഥാന പുരസ്‌ക്കാരം 1978) എന്നിങ്ങനെയുള്ള മികച്ച ഗാനങ്ങളും  ഓ എൻ വിയുടെയായിരുന്നു.

എൺപതുകളിലെ  കാസറ്റ് തരംഗത്തിൽ അദ്ദേഹത്തിന് ഗാനങ്ങൾ കുറഞ്ഞുവെന്നത് ചരിത്രം. അഥവാ കിട്ടിയെങ്കിൽ തന്നെ ആരാലും ശ്രദ്ധിക്കപ്പെടാത്ത വരികളും.  പിന്നീട് കുറച്ചു കാലം നമുക്ക് കേട്ടാലും മതിവരാത്ത  അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ തന്നെ കേട്ട് നിർവൃതിയടയേണ്ടി വന്നു.  അതെ പോലെ ദേവരാജൻ മാസ്റ്ററും രാഘവനും ചിദംബരനാഥും ബാബുരാജും ദക്ഷിണാമൂർത്തിയും അർജുനനും   അവസരങ്ങൾ നൽകിയ പോലെ പുത്തൻ തലമുറയിലെ സംഗീത സംവിധായകർ ജയചന്ദ്രനെ ഉപയോഗിച്ചുവോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.

1998ൽ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി(സംസ്ഥാന പുരസ്‌ക്കാരം 1998)  എന്ന വിദ്യാസാഗറിന്റെ  ഗാനത്തിലൂടെ അദ്ദേഹം ശക്തമായൊരു തിരിച്ചു വരവ് നടത്തി.

തുടർന്ന് എണ്ണത്തിൽ കുറഞ്ഞതെങ്കിലും കുറച്ച് നല്ല ഗാനങ്ങൾ കൂടി അദ്ദേഹത്തിൽ നിന്നും നമുക്ക് ലഭിച്ചു. അറിയാതെ അറിയാതെ ഈ പവിഴ വാർതിങ്കളറിയാതെ, സ്വയംവര ചന്ദ്രികേ സ്വർണ്ണ  മണിമേഘമേ, ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാക്കാനവാണെന്നാരു പറഞ്ഞു, കേര നിരകളാടും ഒരു ഹരിത ചാരു തീരം, ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുന്നോ, തങ്കമനസ്സ് 'അമ്മ മനസ്സ് മുറ്റത്തെ തുളസി പോലെ, ശാരദാംബരം  ചാരുചന്ദ്രിക ധാരയിൽ മുഴുകീടവേ(സംസ്ഥാന പുരസ്‌ക്കാരം 2015)  , മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ മധു തേടി പോയി,  പൊടി മീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം തുടങ്ങി.

മാധവ് രാമദാസിന്റെ ഇളയരാജക്ക് വേണ്ടി 5 വർഷം മുമ്പ് പാടിയ  എന്നാലും ജീവിതമാകെ സങ്കടമതിലധികം എന്നാളും കാണും സ്വപ്നം എന്ന ഗാനവും എന്റെ ഇഷ്ടഗാനങ്ങളിലൊന്നാണ്.

തമിഴ് സിനിമാഗാനരംഗത്തും അദ്ദേഹം തന്റെ സ്വരമാധുരി കൊണ്ട് ഓളങ്ങൾ സൃഷ്ടിച്ചു. രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത് എന്ന ഒറ്റ ഗാനം കൊണ്ട് അദ്ദേഹം തമിഴകത്തേയും തന്റെ നെഞ്ചകത്താക്കി.

സിനിമാഗാനങ്ങൾക്കൊപ്പം തന്നെ ഭക്തി ഗാനരംഗത്തും അദ്ദേഹത്തിന്റെ എത്രയോ നല്ല ഗാനങ്ങൾ നമ്മളെ തേടിയെത്തി. കവി പി കുഞ്ഞിരാമൻ നായരുടെ വരികൾ മണ്ഡലമാസപ്പുലരികള്‍ പൂക്കും പൂങ്കാവനമുണ്ടേ മഞ്ഞണിരാവ് നിലാവു വിരിക്കും എന്ന ഗാനമാണ് അതിലേറ്റവും പ്രശസ്തമായത്. അതെ പോലെ അദ്ദേഹത്തിന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം അവിടത്തെ ശംഖമാണെന്റെ കണ്ഠം,  വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു, പാറമേക്കാവിൽ കുടികൊള്ളും ഭഗവതി തുടങ്ങി എത്രയോ ഗാനങ്ങൾ.

പിന്നണി ഗാനങ്ങൾ പോലെ തന്നെ അദ്ദേഹത്തിന്റെ ഗാനമേളകൾക്കും വൻ ഡിമാന്ഡായിരുന്നു.  ഗൾഫ് നാടുകളിലെ ഒരു ഗാനമേളക്കിടക്ക് അദ്ദേഹം പറയുന്നുണ്ട്, എനിക്ക് സ്റ്റേജിൽ പാടിക്കൊണ്ട് മരിക്കണമെന്നാണ് ആഗ്രഹമെന്ന്. ഒരു പക്ഷെ അത് സാധ്യമായില്ല.  ആലാപനശൈലിയിലെ നവഭാവുകത്വം അവസാന നാളുകളിൽ വരെ നിലനിർത്താനായി എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭാഗ്യം തന്നെ.

ദുഃഖ  ബാഷ്പം തൂകിക്കൊണ്ട് അദ്ദേഹത്തിന്റെ ഗാനങ്ങൾ നമുക്കിയും മൂളാൻ എത്രയോ ഗാനങ്ങൾ ബാക്കി വെച്ചാണ് യാത്രയായത് എന്നത് നമ്മുടെയും ഭാഗ്യം.

വിഷുക്കണി

വിഷുവെത്തി, മേട വിഷുവം മഞ്ഞണിഞ്ഞെതിരേറ്റു കണിക്കൊന്നകൾ  പാടങ്ങൾ  നിറഞ്ഞു പൊൻ വെള്ളരികളാൽ  ഫലമൂല സമൃദ്ധിയാൽ  പ്രകൃതിയും    പ്രകൃതിസമൂലം വീട്ട...